റിവേഴ്സ് ഗിയർ

റിവേഴ്സ് ഗിയർ

റിവേഴ്സ് ഗിയർ

പെട്ടെന്ന് അവൻ ബ്രേക്ക് ചവിട്ടി. കാർ പൊടുന്നനേ റോഡിൽ നിന്നു. അത് മെയിൻ റോഡ് ആയിരുന്നില്ല; അതുകൊണ്ട് തിരക്കുണ്ടായിരുന്നില്ല, ഏതോ റസിഡൻഷ്യൽ ഏരിയ.
"എന്തുപറ്റി ശങ്കർ? "
സീറ്റ് ബെൽറ്റ് മുറുകി വേദനിച്ചിട്ടായിരിക്കണം അൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ അവൾ ചോദിച്ചു.
ആ ചോദ്യത്തിന് ചെവികൊടുക്കാതെ പിൻസീറ്റിൽ ഇരിക്കുന്ന മകനോടായി അവൻ ആരാഞ്ഞു, "മോൻ, ആ ഫ്രൂട്ടിയുടെ രണ്ടു കുപ്പിയെവിടെ ?"
ചോദ്യത്തിനിടയിൽ റിയർ വ്യൂ മിറ റിലൂടെ ശങ്കർ പിൻസീറ്റിൽ പരതി.
"അച്ഛാ നമ്മൾ ആ വളവിൽ കാർ നിറുത്തിയില്ലായിരുന്നോ, ഞാനത് അവിടെ ഇട്ടു."
"ദൈവമേ, ഇവൻ എന്നെ പോലീസിൽ കയറ്റും!"
ആരോടെന്നില്ലാതെ പഴിച്ചു കൊണ്ട് ശങ്കർ ഇടത്തേ കയ്യ് ഗിയറിൽ പിടിച്ച് പിറകിലേക്ക് ചായിച്ചു - റിവേഴ്സ് ഗിയർ !
" മോൻ, നീ പിറകിൽ വണ്ടി വല്ലതും വരുന്നുണ്ടോന്ന് നോക്ക്.അച്ഛൻ വണ്ടി റിവേഴ്സ് എടുക്കുവാ"
കേൾക്കേണ്ട താമസം മകൻ സീറ്റിൽ ചാടിക്കേറി പിറകിലേക്ക് നോക്കിക്കൊണ്ട് ഉത്സാഹത്തോടെ പറഞ്ഞു തുടങ്ങി..." ആ പോരട്ടെ... പോരട്ടേ..."
ശങ്കർ, ഒരു മെഡിക്ലയിം പ്രോസസിങ് കമ്പനിയിൽ സി.ആർ.എം അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ അസിൻ, ലേഡീസ് സ്റ്റിച്ചിംഗ് കം ഫാഷൻ സെൻറർ നടത്തുന്നു. ഏകമകൻ ആറു വയസ്സുള്ള ആദിത്യ. സന്തുഷ്ട കുടുംബം.
"നിങ്ങൾക്കെന്താ ഭ്രാന്തു പിടിച്ചോ?'' ലെഫ്റ്റ് സൈഡിലെ സീറ്റിലിരുന്നു കൊണ്ട് അസിൻ സംഭവിക്കുന്നതൊന്നും മനസ്സിലാകാതെ ചോദിച്ചു.
"നിനക്കറിയില്ല, ഇതു റസിഡൻഷ്യൽ എരിയ ആണ്, പ്ലാസ്റ്റിക് അഥവാ വേസ്റ്റിടീൽ നിരോധിതമേഖല. വല്ല ക്യാമറയിലും പതിഞ്ഞാൽ പൊന്നുമോളേ ആയിരങ്ങൾ ഫൈൻ കൊടുക്കണം. എന്റെ കയ്യിൽ ഇപ്പോ കാശ് കുറവാ. "
അപ്പോഴും ആദിത്യ ബാക്ക് സീറ്റിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആവേശത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു " ആ പോരട്ടങ്ങനെ... പോരട്ടേ..."
കാർ പിറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

ശങ്കർ സൈഡ് ഗ്ലാസിലൂടെ നോക്കിക്കൊണ്ട് ആക്സിലേറ്ററിൽ കാൽ അമർത്തിക്കൊണ്ടിരുന്നു. സൈഡ് ഗ്ലാസിലേക്ക് നോക്കുന്നതിനിടയിൽ ഒന്നു രണ്ടു തവണ ശങ്കറിന്റെ കണ്ണുകൾ, വലതു വശത്തേ വൺവേ റോഡിന്റെ സൈഡിലുറപ്പിച്ചിരുന്ന ബോർഡുകളിൽ പാളി നോക്കിപ്പോയി!
ഭാഗ്യം റോഡിൽ ട്രാഫിക് ഒന്നുമില്ലാതിരുന്നത് കൊണ്ട് വേഗം റിവേഴ്സ് എടുക്കാൻ പറ്റി.കാർ വലതുവശത്തെ പോക്കറ്റ് റോഡിലേക്ക് റിവേഴ്സ് കയറി.
"അച്ഛാ, ദേ കിടക്കുന്നു നമ്മുടെ കുപ്പി" അവൻ ഉത്സാഹത്തോടെ വിളിച്ചു പറഞ്ഞു.
"മോൻ ഒരു കാര്യം ചെയ്യ്. ചെന്ന് ആ രണ്ടു കുപ്പിയുമെടുത്ത്കൊണ്ട് വാ. വേഗം വേണം"
കേൾക്കേണ്ട താമസം ആദിത്യ, കാർ നിർത്തിയതും ബാക്ക് ഡോർ തുറന്ന് ചാടിയിറങ്ങി കുപ്പികളുമായി തിരിച്ചു കയറി.
ആശ്വാസത്തിന്റെ ഒരു ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് ശങ്കർ കാർ മുന്നോട്ടെടുക്കാനായി മുൻ വശത്തേക്ക് നോക്കി. നിശബ്ദമായി കിടന്നിരുന്ന ആ മെയിൻ റോഡിൽ പെട്ടെന്ന് ഏതോ ജാഥ കടന്നു പോകുന്നു. മുദ്രാവാക്യങ്ങളുടെ മുഴക്കം കുറവാണെങ്കിലും ജാഥക്കാർ വലിയ തിടുക്കത്തോടെ നടന്നു നീങ്ങുന്നു.
അസിൻ ഏതോ കസ്റ്റമറുമായി ഫോണിൽ സംസാരിക്കുന്നു.
ജാഥ അധികം കോലാഹലം ഇല്ലാതെയാണ് കടന്നു പോകുന്നത്.
ഏതാണ്ട് മുപ്പത്തഞ്ച് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ അവരുടെ കുട്ടിയേയും തോളിലിട്ട് ആ ജാഥയുടെ മറുവശം നിൽക്കുന്നു. ആ ജാഥ മുറിച്ചുകടന്ന് ഇപ്പുറം വരാൻ അവൾ വളരെ പാടുപെടുന്നുണ്ട്. ജാഥക്കാർ ആരും അവരെ ശ്രദ്ധിച്ചില്ലയോ, അതോ ശ്രദ്ധിച്ചില്ലെന്ന് നടിക്കവാണോ. പ്രകടനം നടത്തുന്നവർക്ക് മറ്റുള്ളവരുടെ പ്രശനം ഒരു പ്രശ്നമേ അല്ലല്ലോ.
ഭാഗ്യം! ആർക്കോ അവളോട് സഹതാപം തോന്നി. അയാൾ ഉണ്ടാക്കിക്കൊടുത്ത വിടവിലൂടെ അവൾ കുട്ടിയുമായി ഇപ്പുറം കടന്നു.
കുട്ടിക്ക് സുഖമില്ലെന്ന് തോന്നുന്നു. അതിനെ മൊത്തത്തിൽ തുണിയിൽ പൊതിഞ്ഞിരിക്കുന്നു; മുഖം മാത്രം അൽപ്പം തുറന്നു കൊടുത്തിട്ടുണ്ട്. അതെ, കുട്ടിക്ക് നല്ല ക്ഷീണമുണ്ട്. വല്ല പനിയോ മറ്റോ ആയിരിക്കും. ഇതിപ്പോ ചിക്കൻപോക്സിനേറെയും ഡങ്കിയുടേയുമൊക്കെ സീസൺ ആണല്ലാ.
അതു പറഞ്ഞപ്പോഴാ, രണ്ടാഴ്ച മുൻപ് ആദിയ്ക്കും ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ വന്നു. ഹൊ, എന്ത് പുകിലായിരുന്നു വീട്ടിൽ!
അസിൻ, മോഡേൺ മെഡിസിനിൽ കൊണ്ടുപോയി മോനും അവൾക്കും സ്ട്രോങ് പ്രിവന്റീവ് ഇഞ്ചക്ഷൻസ് എടുത്തു. മൂന്നുനാലെണ്ണം തുടർച്ചയായി എടുത്തു, ചിക്കൻപോക്സ് വരാതിരിക്കാൻ. ഞാൻ പറഞ്ഞു, ചിക്കൻപോക്സ് ജീവിതത്തിൽ ഒരുതവണ വന്നുപോകുന്നതാണ് നല്ലത്. പിന്നീടൊരിക്കലും വരില്ല. പക്ഷേ അസിൻ ആകെ എതിർപ്പിൽ ആയി. 'ഇത് വീട്ടിൽ ആർക്കേലും വന്നാൽ അത് വീട്ടിലുള്ള എല്ലാവർക്കും പകരും; ശുശ്രൂഷിക്കുന്നവർക്കും അല്ലാത്തവർക്കും എല്ലാം. രണ്ടുമൂന്നാഴ്ച പോയിക്കിട്ടും. മുഖത്തൊക്കെ വൃത്തികെട്ട അടയാളങ്ങൾ വരും, അത് മാറിക്കിട്ടാൻ കുറേകാലം പിടിക്കും. പിന്നെ ഇതെങ്ങാനും വന്ന പോയാൽ ഷോപ്പ് കുറേനാൾ അടച്ചിടേണ്ടി വരും; സ്റ്റാഫുകൾക്കും പകരും. നമ്മൾ മുഖാന്തിരം മറ്റുള്ളവർക്കു അസുഖം വരുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇതൊന്നും പോരാ, ചുറ്റിലും താമസിക്കുന്ന ഫ്ലാറ്റ് നിവാസികൾ എല്ലാവരും ഏതോ മാരകരോഗം ബാധിച്ച കുടുംബത്തേപ്പോലെ പെരുമാറും ...' ഇങ്ങനെ പോകുന്നു അവളുടെ പരിഭവങ്ങൾ.
ഞാൻ പറഞ്ഞു , 'സാരമില്ല ഞാൻ ലീവെടുത്ത് അവനെ നോക്കിക്കൊള്ളാം. ഹോമിയോപ്പതിയിൽ കൊണ്ടു പോകാം, ചിക്കൻപോക്സിന് ഹോമിയോ ആണു നല്ലത് '. ആര് കേൾക്കാൻ ! അവസാനം അവളുടെ വാശിക്ക് മുൻപിൽ ഞാനടിയറവു പറഞ്ഞു.
എനിക്ക് പണ്ട് ചിക്കൻപോക്സ് വന്നിട്ടുണ്ട്, ഡിഗ്രീ സെക്കന്റ് ഇയറിന് പഠിക്കുമ്പോൾ. കലോൽസവത്തിന് യൂണിവേഴ്സിറ്റി കോളേജിൽ പോയി വന്നപ്പോൾ എവിടെ നിന്നോ കിട്ടിയതാണ്. ഞാനന്ന് രാജേഷിനൊപ്പം ക്യാംപസിന് അടുത്ത് ഒരു വീട് വാടകക്കെടുത്ത് താമസിക്കുകയാണ്.
സെക്കന്റ് ഇയർ പരീക്ഷ അടുത്തിരിക്കുന്ന സമയം. ചിക്കനും കൊണ്ട് നാട്ടിലേക്ക് പോകുന്നില്ല എന്നു ഞാൻ തീരുമാനിച്ചു. രാജേഷിന് പണ്ട് ചിക്കൻ വന്നിട്ടുള്ളത്കൊണ്ട് അവന് പേടിയില്ല.
ഞാൻ വീട്ടിൽ അമ്മക്ക് ഫോൺ വിളിച്ചു കാര്യം പറഞ്ഞു; ഒപ്പം നാട്ടിലേക്ക് വരുന്നില്ലെന്ന കാര്യവും. ഹൊ! അന്ന് അമ്മ എന്നെ പറയാൻ ബാക്കിയൊന്നമുണ്ടായിരുന്നില്ല. വേഗം നാട്ടിലേക്ക് വണ്ടി കയറിക്കൊള്ളണം, ഇല്ലേൽ അമ്മ അങ്ങോട്ടു വരുമെന്ന്. ഞാൻ പറഞ്ഞു ' അമ്മ, ഞാൻ വീട്ടിൽ വന്നാൽ അസുഖം അമ്മയ്ക്കും പകരും. അമ്മയ്ക്ക് ആകെ ബുദ്ധിമുട്ടാകും'.
'എന്തൊക്കെ ബുദ്ധിമുട്ട് ഞാൻ സഹിച്ചിട്ടാണ് നിന്നെ ഇത്രത്തോളം എത്തിച്ചതെന്ന് എന്റെ മോന് അറിയാമോ! അതുകൊണ്ട് എന്റെ ബുദ്ധിമുട്ടികുറിച്ച് നീ വേവലാതിപ്പെടണ്ടാ. അടുത്ത വണ്ടിക്ക് തന്നെ നീ ഇങ്ങോട്ട് വാ'.
അവസാനം ഞാൻ അന്നു് തന്നെ വിട്ടിലേക്ക് ബസ്സ് കയറി.
നീണ്ട രണ്ടാഴ്ച ! എന്റെ മുറിവിട്ട് ഞാൻ പുറത്തിറങ്ങിയില്ല; ഊണും ഉറക്കവും മരുന്നും പഥ്യവും എല്ലാം അവിടെത്തന്നെ. സത്യം പറഞ്ഞാൽ പുറത്തിറങ്ങാൻ എന്നെ അമ്മ അനുവദിച്ചില്ല.
അമ്മ ഒരുപാട് കഷ്ടപ്പെട്ടു. എനിക്കുവേണ്ടി ഉപ്പും എണ്ണയും ഒന്നും ചേർക്കാതെ ആഹാരം ഉണ്ടാക്കും. ഞാനിട്ടിരുന്ന വസ്ത്രങ്ങൾ അന്നന്നുതന്നെ ചൂടുവെള്ളത്തിൽ ഇട്ടു കഴുകും. എവിടുന്നൊക്കെയോ ദിവസവും ആര്യവേപ്പിന്റെ ഇല പറിച്ചു കൊണ്ട് വരും, അതെന്റെ കിടക്കയിൽ വിരിക്കും. വിരൽകൊണ്ട് ചൊറിയാതിരിക്കാൻ ഇലകൾ കെട്ടിത്തരും, പരുക്കൾ തടവാൻ. രാത്രിയാകുമ്പോൾ എന്റെ കട്ടിലിന്റെ താഴെ പായിട്ട് കിടക്കും; എന്നിട്ട് ഇടയ്ക്കിടക്ക് എഴുന്നേറ്റ് വന്ന് എനിക്ക് ചൂടുണ്ടോ എന്ന് നോക്കും.
എവിടെന്നൊക്കെയോ കടം വാങ്ങിയ പണം കൊണ്ട് എനിക്ക് മാമ്പഴവും ആപ്പിളും ഓറഞ്ചുമൊക്കെ അമ്മ വാങ്ങിത്തന്നു. ഇതിനുള്ള കാറശവിടെന്ന് എന്ന് ചോദിക്കുമ്പോൾ, നീ അവിടെ അടങ്ങിക്കിടക്ക് എന്ന് പറഞ്ഞ് അമ്മ രക്ഷപെടും.
പതിനഞ്ചു ദിവസത്തിന് ശേഷം ഞാൻ കുളിച്ചു, ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ. രണ്ടു മൂന്നു ദിവസം അങ്ങനെ കുളിച്ചു. പിന്നെ സാധാരണ പോലെ ആയി.
ഞാൻ തിരിച്ച് കോളേജിലേക്ക് പോരാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ പനിക്കുന്നുണ്ടായിരുന്നു. കയ്യിൽ ഒന്നുരണ്ടു കുരുക്കൾ വന്നിരുന്നു; ചിക്കൻപോക്സ്! തന്നെ.
ഞാൻ ആവുംവിധം പറഞ്ഞു 'ഞാൻ കോളേജിൽ പോകുന്നില്ല, വീട്ടിൽ നിൽക്കാം, അമ്മയെ നോക്കാൻ ആരുമില്ലല്ലോ ' എന്നൊക്കെ.
'നിനക്ക് പരീക്ഷയല്ലേ, നീ വേഗം കോളേജിൽ പോക്, ബസ് വിട്ടു പോകും'. നിറകണ്ണുകളോടെ ഞാൻ വീട്ടിൽ നിന്നുമിറങ്ങി നടന്നു. എന്നെ വളരെ കഷ്ടപ്പെട്ടാണ് അമ്മ ശുശ്രൂഷിച്ചത്, എന്നിട്ട് അമ്മയ്ക്ക് അതേ അസുഖം കൊടുത്തിട്ട് ഞാൻ കോളേജിൽ പോകുന്നു. വീട്ടിൽ അമ്മ ഒറ്റക്കേയുള്ളൂ. അച്ഛൻ ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു. അച്ഛന്റെ പെൻഷനാണ് ഏക വരുമാനം. അമ്മയെ ഈ അവസ്ഥയിൽ പരിചരിക്കാൻ ആരുമില്ല. ബന്ധുക്കളാരും ഈ അസുഖമായത് കൊണ്ട് ആ പരിസരത്തേക്കേ വന്നിട്ടില്ല. പറഞ്ഞറിയിക്കാനാകാത്ത ഹൃദയഭാരത്തോടെ ഞാൻ നടന്നു.
പരീക്ഷ കഴിഞ്ഞു.
അന്നു വൈകുന്നേരം തന്നെ ഞാൻ നാട്ടിലേക്ക് വണ്ടി കയറി. വീട്ടിലേക്ക് ഓടി. ആ കാഴ്ച കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു പോയി; എനിക്ക് വന്നതിലും അധികമായി അമ്മയ്ക്ക് കരുക്കൾ വന്നിരുന്നു; മുഖത്തും കയ്യിലും ശരീരത്തെല്ലാം. പരുക്കൾ എല്ലാം ഉണങ്ങി, പക്ഷേ അടയാളങ്ങൾ! ആ വെളുത്ത മുഖത്താകെ അടയാളങ്ങൾ. ഞാൻ കരഞ്ഞു, ഒരുപാട് കരഞ്ഞു. അതുകണ്ട് അമ്മ ചിരിച്ചു; പക്ഷേ ആ മുഖത്തിന് പണ്ടത്തെ ആ പ്രസരിപ്പ് ഇല്ലായിരുന്നു, ചിക്കൻപോക്സിന്റെ കറുത്ത അടയാളങ്ങൾ അമ്മയുടെ മുഖമാകെ കറുപ്പിച്ചിരുന്നു.
സ്വന്തം മകനുവേണ്ടി ജീവിതത്തോടും രോഗത്തോടും പോരടിച്ച ഒരമ്മ. സഹിച്ച യാതനകൾക്കോ വേദനകൾക്കോ യാതൊരു പരാതിയുമില്ലാതെ !
വർഷങ്ങൾക്കിപ്പുറം, സ്വന്തം മക്കൾക്ക് വേണ്ടി ഒരു ത്യാഗത്തിനും സഹനത്തിനും തയ്യാറാകാതെ മറ്റൊരു അമ്മമാർ...! എന്നിട്ട് എന്റെ അമ്മ എവിടെ ? ...
എന്റെ പതിനഞ്ചാം വയസ്സു മുതൽ കുറച്ചു നാൾ മുൻപ് വരെ, അല്ല ഇപ്പോഴും എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്റെ അമ്മ. ഞാൻ അവരോട് എന്താണ് ചെയ്തത്! രണ്ട് ബെഡ് റൂമുള്ള പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോൾ അമ്മയെ മോന്റെ കൂടെ കിടത്തണ്ട എന്നു പറഞ്ഞ് ഭാര്യ ബഹളം വെച്ചപ്പോൾ സാമാന്യം നല്ല സൗകര്യങ്ങൾ ഉള്ള ഒരു വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കി; എന്നിട്ട് ഭാര്യയും കുട്ടിയുമായി സുഖമായി കഴിയുന്നു. എല്ലാ മാസവും നല്ലൊരു തുക അമ്മയുടെ ആവശ്യങ്ങൾക്കായി വൃദ്ധസദനത്തിലേക്ക് അയച്ചു കൊടുക്കുന്നു.
സ്വന്തം യൗവനവും, വാർദ്ധക്യവുമെല്ലാം മക്കൾക്ക്വേണ്ടി ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കൾക്ക്, മക്കൾക്ക് കിട്ടുന്ന എത്ര ശമ്പളം കൊടുത്താലാണ് പകരം വീട്ടാനാകുന്നത്?
എനിക്ക് തെറ്റുപറ്റിയിരിക്കുന്നു! പണം കൊടുത്തല്ല, മറിച്ച് സ്നേഹം കൊടുത്ത് - അവരെ സന്തോഷിപ്പിച്ച് വേണം അവർക്ക് പകരം കൊടുക്കാനുള്ളത്. എനിക്ക് അവര് തന്ന സ്നേഹത്തിന്റേയും കരുതലിന്റെയും സഹനത്തിന്റേയും ആയിരത്തിലൊരംശം പോലുമാകില്ലെങ്കിലും, എനിക്ക് എന്റെ അമ്മയെ സ്നേഹിക്കണം സന്തോഷിപ്പിക്കണം... ഇല്ലെങ്കിൽ എന്ത് അർത്ഥമാണ് എന്റെ അസ്ഥിത്വത്തിന്?
ചുട്ടുപൊള്ളുന്ന പശ്ചാത്താപത്താൽ, ചുടുകണ്ണീർ ശങ്കറിന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. അത് അവന്റെ സിൽക്ക് ഷർട്ടിനെ നനച്ചു കൊണ്ടിരുന്നു.
ജാഥ പോയ് കഴിഞ്ഞിരുന്നു. അസിൻ അപ്പോഴും ഫോണിൽത്തന്നെയാണ്. ആദി മൊബൈലിൽ അവന്റെ ഫേവറേറ്റ് കാർ റേസിംഗ് ഗെയിം കളിക്കുന്നു.
ശങ്കർ കാലുകൾ മാറ്റി ചവിട്ടി; കൈയ്യ് ഗിയറിൽ അമർത്തി മുന്നിലേക്ക് തള്ളി, ഫോർവേഡ് ഗിയർ!
കാർ പെട്ടെന്ന് മുന്നിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആ ചലനത്തിൽ അസിൻ ശങ്കറിനെ ഒന്നു പാളി നോക്കി. കാർ മുന്നോട്ട് നീങ്ങി വലത്തേക്ക് തിരിഞ്ഞു.
'ശങ്കർ, ഇറ്റ്സ് റോങ്ങ് വേ' അസിൻ ഉറക്കെ വിളിച്ചു.
'നോ അസിൻ, ഇറ്റ്സ് ദ റൈറ്റ് വേ'
'ശങ്കർ , ഇത് വൺവേ ആണ്. നമ്മുടെ റോഡ് ഓൺ ലെഫ്റ്റ് സൈഡ് ആണ് '.
'നോ, ദിസ് ഈസ് ദ റൈറ്റ് വേ'
കാർപെട്ടെന്ന് വലത്തേക്ക് വീണ്ടും തിരിഞ്ഞു. അസിന് മനസ്സിലായി അവർ ഓൾഡ്ഏജ് 'ഹോമിലേക്ക് പോകുകയാണെന്ന്.
വലിയ ഒരു ഗേറ്റ് കടന്ന് കാർ ഒരു വീടിന്റെ മുറ്റത്തേക്ക് കയറിനിന്നു. ചൂടു പറക്കുന്ന കണ്ണുകളോടെ ശങ്കർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന കുറേ അച്ഛൻമാരും അമ്മമാരും അവിടെ പലയിടത്തായി പല പ്രവൃത്തികളിലായി നിൽക്കുന്നു. കാർ പെട്ടെന്ന് വന്നു നിന്ന ശബ്ദം കേട്ട് എല്ലാവരും ഇങ്ങോട്ടേക്ക് നോക്കി.
നിറഞ്ഞു നിന്ന ചുടുകണ്ണുനീരിലൂടെ ശങ്കറിന് പരിസരം വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല.
അവൻ അങ്ങോട്ടുമിങ്ങോട്ടും പരതി നോക്കി.
നിറഞ്ഞു നിന്ന ചുടുകണ്ണുനീരിലൂടെ ശങ്കറിന് പരിസരം വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല.
അവൻ അങ്ങോട്ടുമിങ്ങോട്ടും പരതി നോക്കി.
ആ വാർദ്ധക്യം ചെന്നവരുടെ ഇടയിൽ നിന്നും ജീവിത ഭാരത്താൽ ഉയരം കുറഞ്ഞു പോയ, വെള്ളിപോലെ വെളുത്ത മുടിയുള്ള, അമ്പരപ്പ് മാറാത്ത മുഖവുമായി ഒരു സ്ത്രീ പതുക്കെ പതുക്കെ നടന്നുവന്നു.
'ശങ്കു...'
ആർദ്രമായ ആ ശബ്ദം ശങ്കറിന്റെ ഹൃദയത്തെ തുളച്ചു കയറി.
കണ്ണിൽ നിറഞ്ഞു നിന്ന വെള്ളത്തുള്ളികൾ ഭൂമിയിലേക്ക് ഒരുമിച്ച് അടർന്നുവീണു
'അമ്മേ...'
ആ വാക്കിന്റെ ഒരായിരം അർത്ഥതലങ്ങൾ അവിടമാകെ പ്രസരിച്ചു നിന്നു.
ശങ്കർ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു... 'മോനേ... എന്തുപറ്റിയെടാ നിനക്ക് '
മറുപടി ഒന്നും പറയാനാകാതെ അവൻ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞ് കരഞ്ഞ് എപ്പഴോ അവൻ അമ്മയുടെ കാൽക്കൽ വീണു.
........................................................................................
'ഗുഡ് ഡിസിഷൻ മിസ്റ്റർ ശങ്കർ, ഗുഡ് ഡിസിഷൻ' ഓൾഡേജ് ഹോമിന്റെ മാനേജർ ശങ്കറിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അസിനും ആദിയും ശങ്കറും ഓഫീസ് റൂമിലിരിക്കുകയാണ്.
'വരൂ, ഞാൻ നിങ്ങൾക്ക് ഒരു സംഗതി കാട്ടിത്തരാം. അപ്പോഴേക്കും അമ്മ ലഗേജുമായി വരും'
മാനേജർ നടന്ന വഴിയിലൂടെ അവർ മൂന്നു പേരും നടന്ന് വിശാലമായ ആ മുറ്റത്തിന്റെ ഇടത് വശത്തായുള്ള ഒരു മാവിന്റെ അടിയിലെത്തി. അവിടെ ചെറിയൊരു പൂന്തോട്ടവും ഉണ്ടായിരുന്നു.
'ദാ... ഇതു കണ്ടോ '
പൂന്തോട്ടത്തിന്റെ വലതുഭാഗത്തായി നിൽക്കുന്ന ഒരു മുല്ലച്ചെടിയെ ചൂണ്ടിക്കാട്ടി മാനേജർ തുടർന്നു.
' നിങ്ങളുടെ അമ്മ ഇവിടെ എത്തിയ ആദ്യ ആഴ്ചകളിൽ വളരെ ദുഃഖിത ആയിരുന്നു. എനിക്ക് ഒരുപാട് കൗൺസിലിംഗ് ക്ലാസുകൾ ചെയ്യേണ്ടി വന്നു അവരെ ഒന്നു അപ്പ് ആക്കിയെടുക്കാൻ. പിന്നീട് ഇവിടെയുള്ള ചെറിയ ചെറിയ പ്രവൃത്തികളിൽ അവർ ഏർപ്പെട്ടു തുടങ്ങി. അങ്ങനെ നിങ്ങളുടെ അമ്മ നട്ട ചെടിയാണിത്. ഇതിന് അവർ ഇട്ടിരിക്കുന്ന പേരാണ് 'ആദി'. ഞാൻ അമ്മയോട് ചോദിച്ചു, എന്തിനാണ് അങ്ങനെ പേർ ഇട്ടതെന്ന് .
അതിന് അവർ പറഞ്ഞത്, സാറെ എന്റെ പേരക്കുഞ്ഞിനെ കൊഞ്ചിച്ചും താലോലിച്ചും എനിക്ക് കൊതി തീർന്നില്ല. ഇനി എനിക്ക് അതിനുള്ള ഭാഗ്യം കിട്ടുമെന്ന് തോന്നുന്നില്ല. അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് എന്റെ പേരകുഞ്ഞിന്റെ പേര് ഞാനിതിനിടും, അവനെ നോക്കുന്നപോലെ ഞാൻ ഇതിനെ നോക്കും. ഇതാകുമ്പോ ആർക്കും എന്നിൽ നിന്നും പിടിച്ചു മാറ്റാനാകില്ലല്ലോ, മരണത്തിനല്ലാതെ !
അസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് അവൾ പതിയെ മുഖം തുടച്ചു.
കാറിന്റെ മുൻ ഡോർ തുറന്നപ്പോൾ അമ്മ ശങ്കറിനെ വിലക്കി; 'വേണ്ട മോനേ, നിന്റെ കുടുംബത്തിനായിരിക്കണം എപ്പോഴും നിന്റെ മുൻഗണന. അമ്മ എപ്പോഴും നിങ്ങളുടെ പിന്നിൽ ഉണ്ടായിരിക്കും.'
അമ്മ കാറിന്റെ പിൻഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു. ആദി തന്റെ കളിപ്പാട്ടങ്ങളെല്ലാം സീറ്റിൽ നിന്നും മാറ്റിയിട്ടു, മുത്തശ്ശിയുടെ മടിയിലേക്ക് ആവേശത്തോടെ ചരിഞ്ഞു
മുൻ സീറ്റുകളിൽ അസിനും ശങ്കറും ഇരുന്നു. കാർ വീണ്ടും സ്റ്റാർട്ട് ആയി, ഫോർവേർഡ് ഗിയർ !
വണ്ടി മുന്നിലേക്ക് ഉരുണ്ടു നീങ്ങി.
എവിടെന്നോ അങ്ങോട്ടേക്കൊഴുകി എത്തിയ ഇളം കാറ്റിൽ ആ മുല്ലച്ചെടി മാത്രം ഇളകി ആടി;ഒപ്പം അതിലെ മുല്ലപ്പൂവും, നിറഞ്ഞ പ്രസരിപ്പോടെ.

ശുഭം.

-എം. രഞ്ജിത്ത്കുമാർ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ