പ്രഫുല്ലചന്ദ്രൻ, എഴുപതു വയസ്സ്

പ്രഫുല്ലചന്ദ്രൻ, എഴുപതു വയസ്സ്

പ്രഫുല്ലചന്ദ്രൻ, എഴുപതു വയസ്സ്

ഞാൻ പ്രഫുല്ലചന്ദ്രൻ .എന്റെ  പേരിന്റെ രഹസ്യം കുട്ടിക്കാലത്തു ഏതോ ഒരു നാൾ 'അമ്മ ചന്ദ്ര പ്രഭ പറഞ്ഞുതന്നിരുന്നു .അച്ഛന്റെ പേര് പ്രതാപചന്ദ്രൻ നായർ.പുരോഗമനവാദി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അച്ഛൻ പേരിന്റെ കൂടെയുള്ള  'നായർ' വാൽ അങ്ങിനെ ഉപയോഗിക്കാറില്ല .അങ്ങിനെ പൊതുവായി രണ്ടുപേർക്കും ഉണ്ടായിരുന്ന ചന്ദ്ര നാമം എനിക്കും  എന്റെ നേർപെങ്ങൾ ചന്ദമതിക്കും  കിട്ടി .കുട്ടിക്കാലത്തു അമ്മയായിരുന്നു എന്റെ മോഡൽ.അച്ഛൻ സ്ഥിരമായി രോഗാവസ്ഥയിൽ ആയിരുന്നുവല്ലോ.അപ്പോൾ 'അമ്മയാണ് വീട് നടത്തിക്കൊണ്ടിരുന്നത്.സ്കൂൾ ടീച്ചർ ആയിരുന്ന 'അമ്മ രാവിലെ എഴുന്നേറ്റു വീട്ടിലെ കാര്യങ്ങൾ മുഴുവനും ചെയ്തു തീർത്തിട്ടാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്.അച്ഛൻ വീടിനു പുറത്തു ഒന്നിനും പോകുകയില്ലന്നേ ഉള്ളൂ.സ്വന്തം കാര്യങ്ങൾ മെല്ലെ നീങ്ങി ചെയ്യുമായിരുന്നു.അച്ഛനും സ്കൂൾ ടീച്ചർ ആയിരുന്നു എന്ന് കുട്ടിക്കാലത്തു 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.ഒരു നാൾ രാവിലെ അച്ഛന് ചലനമറ്റു.ചെയ്യാത്ത ചികിത്സകൾ ഒന്നുമില്ല.എല്ലാ പ്രതാപവും അതോടെ പോയത്രേ ...

ഈ എഴുപതാം വയസ്സിൽ  ഇടയ്ക്കിടെ ഞാൻ പിന്നിലേക്ക് നോക്കാൻ തുടങ്ങിയിരിക്കുന്നു.മക്കൾ രണ്ടു പേരും ദൂരത്താണ്.ദിവസേന കൃത്യ സമയങ്ങളിൽ വിളികൾ വരാറുണ്ട് .ഞാനോ ഭാര്യ ലളിതയോ സംസാരിക്കും.പേരക്കുട്ടികൾക്കും എന്നോട് വലിയ ഇഷ്ടമാണ്.ദൂരത്തായതിനാൽ മുത്തച്ഛനെ കൊണ്ട് ശല്യങ്ങൾ ഇല്ലല്ലോ-അതാവും കാരണം .എന്റെ ആരോഗ്യം വലിയ കുഴപ്പമില്ലെങ്കിലും ലളിതയുടെ കാര്യം പരുങ്ങലിലാണ്.കാലുകൾക്കു ശക്തി പോരാ.ഈ അറുപത്തി ആറാം വയസ്സിൽ പാവം ഏന്തി വലിഞ്ഞു നടക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നും.അതുകൊണ്ടും കൂടിയാവാം ഞാൻ പിന്നിലേക്ക്, അതായതു എന്റെ അമ്മയിലേക്കു നോക്കാൻ തുടങ്ങിയിരിക്കുന്നത് .അച്ഛൻ മരിച്ച ശേഷം 'അമ്മ രോഗങ്ങൾ കാരണം ഏറെ  കഷ്ടപ്പെട്ടാണ് മരിച്ചത്.

എന്റെ മുപ്പതു വയസ്സായപ്പോൾ അനിയത്തി ചന്ദ്രമതിയുടെ കല്യാണം നടന്നു.ചെന്ന് കയറിയ വീട്ടിൽ അവൾക്കു യോജിച്ചു  പോകാൻ ബുദ്ധിമുട്ടുണ്ടായി .പല തവണ അമ്മയോട് വന്നു പറഞ്ഞിട്ടും 'അമ്മ അത് കാര്യമായിഎടുത്തില്ല.അവസാനം ഒരു ദിനം അവൾ കർക്കശ സ്വരത്തിൽ പറഞ്ഞു-'അമ്മ കണ്ടുപിടിച്ച ആലോചനയല്ലേ.ഞാൻ ഒളിച്ചോടിയതല്ലല്ലോ .അതുകൊണ്ടു 'അമ്മ തന്നെ ഇതിനു സമാധാനം കണ്ടുപിടിക്കണം .അല്ലെങ്കിൽ ഇനി ഞാൻ 'അമ്മ മരിച്ചു എന്നറിഞ്ഞാലും  ഇവിടെ കയറില്ല.'

 

എന്തോ, 'അമ്മ അത് കേൾക്കാൻ കാത്തിരുന്ന മട്ടിൽ പറഞ്ഞു -എടീ ,വിവാഹം കഴിപ്പിച്ചു വിട്ടാൽ പെൺകുട്ടികളുടെ സ്ഥാനം ഭർത്താവിന്റെ വീട്ടിലാണ് .നീ ഇവിടെയല്ല ഇത് പറയേണ്ടത്.നിന്റെ അമ്മായി അമ്മയോട് സ്നേഹമായി പെരുമാറാൻ ശ്രമിക്കു.സ്നേഹം കൊണ്ട് തോൽപിക്കാൻ പറ്റാത്ത ഒരു സാധനവും ഈ ലോകത്തിൽ ഇല്ല.'

അവൾ കലി തുള്ളി ഇറങ്ങി പോയി, വാക്ക് പാലിക്കുകയും ചെയ്തു .'അമ്മ കുറെ ദിവസം ആശുപത്രിയിൽ കിടക്കുമ്പോളും 'അമ്മ മരിച്ചിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല.ഇത് ചോദ്യം ചെയ്ത എന്നെ അവൾ സ്വന്തം മകനെ വിട്ടു തല്ലിക്കാൻ ശ്രമിച്ചു. ആ തടിമാടന്റെ കയ്യിൽ നിന്ന് കിട്ടിയിരുന്നെങ്കിൽ  ഞാനും അച്ഛനെ പോലെ  കിടപ്പാകുമായിരുന്നു.

ചന്ദ്രമതി പിണങ്ങിപോയപ്പോൾ എനിക്ക് മുപ്പത്തി രണ്ടു ആയി.'അമ്മ കൊണ്ടുപിടിച്ച  അന്വേഷണം നടത്തി എനിക്ക് വേണ്ടി ലളിതയെ കണ്ടുപിടിച്ചു.ആദ്യത്തെ രണ്ടു മൂന്നു മാസം അവൾ ലളിതയായും എന്റെ 'അമ്മ ചന്ദ്രന്റെ പ്രഭയായും സ്നേർഹപൂർവം  മുന്നോട്ടു പോയി. 

പക്ഷെ അധികം നീണ്ടു നിന്നില്ല.ലളിത അവളുടെ വീട്ടിൽ എന്തിനോ പോയിരുന്ന ഒരു ദിവസം 'അമ്മ എന്നോട് പറഞ്ഞു -അവൾ എന്നെ അനുസരിക്കാൻ കൂട്ടാക്കുന്നില്ല.നീ അവളോട് ഒന്ന് സംസാരിക്കു '

അന്ന് രാത്രി ലളിതയോടു ഞാൻ പറഞ്ഞു -'അമ്മ ഞങ്ങളെ  വളരെ കഷ്ടപ്പെട്ടാണ് വളർത്തിയെടുത്തത് .'

അവൾ പതിവില്ലാത്ത വിധം ചാടി വീണു-ഓ അതുകൊണ്ടാണ് പെങ്ങൾ പിണങ്ങി പോയത് അല്ലെ ?

എന്റെ വായടഞ്ഞുപോയി .ഇവൾ വിചാരിച്ചതുപോലെയല്ല .

അവൾ തുടർന്നു -അമ്മക്കൊരു വിചാരമുണ്ട് ,എനിക്ക് അമ്മയില്ലായിരുന്നു എന്ന്.കൊച്ചു കുട്ടികളോടെന്ന വണ്ണമാണ് എന്നെ ശകാരിക്കുന്നത് .വേറെ വല്ല പെണ്പിള്ളേരുമായിരുന്നെങ്കിൽ കളഞ്ഞിട്ടു പോയേനെ.,

ഞാൻ എന്ത് ചെയ്യും ?എല്ലാവരും ചെയ്യുന്നത് തന്നെ ഞാനും ചെയ്തു .താമസം വിനാ ഞങ്ങൾ ഒരു വാടകവീട്ടിലേക്കു താമസം മാറി .അന്ന് അമ്മയുടെ കണ്ണിൽ നിന്ന് വന്ന കണ്ണീർ എന്നെ വേദനിപ്പിച്ചു.രണ്ടുപേർക്കും ഒരേ വാശി -ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ല .

'അമ്മ ഒരിക്കലും ഞങ്ങളുടെ വീട്ടിലേക്കു വന്നില്ല.ലളിതയും വാശി പിടിച്ചു.ഞാൻ വല്ലപ്പോഴും  ഒരിക്കൽ അമ്മയെ തല കാണിക്കും.ലളിത അറിഞ്ഞാൽ അന്ന് എന്റെ കാര്യം പരുങ്ങലിൽ.അതുകൊണ്ടു ഞാൻ ഒന്നും മിണ്ടാറില്ല.'അമ്മ സുഖമില്ലാതെ ആശുപത്രിയിൽ ആയിട്ടും അവൾ വന്നു കാണാൻ കൂട്ടാക്കിയില്ല .ഭാഗ്യം, 'അമ്മ മരിച്ചപ്പോൾ അവൾ എന്നെ സഹായിച്ചു -പരമാവധി അന്ത്യ കർമങ്ങളിൽ എന്നോട് സഹകരിച്ചു.

എന്റെ അമ്മയുടെ അന്നത്തെ  കണ്ണീരാണ് എന്നെ ചിന്തിപ്പിക്കുന്നത്.നാം നമ്മുടെ അച്ഛനമ്മമാർക്ക് കൊടുക്കുന്നത് നമ്മുടെ മക്കളിൽ നിന്ന് നമുക്ക് കിട്ടും എന്ന വലിയ സത്യം എന്നെ അലട്ടാൻ തുടങ്ങിയിരിക്കുന്നു.

 ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ  മൊബൈലിൽ മൂത്ത മരുമകൾ രേണുവിന്റെ വിളി വന്നു.സംസാരിക്കാൻ തുടങ്ങിയത് പേരക്കുട്ടി ചിന്നുവാണ് .അഞ്ചാം ക്ലാസ് പത്രാസുകാരി.സത്യം പറഞ്ഞാൽ ഞാൻ അവളിലാണ് എന്റെ 'അമ്മ ചന്ദ്രപ്രഭ ടീച്ചറെ കാണുന്നത് .എന്റെ 'അമ്മ ലളിതയുടെ അടുത്ത് ഒരു പക്ഷേ ടീച്ചർ വേഷമായിരിക്കും ആടിയത്  .അത് അവൾക്കു ഉൾകൊള്ളാൻ കഴിഞ്ഞില്ല.രണ്ടുപേർക്കും ഇടയിൽ ഒരു പാലമാകേണ്ട ഞാൻ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയോ ?ഇതാണെന്റെ ഉത്തരമില്ലാത്ത ചോദ്യം.ചിന്നുമോൾക്ക് ഞാൻ പൂർണ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട് .

'നിനക്ക് അവളെ നിയന്ത്രിക്കാൻ വയ്യെങ്കിൽ അവളെയും കൊണ്ട് നീ മാറി താമസിക്കു' എന്ന അമ്മയുടെ ശാസന വീണ്ടുവിചാരമില്ലാത്ത ഞാൻ നടപ്പാക്കിയോ ?

ഭാഗ്യം, അമ്മയുടെ മരണശേഷം ലളിത അമ്മയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല .എന്നോടുള്ള വിധേയത്വം കൊണ്ടോ, അമ്മയോട് തൻ ചെയ്തത് തെറ്റാണെന്നു പിന്നീട് മനസ്സിലാക്കീട്ടോ ,ആവോ ?ആർക്കറിയാം സ്നേഹത്തിൽ ഉൾച്ചേർന്നിട്ടുള്ള സ്ഫോടനങ്ങൾ ?

 

സി പി വേലായുധൻ നായർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ