യക്ഷി

യക്ഷി

യക്ഷി

ഇത്രയൊക്കെ മഴപെയ്തിട്ടും എന്റെ കഥയെന്തേ വരണ്ടുണങ്ങിയതെന്ന് ഉത്തമകൂട്ടുകാരി ഖദീജയോട് സങ്കടം ചൊല്ലിയപ്പോള്‍ അവളെനിയ്ക്കൊരു കഥ പറഞ്ഞു  തരട്ടേയെന്നായി ....

എത്ര നന്നായാലും ഇല്ലെങ്കിലും നീയതെഴുതണമെന്ന് കൂടിയായപ്പോള്‍ വാക്കു പാലിയ്ക്കാന്‍ കഴിയില്ലേന്നൊരു തോന്നല്‍ ....

പിന്നെത്തോന്നി ....

അണുബോംബൊന്നുമല്ലല്ലൊ....ഒരുകഥയല്ലേ ...

പറഞ്ഞോളൂ ഖദീജാ ...ഞാന്‍ സമ്മതം മൂളി...

ഖദീജ തൊണ്ട റെഡിയാക്കി പറഞ്ഞു തുടങ്ങി.

അതായത്  ഞാന്‍ പത്താം ക്ളാസില്‍ പഠിയ്ക്കുന്ന സമയത്ത് രാത്രി  ഊണ് കഴിഞ്ഞ് പുറത്തേയ്ക്ക് കെെകഴുകാനിറങ്ങിയപ്പോള്‍ മതിലരികിലെ വാഴയ്ക്കടുത്ത്  രണ്ടാളുടെ പൊക്കത്തില്‍ വെള്ളത്തുണി ചുറ്റി ഒരു യക്ഷി നില്‍ക്കുന്നു ...

ഇതു കണ്ടതും ഞാനാര്‍ത്തുകരഞ്ഞ് അകത്തേയ്ക്കോടി ...

എന്നിട്ട് ?

ആകാംക്ഷയഭിനയിച്ചുള്ള എന്റെ ചോദ്യം അവള്‍ക്ക് നന്നേ പിടിച്ചു...

നാവ് വലിഞ്ഞ് കണ്ണ് പുറത്തേയ്ക്ക് ചാടിയ ഞാന്‍ ഉമ്മയടക്കം വീട്ടിലെ നാല് പെണ്ണുങ്ങളോട് ആംഗ്യം കാട്ടിക്കൊടുത്തു...

ബാപ്പവരാന്‍ വെെകുമെന്നതിനാല്‍ ഉമ്മ വിറച്ച് വിറച്ച് പുറത്തേയ്ക്ക് നോക്കാതെ അടുക്കളവാതിലടച്ച് അകത്തെ കൊളാമ്പിയില്‍ മുള്ളി ...

അഞ്ചുമിനിട്ടുകഴിഞ്ഞപ്പോഴതാ അടുക്കളവാതിലില്‍ ആരോ മുട്ടുന്നു ...

ഞങ്ങളഞ്ചുപെണ്ണുങ്ങള്‍ ആദ്യമൊരുമിച്ചാര്‍ത്തെങ്കിലും മുട്ടിന്റെ ശക്തിയില്‍ വാതില്‍ തുറന്നപ്പോള്‍ കണ്‍മുന്നില്‍ സുന്ദരിയായൊരമ്മൂമ്മ...

മക്കളേ ...

ഞങ്ങളുടെ അന്തിച്ചുനില്‍പ്പുകണ്ട് അവര്‍ ചിരിച്ചു പറഞ്ഞു ...

എന്നെ മനസിലായില്ല്യേ ...?

രാജേശ്വരിത്തമ്പുരാട്ടീടെ ജ്യേഷ്ഠത്തിയാ...

മതിലിനപ്പുറത്തുനിന്നും എന്റെ നേര്യത് ഇങ്ങട് പാറി വാഴമേലിരുന്നു...

അത് ഞാനെടുത്തിട്ടുണ്ട്....പോവാണുട്ടോ...

തൊട്ടപ്പുറത്തെ ഇല്ലത്ത് ഞങ്ങളങ്ങിനെ പോവാറില്ലായിരുന്നു....

ചക്കയും മാങ്ങയുമൊക്കെ അവര് ഇങ്ങോട്ടിട്ടു തരുമെന്നല്ലാതെ കൂടുതലടുപ്പത്തിനുള്ള സാധ്യത വളരെ കുറവായിരുന്നു....

ബാപ്പ അവിടുത്തെ  കൃഷിക്കാരനായിരുന്നതിനാലാണ് 

ഈ ഭൂമിയവര്‍ ദാനമായി തന്നത്...

തമ്പുരാട്ടിമുത്തശ്ശിയിറങ്ങിപ്പോയതും എല്ലാവരും അടുക്കളമുറ്റത്തേയ്ക്കിറങ്ങി ആനന്ദനൃത്തം ചവിട്ടി...

ശരിയ്ക്കും ചമ്മിയ ഞാനും ആര്‍ത്ത് ചിരിച്ച് അവരോടൊപ്പം കൂടി ....

ഇതാണ് മോനെ ആ തമാശക്കഥ....

ഖദീജയുടെ വിവരമില്ലാക്കഥ നാലാളോടുപറയുന്നതെങ്ങിനെയെന്നാലോചിച്ചുനില്‍ക്കുമ്പോള്‍ ഏഴുകടലും കടന്ന് അവളുടെ ശബ്ദം വീണ്ടും വന്നു .....

എനിയ്ക്കറിയാം... നീയിപ്പോ കുന്തിച്ചിരിയ്ക്കാവും ന്ന് .....

അതാ ഞാന്‍ വീണ്ടും വിളിച്ചത്....

എടാ കഴിഞ്ഞ വര്‍ഷം ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ബാപ്പയുണ്ട് ഞങ്ങളുടെ പുതിയ വീടിന് പിന്നാമ്പുറത്തുള്ള ഒരു പനമരത്തിന് തറകെട്ടുന്നു ...

ഇതെന്തു കഥയെന്ന് നിരവധിയാവര്‍ത്തി ചോദിച്ചപ്പോള്‍ ബാപ്പ പറഞ്ഞതിങ്ങനെയാണ്.....

നീയന്ന്  യക്ഷിയെ കണ്ടതിന്റെ വിവരം പിറ്റേദിവസം ഞാന്‍  രാജേശ്വരിത്തമ്പുരാട്ടിയോട് പറഞ്ഞപ്പോഴാണ് അവര്‍ക്കങ്ങിനെയൊരു ജേ്യഷ്ഠത്തിയേ ഇല്ലെന്ന കാര്യം മനസിലായത് ...

തമ്പുരാട്ടി സംശയത്തോടെ എന്നോടിങ്ങിനെ തുടര്‍ന്നു.... 

ഈ സംഭവത്തിനൊരാഴ്ച മുമ്പ് ഇല്ലത്തുവച്ച പ്രശ്നത്തില്‍ ഒരു യക്ഷിസാന്നിധ്യം വരാനിരിയ്ക്കുന്ന കാര്യവും  അവര്‍ക്കൊരു സ്ഥാനം കൊടുത്താല്‍ യശസ്സ് വര്‍ദ്ധിയ്ക്കുമെന്നും പ്രവചിയ്ക്കപ്പെടുകയുണ്ടായി ...

ഒരുപക്ഷേ ഇനിയതാണെങ്കിലോ ....എന്തായാലും  ബീരാനിനി ഈ കഥ ആരോടും പറയണ്ട ....

പിന്നെ നിന്റെ പറമ്പ് ചിലപ്പോ തിരിച്ചു കൊടുക്കേണ്ടിയും വരും ....

എന്തായാലും ബീരാന് മൂന്ന് പെങ്കുട്ട്യാളല്ലേ...

വിശ്വാസം സത്യാവാണേല്‍ നീ രക്ഷപ്പെടട്ടെ...

മോനെ ഗള്‍ഫിലേയ്ക്കൊക്കെ പറഞ്ഞയയ്ക്കണം....

യക്ഷിയാണേലും ദെെവമായാലും വീട്ടിലേയ്ക്കൊന്നും കൊടുന്നു തരില്ല്യ ...

നമ്മള് പരിശ്രമിയ്ക്കുക കൂടി  വേണം....

പിന്നെ ആ യക്ഷി അമ്മൂമ്മയുടെ രൂപത്തില്‍ തിരിച്ചു വന്നങ്ങിനെ പറഞ്ഞത് ഒരു പക്ഷേ  ഖദീജയുടെ പേടി മാറ്റാനാവും......

ഒന്നു മാത്രം ശ്രദ്ധിയ്ക്കുക... 

വിളക്കും പൂജയുമൊക്കെ ബീരാന്റെ വിശ്വാസത്തിനെതിരായതിനാല്‍  മനസിലുമതി ..

പക്ഷേ സ്ഥലം അശുദ്ധപ്പെടുത്താതെ നോക്കണം ...

അന്നു മുതല് അന്നം തന്ന തമ്പുരാട്ടിയുടെ വാക്കുകള് ഞാന്‍ തട്ടി മാറ്റിയില്ല മോളെ ....

നമ്മുടെ മതത്തിനൊ വിശ്വാസത്തിനൊ ഇന്നുവരെ ഒരു കോട്ടവും വരാതെ ഞാനാകഥകളെല്ലാം മനസില്‍ സൂക്ഷിച്ചു .....

ജാഫറ് ഗള്‍ഫില്‍ പോയി വിചാരിയ്ക്കാത്ത കാര്യങ്ങളിലൂടെ  കോടീശ്വരനായി....

വലിയവീട് വച്ചു ..ഇല്ലത്ത് നിന്ന് ഏക്കറുക്കണക്കിന് സ്ഥലം വാങ്ങി.....

എല്ലാവരുടേയും കല്ല്യാണം അന്തസ്സായി നടത്തി .

ഇനിയിപ്പോ എനിയ്ക്കെന്തേലും പറ്റിയാല്‍ വാഴയ്ക്കിടയില്‍ അന്ന് മുളച്ചു വന്ന ഈ പന ക്ഷയിച്ചു പോവരുത് ....

അതുകൊണ്ടാണിതിനൊരു തറകെട്ടുന്നത് ....

ഈ കാര്യങ്ങളൊക്കെ നിന്റെയുമ്മയ്ക്കു മാത്രമേ 

അറിയൂ.....

സത്യമായാലും അല്ലേലും ഇതൊരു മരമല്ലേ മോളെ....

അതിനെ സംരക്ഷിച്ചൂന്ന് കരുതിയാല്‍ മതി.

ബാപ്പ ഇങ്ങിനെയാണ് പറഞ്ഞുനിര്‍ത്തിയത് ....

ഇപ്പോ കഥ കൊള്ളാവോ ?

ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല ....

അതെന്റെ മനസില്‍ ഒരു പനയോളമുയരത്തില്‍ വളര്‍ന്നിട്ടുണ്ടാവുമെന്ന് അവള്‍ക്കുമറിയാമായിരുന്നു ......

-ജയരാജ് പരപ്പനങ്ങാടി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ