മാനസാന്തരം

മാനസാന്തരം

മാനസാന്തരം

വടക്കേ മീത്തല കൃഷ്ണൻ എന്ന വി എം കൃഷ്ണൻ അന്ന് പതിവിലും നേരത്തെ ഉറക്കമുണർന്നു.അന്നാണ് ചെത്തുകാരൻ കുമാരൻ പൈസ കൊണ്ട് വരാമെന്നു സമ്മതിച്ചിരിക്കുന്നത് .രണ്ടു കൊല്ലം മുമ്പാണ് തന്റെ കയ്യിൽ നിന്ന് ആയിരം രൂപ അയാൾ കൈവായ്പ വാങ്ങിയത്.ഭാര്യക്ക് അസുഖം കൂടുതലായതിനാൽ ആശുപത്രി ചിലവുകൾക്കാണെന്നു പറഞ്ഞാണ് ആ കള്ളൻ കടം കൊണ്ടത്.ഒരു മാസം കഴിഞ്ഞിട്ടും തുക തിരികെ കിട്ടാത്തതിനാൽ നാട്ടിൽ ഒരു അന്വേഷണം നടത്തിനോക്കി .പല കാരണങ്ങൾ പറഞ്ഞു പലരിൽ നിന്ന് അവൻ കടം കൊണ്ടിട്ടുണ്ട്.രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ അയാൾ ആണയിട്ടു പറഞ്ഞു.വരുന്ന തിങ്കളാഴ്ച കുറുപ്പാളുടെ വായ്പ ഞാൻ വീടിയിരിക്കും.രാവിലെ തന്നെ ഞാൻ എത്തും.അപ്പോഴേ കരുതി കിട്ടാൻ സാധ്യതയില്ല എന്ന്.എന്നാലും നാട്ടുകാരനല്ലേ എന്ന് കരുതി സമ്മതിച്ചു .വസ്തുവിദ്യയിൽ പാണ്ഡിത്യം ഉള്ളതിനാൽ ഒരു സംശയം തോന്നാതെയല്ല.എന്നാലും അവസാന അവധി എന്ന നിലക്ക് നോക്കാമെന്നു കരുതി -അത്ര മാത്രം.

എട്ടു മണി വരെ കുമാരന്റെ പൊടി പോലും കണ്ടില്ല.ഏതാണ്ട് എട്ടര മണിയോടെ അവൻ ഓടി കിതച്ചെത്തി .ചെത്തു സാധനങ്ങളെല്ലാം  ഇറക്കി വച്ച് ഭക്തി അഭിനയിച്ചു നിന്നു .എന്നിട്ടു പ്രയാസം അഭിനയിച്ചു പറഞ്ഞു -കുറുപ്പാൾ ക്ഷമിക്കണം.ഞാൻ കൂടീട്ടു കൂടിയില്ല .പൈസ ശരിയായില്ല.ഒരു അവധി കൂടി വേണം.

കോപം വന്നെങ്കിലും അത് പുറത്തു കാട്ടാതെ ചോദിച്ചു -കുമാര ,ഞ്ഞി ഇനി എന്നാ തലശ്ശേരിക്ക് പോക്വ ?

അവൻ വീണ്ടും ബഹുമാനം അഭിനയിച്ചു പറഞ്ഞു -കുറുപ്പാൾക്കു എന്തെങ്കിലും ആവശ്യണ്ടെങ്കിൽ എന്ന് വേണച്ചാലും പോകാം..

എനക്ക് വേണ്ടടോ .ഞ്ഞി ഒരു കാര്യം ചെയ്യ് .എനക്ക് തരാനുള്ള ആയിരം രൂപ ആടെ ജഗന്നാഥ സാമിയുടെ ഭണ്ഡാരത്തിൽ ഇട്ടോ ..ഞ്ഞി ഇനി എന്നോട് കള്ളം പറഞ്ഞു മണ്ടണ്ട .നീ പോയിക്കോ .

അവൻ പെട്ടെന്ന് തന്നെ പണി സാധനങ്ങൾ എടുത്തു പോയി.ഞാൻ ആ കൂടിക്കാഴ്ച മറക്കുകയും ചെയ്തു .ആയിരം രൂപയും മറന്നു.

ഒരു ദിവസം നേരം വെളുത്ത പാടെ കുമാരനുണ്ട് വീട്ടുപടിക്കൽ.മുഖം വീർത്തു നീര് വന്ന പോലെയുണ്ട്.എന്നെ കണ്ട പാടെ പറയാൻ തുടങ്ങി -എന്റെ കുറുപ്പാളെ , ഒരാഴ്ചയായി ഞാൻ ഉറങ്ങിയിട്ട്.ഉറക്കാൻ വെക്കുമ്പോൾ തന്നെ ഗുരുസ്വാമി കണ്മുൻപിൽ.എന്നിട്ടു ഒരു ചോദ്യം -നിന്നോട്  എപ്പഴാണെടാ ആളെ പറ്റിക്കാൻ ഞാൻ പറഞ്ഞത് ?ആ കുറുപ്പാൾ എന്റെ വാക്ക് കേട്ട് നടക്കുന്ന ഒരു നല്ല തീയനാണ് .നിന്നെപ്പലോയുള്ളവരാണ് എന്നെയും കൂടി നാണം കെടുത്തുന്നത് ...

ഇതും പറഞ്ഞു കുമാരൻ കരയാൻ തുടങ്ങി .

അയിനു ഞാൻ എന്താക്കാനെടോ?എനിക്ക് ശരിക്കും കോപം വന്നു .

രണ്ടു അഞ്ഞൂറിന്റെ നോട്ട് നീട്ടി അവൻ പറഞ്ഞു -അവിടുന്ന് ഇത് വാങ്ങണം.

എന്റെ കോപം ഇരട്ടിച്ചു .ഞാൻ പറഞ്ഞു-കടന്നു പോഡാ.ഞാൻ പറഞ്ഞില്ലേ -ഇത് ഗുരുസ്വാമിക്കുള്ള പൈസയാണ് .നീ എന്താ ഉദ്ദേശിക്കുന്നത് -സ്വാമിയുടെ കോപം എനിക്ക് കിട്ടട്ടേയെന്നോ ?നീ ഇപ്പൊ തന്നെ തലശ്ശേരിക്ക് വണ്ടി കേറി പൈസ ഭണ്ഡാരത്തിൽ ഇട് .അതോടെ എന്റെ കടം തീർന്നു .ഞാൻ ഗുരുസ്വാമിയോട്  നിനക്കു വേണ്ടി പ്രാർത്ഥിക്കാം .

അവൻ പ്രാഞ്ചി പ്രാഞ്ചി പോകുന്നത് കണ്ടു രസിച്ചു നിന്ന് പോയി.അവൻ ഒരുത്തനെയെങ്കിലും മാനസാന്തരപ്പെടുത്താൻ എനിക്ക് കഴിഞ്ഞല്ലോ എന്ന സംതൃപ്തിയോടെ .

-സി.പി. വേലായുധൻ നായർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ