അനുരാഗി

അനുരാഗി

അനുരാഗി

അകക്കാമ്പിൽ നീതൊട്ടന്നുതൊട്ടേ 

പതിയെ ചെറുകാറ്റിലിളകും 

ദലമർമ്മരം പോലൊരു 

കാതരപ്രണയ ഗീതിതന്നീരടികൾ 

മൂളുന്നെൻ ഹൃത്തടം....,

 

നായിക നീയറിയാഭാവത്തിലലസം ചെറുചിരിയുമുതിർത്തെന്‍റെ 

മതിയിൽ ഭ്രമമേറ്റുന്നു നൂനം…!

ഒരിളങ്കാറ്റിന്‍റെ  തലോടൽ

പോലെ, ഒരരുവിതൻ 

സ്വച്ഛപ്രവാഹമതെന്നു 

മോഹിപ്പിക്കുംവിധമലസമെന്‍റെ  

നിനവിലങ്ങനെവിലസും മഹിതേ 

മനസ്സിലെ പ്രണയം ചൊല്ലുവാൻ 

വാക്കുതേടുന്നു ഞാനേറെനാളായ്…!

സുഗമമല്ലീ പ്രണയമതൊന്നോതി

ഫലിപ്പിക്കുംവരേക്കൂണില്ലുറക്കവും…!

കാണ്മാതെല്ലാം നീയെന്നുതോന്നും 

കേൾപ്പതോ നിന്‍റെ  

മഞ്ജീരശിഞ്ചിതധ്വനിമാത്രം…!

ഒന്നെന്നെപിന്തിരിഞ്ഞുപാർത്തു 

നീയിടവഴിയിറങ്ങിയെന്നും ഗമിക്കുന്നിഷ്ട-

ദേവനെ ദര്ശിക്കുവാനെന്നമട്ടിലന്നേരം തവ 

ദർശനസായൂജ്യമേറ്റുവാങ്ങി 

തരളിതമാകുന്നെന്‍റെ താരുണ്യം…!

എന്തിനെന്നോടീവിധം കേളികളാടുന്നു 

കാലമിതു നിന്നിലെഴുതിയ 

കൗമാരകുതൂഹലമോ, കരാളാലെ 

നീയെനിക്കായ് പകുത്തുവച്ച പ്രണയമോ…?

കേള്വിക്കുത്തരമേകിയാലും 

കേട്ടപാതിയോടിയകന്നു

പോകാതെ നീയിളംകാറ്റേ, 

നറുമലർഗന്ധംതോല്ക്കും 

നിന്റെ വചനസുഗന്ധം 

പേരെടുത്തെന്നോടു നീ 

ചൊല്ലീടുകിനിയൊളിക്കരുതനുരാഗം…!

അവനിയിലില്ല വേറെമോദമിവ-

നോർത്താലനാഥമീ ജീവനിലലിവായ് 

നിറയു നീയീ പ്രപഞ്ചം 

നിറയുമനുരാഗത്തിന്നേഴു 

നിറങ്ങളാൽ പണിയട്ടെ

ഞാനെന്റെ പ്രണയകുടീരം…!

വാടികൾ തോറുമലയുമിളങ്കാറ്റേ 

വാർകൂന്തലിൽ കുസൃതികൈയാലെ നീയലസമോമലാളെത്തലോടിയോടിയെത്തി പുല്കീടുകെന്നെയാ പ്രണയപരാഗമാത്മാവിലണിയട്ടെ ഞാൻ…!

-ഉണ്ണി.കെ. റ്റി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സമാധാനപ്രിയൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ