വിഷാദസായന്തനം

വിഷാദസായന്തനം

വിഷാദസായന്തനം

ചായുന്ന പകലിന്‍റെ  വിടവാങ്ങലില്‍ 

വിഷാദിയാകുന്ന സന്ധ്യയുടെ മുഖം 

ചുവക്കുന്നത് ഇരുളിന്‍റെ  സഭ്യതയില്ലായ്മയെ 

ഭയന്നാണ്....!

ഭൂതവര്‍ത്തമാനമാനകാലങ്ങളില്‍നിന്നും 

ഭാവിയിലേക്കു നയിക്കുന്ന പാതകള്‍ക്കിടയില്‍

താണ്ടുവാന്‍ പ്രയാസപ്പെടുന്ന തീക്ഷ്ണ 

പ്രവാഹങ്ങളുണ്ട്...!

കൂട്ടില്ലാത്തവന്‍ പ്രതീക്ഷകളുടെ ഒറ്റയടിപ്പാതമേല്‍   

ഓരടിയീരടിയെന്നെണ്ണി ലക്ഷ്യത്തിലേക്കുള്ള 

അകലംകുറയ്ക്കുന്നു....!

പ്രഭാതത്തിന്‍റെ  പ്രശാന്തമായ താഴ്വാരങ്ങളില്‍ 

നിന്നും മദ്ധ്യാഹ്നത്തിന്‍റെ  കനല്പ്പാടങ്ങളിലൂടെ 

സായന്തനത്തിന്‍റെ വിഷാദത്തിലേക്കാണ് 

നടക്കേണ്ടതെന്ന ഓര്‍മ്മകളെ സൗകര്യപൂര്‍വ്വം  

മറന്നുപോകുന്നവരാണ് നമ്മള്‍....!

പോരാട്ടങ്ങള്‍ക്ക്  അതിജീവനമെന്നു പേരിട്ട്

സ്വയം ശമിക്കുമ്പോഴും ഒരിക്കലുമതിജീവിക്കാന്‍ 

കഴിയാത്ത ജീവിതം കൈവിട്ടുപോകുന്നതും 

നോക്കി നെടുവീര്‍പ്പിടുമ്പോള്‍ യാത്രയുടെ 

പരിസമാപ്തിയില്‍ പരാജയബോധം 

ഇരുളുപോലെ കല്ലിച്ചുപോകും....! 

 

തോറ്റവന്‍റെ  സുവിശേഷം നിലവാരംകുറഞ്ഞ 

തമാശയാണ്....!

-ഉണ്ണി . കെ. റ്റി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സമാധാനപ്രിയൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ