റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി

റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി

റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി

റെയിൽവേ സ്റ്റേഷനിലേക്കുള്ള  വഴി..... 

 

..................................... 

വൈകുന്നേരം 5 മണി. തിരക്കിട്ടു ഓഫീസിന്റെ പടികൾ ഇറങ്ങി വരികയായിരുന്നു രേഖയും ദീപയും. 5. 30 നുള്ള ട്രെയിൻ ലക്ഷ്യമാക്കിയുള്ള അവരുടെ നടത്തം ചെന്നെ ത്തിയത് നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷക്ക് മുന്നിലായിരുന്നു. നഗരഹൃദയത്തിലുള്ള ഓഫീസിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം ഹ്രസ്വമായതിനാൽ ഉദ്യോഗസ്ഥരിൽ അധികം പേരും ഓട്ടോകളെ ആശ്രയിക്കുക പതിവായിരുന്നു. 

 

               അന്തരീക്ഷത്തിന്റെ മുഖം പൊടുന്നനെ മാറാൻ തുടങ്ങി. ചെറിയ ചാറ്റൽ മഴക്കൊപ്പം മുഖം വീർപ്പിച്ചു നിൽക്കുന്ന ആകാശം നോക്കി നിൽക്കുകയാണ് ഡ്രൈവർ. യുവതികൾ അകത്തേക്ക് കയറി പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. ഉടനെ നിർവികാരതയുടെ  മുഖം ചാർത്തിയ,  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം തോന്നിക്കുന്ന ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ആക്കി,  യാത്ര ആരംഭിച്ചു.

വഴിയോര കച്ചവടക്കാർ തങ്ങളുടെ കച്ചവടസാധനങ്ങൾക്കു  മുകളിൽ  ടാർപോളിൻ വലിച്ചിട്ടു മഴ നനയാതെ നോക്കുന്ന തിരക്കിൽ ആയിരുന്നു. കൂട്ടുകാരികൾ വിശേഷങ്ങൾ പങ്കു വയ്ക്കുന്ന തിരക്കിലായിരുന്നു. വർത്തമാനം ഉച്ചത്തിൽ ആകുംതോറും മുൻപിൽ ഇരിക്കുന്ന ഡ്രൈവർ അസഹിഷ്ണുതയാൽ തിരിഞ്ഞു നോക്കികൊണ്ടിരിന്നു. അയാളെ അവർ ശ്രദ്ധിച്ചില്ല എന്നു തോന്നി. വണ്ടി ഓടിക്കൊണ്ടിരുന്നു. പ്രാധാന നിരത്തിൽ നിന്നും ഇടുങ്ങിയ പാതയിലേക്ക് വണ്ടി മാറി ഓടാൻ തുടങ്ങി. " അയ്യോ ! നിങ്ങൾ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് ? ഞങ്ങൾക്കു റെയിൽവേ സ്റ്റേഷനിൽ ആണ് പോകേണ്ടത്. ഇതല്ല വഴി ". രേഖയുടെ ശബ്ദം ഉയർന്നു. അടുത്തു കൂടി പോയ സ്കൂട്ടർകാരൻ പയ്യൻ തല ചരിച്ചു നോക്കി   ഓടിച്ചു പോയി.

ഡ്രൈവർക്കു യാതൊരു കുലുക്കവുമില്ല.പിന്നിൽ ഇരിക്കുന്ന യുവതികളുടെ ഹൃദയ മിടിപ്പുകൾ എണ്ണിഎടുക്കുന്നതിൽ രസം കണ്ടെത്തുന്ന പോലെ അയാൾ വണ്ടിയുടെ വേഗത കൂട്ടാൻ തുടങ്ങി." ഞങ്ങൾക്കു റെയിൽവേ സ്റ്റേഷനിൽ ആണ് പോകേണ്ടതെന്നല്ലേ പറഞ്ഞത്. തനിക്കു ചെവി കേൾക്കില്ലേ ?" ദീപയുടെ വിറയാർന്ന ശബ്ദം താണിരുന്നു.വണ്ടി പെട്ടന്ന് നിന്നു." പോകേണ്ടവർ പോകേണ്ട വഴി പറഞ്ഞു തരികയാണ് വേണ്ടത്.കേറിയ മുതൽ വർത്തമാനം അല്ലായിരുന്നോ ? അല്ലേൽ ഞാൻ എന്റെ ഇഷ്ടത്തിനു പോകും ". ക്രൂരത നിഴലിക്കുന്ന നോട്ടവും പരുക്കൻ ശബ്ദവും അവരിൽ ഭീതി ഉളവാക്കി. അവരുടെ പ്രതികരണം കാത്തു നിൽക്കാതെ അയാൾ വീണ്ടും വണ്ടിയെടുത്തു.

സമയം വേഗത്തിലോടികൊണ്ടിരുന്നു. 

 

      യുവതികളുടെ രോദനം കാറ്റിൽ പറത്തിക്കൊണ്ട് വണ്ടി നഗരത്തിലെ ചേരിയിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നു. അടുക്കി വച്ച തീപ്പെട്ടി കൂടുകൾ പോലത്തെ വീടുകളിൽ ഒരെണ്ണത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അയാളുടെ സ്വരത്തിൽ ആഞ്ജാശക്തി കലർന്നിരുന്നു.

 

                  പേടിച്ചരണ്ട് അവർ രണ്ടും ഇറങ്ങി.ഉടനെ അയാൾ വണ്ടിയോടിച്ചു ഇരുട്ടിലേക്ക് മറഞ്ഞു.അപരിചിതമായ സ്ഥലം. ആശങ്കയും പേടിയും കൊണ്ട് തരിച്ചു നിൽക്കെ വീടിന്റെ വാതിൽ തുറക്കപ്പെട്ടു. 40 വയസ്സ് പ്രായം ചെന്ന മെലിഞ്ഞു ഒട്ടിയ മുഖമുള്ള ഒരു സ്ത്രീ രൂപം പുറത്തേക്കു ഇറങ്ങി വന്നു.

 

         അമ്പരന്നു നിൽക്കുന്ന യുവതികളെ നോക്കി പുഞ്ചിരിച്ച ശേഷം അകത്തേക്ക് ക്ഷണിച്ചു. മടിച്ചു നിൽക്കുന്ന അവരെ നോക്കി " അയാൾ നിങ്ങളെ ഇവിടെ കൊണ്ട് വിട്ടിട്ട് പോയി അല്ലേ ? പേടിക്കണ്ട ഉടനെ വരും."  നിസ്സാരമായി ആ സ്ത്രീ പറഞ്ഞു. യുവതികൾ തല കുലുക്കി

അവരോടു ആ സ്ത്രീ ഒരു കഥ പറഞ്ഞു. 

 

       ഒരു വർഷം മുൻപ്, ഓട്ടോറിക്ഷ ഡ്രൈവർ ആയ തന്റെ ഭർത്താവിന് ഉണ്ടായ  ദുരന്ത കഥ. അന്നൊരു തെളിഞ്ഞ സായാഹ്നം ആയിരുന്നു. എങ്കിലും ചെറിയ ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു. പതിവ് റെയിൽവേ സ്റ്റേഷൻ ഓട്ടത്തിനിടയിൽ രണ്ടു യുവതികൾ അയാളുടെ ഓട്ടോയിൽ കയറി. അവരുടെ കല പില  വർത്തമാനങ്ങളിൽ, പൊട്ടിച്ചിരികളിൽ രസം കയറി അയാൾ വണ്ടിയോടിച്ചു കൊണ്ടിരുന്നു.പെട്ടന്ന് റിയർവ്യൂ മിററിൽക്കൂടി അയാളുടെ നോട്ടം പിന്നിലേക്ക് പാളി. എതിരെ സൂപ്പർ ബൈക്കിൽ ന്യൂ ജനറേഷൻ തൊങ്ങൽ ചാർത്തിയ,  മദ്യ ലഹരിയിൽ ആവേശം പൂണ്ടു വന്ന ഫ്രീക്കൻ മാർ 

ഓട്ടോയിലേക്ക് പാഞ്ഞു കേറിയതും അതെ നിമിഷത്തിൽ ആയിരുന്നു. 

 

                 ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്ന അയാൾക്ക്‌ ബോധം കിട്ടിയെങ്കിലും തന്റെ യാത്രക്കാരികൾ രണ്ടുപേരുടേം മരണവാർത്ത ആകെ ഉലച്ചു  ആ  പാവത്തിനെ. ആറു മാസം മനോരോഗആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിന്നെ ഭേദമായി. കുടുംബം പോറ്റാൻ വീണ്ടും ഓട്ടോയുമായി ഇറങ്ങി. ഇതിപ്പോൾ യുവതികളെ അവർ രണ്ടു പേര് ആണെങ്കിൽ ഇതുപോലെ കൊണ്ട് വീട്ടു മുറ്റത്തു കൊണ്ടു വിടുന്നതു മൂന്നു തവണയായി. കുറച്ചു നേരം കഴിഞ്ഞു വന്നു കൂട്ടി കൊണ്ടു പോവുകയും ചെയ്യും. നിങ്ങൾ ഭയപ്പെടേണ്ട. എത്തേണ്ട സ്ഥലത്തു എത്തിക്കും കേട്ടോ. സ്ത്രീ പറഞ്ഞു നിൽക്കുന്നതിനിടയിൽ ഓട്ടോയുടെ ശബ്ദം കേൾക്കാൻ തുടങ്ങി. അപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. പ്രതീക്ഷയുടെ നാമ്പുകൾ മനസ്സിൽ മുളച്ചു നിൽക്കുന്ന യുവതികൾക്കു മുന്നിൽ വണ്ടി നിർത്തി. മൗനം കനത്തു. അയാൾ അതെ നിർവികാരതയോടെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.

 

പ്രിയങ്ക ബിനു.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ