നഷ്ടപ്പെട്ട ഹൃദയം

നഷ്ടപ്പെട്ട ഹൃദയം

നഷ്ടപ്പെട്ട ഹൃദയം

..... നഷ്ടപ്പെട്ട ഹൃദയം..... .......    

              അവൾ നാലു വയസുകാരി, പൂമ്പാറ്റയെ പോലെ പാറി നടന്ന കാലം. മുത്തച്ഛന്റെ ഹവായി ചപ്പൽ ആരും കാണാതെ എടുത്തിടുകയും അപ്പോഴുള്ള വീഴ്ചകളെ കണ്ണീരിൽ കുതിർത്തു നനച്ചിടുകയും ചെയ്യുമായിരുന്നു. കുറുമ്പു കൾക്ക് അവസാനം എന്നോണം വീട്ടുകാർ അടുത്തുള്ള പ്രീ പ്രൈമറി ക്ലാസ്സിൽ ചേർത്തു. അവിടെ കൂട്ടുകൂടാനും പാട്ടു പാടാനും ഒത്തിരി സമപ്രായക്കാരെ കിട്ടി. ടീച്ചറും ആയയും പിന്നെ 20 പൂമ്പാറ്റകളും ഉള്ള ആ പൂന്തോട്ടത്തിൽ എന്നും വസന്തമായിരുന്നു. 

     

               ഉച്ചയൂണിനു ആയ ഓരോരുത്തരെയും വിളിച്ചിരുത്തിയ കൂട്ടത്തിൽ അവളെ കണ്ടില്ല. അവളപ്പോൾ തന്റെ കളിപ്പാവയെ കാണാഞ്ഞിട്ട് പൊട്ടിക്കരയുന്ന മനസുമായി വരാന്തയിൽ അങ്ങേ അറ്റത്തു പൊയിരുന്ന് ആകാശം നോക്കി ദൈവത്തോട് പരാതി പറയുകയായിരുന്നു

വിളിച്ചിട്ട് ചെല്ലാത്തത്തിനു ആയയുടെ കയ്യിൽ നിന്നും കിട്ടിയ ചൂരൽ കഷായം കുടിക്കുകയും പിന്നെ വൈകുന്നേരം വരെ മുഖത്ത് ഒരായിരം വേദന പൂക്കൾ വിരിഞ്ഞു നിൽക്കുകയും ചെയ്തു. അച്ഛൻ വിളിക്കാൻ എത്തി. അപ്പോൾ എതിരെ അവളുടെ കളിപ്പാവയുമായി കുറ്റബോധം വിങ്ങിയ മനസുമായി അവനോടി വന്നു. " ദേ കുട്ടീടെ പാവ. ഞാനാ എടുത്തേ. " സങ്കടം തൂവി വിതറിക്കൊണ്ട് അവളുടെ കയ്യിൽ പാവയെ വച്ച് ഒരൊറ്റ ഓട്ടം. വീർത്ത മുഖത്ത് ആഹ്ലാദത്തിന്റെ മധുരം തെളിഞ്ഞു കൊണ്ടു അവൾ അതിനെ മാറോടു ചേർത്തു. 

                   

            പിറ്റേന്ന് അവൻ അവളോട്‌ കൂട്ട് കൂടി. അവളുടെ പിണക്കം മാറ്റാൻ ആരും കാണാതെ പഞ്ചാര മിട്ടായി പൊതി സമ്മാനിച്ചു. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. അവരെല്ലാം ഒന്നാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും അവനും അവളും പിരിയാത്ത ചങ്ങാതികളായി

അവർ ഇപ്പോൾ നാലാം ക്ലാസ്സിൽ ആണ്. ഉച്ചതിരിഞ്ഞുള്ള വിശ്രമ സമയത്ത് ആണ് ആ അത്യാഹിതം നടന്നത്. 

 

                       കുട്ടികൾ ക്ലാസ്സിൽ ഓടി കളിച്ചു കൊണ്ടിരിക്കുന്നു. അവൾ ക്ലാസ്സിലേക്ക് കയറി വരികയും. ക്ലാസ്സിൽ വികൃതിക്കു ഒന്നാമൻ ആയ കുട്ടി ബെഞ്ച് ഒരെണ്ണം മറിചിട്ടതു കൃത്യമായി അവളുടെ കാലിൽ തന്നെ വീണു.

ഭയന്ന കുട്ടികൾക്കൊപ്പം  ചോരയിൽ കുളിച്ച കാൽ വിരൽ താങ്ങി നേരെ ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് അവൾ ആനയിക്കപ്പെട്ടു. ജനാലയുടെ അപ്പുറം ബഹളമുണ്ടാക്കുന്ന കുട്ടി പട്ടാളത്തെ ചൂരൽ കാട്ടി മാസ്റ്റർ ഓടിച്ചു. മരുന്ന് വച്ചു കെട്ടി കസേരയിൽ ഇരിക്കുന്ന അവളെ നോക്കി അഴികളിൽ മുഖം ചേർത്തു അവൻ മാത്രം പോകാതെ നിന്നിരുന്നു. 

  

             ആയിടക്ക് ഒരു അത്ഭുതമുണ്ടായി. സ്കൂളിൽ സിനിമ പ്രദർശനം നടക്കാൻ പോകുന്നു.ഒരു രൂപ കൂപ്പൺ എടുക്കുന്ന കുട്ടികൾക്കു സിനിമ കാണാം. അതെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അനുജത്തിക്കൊപ്പം അവളും സിനിമ പ്രദർശനത്തിനു പൊയി. കുട്ടികളെല്ലാം ആവേശഭരിതരായിരുന്നു.

സ്ക്രീൻ വച്ചു മറച്ചിരുന്ന മൂന്നു ക്ലാസ്സ്‌ മുറികളൊന്നാ ക്കിയ വലിയ ഹാളിൽ വച്ചായിരുന്നു പ്രദർശനം. വേണു നാഗവള്ളി നായകനായ " ഒരു കുടക്കീഴിൽ " സിനിമ അമ്പരപ്പും കൗതുകംവും നിറഞ്ഞ മനസോടെ ക്ലാസ്സ്‌ ചുവരിൽ കണ്ടു കൊണ്ടിരുന്നു. ഇടവേളയിൽ അവളുടെ കണ്ണുകൾ അവനെ തേടി. അവളുടെ രണ്ടു വരികൾക്കു അപ്പുറം പുഞ്ചിരിക്കുന്ന കണ്ണുകളോടെ അവനിരുപ്പുണ്ടായിരുന്നു. 

 

                   അവർ തമ്മിൽ ഒരിക്കൽ പിണങ്ങി. അവനും അവന്റെ കൂട്ടുകാരും ചേർന്നു കളിയാക്കുന്നത് അവനോട് അവൾക്കുള്ള ദേഷ്യം കൂട്ടാനിടയായി. ആ വേനൽ അവധിക്കു ശേഷം അവർ അപ്പർ പ്രൈമറി ക്ലാസ്സിൽ  കയറി. വേറെ ഡിവിഷനുകളിലായതിനാൽ തമ്മിൽ കാണുന്ന ഇടവേളകൾ വിരളമായിതീർന്നു. അവനെ കാണുമ്പോൾ മുഖം തിരിച്ചു നിൽക്കുമ്പോൾ കൂടി ഹൃദയം ഏതോ അറിയാത്ത നോവിനാൽ പിടയുന്ന കാര്യം അവൾക്കു മാത്രം അനുഭവപ്പെട്ടു. 

 

        അവർ രണ്ടും വീണ്ടും ഒരേ ക്ലാസ്സിൽ എത്തിയത് എട്ടാം ക്ലാസ്സിൽ ആയിരുന്നു.

പിണക്കത്തിന്റെ ബാക്കി തുണ്ട് എവിടെയൊ മാറ്റി വച്ച് വീണ്ടും ചങ്ങാത്തത്തിന്റെ മധുരം നുണയാൻ തുടങ്ങി. പിന്നെ പിന്നെ അവനോടു വഴക്കിടുന്നതിൽ അവൾ ഹരം കണ്ടെത്തി. ഉള്ളിൽ അവൾ പോലുമറിയാതെ അവനോടുള്ള ഇഷ്ടം വളരുകയായിരുന്നു.

കൗമാരത്തിന്റെ പടവുകളിൽ എവിടെ വച്ചോ പ്രണയത്തിന്റെ മയിൽ‌പീലിതുണ്ട്  അവൻ അറിയാതെ അവൾ തന്റെ മനസ്സിൽ ഒളിപ്പിച്ചു വച്ചു. ആകാശം കാണാതെ,  അവനറിയാതെ വർഷങ്ങൾ പിന്നെയും കടന്നു പൊയി. 

 

      പ്ലസ്ടു പരീക്ഷക്കാലം. പഠനം അതിന്റെ വഴിയിൽ കൂടി നടന്നു. ചാറ്റൽ മഴ പൊഴിയുന്ന വൈകുന്നേരം. ട്യൂഷൻ കഴിഞ്ഞു നടക്കുകയായിരുന്നു അവർ രണ്ട്പേരും. അവർക്കു വിട പറയാൻ ദിനങ്ങൾ അടുത്തു കൊണ്ടിരിക്കുന്നു. സ്കൂൾ കാലം അവസാനത്തിലേക്ക് പോകുന്ന ഈ നിമിഷങ്ങളിൽ അവളുടെ മയിൽ‌പീലിക്കു ആകാശം കാണാൻ മോഹം തോന്നി. പറയാൻ ബാക്കി വച്ചതെല്ലാം ഉള്ളിൽ കിടന്നു വെമ്പുന്നുണ്ടായിരുന്നു. എല്ലാം കെട്ടു കഴിഞ്ഞപ്പോൾ അവന്റെ ഭാവമാറ്റത്തെ ഉൾക്കൊണ്ട പോലെ മാനത്തു മഴക്കാർ ഉരുണ്ടു. അവളെ തിരിഞ്ഞു നോക്കാതെ അവൻ  വിദൂരതയിലേക്ക് നടന്നു നീങ്ങുന്ന ദൃശ്യം നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കി നിന്നു. അവളുടെ മയിൽ‌പീലി ആകാശത്തെ നോക്കി ആദ്യമായി കരഞ്ഞു. 

 

           അതിനു ശേഷം അവൻ അവളോട്‌ മിണ്ടിയില്ല. പരീക്ഷ കഴിഞ്ഞു. കൂട്ടുകാർ ഓർമ പുതുക്കാൻ ഓട്ടോ ഗ്രാഫ് താളുകളിൽ സന്ദേശങ്ങൾ പരസ്പരം കൈമാറി. അവൾക്കും കിട്ടി അവന്റെ ആശംസകൾ.

ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറിയുടെ മുൻപിൽ ഉള്ള ഇടനാഴിയിലൂടെ നടന്നു വരികയായിരുന്ന അവളുടെ മുൻപിൽ അവൻ വന്നു നിന്നു. " ദേ കുട്ടീടെ ഹൃദയം. ഞാൻ എടുത്തതാ. പിടിച്ചോളൂ ". വിറയാർന്ന ശബ്ദത്തിൽ അവനതു പറഞ്ഞപ്പോൾ അവൾ നാലു വയസ്സിന്റെ ഓർമപ്പൂക്കൾ പെറുക്കി എടുക്കുകയായിരുന്നു. ഓടി മറഞ്ഞ കുസൃതിക്കാരന്റെ മറ്റൊരു കുസൃതിയിൽ അവൾ അവിടെ നിന്നുരുകി. അവളുടെ നഷ്പ്പെട്ട ഹൃദയം ഇതാ തിരിച്ചു കിട്ടിയിരിക്കുന്നു.        

 

   

പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ