സെയിൽസ്ഗേൾസ്

സെയിൽസ്ഗേൾസ്

സെയിൽസ്ഗേൾസ്

#സെയിൽസ്ഗേൾസ് 'നീ ഈ കോലമൊക്കെ കെട്ടി വരുന്നത് നാട്ട്കാരെ കാണിക്കാൻ തന്നെയല്ലേ, ഞാൻ നോക്കിയപ്പോൾ മാത്രം നിനക്കെന്താ ഒരു ചൊറിച്ചിൽ?' ഇത് മനുവിന്റെ ശബ്ദമല്ലേ? വെറുതെ ഇരിക്കുമ്പോൾ കമ്പനികളേം കൂട്ടി ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ. സാധനങ്ങൾ ഒന്നും വാങ്ങാൻ ഇല്ല, എന്നാലും പുറത്തെ ചൂട് കൊണ്ടും നല്ല നാല് കുട്ടികളെ കാണാമെന്നും കരുതിയാ മാളിൽ കയറിയത്, ഇവന്മാർ ആകെ സീനാക്കിയോ? മനുവിനെ ആണ് ആകെ പേടി. അവന് ഒരു പിരി കുറവാണോ എന്ന് സംശയമുണ്ട്. ഒരു കടയിൽ കയറിയാൽ അവിടെയുള്ള മുഴുവൻ സാധനങ്ങളും വലിച്ച് വാരി ഇടും. അവസാനം ഒന്നും നന്നല്ല എന്ന് പറഞ്ഞ് ഒറ്റ പോക്കാ, അവന്റെ കൂടെപോയ നമ്മൾ ആകെ നാണം കെടും. ഇതിപ്പോ എന്താ സംഗതി ആവോ? ചെന്നപ്പോൾ കുറേ സെയിൽസ്ഗേൾസും അവനും പിന്നെ കുറച്ച് കാണികളും. 'ന്താടാ? എന്താ പ്രശ്‍നം?' 'ഇവിടെ ഒരു പ്രശ്‍നോം ഇല്ല, ഇവള്മാര്ക്കൊക്കെ അഹങ്കാരം ആണ്' 'എന്താ കാര്യം?' അവിടെ കൂടി നിന്നവരോട് ചോദിച്ചു. 'ഇയാള് മോശമായി സംസാരിച്ചു' പെൺകുട്ടികളിൽ ഒരാൾ ആണ് പറഞ്ഞത്. ഇല്ലെങ്കിലേ പെണ്ണുങ്ങളെ കണ്ടാൽ ഇവന് ഇത്തിരി ഇളക്കം കൂടുതലാ. മനുഷ്യന്റെ മാനം കളയാനായിട്ട്... അവനോട് ഒന്നും ചോദിയ്ക്കാൻ പറ്റില്ല, കൂട്ടുകാരനാണൊന്നും നോക്കാതെ പച്ചത്തെറി പറയും. എങ്ങനെയെങ്കിലും നൈസായി ഇവിടുന്ന് കൊണ്ട് പോകണം. 'മനൂ, നീയൊരു സോറി പറഞ്ഞേക്ക്, നമുക്ക് പോവാം' 'പിന്നേ, എന്റെ പട്ടി പറയും. നിന്നോട് ഞാൻ എന്താടീ മോശമായിട്ട് പറഞ്ഞത്?' അവൻ അവരുടെ നേരെ തിരിഞ്ഞു. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. 'മനൂ വിടടാ, നമുക്ക് പോവാം' 'അത് പറ്റില്ല, ഞാൻ എന്താണ് മോശമായി പറഞ്ഞത് എന്ന് പറയാൻ പറ. വേണ്ട ഞാൻ തന്നെ പറയാം, നിങ്ങൾ എല്ലാവരും ഇവരെ ഒന്ന് നോക്കിക്കേ, എന്ത് കോലമാ ഇത്? ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെ വടിവ് കാണാതിരിക്കുന്നുണ്ടോ? ഇവര് ഈ ഡ്രസ്സ് എന്തിനാ ഇട്ടിരിക്കുന്നത്? ശരീരത്തിന്റെ തൊലിയുടെ ചുളിവ് വരെ കാണാം' ഞാനും അവരെ ഒന്ന് നോക്കി, അവൻ പറഞ്ഞത് ശരിയാണ്. പൂർണ്ണമായും ശരീരത്തിൽ ഒട്ടിക്കിടക്കുന്ന ഡ്രസ്സ്. ലെഗ്ഗിങ്‌സും ടോപ്പും ആണ് വേഷം. സിനിമാ നടികൾ ഇതൊക്കെ ഇട്ട് കാണാൻ നല്ല രസമാണ്, പക്ഷേ ഇത്... ചിലരുടെ വയർ ചാടിയിരിക്കുന്നു, മാറിടം തുറിച്ച് നിൽക്കുന്നു, അതിൽ ആരുടെയും ശരീരത്തിന് ചേർന്ന ഡ്രസ്സ് അല്ല ഇട്ടിരിക്കുന്നത്. സത്യം പറഞ്ഞാൽ ഏതൊരാണിലും കാമം ജ്വലിപ്പിക്കുന്ന രൂപങ്ങൾ. 'ദേ ഈ പെണ്ണിന്റെ ഇന്നർ വരെ പുറത്ത് കാണുന്നുണ്ടായിരുന്നു. അത് കൊണ്ടാ ഞാൻ പറഞ്ഞത്, എന്തിനാ ഇമ്മാതിരി കോലം കെട്ടി വരുന്നതെന്ന്. അപ്പൊ ഇവള് പറയാ,സാധനം വാങ്ങിക്കാൻ വന്നവർ അത് വാങ്ങിപ്പോയാൽ മതിയെന്ന്. ഇത് കാണാൻ ഇഷ്ടപ്പെടുന്നവർ നോക്കിയാൽ മതി എന്ന്. അപ്പൊ എനിക്കുറപ്പായി ഇത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ഇട്ട് വന്നതാണെന്ന്. അത് കൊണ്ട് ഞാൻ നോക്കി എല്ലാത്തിനേം' അവൻ പറഞ്ഞത് പോയിന്റാണല്ലോ. അപ്പൊ അവനെ കുറ്റം പറയാൻ പറ്റില്ല. ഇനിയിപ്പോ എന്താ സീൻ? 'അല്ല, ആർക്കും പ്രശ്നമൊന്നുമില്ലല്ലോ ഞങ്ങൾ പോട്ടെ?' ഒന്ന് വലിയാൻ ശ്രമിച്ച് നോക്കി. 'ഇവരോട് രണ്ടാളോടും സോറി പറഞ്ഞിട്ട് പൊക്കോളൂ' കൂട്ടത്തിലെ ലീഡർ എന്ന് തോന്നിക്കുന്ന കുട്ടിയാണ് പറഞ്ഞത്. മനു വീണ്ടും കട്ടക്കലിപ്പിലായി. 'കോപ്പ് പറയും. നീ പോയി കേസ് കൊടുക്കടീ' അവൻ തല്ല് വാങ്ങിച്ച് തരും എന്നുറപ്പായി. ഭാഗ്യത്തിന് മാളിൽ എവിടെയൊക്കെയോ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ബാക്കിയുള്ളവരും വന്നു. അവരോട് അവനെ അടക്കിനിർത്താൻ പറഞ്ഞു. 'അല്ല, ഇതിലിപ്പോ മാപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവൻ അവന്റെ അഭിപ്രായമല്ലേ പറഞ്ഞത്' 'പെൺകുട്ടികളോടാണോ ഇങ്ങനെയൊക്കെ പറയുന്നത്? ഞങ്ങൾ ആരും അയാളോട് അഭിപ്രായം ചോദിച്ചിട്ടില്ലല്ലോ' 'സത്യം പറഞ്ഞാൽ നിങ്ങളുടെ ഈ ഡ്രസ്സ് വളരെ മോശം ആണ്. ഇത് നമ്മൾ മലയാളികൾക്ക് ചേർന്നതേ അല്ല' 'ഇത് ഞങ്ങളുടെ യൂണിഫോം ആണ് ചേട്ടാ, നിർബന്ധമായും ഇടണം. ഇല്ലെങ്കിൽ ജോലി പോകും' 'ഇങ്ങനെയും യൂണിഫോമോ? നിങ്ങൾ നിങ്ങളുടെ സൂപ്പർവൈസറെയോ മാനേജറെയോ വിളിക്ക് ഞാൻ സംസാരിക്കാം' അങ്ങനെ സൂപ്പർവൈസർ വന്നു. അയാളോട് കാര്യങ്ങൾ സംസാരിച്ചു. 'ഇത് വലിയൊരു മാൾ ആണ്, അതിന്റെ നിലവാരത്തിനൊത്ത ഡ്രസ്സ് ആണിത്, എന്താ ഇതിനൊരു കുഴപ്പം? ഇതിലും മോഡേൺ ആയി ആളുകൾ വസ്ത്രം ധരിക്കുന്നുണ്ടല്ലോ' 'ഒരു സംശയം ചോദിക്കട്ടെ? നിങ്ങൾ സാധനങ്ങൾ ആണോ ഇവരെ ആണോ വിൽക്കുന്നത്?' 'ദേ സൂക്ഷിച്ച് സംസാരിക്കണം. ഇത് ഇടുന്ന ഇവർക്കോ മറ്റുള്ളവർക്കോ ഇല്ലാത്ത പ്രശ്‍നം തനിക്കെന്താ?' 'ഇവർക്ക് പ്രശ്നമുണ്ട്, നിങ്ങൾ നിർബന്ധിച്ചാണ് ഇത് ഇടീപ്പിക്കുന്നത് എന്നാണല്ലോ പറഞ്ഞത്?' 'ഇത് കമ്പനിയുടെ തീരുമാനമാണ്, പറ്റുന്നവർ അനുസരിച്ചാൽ മതി, അല്ലാത്തവർ വേറെ പണി നോക്കിക്കോട്ടെ' 'ജോലി പോകും എന്ന പേടി കൊണ്ട് തന്നെയാണ് ഇവർ ഇതൊക്കെ അനുസരിക്കുന്നത്' 'ആണോ, എങ്കിൽ താൻ പോയി കേസ് കൊടുക്ക്' 'ഓക്കേ, എന്നാൽ അങ്ങനെ ആകട്ടെ. ദേ പെങ്ങന്മാരെ ഞാൻ ഒരു വക്കീൽ ആണ്, നിങ്ങൾ ഒരു പരാതി തരണം, ഇങ്ങനെ ബുദ്ധിമുട്ടി, നാണംകെട്ട് ജോലി ചെയ്യണോ?' അതിലെ ലീഡർ തന്നെ സംസാരിച്ചു. 'ചേട്ടാ, ഞങ്ങൾക്കാർക്കും ഒരു പരാതിയും ഇല്ല. ദയവായി ഒരു പ്രശ്നമുണ്ടാക്കാതെ പോകണം' 'അത് പറഞ്ഞാൽ എങ്ങനെയാ ശരിയാവാ? ഇത്തരം മോശം കാര്യങ്ങൾക്കെതിരെ നമ്മൾ പ്രതികരിക്കേണ്ടേ?' 'ദയവായി ഞങ്ങളുടെ ജോലി കളയരുത്' 'നിങ്ങൾ പരാതി തന്നില്ലെങ്കിലും ഞാൻ കേസ് കൊടുക്കും' 'എന്ത് ഡ്രസ്സ് ഇടണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ട് ചേട്ടാ' 'സ്വാതന്ത്ര്യം, എന്താണ് സ്വാതന്ത്ര്യം? എന്തിനൊക്കെയാണ് സ്വാതന്ത്ര്യം വേണ്ടത്? നിങ്ങൾ മറ്റുള്ളവരെ വശീകരിക്കുന്ന രീതിയിൽ ഡ്രസ്സ് ഇടുന്നത് സ്വാതന്ത്ര്യം അത് ഇഷ്ടപ്പെട്ടില്ലെന്ന് പറയാൻ സ്വാതന്ത്ര്യമില്ല. വേറെ ഒരു രീതിയിൽ പറഞ്ഞാൽ ഒരു സ്ത്രീ അവളുടെ ശരീരം വിൽക്കാൻ വെക്കുന്നത് സ്വാതന്ത്ര്യം, അത് വാങ്ങാൻ പോയി പിടിക്കപ്പെടുന്നവൻ പീഡന വീരൻ. കഷ്ടം. നിങ്ങളുടെ കടയിൽ വിൽക്കുന്ന സാധനം നല്ലതാണെങ്കിൽ ആളുകൾ ചോദിച്ച് വരും, നിങ്ങൾ ചെയ്യുന്നത് പെൺകുട്ടികളെ ഉപയോഗിച്ച് പ്രലോഭിപ്പിച്ച് ആളുകളെ ആകർഷിക്കുകയാണ്. അതിന് അറിഞ്ഞ് കൊണ്ട് കൂട്ടുനിന്ന നിങ്ങൾ പെൺകുട്ടികൾ എല്ലാവരും നിങ്ങളുടെ മാനേജ്മെന്റും ഒരേപോലെ കുറ്റക്കാരാണ്. ഇവിടെ നടക്കുന്നത് അനാശാസ്യം തന്നെയാണ്, അത് ഞാൻ കോടതിയിൽ തെളിയിച്ചോളാം' 'അയ്യോ ചേട്ടാ, ഞങ്ങൾ പാവപ്പെട്ട വീട്ടിലെ കുട്ടികളാ, വേറെ വഴി ഇല്ലാത്തത് കൊണ്ടാ...' 'നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, ഇപ്പോൾ നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നാളെ ഇതിലും വലുത് നേരിടേണ്ടി വരും. നിങ്ങളിൽ ചിലർ മനപ്പൂർവം ഇങ്ങനെ ഡ്രസ്സ് ചെയ്യുന്നത് കൊണ്ടാണ് മറ്റുള്ളവർ അത് ചെയ്യാൻ നിർബന്ധിതരാകുന്നത്. നിങ്ങളുടെ വിഷമത്തെക്കാൾ ആ പാവം പെൺകുട്ടികളുടെ സംരക്ഷണമാണ് എനിക്ക് വലുത്. നിങ്ങൾ പറ്റില്ല എന്ന് പറഞ്ഞാൽ ജോലി മാത്രമേ പോകുമായിരുന്നുള്ളു ഇപ്പൊ നിങ്ങളുടെയെല്ലാം മാനവും പോയില്ലേ? വസ്ത്രം എന്നത് ശരീരം മറയ്ക്കാൻ ഉള്ളതാണ്, മറച്ച് വെക്കേണ്ട ഭാഗങ്ങൾ മറച്ച് തന്നെ വെക്കണം, അതാണ് നമ്മുടെ സംസ്കാരം, നമ്മുടെ പാരമ്പര്യം' സീൻ ആകെ ഒന്ന് തണുത്തു. സൂപ്പർവൈസർ ഫോൺ എടുത്ത് ആരെയൊക്കെയോ വിളിക്കുന്നു. നായികമാരിൽ ചിലരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. അത്യാവശ്യം ആളുകളൊക്കെ കൂടിയിട്ടുണ്ട്. എല്ലാവരുടെയും ശ്രദ്ധ ആ കുട്ടികളിൽ ആണ്. ഛെ, വേണ്ടായിരുന്നു. എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിച്ച് വിട്ടാൽ മതിയായിരുന്നു. ഏയ്, അല്ല. നാലാള് അറിയണം, എന്നാലേ ഇതുപോലെയുള്ള നാണംകെട്ട ഏർപ്പാടുകൾ ഇല്ലാതാകൂ. ചാനലുകാർ വന്നിരുന്നെങ്കിൽ ഒന്ന് കൊഴുത്തേനെ, എന്തിനാണ് ചാനൽ ലേ, എല്ലാ അവന്മാരും ഫോണിലെ ക്യാമറ ഓണാക്കിയിട്ടുണ്ട്. കിട്ടിയ ഗ്യാപ്പിൽ ആ പെൺകുട്ടികളുടെ ഫോട്ടോ എടുക്കാ ചിലർ, കഷ്ടം. ആ, ഇതൊക്കെ ഇങ്ങനെയേ ആവൂ, കാലം മാറിയില്ലേ. ഇത്രയും ആയ സ്ഥിതിക്ക് പ്രശ്‍നം സോൾവാക്കാം. 'അല്ല, ഞാനിപ്പോ എന്താ വേണ്ടത്? നിങ്ങൾ പരാതി തന്നാൽ മുതലാളിമാർക്കെതിരെ കേസ് കൊടുക്കാം, അല്ലെങ്കിൽ നിങ്ങളെയും ചേർത്ത് കേസ് കൊടുക്കും' ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ഈ കടക്കാരെ വെറുതെ വിടാൻ പറ്റില്ല, എന്തെങ്കിലും പണി കൊടുക്കണം. ടൌൺ എസ്.ഐ യെ വിളിച്ച് കാര്യം പറഞ്ഞു, പതിനഞ്ച് മിനുട്ടിനുള്ളിൽ അവർ സ്ഥലത്തെത്തി. പോലീസ് വന്നതോടെ ജനക്കൂട്ടം പിരിഞ്ഞ് പോയി. ആ കടയിലെ എല്ലാ ജോലിക്കാരുടേം മൊഴിയെടുത്തു, ഞാൻ പേടിപ്പിച്ചത് കൊണ്ടാണോ എന്നറിയില്ല, നിർബന്ധിച്ച് അത്തരത്തിലുള്ള ഡ്രസ്സ് ഇടീച്ചു എന്ന് ഒന്ന് രണ്ട് കുട്ടികൾ മൊഴി നൽകി. കട പൂട്ടി ആ സൂപ്പർവൈസറെയും കൊണ്ട് പോലീസുകാർ പോയി. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികൾക്കായി ഞാനും അവരുടെ പിറകെ പോയി. ആ പെൺകുട്ടികളുടെയൊക്കെ പണി പോയിക്കിട്ടി. എന്നാലും സാരല്ല്യ, അവരുടെ കൂടെ നന്മയ്ക്ക് വേണ്ടിയല്ലേ. മറ്റുള്ളവർ ഇങ്ങനെ ചെയ്യാതിരിക്കാൻ ഇത്പോലെ എന്തെങ്കിലും ചെയ്തേ പറ്റൂ. കേസിൽനിന്ന് അവരെ പരമാവധി ഒഴിവാക്കണം, പെൺകുട്ടികളല്ലേ. ഇത് എനിക്കുള്ള നിയോഗമായിരുന്നു, അല്ലെങ്കിൽ ഒരു പണിയുമില്ലാതെ വെറുതെയിരുന്ന ഞാൻ ഇപ്പോൾ ഇങ്ങോട്ട് വരണമായിരുന്നോ? കൂടെ മനുവിനെ കൂട്ടണമായിരുന്നോ? എല്ലാം നല്ലതിനായിരിക്കട്ടെ!!! #രജീഷ് കണ്ണമംഗലം *ഇന്ന് നാലാള് ചെയ്യുന്ന ഒരു തെറ്റ് തിരുത്തപ്പെട്ടില്ലെങ്കിൽ അത് നാളെ നാലായിരം ആളുകൾ ചെയ്യുന്ന ആചാരമായി മാറും*

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ