ആത്മാവിന്റെ വിലാപം

ആത്മാവിന്റെ വിലാപം

ആത്മാവിന്റെ വിലാപം

ആത്മാവിന്റെ വിലാപം....... ഞാൻ നിരാശയുടെ പടു കുഴിയിൽ അകപ്പെട്ടു കഴിഞ്ഞു. എന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ജോലി സ്ഥലത്തുള്ളവർ എന്റെ നേർക്ക് കപട ആരോപണങ്ങൾ ഉന്നയിച്ചു എന്നെ ഒറ്റപ്പെടുത്തി. മനസ്സൊരു പിടി വള്ളി തേടുകയാണ്.വീട്ടുകാർ, നാട്ടുകാർ ഒക്കെ എന്റെ ഭാഗം കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല. എനിക്ക് ഒരു പിടി വള്ളി വേണം. ഇല്ലെങ്കിൽ ഞാൻ ജീവിക്കുന്നത് എന്തിനാ. ഇത്തരം ചിന്തകളിൽ പെട്ട് ഒരു സന്ധ്യ നേരം വഴിയിൽ നടന്നു വരികയാണ് ഞാൻ. മരണം നിശ്ചയിക്കാൻ ഒരുങ്ങി, എന്നാൽ എന്റെ വിധി മറ്റൊന്ന് ആയിരുന്നു. കാലിൽ ഉടക്കിയ അഴുക്കു പുരണ്ട മാസിക കയ്യിൽ എടുത്തു തുറന്നു. അതാ എന്റെ വിധി മാറി മറിയാൻ പോകുന്നു. എനിക്കൊരു ഫോട്ടോ കളഞ്ഞു കിട്ടി.ലോകത്തിന്റെ മുഴുവൻ നിഗൂഢതകൾ മിഴികളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സുന്ദരി.അവളെന്നെ പ്രണയ ചുഴിയിൽ പെടുത്തി കഴിഞ്ഞു. ആരെന്നറിയില്ല, വിവാഹം കഴിഞ്ഞോ ഒന്നും അറിയില്ല. അവളെന്റെ ഏകാന്തതകളിലെ സുഗന്ധമായി വളർന്നത് ഞാൻ പോലും അറിയാതെ ആയിരുന്നു. അവളെ തേടി ഞാൻ അലഞ്ഞു. കാറ്റും മഴയും വെയിലും ചൂടും ഒന്നും അറിയാതെ അവളോടുള്ള പ്രണയത്തിന്റ കനലുകൾ നെഞ്ചിലേറ്റി ഞാൻ അവളെ തേടി ഭ്രാന്തമായി നടന്നു. ഒടുവിൽ പൊള്ളുന്ന സത്യം എന്നെ തേടി വന്നു. അവൾ ജീവിച്ചിരിക്കുന്നില്ല. അല്ലയോ പ്രിയപ്പെട്ടവളെ നീ എന്തിനാ ഈ മനോഹരതീരം വിട്ടു പോയത് ? ഇത്ര മാത്രം ജീവിതം മടുത്തു നീ പറന്നു പോയത് എന്തിനാണ് ? എന്നെ നിന്റെ മിഴികളാം ചുഴിയിൽ വലിച്ചിട്ടു രസിക്കുന്നല്ലേ നീ. ഉത്തരം കണ്ടെത്താൻ എന്റെ മനസു വെമ്പൽ കൊള്ളുകയായിരുന്നു എന്റെ പ്രണയത്തിന്റെ അഗ്നിയിൽ സ്വയം വെന്തുരുകി ഞാൻ അവളെ വിളിച്ചു. കണ്ണീർ തുള്ളികൾ തീർത്ത മഴയിൽ അടിമുടി നനഞ്ഞു ഈ ലോകം. കൊടുങ്കാറ്റ് പോലെ എന്റെ ആർത്ത നാദം ആകാശ കോട്ടയിൽ പ്രതി ധ്വനിച്ചു. ഒടുവിൽ അവൾ വന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ............... അവൾ മുന്നിൽ നിൽക്കുമ്പോൾ ഒന്നും മിണ്ടാതെ അവളെ കൗതുകം വിഴിയുന്ന കണ്ണുകളാൽ നോക്കി കുറേ നേരം ഞാൻ നിന്നു. എന്റെ മുഖത്തു നിന്നും വായിച്ചെടുത്ത മട്ടിൽ അവൾ പറഞ്ഞു " നിന്നോട് എനിക്ക് സഹതാപം തോന്നുന്നു. എന്നെ പ്രണയിച്ചു നീ സ്വയം മണ്ടനാകുന്നത് എന്തിനാ ?. എന്റെ ലോകം നിനക്ക് നിഷിദ്ധം. " എന്റെ മറുപടി ഞാൻ എന്നേ കരുതി വച്ചത്. " എനിക്ക് നിന്നോട് പ്രണയം ആണ്. സ്വന്തമാക്കാൻ മാത്രമല്ല വിട്ടു കൊടുക്കാനുള്ളതും കൂടി യാണ് പ്രണയം. നിന്നോട് ഒരിക്കലും ഒന്നു ചേരാൻ ആവില്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഞാൻ നിന്നെ പ്രണയിക്കുന്നത്. ". പെട്ടന്ന് അവളുടെ ഭാവം മാറി. മിഴികളിൽ കണ്ണീർ നിറഞ്ഞു തുളുമ്പി.ഞാൻ ആവശ്യപ്പെട്ട അവളുടെ കഥ പതിഞ്ഞ താളത്തിൽ എന്നിലേക്ക്‌ ഒഴുകി വന്നു. അച്ഛനെയൊ അമ്മയെയോ കണ്ടിട്ടില്ലാത്ത അനാഥ ബാല്യം സമ്മാനിച്ച വേദനകളിലും പഠിച്ചു സ്വന്തമായി ജോലി സമ്പാദിച്ച ഒരു പെൺകുട്ടിയായിരുന്നു അവൾ. ചുറ്റും കൂട്ടുകാരുണ്ട് എങ്കിലും ആൾക്കൂട്ടത്തിൽ തനിയെ ആയിരുന്നു അവൾ, അയാളെ കണ്ടു മുട്ടുന്നത് വരെ. ചിലർ നമ്മുടെ ജീവിതത്തിൽ കയറി വരുന്നത് ഓർക്കാപ്പുറത്തായിരിക്കും. രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞു ഹോസ്റ്റലിൽ പോകും വഴിയുള്ള ഇടവഴിക്കു മുൻപിൽ കമ്പനി കാർ നിർത്തി ഇറങ്ങി നടക്കുകയായിരുന്നു അവൾ. പെട്ടന്ന് ആരോ കടന്നു പിടിച്ചു. നിലവിളി തൊണ്ടയിൽ കുരുങ്ങിക്കിടന്നു. ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ പിടിവലികൾ, തളർന്നു വീണു പോകുന്ന നിമിഷം രക്ഷകൻ മോട്ടോർ സൈക്കിളിൽ കയറി അവിടെ അവതരിച്ചു. പിന്നെ പറഞ്ഞു തരണ്ടല്ലോ. അത് അയാൾ ആയിരുന്നു. നേരത്തെ സൂചിപ്പിച്ച അവളുടെ ഏകാന്തതയെ ഭഞ്ജിച്ച അവളുടെ ഹൃദയത്തിന്റെ ഉടമ ആയി അവൾക്കു പിന്നീട് തോന്നിയ അയാൾ. ആ രാത്രിയിൽ പോലീസ് സ്റ്റേഷനിൽ പോയതും കംപ്ലയിന്റ് കൊടുത്തതും അയാളുടെ പിൻബലത്തിൽ ആയിരുന്നു. ഒരു സ്ത്രീ ആഗ്രഹിക്കുന്ന കരുതൽ അയാളിൽ നിന്നും അവൾക്കു ലഭിച്ചു. ആ ചെറുപ്പക്കാരൻ അങ്ങനെ അവളുടെ പുതിയ ചങ്ങാതിയായി മാറി. അവളുടെ ജീവിതം, അനാഥത്വം, നൊമ്പരങ്ങൾ ഒക്കെ ക്ഷമ യോടെ അയാൾ കേട്ടിരുന്നു. ഒരിക്കൽ പോലും അവളെ ഒരു നോട്ടം കൊണ്ടു പോലും അയാൾ മോഹിപ്പിച്ചല്ല എങ്കിലും അവൾ അറിയാതെ അയാളെ മോഹിക്കാൻ തുടങ്ങി. പ്രണയം ആരോട് എപ്പോൾ എന്നൊന്നും പറയാൻ പറ്റില്ലല്ലോ. മാസങ്ങൾ കടന്നു പൊയി. പിറന്നാൾ എന്ന് അവൾ വിചാരിക്കുന്ന ഒരു ദിവസം, മുൻപ് പറഞ്ഞ കൂട്ടത്തിൽ സൂചിപ്പിച്ചതു അയാൾ ഓർത്ത് വച്ചിരുന്നു. ഒരിക്കലും ആഘോഷിക്കാത്ത അവളുടെ പിറന്നാൾ അങ്ങനെ ആദ്യമായി ആഘോഷിച്ചു. അയാൾക്ക്‌ ഒപ്പം കേക്ക് മുറിച്ചു പൊട്ടിചിരിച്ചു കൊണ്ടു ഇതു വരെയുള്ള വേദനകളെ ബലൂനുകളാക്കി പറത്തി വിട്ടു. രാഘവ് എന്നാണ് താൻ അയാളെ വിളിച്ചിരുന്നത്. പേര് ചൊല്ലി വിളിക്കാൻ നിർബന്ധിച്ചതു കൊണ്ടു മാത്രം അനുസരിച്ചു. വെയിൽ ചാഞ്ഞു നിന്നൊരു വൈകുന്നേരം നടക്കാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ. ഇനിയുള്ള ജീവിത യാത്രയിൽ ഈ കൂട്ടുകാരനെ കൂടെ കൂട്ടിയാൽ എന്താ ? എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഇതിനേക്കാൾ മികച്ച ഒരാളെ ഇനി കണ്ടെത്താൻ കഴിയോ ? ഉള്ളിൽ ഉയരുന്ന ചോദ്യങ്ങൾക്കു ചെവിയോത്തു നീങ്ങുന്ന എന്റെ മൗനം രാഘവിനു ഊഹിക്കാൻ കഴിഞ്ഞില്ല. " എന്താ തനിക്കു പറ്റിയത് ? ഇന്നു ഒന്നും മിണ്ടാതെ നടക്കുന്നു ". മറുപടി ഒരു മറു ചോദ്യത്തിൽ ഒതുക്കി. " തന്നെ ഒരു പെൺകുട്ടി വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞാൽ എന്താവും തന്റെ മറുപടി ?" പൊട്ടിച്ചിരി അവനിൽ നിന്നും ഉയർന്ന നേരം എന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നതു മനസ്സിലാക്കി ഞാൻ കോപം നിയന്ത്രിച്ചു. " അത് അവിടെ നിൽക്കട്ടെ. എന്താ തന്റെ പ്രശ്നം ? തന്റെ മനസ്സിൽ ഉള്ളത് പുറത്തു വരുത്തെഡോ, ഞാൻ ഫുൾ സപ്പോർട്ട് തരാം. ആളിനെ കാണിച്ചു തന്നാൽ മാര്യേജ് നടത്തി തരുന്ന കാര്യം ഞാനേറ്റു. " അവൻ അത് പറയുമ്പോൾ അവന്റെ മനസ്സിൽ ഞാൻ ഇല്ലെന്നു മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു. " അങ്ങനെ ഒരാളുണ്ട് പക്ഷെ...... അയാൾക്ക്‌ ഇഷ്ടം തോന്നിയില്ല എങ്കിലോ ". എന്റെ വിതുമ്പൽ ആ സന്ധ്യയിൽ പെയ്യാൻ മടിച്ചു നിന്നു. " താൻ ആദ്യം തന്റെ മനസ്സ് തുറക്ക്. തന്നെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കും കഴിയില്ല ".അവന്റെ വാക്കുകൾ കുളിർ കോരിയിട്ട മനസ്സിൽ പുതിയ പ്രതീക്ഷ മൊട്ടിട്ട് ഉണർത്തി. രാഘവിനെ ഒന്നു പറ്റിക്കാം. എന്റെ മനസ്സിൽ ഉള്ള ആൾ അവൻ ആണെന്ന് തല്ക്കാലം പറയണ്ട. പിന്നീട് കാണുമ്പോൾ ഹൃദയം തുറക്കാൻ തനിക്കു രാഘവും കൂടി അടുത്ത് വേണം എന്ന് താൻ ആവശ്യപെട്ടു. തീയതി, സമയം, കൂടി കാഴ്ച യുടെ സ്ഥലം ഒക്കെ അവന്റെ ഇഷ്ടത്തിനു വിട്ടു കൊടുത്തു. കാത്തിരുന്ന ആ ദിവസം വന്നു ചേർന്നു. രാഘവിനു ഇഷ്ടപ്പെട്ട ചുവന്ന നിറത്തിലുള്ള സാരി ചുറ്റി, കണ്ണാടിയിൽ എത്ര നേരം നിന്നുവെന്ന് അറിയില്ല. ഒരു വിധം ഒരുങ്ങി പുറപ്പെട്ടു. പറഞ്ഞു വച്ച സമയത്തിനു അര മണിക്കൂർ മുൻപ് അവിടെ എത്തി. രാഘവിനെ വിളിച്ചപ്പോൾ 5 മിനിറ്റിനുള്ളിൽ എത്താമെന്നു അറിയിച്ചു. അതൊരു തുറന്ന റസ്റ്റാറന്റായിരുന്നു. അധികം ആളുകൾ ഇല്ല. ചുറ്റും കടലാസ് ചെടികളുടെ കൂട്ടം പ്രത്യേക ഭംഗിയിൽ വെട്ടി ഒതുക്കി നിർത്തിയിരുന്നു. വൈകുന്നേരം 5 മണിക്ക് ഇനി കുറച്ചു മിനുട്ട്കൾ മാത്രം.പെട്ടന്ന് രാഘവിന്റെ ശബ്ദം കാതിൽ പതിഞ്ഞു. " എന്താ സ്വപ്നം കാണുകയാണോ ". അവന്റെ കൈയിൽ എന്തോ ഒരു കവർ പെട്ടന്ന് കണ്ണിൽ പെട്ടു. ചോദിച്ചപ്പോൾ തന്റെ കാര്യം കഴിഞ്ഞിട്ട് പറയാം എന്ന് ഒരു കള്ള ചിരിയോടെ പറഞ്ഞു. എന്നാൽ അതറിയാനുള്ള എന്റെ ആഗ്രഹത്തിന് മുന്നിൽ കീഴടങ്ങാൻ ആദ്യം മടിച്ചു എങ്കിലും പിന്നെ കവർ എന്റെ കൈയിൽ തന്നിട്ട് തുറന്നു നോക്കാൻ പറഞ്ഞു. മിടിക്കുന്ന ഹൃദയത്തോടെ ഞാൻ അത് തുറന്നു. കണ്ണിൽ ഇരുട്ട് കയറിയ പോലെ. അത് അവന്റെ വിവാഹ ക്ഷണക്കത്തായിരുന്നു. "ഞാൻ ദീപ്തിയോട് നിന്നെ പറ്റി പറഞ്ഞിട്ടുണ്ട്.അമ്മാവന്റെ മോളാ. വർഷങ്ങൾ നീണ്ട പ്രണയസാഫല്യം. നിന്നെ വലിയ ഇഷ്ടമാണ് അവൾക്കു. ആദ്യം നിനക്ക് കത്തു നൽകാൻ അവളാ പറഞ്ഞത്. " മനസ്സിൽ ഒരായിരം തിരമാലകൾ ഉയർന്നു പൊങ്ങി. രാഘവിനെ എന്തൊക്കെ പറഞ്ഞു ഒഴിവാക്കി എന്ന് അറിയില്ല. ഒറ്റക്കു ഇരിക്കാൻ മനസു മോഹിച്ചു. ആരും വരാനില്ല. സന്ധ്യ മയങ്ങി. മണമില്ലാത്ത കടലാസ് പൂക്കൾ കളിയാക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു. ലോകം മുഴുവൻ എന്റെ നേർക്ക് പരിഹാസം കൊണ്ട് മൂടിയൊ ? പിന്നീട് ദിനങ്ങൾ പൊഴിയുന്നതു ഞാൻ അറിഞ്ഞില്ല. മനസ്സിൽ പ്രണയം തണുത്തു മരവിച്ചു. കണ്ണീർ വറ്റിയ തടാകം പോലെ മിഴികൾ, ഏതോ സ്മാരകം പോലെ ഈ ഞാനും. രാഘവിനെ വിവാഹതിരക്കുകൾ ചുറ്റി വരിഞ്ഞുകൊണ്ട് ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അത് നന്നായി ഒരിക്കലും തന്റെ കരിഞ്ഞ മനസ്സ് അവൻ കാണണ്ട. നുണകളുടെ ചീട്ടു കൊട്ടാരം നമ്മൾക്കിടയിൽ ഞാൻ അപ്പോഴേക്കും പണിതുയർത്തിയിരുന്നു. എന്റെ മനസ്സിൽ കണക്കു കൂട്ടൽ തകൃതിയിൽ നടക്കുന്നുണ്ടായിരുന്നു. എനിക്ക് ഇനി ഈ ഭൂമിയിൽ നിന്നും വിട പറയാൻ അവന്റെ വിവാഹം വരെ കാത്തിരുന്നെ പറ്റു. അങ്ങനെ നാളുകൾ കടന്നു ഒടുവിൽ ആ സുദിനം വന്നെത്തി. എന്റെ പ്രണയം ഭൂമിയിൽ ബാക്കി വച്ചു മറ്റൊരു പെൺകുട്ടി അവന്റെ സ്വന്തമായി തീരുന്ന നിമിഷത്തിൽ എന്നിലെ ജീവൻ എന്നെന്നേക്കുമായി പറന്നു പൊയിക്കഴിഞ്ഞിരുന്നു. പാതിരാ കാറ്റു ജനൽ കർട്ടൻ നീക്കി എത്തി നോക്കി. അവൾ മൗനം പാലിച്ചു. പിന്നെ തുടർന്നു. " ഒരു നിമിഷത്തെ എന്റെ ആ തെറ്റു കൊണ്ട് ഞാൻ എന്ത് നേടി ? എന്റെ പ്രണയം വെറും മിഥ്യ ആണെന്ന് മനസ്സിൽ ആക്കുന്നതിന് മനോഹരമായ ജീവിതം ബലിയാക്കി തീർത്തു പാപിയായ ഈ ഞാൻ. ഒരു തെറ്റും ചെയ്യാത്ത പാവത്തിനെ ഭ്രാന്തനാക്കിയില്ലേ.... പരലോകത്തും എനിക്ക് മാപ്പില്ല. നീ പറഞ്ഞത് പോലെ സ്വന്തമാക്കാൻ അല്ല വിട്ടു കൊടുക്കാൻ കൂടി ഉള്ളതാണ് പ്രണയം എന്നു എല്ലാരും മനസ്സിൽ ആക്കണം. ആത്മഹത്യ ഒളിച്ചോട്ടം ആണ്. ഒന്നിൽ നിന്നും രക്ഷപെട്ടു എന്നു കരുതി വീണ്ടും അതിൽ തന്നെ മുങ്ങി താഴേക്കു പതിയെ വീണു പോകുന്ന നരക ചുഴി. എന്റെ കഥ നീ എഴുതണം. അങ്ങനെ എങ്കിലും ആരും ഇതു പോലെ ആവാതിരിക്കട്ടെ ". അവളുടെ രൂപം ചെറുതായി മങ്ങി തുടങ്ങി. അത് ഒരു നേർത്ത പുക പോലെ അവിടെ നിന്നും അലിഞ്ഞു അലിഞ്ഞു ഒടുവിൽ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു. കണ്ടതൊക്കെ വെറും സ്വപ്നമോ ? അതോ ഭ്രമമോ എന്നറിയില്ല. മേശപ്പുറത്ത്‌ അവളുടെ ഫോട്ടോ ഇരിപ്പുണ്ട്. ഉറക്കം വരാതെ കുറച്ചു നേരം ആ ഫോട്ടോയിൽ മിഴി ചേർത്തു. എന്തോ ഉൾ പ്രേരണ കൊണ്ടു അറിയാതെ കൈകൾ ലെറ്റർ പാഡിലേക്ക് നീണ്ടു. ലോകം ഉറങ്ങുമ്പോൾ ഞാൻ അവളുടെ കഥ എഴുതിതുടങ്ങി................................................. പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ