മരുപ്പച്ച

മരുപ്പച്ച

മരുപ്പച്ച

: മരുപ്പച്ച.............. .............. ................................... പത്താം ക്ലാസ്സിൽ ജയിക്കണം എന്ന വിനുവിന്റെ മോഹം സാക്ഷാൽകരിച്ചു പിന്നെ തുടർന്നു പഠിക്കാനുള്ള താല്പര്യം " ഗൾഫ് " മോഹത്തിൽ പെട്ട് മുരടിച്ചു പോയി.ദുബായ് നഗരത്തിൽ ജീവിത സ്വപ്നങ്ങൾ വിരിയിച്ചെടുക്കാൻ ആവേശത്തോടെ തന്റെ ഇരുപതാം വയസ്സിൽ അവൻ വിമാനം കയറി.കൗമാരത്തിന്റെ വിസ്മയം ബാക്കി നിൽക്കുന്ന മനസ്സുമായി ആ നഗരത്തിലെ കാഴ്ചകളോട് വിനു പൊരുത്തപ്പെട്ടു. പണ്ട് വായിച്ചു മറന്ന അറബികഥകളിലെ കാഴ്ചകൾ മുന്നിൽ തെളിയുന്ന പോലെ തോന്നി. പതുക്കെ പതുക്കെ അവനും ആ ഒഴുക്കിൽ മെല്ലെ ഒഴു കാൻ തുടങ്ങി : എളുപ്പമായിരുന്നില്ല അവിടത്തെ ആദ്യനാളുകൾ. അറിയാവുന്ന ഏക തൊഴിൽ ഡ്രൈവിംഗ് മാത്രമാണ്.അങ്ങനെ കുറച്ചു നല്ലവരായ മലയാളികളുടെ സഹായത്തോടെ ദുബായിൽ ഒരു ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.ആദ്യ വട്ടം പരാജയപ്പെട്ടു.ആവേശം ചോർന്നു വാടി തളർന്ന മനസുമായി മുറിയിലെ മൂലയിൽ ചടഞ്ഞു കൂടി ഇരിക്കുന്ന അവനു മുൻപിൽ ഒരു മനുഷ്യൻ കടന്നു വന്നു. അത് ഭാസ്കരൻ നായർ ആയിരുന്നു. കുടുംബത്തിന്റെ മാറാപ്പ് തൂക്കി തന്റെ ഇരുപതാം വയസ്സിൽ അവനെപ്പോലെ എന്നാൽ അതിനേക്കാൾ പൊള്ളുന്ന ജീവിതകനലിൽ നടന്നു കയറിയ മനുഷ്യൻ. : എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന ഒരുവന്റെ മുന്നിൽ വഴി കാട്ടിയായി ദൈവം പ്രത്യക്ഷപ്പെട്ടതു പോലെ അവനു തോന്നി. അവന്റെ ദിനങ്ങൾ ആ കരുണയിൽ തളിരിട്ടു. അങ്ങനെ ഡ്രൈവിംഗ് ലൈസൻസ് എടുത്ത ശേഷം ടാക്സി ഡ്രൈവർ ആയി ജോലിക്ക് കേറുമ്പോൾ മനസ്സിൽ ഭാസ്കരേട്ടനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ വയ്യാത്ത വിധം അവനിൽ നിറഞ്ഞു നിന്നു.മനുഷ്യത്വം മഹത്തായ നന്മ എന്ന തിരിച്ചറിവ് ജീവിതം അവനെ അപ്പോഴേക്കും പഠിപ്പിച്ചു കഴിഞ്ഞിരുന്നു വേഗത്തിലോടുന്ന വാഹനങ്ങൾ.......... അതിനേക്കാൾ വേഗത്തിൽ കാലവും മത്സരിച്ചോടിക്കൊണ്ടിരിക്കുന്നു. വിനുവിന്റെ ജീവിതം അതിനൊപ്പം ഓടിയെത്താനുള്ള തത്രപ്പാടിൽ തൊട്ടു പിറകെ....... ആദ്യത്തെ അവധിക്കു നാട്ടിൽ പോകുമ്പോൾ കയ്യിൽ എല്ലാർക്കുമുള്ള സമ്മാനങ്ങൾ കരുതാൻ മറന്നില്ല. : പ്രിയപ്പെട്ടവരുടെ സന്തോഷം കാണാൻ വേണ്ടി മാത്രം മണലാരണ്യ ങ്ങളിലെ പരുക്കൻ വേദനകൾ മന്ദഹാസം കൊണ്ടു മായ്ച്ചു കളയുന്നവനാണ് ഓരോ പ്രവാസിയും. പിന്നെയും രണ്ടു അവധി ദിനങ്ങൾ കൂടി കടന്നു പോയി. മൂന്നാമത് നാട്ടിലേക്കു വന്നപ്പോൾ അവന്റെ ഏറെ നാളായുള്ള ഒരു മോഹം പൂവണിഞ്ഞു. റോയൽ എൻഫീൽഡ് സ്വന്തമാക്കിയ നിമിഷം അവനൊരിക്കലും മറക്കാൻ കഴിയില്ല. നാട്ടു വഴികളിലൂടെ ചാറ്റൽ മഴ നനഞ്ഞു " റോസ് മേരി " എന്ന് പേരിട്ട ആ ബുള്ളറ്റിൽ പോകുന്ന അവനെ നോക്കി ആരെക്കെയോ കളി പറഞ്ഞത് അവൻ കണ്ട ഭാവം നടിച്ചില്ല. അവധി കഴിഞ്ഞു തിരികെ ഭാരിച്ച ഹൃദയത്തോടെ വിമാനം കയറുമ്പോൾ നാടിനോടുള്ള ആത്മ ബന്ധം തന്നെ വരിഞ്ഞു മുറുക്കുന്ന പോലെ അവനു അനുഭവപ്പെട്ടു. വർഷങ്ങൾ കൊഴിഞ്ഞു വീണപ്പോൾ വിവാഹമെന്ന കൂട്ടിൽ അവന്റെ ജീവിതം പുതിയ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. ഒരു മകൻ പിറന്നപ്പോൾ, അവൻ അച്ഛൻ എന്ന് വിളിച്ചു കേട്ടപ്പോൾ ഉള്ളിൽ എന്തൊക്കെയോ നിറഞ്ഞു തുളുമ്പി. നാട്ടിലേക്കു വരാൻ വർഷവസാനം ആർത്തിയോടെ കാത്തിരിക്കാൻ തുടങ്ങി. സന്തോഷ പൂമഴ നനഞ്ഞു കുതിർന്ന നാളുകളിൽ ഒന്നിൽ വണ്ടിയോടിക്കുന്നതിനിടയിൽ പെട്ടന്ന് ഉണ്ടായ തലചുറ്റൽ അവന്റെ ജീവിതത്തെ മരണത്തിനു നേർക്കു നീട്ടിയെങ്കിലും വിധി വീണ്ടും തിരികെ വിളിച്ചു. ആശുപത്രിയിൽ കൂട്ടിരുന്നതും ആശ്വസിപ്പിച്ചതും ഒക്കെ ചങ്ങാതിമാരായിരുന്നു. രക്ത ബന്ധത്തിനപ്പുറം വേലിക്കെട്ടുകൾ ഇല്ലാത്ത സൗഹൃദം അവനു കരുത്തു നൽകി. കൂടെ താമസിക്കുന്ന ഹക്കിം ഒരു കൂടപ്പിറപ്പിന്റെ റോൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ആശുപത്രിയിൽ ഒരു മാസത്തോളം ..... ഡിസ്ചാർജ് ചെയ്യുന്ന ദിവസം ഡോക്ടർ അടുത്ത് വന്നു.മലയാളിയായിരുന്നു അദ്ദേഹം. "പേടിക്കണ്ട വിനു, ബി. പി. വളരെ കൂടുതൽ ആണ്, രക്തത്തിൽ ക്രിയാറ്റിൻ അമിതമായിരിക്കുന്നു. കൂടുതൽ മികച്ച ചികിത്സക്ക് നാട്ടിൽ പോകുന്നത് ആണ് നല്ലത്. ഞാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം. എത്രയും വേഗം വേണം. ".. ഡോക്ടറുടെ വാക്കുകൾ അവനിൽ പുതിയ ആശങ്കക്കു വഴി തെളിച്ചു. കൂനിൽ മേൽ കുരു പോലെ പുതിയ ഒരു പ്രശ്നം അവന്റെ മുന്നിൽ വന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒരു നക്ഷത്ര ഹോട്ടലിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയാണ് അവൻ. പ്രശ്നം മറ്റൊന്നുമല്ല നാട്ടിലെ ചികിത്സക്കു വേണ്ടി ലീവ് നൽകാൻ അധികാരികൾ ഒരുക്കമല്ല.ഇപ്പോൾ തന്നെ ലീവുകൾ എല്ലാം തീർന്നു. ഒന്നുകിൽ ജോലി അല്ലെങ്കിൽ നാട്ടിലേ ചികിത്സ. രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ട നിമിഷങ്ങൾ നിസ്സഹായതയോടെ അവന്റെ മുന്നിൽ നിൽക്കുന്നു. വീട്ടുകാർ അവന്റെ വരവും കാത്തിരിക്കുന്നു... അവന്റെ പ്രിയതമക്കും അവൻ എത്രയും വേഗം മടങ്ങി വരണം എന്ന് ആഗ്രഹം മാത്രമേ ഉള്ളു. സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു തിരികെ മടങ്ങുവാൻ ഒടുവിൽ അവൻ തീരുമാനിച്ചു. മത്സരത്തിന്റെ ഈ കാലത്ത് കാലിടറി വീണു പോകാൻ വിധിക്കപ്പെട്ട എത്രയോ പേർ ഉണ്ടാവും അവരിൽ ഒരാളായി........ അവനും............ പിരിച്ചു വിട്ടതിനു ശേഷമുള്ള അടുത്ത ദിവസം തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റ് ശരിയാക്കി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അവധിദിവസം ആയതിനാൽ മുറിയിൽ അവന്റെ കൂടെ,ഹക്കീം ഉണ്ടായിരുന്നു. യാത്രക്കുള്ള ഒരുക്കങ്ങൾ അവർ ഇരുവരും ചെയ്തു തീർത്തു. ഒരു ജോലി പോയാൽ എന്ത്....... അവസരങ്ങൾ അവസാനിക്കുന്നില്ല വിനു. നിന്റെ അസുഖം ഭേദമായി തിരികെ വരുന്ന ദിനം വിദൂരമല്ല "... ഹക്കിം അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. അവർക്കിടയിൽ മൗനത്തിന്റെ ഇടവേള തെല്ലു നീണ്ടു നിന്നു. രാത്രിയിൽ ചങ്ങാതിക്കൂട്ടം യാത്രയാക്കാൻ എത്തിയിരുന്നു. എയർപോർട്ടിൽ പോകും വഴി......കാറിന്റെ ചില്ലു ജാലകത്തിലൂടെ അവന്റെ കണ്ണുകൾ വഴിയോര കാഴ്ചകൾ തേടി . നഗരം തന്നെ നോക്കി പരിഹസിക്കുന്ന പോലെ അവനു തോന്നി. പെട്ടന്ന് ചുമലിൽ ഒരു സ്പർശം...... അവൻ ചിന്തയിൽ നിന്ന് ഉണർന്നു. ഹക്കീം തന്റെ ബാഗിൽ നിന്നും ഒരു കടലാസ് പുറത്തെടുത്തു. ഡ്രൈവർമാർക്കു വേണ്ടിയുള്ള പുതിയ തൊഴിൽ അപേക്ഷയാണ്... ഇനിയും മടങ്ങി വരുമെന്ന് ഉറപ്പില്ലാത്തവന് വേണ്ടി എന്തിനാ വെറുതെ...... ഹക്കീം അവനെ വെറുതെ വിടാൻ ഒരുക്കമല്ല എന്ന് അവന്റെ ഭാവത്തിൽ നിന്നും മനസ്സിലാക്കി കൊണ്ടു അനുസരണയോടെ ആ വെളുത്ത അപേക്ഷ കടലാസ്സിൽ വിറയാർന്ന മനസ്സോടെ ഒപ്പ് വച്ചു. വീണു പോകുന്ന ചങ്ങാതിയെ തോളോട് ചേർത്തു താങ്ങുന്ന സൗഹൃദം, ആത്മാവിൽ പറയാൻ പറ്റാത്ത ഏതോ നിർവൃതി നൽകുന്ന പോലെ അവനു തോന്നി. രാത്രി വിളക്കുകൾ കൺചിമ്മി ചിരിക്കുന്ന....... നഗരത്തിന്റെ നിരത്തിലൂടെ എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങുന്ന കാർ അധികം വൈകാതെ തന്നെ അവിടെ എത്തിച്ചേർന്നു. ഇപ്പോഴത്തെ യാത്ര..... മുൻപ് ഉള്ളതിൽ നിന്നും തികച്ചും വേറിട്ട പോലെ.......... ഒന്നുമില്ലാതെ വന്നവന് എന്തൊക്കെയോ നൽകി ഒടുവിൽ ഈ മണ്ണും തന്റെ സ്വന്തം പോലെ........അവൻ അകത്തേക്ക് കയറും മുൻപ് ഹക്കിമിനോട് അവസാനമായി കണ്ണുകളാൽ യാത്ര ചോദിച്ചു.സ്വപ്നങ്ങളാൽ നെയ്ത കമ്പളം പൂർത്തിയാക്കും മുൻപ് ഉപേക്ഷിച്ചു പോകേണ്ടി വന്ന നെയ്തു കാരനെ പോലെ......... മോഹങ്ങൾ മനസിൽ അടക്കി..... ജീവിതം തിരിച്ചു പിടിക്കാൻ നാട്ടിലേക്കു പോകുന്ന മറ്റൊരു പ്രവാസിയെ പോലെ ആകാശം കടന്നു സ്വന്തം മണ്ണിലേക്ക്...................... പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ