അനിയത്തിക്കുട്ടി

അനിയത്തിക്കുട്ടി

അനിയത്തിക്കുട്ടി

അനിയത്തിക്കുട്ടി 'താനാരാടോ എന്നോട് ചൂടാവാൻ?' ആ വാക്കുകൾ മനസ്സിൽ തിരമാലകൾ പോലെ ആഞ്ഞടിക്കുന്നു. എത്ര ശ്രമിച്ചിട്ടും മാഞ്ഞുപോകുന്നില്ല. വെടിയുണ്ടകളെ പോലെ അവളുടെ ശബ്ദം മനസ്സിനെ തുളച്ച് കയറുന്നു. ശരിയാണ്, ഞാനാരാണ്? അവൾക്ക് ഞാനാരാണ്? അവളെ വഴക്ക് പറയാൻ ഞാൻ ആരാണ്? ഏതാനും മാസങ്ങൾക്ക് മുൻപാണ് ജിഷയെ പരിചയപ്പെടുന്നത്. ഫേസ്‌ബുക്കിൽ ചില്ലറ കുത്തിക്കുറിക്കലുകൾ തുടങ്ങിയ കാലം. പോസ്റ്റുകൾക്ക് സ്ഥിരമായി അഭിപ്രായം പറയാറുള്ള ജിഷതന്നെയാണ് ഇൻബോക്സിൽ വന്ന് പരിചയപ്പെട്ടതും. പ്ലസ് വൺ ന് പഠിക്കുന്നു, ശരാശരിയിലും ഒരൽപം ഉയർന്ന കുടുംബം. കാണാൻ നല്ല ഭംഗിയുണ്ട്, കുട്ടിത്തം ഇനിയും മാറിയിട്ടില്ലാത്ത മുഖം. അവളുടെ സ്വഭാവവും അത്പോലെ ആയിരുന്നു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. ഒരുപാട് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു അവൾ, ജോലിത്തിരക്കിനിടയിൽ ചാറ്റിങ്ങിന് സമയം ഇല്ലെങ്കിലും ഫ്രീ ആകുമ്പോഴെല്ലാം അവളോട് സംസാരിക്കുമായിരുന്നു. എന്തൊക്കെ ടെൻഷൻ ഉണ്ടായാലും ജിഷയോട് പത്ത് മിനുട്ട് ചാറ്റ് ചെയ്‌താൽ മനസ്സിന് ഒരു പുതിയ ഉണർവ് കൈവരും. കുസൃതി നിറഞ്ഞ അവളുടെ വാക്കുകൾ മനസ്സിനെ അറിയാതെ ചിരിപ്പിക്കും. കൂടെപ്പിറപ്പായി ഒരു അനിയത്തി ഇല്ലാത്തതിന്റെ വിഷമം അവൾ വന്നതിന് ശേഷം അറിഞ്ഞിട്ടേ ഇല്ല. ഏട്ടാ എന്നും ഡോ ഏട്ടാ എന്നുമൊക്കെ വിളിച്ച് എപ്പോഴും അവൾ കൂടെയുണ്ടാകും. ഫോൺ ഓഫാക്കി പോയിരുന്ന് പഠിക്കാൻ പറഞ്ഞാലൊന്നും കേൾക്കില്ല. എന്തെങ്കിലും ദേഷ്യപ്പെട്ട് പറയാം എന്ന് കരുതിയാൽ നാല് വാക്ക് ഇങ്ങോട്ട് പറഞ്ഞ് അവൾ സംഭവം തണുപ്പിക്കും. അവളുടെ കുസൃതികൾ ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു. എന്നും ഞാൻ ഉറങ്ങുന്നത് വരെ, അല്ല, എന്നെ ഉറക്കിയിട്ടേ അവൾ പോകാറുള്ളൂ. നാട്ടിൽ എത്തിക്കഴിഞ്ഞാൽ എത്രയും പെട്ടന്ന് എന്റെ കുഞ്ഞനുജത്തിയെ കാണാൻ പോകണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഒരുപാട് അടുത്തിടപഴകിയത് കൊണ്ട് എന്നെ മനസ്സിൽ വേറെ ഏതെങ്കിലും രീതിയിൽ കാണുമോ എന്നെനിക് പേടിയായിരുന്നു, അവളുടെ പ്രായം അതാണ്. തെറ്റും ശരിയും തിരിച്ചറിയാൻ പഠിക്കുന്നതെ ഉള്ളൂ, മനസ്സ് എങ്ങോട്ട് വേണമെങ്കിലും ചാഞ്ചാടാം. രണ്ടും കല്പിച്ച് അവളോട് തന്നെ ചോദിച്ചു 'നീയെന്നെ എങ്ങനെയാ കാണുന്നത്?' 'മനസിലായില്ല?' 'ഞാൻ നിനക്ക് ഏട്ടൻ മാത്രമല്ലേ, അല്ലാതെ പ്രേമമൊന്നുമില്ലല്ലോ?' നിർത്താതെയുള്ള പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി. എന്താണ് അവൾ ഉദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. ഈ ചോദ്യത്തിന്റെ പേരിൽ അവൾ എന്നെ രണ്ട് ദിവസം വട്ടം ചുറ്റിച്ചു. എന്താണ് അവളുടെ മനസിലിരുപ്പ് എന്നറിയാതെ ഒരുപാട് ടെൻഷനടിച്ചു. പക്ഷേ, അവിടെയും അവൾ എന്നെ തോൽപ്പിച്ചു. 'ന്റെ ഏട്ടാ, ഏട്ടനെ ഞാൻ അങ്ങനെ കാണോ? ഏട്ടൻ എന്റെ സ്വന്തം ഏട്ടനല്ലേ. എന്നും അങ്ങനെയായിരിക്കും ട്ടോ' 'ഹോ, ഞാൻ പേടിച്ചു പോയി ട്ടോ. ഇന്നത്തെ കാലത്ത് നമ്മൾ വിചാരിക്കുന്നതിനും അപ്പുറത്താണ് കാര്യങ്ങൾ നടക്കുക' 'ഏട്ടൻ ചിന്തിച്ചത് എനിക്ക് മനസിലായി. ഇനി ഞാൻ ഒരു കാര്യം പറയാട്ടോ, സാധാരണ ഏതെങ്കിലും ആണുങ്ങൾ ഒന്ന് പരിചയപ്പെട്ട് കഴിഞ്ഞാൽ ഉടൻ ചോദിക്കുന്ന കാര്യമാണ്, പ്രേമം വല്ലതും ഉണ്ടോ എന്ന്. ഏട്ടൻ ഇതുവരെ എന്നോട് ചോദിച്ചതുമില്ല, ഞാൻ പറഞ്ഞതുമില്ല' 'ആ കാര്യം ഞാൻ മറന്നു ട്ടോ. ഇനി പറ, നിനക്ക് ആളുണ്ടോ?' 'ഉം' 'ഏയ്, ചുമ്മാ...' 'അല്ല സത്യം. എന്റെ സീനിയർ ആണ്' 'ആഹാ, എപ്പോ തുടങ്ങിയതാ?' 'ഞാൻ ആ സ്‌കൂളിൽ ചേർന്നപ്പോൾ മുതൽ' 'സീരിയസ് ആണോ?' 'ഉം' 'എന്നാലും സൂക്ഷിക്ക് ട്ടോ. എന്തൊക്കെ വന്നാലും ശരീരം കൊണ്ട് പ്രേമിക്കാൻ നിൽക്കരുത്' 'ഞാനതൊക്കെ ചെയ്യോ ഏട്ടാ' 'പറഞ്ഞു എന്നേ ഉള്ളൂ, പേടി കൊണ്ടാ മോളേ' അതിന് ശേഷം വീണ്ടും പഴയ പോലെ ഞങ്ങൾ നല്ല കൂട്ടുകാരായ സഹോദരങ്ങളായി. ഇന്നലെയായിരുന്നു അവളുടെ ആൾടെ പിറന്നാൾ. ഞായറാഴ്ച്ച ആയത് കൊണ്ട് അവന്റെ വീട്ടിൽ ചെറിയൊരു പാർട്ടി ആയിരുന്നു. എന്താണ് ഗിഫ്റ്റ് ആയി കൊടുക്കേണ്ടത് എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരുപാട് ഫോർമൽ ആകണ്ട സിംപിൾ ആയി വല്ലതും വാങ്ങിക്കാനാണ് പറഞ്ഞത്. ഒടുവിൽ ഞാൻതന്നെയാണ് ഒരു കൂളിംഗ് ഗ്ലാസ്സ് വാങ്ങിക്കൊടുക്കാൻ പറഞ്ഞത്. പിറന്നാൾ ആഘോഷമെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണ് എന്നോട് ചാറ്റ് ചെയ്യാൻ വന്നത്. 'ഗിഫ്റ്റ് കൊടുത്തിട്ട് അവൻ എന്ത് പറഞ്ഞു?' 'ഒന്നും പറഞ്ഞില്ല. ഞാൻ വേറെയും ഒരു ഗിഫ്റ്റ് കൊടുത്തു' 'എന്ത്?' 'അവൻ കുറെയായി ചോദിക്കുന്നതാ, ഇന്ന് നല്ല ചാൻസ് ആയിരുന്നു. ഒരു കിസ്' വളരെ സന്തോഷത്തോടെ അവൾ അത് പറയുമ്പോൾ എന്റെയുള്ളിൽ എന്തോ ഒരു വിങ്ങൽ അനുഭവപ്പെട്ടു. എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ തുടർന്നു. 'ഞങ്ങളുടെ കാര്യം ഫ്രണ്ട്സ് എല്ലാവർക്കും അറിയാം. അത് കൊണ്ട് ഞങ്ങളെ അവന്റെ റൂമിൽ തനിച്ചാക്കി അവർ പുറത്തിറങ്ങി. പാവം കുട്ടി കുറെയായില്ലേ ചോദിക്കുന്നു എന്ന് കരുതി ഞാൻ കവിളിൽ ഒരുമ്മ കൊടുത്തു. പിന്നെ അവനായിരുന്നു, ഒരു ഉമ്മ, അത് മാത്രമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അവൻ എന്നെ കെട്ടിപ്പിടിച്ചു, കുറെ ഉമ്മ തന്നു. എവിടെയൊക്കെയോ പിടിച്ചമർത്തി. ഒരുവിധം ആണ് ഞാൻ അവന്റെ പിടിയിൽ നിന്ന് ഊരിപ്പോന്നത്. എന്നിട്ടും അവന്റെ ദാഹം മാറിയിട്ടില്ല. വീണ്ടും വന്നു, അപ്പോഴേക്കും ഞാൻ റൂമിന് പുറത്തേക്കോടി. വീട്ടിൽ എത്തിയപ്പോഴേക്കും ദേഹമാകെ വല്ലാത്ത വേദന തോന്നി. എന്തായാലും അവൻ ഒരുപാട് ഹാപ്പിയായി' അവളുടെ വാക്കുകൾ കേട്ടപ്പോൾ ഒട്ടും സഹിക്കാൻ പറ്റിയില്ല. സ്വന്തം അനിയത്തിയെ പോലെ കരുതിയവളാണ്, അല്ല, സ്വന്തം അനിയത്തിയാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഏതൊരു ഏട്ടനാണ് ഇതൊക്കെ കേട്ട് നില്ക്കാൻ കഴിയുക. 'ഡീ, നീയെന്താടീ കാണിച്ച് വന്നിരിക്കുന്നത്? കണ്ടവന്റെ കൂടെ കിടന്നതും പോരാഞ്ഞിട്ട് അതിന്റെ കഥ എന്നോട് പറയുന്നോ? നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ല ശരീരം കൊണ്ട് പ്രേമിക്കരുതെന്ന്. അവൻ നിന്നെ കെട്ടുമെന്ന് എന്താ നിനക്ക് ഉറപ്പ്? നീയും അവനും രണ്ട് മതത്തിൽ പെട്ട ആളുകൾ അല്ലേ, നിങ്ങൾക്ക് ഒന്നാവാൻ അത്ര പെട്ടന്ന് പറ്റോ? പിന്നെ നിനക്കിപ്പോ പതിനാറ് വയസ്സ്, അവന് പതിനേഴും എത്ര കൊല്ലം ഉണ്ടാവും നിങ്ങള്ടെ പ്രേമം. ഇന്ന് ഉമ്മ കൊടുത്ത നീ നാളെയവന് തുണിയഴിച്ച് കിടന്ന് കൊടുക്കില്ലേ?' ദേഷ്യം അടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. അവൾ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്റെ വിരല്പാട് അവളുടെ മുഖത്ത് ഉണ്ടായേനെ. പക്ഷേ അവളുടെ മറുപടി, അത് എന്നെ തളർത്തിക്കളഞ്ഞു. 'താനാരാടോ എന്നോട് ചൂടാവാൻ? എന്നെ ചീത്ത പറയാൻ നിനക്ക് എന്ത് അധികാരമാടാ ഉള്ളത്?' അത് വരെ ഏട്ടാ എന്ന് മാത്രം വിളിച്ചിരുന്നവളാണ് ഡാ ചേർത്ത് വിളിക്കുന്നത്. ഒരു നിമിഷത്തേക്ക് ഒരു പ്രത്യേക വികാരത്തിലേക്ക് ഞാൻ വീണുപോയി. അവൾ പറഞ്ഞ വാക്കുകൾ വിശ്വസിക്കാൻ പറ്റുന്നില്ല. 'ഞങ്ങളുടെ ബന്ധത്തെപ്പറ്റി തനിക്കെന്താ അറിയാ? ഒന്നിച്ച് ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഒന്നിച്ച് മരിക്കാൻ തയ്യാറാ ഞങ്ങൾ. എന്റെ മനസ്സും ശരീരവും അവനുള്ളതാ, അവന് മാത്രം. ഞാൻ ചെയ്തതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. പിന്നെ തന്റെ അസുഖം എനിക്ക് മനസിലായി, സദാചാരം. തനിക്ക് കിട്ടാത്തത് കൊണ്ടുള്ള കടി അല്ലേ? തനിക്ക് തന്നിരുന്നെങ്കിൽ ഇപ്പൊ ഒരു പ്രശ്നവും ഉണ്ടാവില്ല. ഛെ, താനൊരു നല്ല ആളാണെന്ന് കരുതിയാ അൽപ്പം സ്വാതന്ത്ര്യം തന്നത്. അത് തെറ്റിയായിപ്പോയി. ഇനി മേലാൽ എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്. ചെറ്റ' അവൾ അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ ആകെ തളർന്നുപോയി. തിരിച്ച് എന്തെങ്കിലും പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എത്ര നേരമാണ് ഫോണും കയ്യിൽ പിടിച്ചിരുന്നത് എന്നോർമ്മയില്ല. അമർഷവും സങ്കടവും ദേഷ്യവും മാറി മാറി വന്നു. അവൾ പറഞ്ഞതിന് മറുപടി പറയാൻ ഒരു അവസരം കിട്ടിയില്ല. അവളോടുള്ള എല്ലാ സ്നേഹവും ഒരു നിമിഷം കൊണ്ട് ആ സ്നേഹത്തിന്റെ നൂറിരട്ടി വെറുപ്പായി മാറി. ദേഷ്യത്തിനോടൊപ്പം അപമാനഭാരവും കൂടി വന്നു. എന്നേക്കാൾ ഏഴ് വയസ്സ് താഴെയുള്ളവളാണ് ഇങ്ങനെയൊക്കെ പറഞ്ഞത്, അതും ഒരു പെണ്ണ്. മനസ്സിലെ വികാരങ്ങൾ നിയന്ത്രിക്കാൻ ഒരുപാട് കഷ്ടപെട്ടു. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, രാവിലെ ജോലിക്ക് പോകുമ്പോഴും ജോലി ചെയ്യുമ്പോഴും ദേ ഇപ്പോഴും അവൾ പറഞ്ഞ വാക്കുകളാണ് മനസ്സിൽ. അവളോട് ഞാൻ പറഞ്ഞത് തെറ്റായിരുന്നോ? ഏയ്, ഇല്ല. ഞാൻ അത് പറയേണ്ടത് തന്നെയാണ്. അവൾ എന്റെ അനിയത്തികുട്ടിയായിരുന്നില്ലേ. അനിയത്തിയെ ഏട്ടന് ചീത്ത പറഞ്ഞൂടെ? തല്ല് കൊടുത്തൂടെ? വെറുതെയല്ലല്ലോ അവൾ തെറ്റ് ചെയ്തിട്ടല്ലേ ഞാൻ ചീത്ത പറഞ്ഞത്. സ്വന്തം അനിയത്തിക്ക് വേറെ ഒരാളുമായി ഇഷ്ടമുണ്ടെന്നറിഞ്ഞാൽ അവർ തമ്മിൽ അരുതാത്തത് ചെയ്യുന്നു എന്നറിഞ്ഞാൽ ഒരേട്ടൻ പറയുന്നതല്ലേ ഞാൻ പറഞ്ഞുള്ളൂ. പ്രേമത്തെ വെറുക്കുന്നുന്നത് കൊണ്ടല്ല, പേടിച്ചിട്ടല്ലെടീ ഞാൻ നിന്നെ ചീത്ത പറഞ്ഞത്. ഇന്ന് ഏതെങ്കിലും ഒരു ദിവസത്തെ പേപ്പർ എടുത്ത് വായിച്ചാലോ ഏതെങ്കിലും വാർത്താപരിപാടി കണ്ടാലോ അതിൽ ഉറപ്പായും പ്രേമിച്ച് ചതിയ്ക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ ഉണ്ടാകും. പ്രേമം മനസ്സിൽ തോന്നിയാൽ ചെയ്യുന്നതെല്ലാം ശരിയായി മാത്രമേ തോന്നൂ. ആരെങ്കിലും അതിലെ തെറ്റ് ചൂണ്ടിക്കാണിച്ചാൽ പോലും അത് അംഗീകരിക്കാൻ മനസ്സനുവദിക്കില്ല. പത്രത്തിലെ ഒരു കോളം വാർത്തയായി എന്റെ അനിയത്തി മാറുന്നത് കാണാൻ എനിക്കാവില്ല. ഞാൻ പറഞ്ഞതൊന്നും തെറ്റല്ല, പക്ഷേ അവൾ ചോദിച്ച ഒരു കാര്യം, ഞാൻ ആരാണ് അവളെ വഴക്ക് പറയാൻ, അതിന് മാത്രം എനിക്കുത്തരമില്ല. നീയെന്റെ അനിയത്തിയാണ് എന്ന് ഉറക്കെ വിളിച്ച് പറയണമെന്നുണ്ട്, പക്ഷേ അവൾക്ക് ഇങ്ങനെ ഒരേട്ടനെ വേണ്ടെങ്കിലോ?? #രജീഷ് കണ്ണമംഗലം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ