രണ്ടാനമ്മ

രണ്ടാനമ്മ

രണ്ടാനമ്മ

'ദീപേ, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?' 'ഇല്ല, നമുക്ക് പോവാം' 'വല്ലതും കഴിച്ചിട്ട് പോയാലോ?' 'എനിക്ക് വിശക്കുന്നില്ല, വീട്ടിൽ ചോറ് ഉണ്ട്' 'നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ?' 'ഇല്ല, ഒന്ന് കിടന്നാൽ മതി, ആകെ ക്ഷീണം' 'എന്നാ ഒരു ഓട്ടോയിൽ പോകാം' 'ഉം' ഓട്ടോയിൽ ഇരിക്കുമ്പോൾ ദീപയുടെ മനസ്സ് വിങ്ങുകയായിരുന്നു. ഒന്ന് പൊട്ടിക്കരയാൻ അവൾക്ക് തോന്നി. ഒന്നല്ല, ഇത് മൂന്നാമത്തെ അബോർഷനാണ്. ഇത്തവണയെങ്കിലും ഒരമ്മയാകാം എന്ന് കരുതിയതാ, ദൈവം ആ  ഭാഗ്യം വിധിച്ചിട്ടില്ലെന്ന് തോന്നുന്നു. എന്താണ് ഈ ജീവിതത്തിന്റെ അർത്ഥം? എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഈ ജീവിതം, അതും ഇങ്ങനെയായി. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു, അമ്മയ്ക്ക് മൂന്ന് മക്കളെ നോക്കാൻ ഒറ്റയ്ക്ക് കഴിയാത്തത് കൊണ്ടാണ് പതിനേഴാം വയസ്സിൽ തന്നെ കൂലിപ്പണിക്ക് ഇറങ്ങിയത്. ആദ്യം ഒന്ന് രണ്ട് വീട്ടിലെ അടുക്കളപ്പണിയും പുറം പണിയുമായിരുന്നു, കുറച്ച് കൂടി മെച്ചമുണ്ടെന്ന് തോന്നിയപ്പോഴാണ് മേശന്മാരുടെ കയ്യാളായി പോയത്. നീണ്ട പത്ത് കൊല്ലം വേണ്ടി വന്നു വീടിന്റെ കട ബാധ്യത മാറ്റാൻ, അപ്പോഴേക്കും കല്യാണപ്രായവും കടന്ന് പോയി. ഒന്ന് രണ്ട് പേർ പിന്നെയും കാണാൻ വന്നു. വന്നവർക്ക് എന്നെക്കാളും താല്പര്യം അനിയത്തിയിലായിരുന്നു. അവൾക്കും കല്യാണപ്രായമായി. ഞാൻ കാരണം അവളുടെ നല്ല സമയവും പോകും എന്ന് പാത്തും പതുങ്ങിയുമുള്ള വാക്കുകൾ കേട്ടാണ് അവളുടെ കാര്യം നടത്താം എന്ന് തീരുമാനിച്ചത്. അവൾ ഭാഗ്യമുള്ളവളാ, നല്ലൊരു ആലോചന ശരിയായി വന്നു. കണക്ക് പറഞ്ഞ് ഒന്നും ചോദിച്ചില്ലെങ്കിലും നാട്ടനടപ്പ് പോലെ എല്ലാം ചെയ്തു. അനിയൻ പ്രീഡിഗ്രി പകുതിയിൽ നിർത്തി കല്ല് പണിക്ക് പോയി. അതോടെ അവന്റെ ചിലവിന്റെ ഭാരം ഒഴിഞ്ഞു. പക്ഷേ, അവനെക്കൊണ്ട് കുടുംബത്തിന് ഒരു ഗുണവും ഉണ്ടായില്ല, കിട്ടുന്ന പൈസ കള്ള് കുടിച്ച് നശിപ്പിക്കും. വല്ലപ്പോഴും പത്തോ ഇരുനൂറോ അമ്മേടെ കയ്യിൽ കൊടുക്കും, പണി ഇല്ലാണ്ടാവുമ്പോൾ അത് തിരിച്ച് വാങ്ങുകയും ചെയ്യും. ഒരു സന്തോഷവും പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ ജീവിതം മുന്നോട്ട് പോയി. അതിനിടയിൽ അനിയൻ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്നു. അതോടെ രണ്ട് മുറി മാത്രം ഉള്ള വീട്ടിലെ സ്വന്തം   മുറിയിൽ നിന്നും കുടിയിറക്കപ്പെട്ടു. അപ്പോഴാണ് ഒരു ആലോചന വരുന്നത്, വിജയൻ, രണ്ടാം കെട്ടാണ്. ഭാര്യ ഒരു  കൊല്ലം മുൻപ് വണ്ടി ഇടിച്ച് മരിച്ചു. വീട്ടിൽ മകൻ മാത്രേ ഉള്ളൂ. അവന് ഇരുപത് വയസ്സായി. പഠിത്തം കഴിഞ്ഞു ജോലി ആയി. ഒരു വിവാഹം എന്ന സ്വപ്നമൊക്കെ എന്നെ പൊലിഞ്ഞിരുന്നു, ഒപ്പം പഠിച്ചവരും അയല്പക്കത്തുള്ളവരും ഭർത്താവും കുട്ടികളുമായി പോകുന്നത് അസൂയയോടെ എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്. ഞാനും ഒരു പെണ്ണല്ലേ, എനിക്കും ആഗ്രഹങ്ങളില്ലേ? വികാരങ്ങൾ തീർക്കാൻ മാത്രമാണെങ്കിൽ ഒരുപാട് പേർ വരാനുണ്ട്. താലികെട്ടി കൂടെ നിർത്താൻ ആരുമില്ല. മംഗല്യ ഭാഗ്യം ദൈവം എനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതി സമാധാനിച്ചിട്ടിരിക്കയായിരുന്നു, അപ്പോഴാണ് ഈ ആലോചന. എല്ലാവരും പറയുന്നു നല്ല ആലോചനയാണെന്ന്, ഇത് എന്റെ ഭാഗ്യം ആണത്രേ. ആരോഗ്യം ക്ഷയിച്ച് പോയ അമ്മ അവസാനത്തെ ആഗ്രഹമായിട്ട് ഇതിന് സമ്മതിക്കാൻ പറഞ്ഞു. അമ്മയുടെ കാലം വരെ എനിക്ക് അമ്മയുണ്ട്, അത് കഴിഞ്ഞാലോ? അനിയന്റെ കാര്യത്തിൽ ഉറപ്പ് പോര. പതുക്കെ അവന് ഞാൻ ഒരു ബാധ്യത ആവും. ഈശ്വരൻ എനിക്ക് വിധിച്ചത് ഇതാവും എന്ന് കരുതിയത് കൊണ്ടാണ് സമ്മതം മൂളിയത്. രണ്ടാംകെട്ടായത് കൊണ്ട് ഒരു താലികെട്ടൽ ചടങ്ങ് മാത്രേ ഉണ്ടായിരുന്നുള്ളു. രണ്ടാളുടേം വീട്ടുകാർ മാത്രം പങ്കെടുത്തു. കൂട്ടത്തിൽ ഇല്ലാതിരുന്നത് ഏട്ടന്റെ മകൻ ആയിരുന്നു. താലികെട്ട് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴും ആളെ കണ്ടില്ല. മനസ്സിൽ പേടി ആയിരുന്നു, അവന് എന്നെ അംഗീകരിക്കാൻ പറ്റുമോ എന്ന്. ചെറിയ കുട്ടിയൊന്നുമല്ലല്ലോ, അമ്മയ്ക്ക് പകരക്കാരിയായി വന്നവളോട് ദേഷ്യം ഉണ്ടാകും. പിറ്റേന്ന് രാവിലെ ആളെ കണ്ടു, രാത്രി എപ്പോഴാണാവോ വന്നത്. അവനോട് സംസാരിക്കാൻ പേടി ആയി, ആ പേടി ഇന്നും മാറിയിട്ടില്ല. രണ്ട് അപരിചിതർ സംസാരിക്കുന്നത് പോലെ പോലും ഇന്ന് വരെ അവനോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. വിജയേട്ടൻ പൊതുവെ ശാന്തസ്വഭാവം ഉള്ള ആളാണ്. അധികം സംസാരിക്കില്ല. ഭാര്യ മരിച്ചപ്പോൾ ആകെ തകർന്ന് പോയ മനുഷ്യനാണ്. എല്ലാവരെയും പോലെ പതുക്കെ മദ്യപാനവും തുടങ്ങി. ജോലിക്ക് പോകുന്ന മകന് അച്ഛനെ ശ്രദ്ധിക്കാനും പറ്റുമായിരുന്നില്ല. അങ്ങനെയാണ് മറ്റുള്ളവരുടെ നിർബന്ധപ്രകാരം എന്നെ കല്യാണം കഴിച്ചത്. അധികം വൈകാതെ പുതിയ ചുറ്റുപാടുമായി ഇഴകിച്ചേർന്നു. അടുത്തുള്ള വീടുകളിൽ നിന്നും കുറച്ച് വിട്ടിട്ടാണ് വീട്, അയൽക്കാർ ഇല്ല എന്ന് തന്നെ പറയാം. വീട്ടിലും വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല. അടിക്കലും തുടയ്ക്കലും ഭക്ഷണം ഉണ്ടാക്കലുമായിരുന്നു ആകെ ഉള്ള ജോലി. വീട്ടിൽ അധികമൊന്നും സംസാരം ഉണ്ടായിരുന്നില്ല. ജിത്തു  ഹോസ്റ്റലിൽ നില്ക്കാൻ തുടങ്ങിയതോടെ തികച്ചും ഒറ്റയ്ക്കായി. ഏട്ടൻ പണിക്ക് പോയി തിരിച്ച് വരുന്നത് വരെ ഏകാന്തതയ്ക്ക് കൂട്ട് കഴുത്തിലെ താലി മാത്രമായിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ ജീവിതമായത് ഉള്ളതിൽ സംതൃപ്തി കണ്ടെത്തി. ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി, മാസങ്ങളും. 'വിശേഷമൊന്നുമായില്ലേ?' എന്ന ചോദ്യമാണ് പിന്നെ വന്നത്. ഞാനും സ്വയം അത് ചോദിയ്ക്കാൻ തുടങ്ങി. എന്താണ് ഞാൻ ഒരു അമ്മയാവാത്തത്, ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ. ഒരു കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഏട്ടൻ താല്പര്യം കാണിക്കുന്നില്ല. എന്നോട് മരുന്ന് കഴിക്കാനൊന്നും പറഞ്ഞില്ല , ഏട്ടൻ സ്വയം നിയന്ത്രിക്കുകയായിരുന്നു. ഒരു ദിവസം സംശയം തോന്നിയപ്പോൾ ആണ് ഏട്ടനോട് പറഞ്ഞത്. പക്ഷേ അച്ഛനാകാൻ പോകുന്ന ഒരാളുടെ മുഖമല്ല കണ്ടത്, ആൾ ആകെ നിരാശനായിരുന്നു. ഇനി ഒരു കുട്ടിയെ വേണ്ട, ഇത് കളയാം എന്ന് പറഞ്ഞപ്പോൾ ആകെ തകർന്നു പോയി ഞാൻ. ഇരുപത് വയസ്സുള്ള മകൻ ഉള്ളപ്പോൾ വീണ്ടും ഒരച്ഛനാകാൻ ഏട്ടന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. ഒന്നും മിണ്ടാനാകാതെ ഉദരത്തിലെ ആദ്യ ജീവനെ നശിപ്പിച്ചു.  പിന്നെയും അബദ്ധം സംഭവിച്ചു, അതും ഒഴിവാക്കേണ്ടി വന്നു. പിന്നെ കുറച്ച് കാലത്തിന് ശേഷമാണ് ഇത്തവണ ഗർഭിണിയായത്. ഇതിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഈശ്വരന്മാർ എന്റെ പ്രാർത്ഥന കേൾക്കുമെന്നുണ്ടായിരുന്നു. ഡോക്ടർ മാറി എന്നല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. ഒരു അമ്മയാവുക എന്ന പെണ്ണിന്റെ അവകാശം എന്റെ കാര്യത്തിൽ നടക്കില്ലെന്ന് തോന്നുന്നു. ഇനിയും അബോർഷന് വയ്യ. വേറെ എന്തെങ്കിലും നിരോധന മാർഗ്ഗം നോക്കണം. വീട്ടിലെത്തിയതും ദീപ കട്ടിലിൽ പോയി കിടന്നു. ശാന്തനാണെങ്കിലും ഏട്ടനോട് ഒന്നും ആവശ്യപ്പെടാൻ തോന്നിയിട്ടില്ല, ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലെന്നും പറഞ്ഞു. ഇനി എന്താ ചെയ്യാ. ഇതായിരിക്കും ദൈവം എനിക്ക് വിധിച്ചത്. അന്ന് രാത്രി റോട്ടിൽ വച്ച് വിജയൻ കുട്ടനെ കണ്ടു. വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. 'ഇന്ന് എവിടെ പോയതാ രണ്ടാളും, ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടു?' 'അവളുടെ വീട് വരെ ഒന്ന് പോയതാ' 'ഓഹോ, അവളുടെ വീട്ടുകാർ ഇപ്പൊ ക്ലിനിക്കിലാണോ താമസം? നിങ്ങൾ അവിടെ നിന്ന് ഇറങ്ങിവരുന്നത് കണ്ടു' വിജയന് കുട്ടനോട് ഒന്നും ഒളിക്കാൻ പറ്റില്ലായിരുന്നു, എല്ലാ കാര്യവും തുറന്ന് പറഞ്ഞു. 'നിന്നെയൊക്കെ എന്താ വേണ്ടേ, ഒരു പെണ്ണിന്റെ ജീവിതം തകർത്തല്ലോടാ നീ. നിനക്ക് കെട്ടിപ്പിടിച്ച് കിടക്കാനൊരു പെണ്ണാണ് വേണ്ടതെങ്കിൽ അത് വേറെ കിട്ടുമല്ലോ, അതിനെ കുരുതി കൊടുക്കണോ?' 'പിന്നെ ഞാൻ എന്താടാ ചെയ്യാ? ചെക്കൻ ഇത്രേം വലുതായില്ലേ, അവന് നാണക്കേടല്ലേ?' 'അപ്പൊ അതാണ് കാര്യം. അത് ഞാൻ നോക്കിക്കോളാം. അവന്റെ കാര്യം പറഞ്ഞ് നീയാ പെണ്ണിന്റെ ജീവിതം നശിപ്പിക്കണ്ട. ഇനി ഗർഭായൽ അത് കളയുകേം വേണ്ട. വേണ്ടത് ഞാൻ ചെയ്യാം' 'എന്താ നിന്റെ പരിപാടി?' 'അത് ഞാൻ നോക്കിക്കോളാം' അടുത്ത ആഴ്ച്ച ലീവിന് വന്ന ജിത്തുവിനെ കുട്ടൻ കണ്ട് സംസാരിച്ചു. ദീപയുടെ അവസ്‌ഥ അവനെ പറഞ്ഞ് മനസിലാക്കി. അച്ഛന്റെ മരണശേഷം അവർക്ക് വേറെ ആരാ ഉള്ളത്? എനിക്ക് അവരെ പൂർണ്ണ മനസ്സോടെ സ്നേഹിക്കാൻ പറ്റിയെന്ന് വരില്ല. ഒരുപാട് പ്രതീക്ഷയുമായാവും അവർ പുതിയ ജീവിതത്തിലേക്ക് വന്നത് അത് ഞാൻ കാരണം തകരാൻ പാടില്ല. രമേശേട്ടൻ ഗൾഫിലേക്ക് പോകുമ്പോൾ പറഞ്ഞ കാര്യം ഓർമ്മ വന്നു 'എന്റെ കുഞ്ഞുനാൾ മുതൽ അച്ഛൻ ഗൾഫിലാ, രണ്ട് കൊല്ലം കൂടുമ്പോൾ ഒരു മാസത്തെ ലീവിനാ വരുന്നത്. അച്ഛനും അമ്മയും ഒരുമിച്ച് ജീവിച്ചത് എപ്പോഴാണെന്ന് എനിക്കറിയില്ല. എന്നാലും രണ്ടാൾക്കും പരാതിയില്ല. ഞാനിപ്പോൾ വലുതായില്ലേ, ഇത്രയും കാലം അവർ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു,  ഇനി അവർ കുറച്ച് കാലം ഒരുമിച്ച് ജീവിക്കട്ടെ ഡാ. കല്യാണം കഴിഞ്ഞ് നാല് മാസമോ അല്ലെങ്കിൽ കുട്ടികൾ ഉണ്ടാകുന്നത് വരെയോ മാത്രമല്ല എപ്പഴും പ്രണയിക്കാം. അവര് രണ്ടാളും പ്രണയിച്ച് ജീവിക്കട്ടെ ഡാ. അതിനായി മാറി നിൽക്കേണ്ടത് മകനായ എന്റെ കടമയാണ്' അതെ, അച്ഛന്റെ ജീവിതത്തിൽ ഞാനൊരു തടസ്സമാകാൻ പാടില്ല. അവർ ജീവിക്കട്ടെ, അച്ഛന് ഇനിയും ഒരു കുട്ടി ഉണ്ടായാൽ പലരും പരസ്യമായോ രഹസ്യമായോ കളിയാക്കും, അത് സാരല്ല്യ. ഞാൻ കാരണം അവരുടെ നല്ല ജീവിതം തകരരുത്. 'കുട്ടമ്മാമ്മ, ശ്രീജിയേട്ടന്റെ അടുത്ത എനിക്ക് അവിടെ ഒരു ജോലി ശരിയാക്കിത്തരാൻ പറയോ? ' 'ഡാ, നീ അത്രയും ദൂരെ പോവോന്നും വേണ്ട. വിജയൻ അതിന് സമ്മതിക്കില്ല' 'കുട്ടമ്മാമ്മ പറഞ്ഞാൽ അച്ഛൻ കേൾക്കും, രണ്ട് കൊല്ലം ഞാൻ ഇവിടെ നിന്ന് മാറിനിന്നാൽ എല്ലാം ശരിയാകും, അപ്പൊ പിന്നെ ആരുടേം കളിയാക്കൽ സഹിക്കേണ്ടല്ലോ' 'ഉം, ഞാൻ നോക്കട്ടെ' ആശുപത്രിയിൽ പോയി വരുമ്പോൾ ദീപ വിജയന്റെ കയ്യിൽ മുറുകെ പിടിച്ചു. ഡെലിവറിക്കുള്ള തീയതി കുറിച്ച് കിട്ടിയിട്ടുണ്ട്. ജിത്തു പോയപ്പോൾ കുറച്ച് ദിവസം വിജയേട്ടന് വല്ലാത്ത വിഷമമായിരുന്നു.  ഇപ്പോൾ എല്ലാം നല്ല രീതിയിലായി. വിജയേട്ടനും ഞങ്ങളുടെ വാവയ്ക്ക് വേണ്ടി കാത്തിരിക്കാ. പ്രസവം കഴിഞ്ഞ് അരികിൽ കിടക്കുന്ന കുട്ടിയെ നോക്കുമ്പോൾ ദീപ ഓർത്തു, ഇത്രയും നാൾ ഞാനൊരു രണ്ടാം ഭാര്യ മാത്രമായിരുന്നു, ഇന്ന് ഞാനൊരു അമ്മയായി, രണ്ടാനമ്മ!!!        #രജീഷ് കണ്ണമംഗലം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ