ഒരു ആലപ്പുഴയാത്ര

ഒരു ആലപ്പുഴയാത്ര

ഒരു ആലപ്പുഴയാത്ര

"ആര്യേ.... എണീക്ക്....അഞ്ചുമണിയായി.....എടീ പോത്തേ ആറുമണിക്ക് ഇറങ്ങാനുള്ളതാ..." അവൾ എന്റെ മുത്തീടെ മുത്തിയെ വരെ പ്രാകിക്കൊണ്ട് കണ്ണു വലിച്ചുതുറന്ന് തലയും ചൊറിഞ്ഞെഴുന്നേറ്റു... ആദ്യമായി അവളുടെ വീട്ടിൽ പോകുന്നതു കൊണ്ട് ഞാൻ ഇമ്മിണി ബല്യ എക്സെെറ്റ്മെന്റിലായിരുന്നു.... ആറു മണിക്കുമണിക്കു തന്നെ ഹോസ്റ്റലിൽ നിന്നു ചാടി, ചൂടുചായയും വടയും അകത്താക്കി ഞങ്ങൾ ആലപ്പുഴയിലേക്കു തിരിച്ചു... ബസ്സിലെ വിൻഡോസീറ്റിൽ ആലപ്പുഴയുടെ ഹരിതാഭവും പച്ചപ്പും മനസ്സിൽ ധ്യാനിച്ച് ഞാൻ ക്ഷമയോടെ കാത്തിരുന്നു.. പതിനൊന്നു മണിയായപ്പോൾ ആലപ്പുഴ സ്റ്റാൻഡെത്തി...അവിടുന്ന് വീണ്ടും യാത്ര....ഏതോ ഒരു ദുർബലനിമിഷത്തിൽ ഞാനറിയാതെ പറഞ്ഞുപോയി "നമുക്കു നിന്റെ വീടു വരെ നടന്നു പോകാം...ഹരിതാഭവും പച്ചപ്പുമൊക്കെ നടന്നു തന്നെ കാണണം..". അതിനാ പഹയത്തി എന്നെക്കൊണ്ട് രണ്ടര മണിക്കൂർ നടത്തിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... ഒടുവിൽ കഷ്ടപ്പാടും യാതനകളും താണ്ടി ഞാൻ പുല്ലങ്ങടിയെത്തി... ഉച്ചയൂണിനു അവളുടെ അമ്മയുണ്ടാക്കിയ കരിമീൻ കണ്ടതും എന്റെ ക്ഷീണോം നാണോം ഒക്കെ കപ്പലു കയറി.... ഒരു ചെറിയ മയക്കവും ചായയും കടിയുമൊക്കെക്കഴിഞ്ഞ് ന്യൂട്ടന്റെ തലയിൽ ചക്ക വീണില്ലല്ലോയെന്ന നിരാശയോടെ ഞങ്ങൾ കാൽക്കുലസ് പഠിക്കാനിരുന്നു.... പെട്ടെന്നു 'പ്ധോം' എന്നൊരു ശബ്ദം....പിന്നാമ്പുറത്തു നിന്നാണ്.... " അളിയോ വരിക്കച്ചക്ക..!!" ആര്യയുടെ മുഖത്ത് നൂറു വോൾട്ട്.... ശരിയാണ്....പിന്നാമ്പുറത്ത് 'ഇപ്പൊ വീഴും' എന്ന മട്ടിൽ ഒരു വരിക്കച്ചക്ക നിൽപ്പുണ്ടായിരുന്നു..... ഞാനും അവളും അങ്ങോട്ടേക്കോടി....അപ്പോഴതാ ഞങ്ങടെ വരിക്കച്ചക്ക തട്ടിപ്പിടഞ്ഞെഴുന്നേൾക്കുന്നു....നല്ല പ്രായമുണ്ട്...ഒരു നരച്ച കെെലിയും ബ്ലൗസുമാണ് വേഷം..... ഞാനൊന്നുമല്ലേ വീണതെന്ന മട്ടിൽ അവർ നിലത്ത് എന്തോ തിരയുവാണ്... ഞങ്ങളവരുടെയടുത്തെത്തി... നോ മെെൻഡ്... മുഖലക്ഷണം കണ്ടിട്ട് പണമോ പണ്ടമോ പോയതാണ്.... തിരച്ചിലിനിടയ്ക്ക് അവരുടെ മടിക്കുത്തഴിഞ്ഞതു പോലും ഗൗനിക്കുന്നില്ല... പാവം..!! ഞങ്ങളും തിരച്ചിലിൽ പങ്കുചേരാൻ സന്നദ്ധരായി... ഒരു നല്ല കാര്യല്ലേ.... "ന്റെ ദേവീ...നീ കാത്തു... ന്ന് ജീവിക്കാനൊള്ളതായി..." എന്ന് നിലവിളിച്ചു കൊണ്ടവർ എന്തിനേയോ ഉമ്മ വയ്ക്കുന്നു... 'ജീവിക്കാനുള്ള വസ്തു...!' അതെന്താണ്...?? ആ ദിവ്യ വസ്തുവിന്റെ ദർശനത്തിനായി ഞാൻ ബഹുമാനത്തോടെ മുന്നോട്ടാഞ്ഞു... കെെ കൂപ്പുന്നതിന്റെയൊരു കുറവുണ്ടായിരുന്നു... ആ പുണ്യവസ്തുവിനെ ഞാനൊരുനോക്കു കണ്ടു... "ഒരടയ്ക്ക!!" കണ്ടിട്ട് ക്രിസ്തുവിനു മുൻപ് ജനിച്ചതാണെന്നു തോന്നുന്നു... അപ്പോഴും അവരുടെ അഹ്ലാദം കഴിഞ്ഞില്ലായിരുന്നു... അവരുടെ കെെലി... അതൂർന്നുവീഴുമോ?... ആർക്കമിഡീസ് 'യുറേക്ക' വിളിച്ചോടിയപോലെ ആകുമോയെന്ന് ഞാൻ ശങ്കിക്കാതിരുന്നില്ല... പെട്ടെന്നൊരാൾ എവിടുന്നോ പ്രത്യക്ഷപ്പെട്ട് അവരെ ശകാരിച്ചു തിരികെ കൊണ്ടുപോയി... ഉച്ചയൂണ് പോലും ത്യജിച്ചുള്ള അടയ്ക്കാതിരച്ചിലാണെന്ന് അയാളുടെ വാക്കിൽ നിന്ന് വ്യക്തമായി... ഞാനും ആര്യയും തലയ്ക്കടിയേറ്റതു പോലെ കുറച്ചു നേരം നിന്നു... അന്നത്തിനേക്കാളും ലഹരിക്കു വിലയുണ്ടത്രെ!!! ഞാൻ പതുക്കെ ആ തേൻവരിക്കയിലേക്കൊന്നു നോക്കി.... അത് ചമ്മി ചൂളി തല കുനിച്ചു നിക്കുവാണ്....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

Rare in earth

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ