മൽക്കോസ് , ഞാൻ.

മൽക്കോസ് , ഞാൻ.

മൽക്കോസ് , ഞാൻ.

" നിങ്ങൾ ആരെ തിരയുന്നു...? " ;ആ മനുഷ്യൻ ചോദിച്ചു. " നസറായനായ യേശുവിനെ..." ; ഞങ്ങൾ പറഞ്ഞു. " അതു ഞാൻ തന്നേ... "; യേശു ഉത്തരം പറഞ്ഞു. ആ ശബ്ദത്തിന് ഇടിമുഴക്കത്തിന്റെ പ്രകമ്പനമായിരുന്നു... പെരുവെള്ളത്തിന്റെ ഇരച്ചലായിരുന്നു... കൊടുങ്കാറ്റിന്റെ ഇരമ്പലായിരുന്നു. അല്ല, അതൊരു മഹാശബ്ദമായിരുന്നു; ഒന്നിനോടും താരതമ്യപ്പെടുത്താൻ കഴിയുന്നതായിരുന്നില്ല അത്. വെറുമൊരു മനുഷ്യന്റെ വായിൽ നിന്നു വരുന്ന ശബ്ദം പോലെയായിരുന്നില്ല അത്. ഞങ്ങളുടെ കർണ്ണങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അധികം ശക്തി അതിനുണ്ടായിരുന്നു. ഞങ്ങൾ അവിടെ മഹാപുരോഹിതന്റെ ഞാനുൾപ്പടെയുള്ള പടയാളികളും, മൂപ്പൻമാരും ശാസ്ത്രിമാരും മഹാപുരോഹിതൻമാരും ഉണ്ടായിരുന്നു... ഒപ്പം ആ ഇസ്ക്കർയ്യോത്ത യൂദയും! യേശുവിന്റെ ആ ശബ്ദം ഞങ്ങളുടെ മർത്യശരീരത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒരു മിന്നൽപ്പിണർ ഏറ്റപോലെ ഞങ്ങൾ ആ ഗത്ശമന തോട്ടത്തിൽ പിടഞ്ഞു വീണു. എന്റെ ശരീരം മരവിച്ച പോലെ ആയിത്തീർന്നു. ഒരുവേള ഞാൻ മരിച്ചുവോ എന്നുപോലും ഞാൻ ഭയന്നു. ചെറുപ്പം മുതൽ ഞാൻ ധരിക്കുന്ന റോമൻ പടയാളികളുടെ ഭാരമേറിയ കവചത്തിനുള്ളിൽ ഞാൻ പേടിച്ചരണ്ടു. ഒരു കൊച്ച് കുഞ്ഞിനെപ്പോലെ എന്റെ ശരീരം വിറയ്ക്കുവാൻ തുടങ്ങി. ഈ യേശു എന്ന മനുഷ്യൻ ഗലീലക്കാർ വാഴ്ത്തുന്ന ദൈവപുത്രൻ തന്നെ ആയിരിക്കും. അല്ലാതെ ഒരു സാധാരണ മനുഷ്യന്റെ വായിൽ നിന്നും ഇത്രയും ശക്തമായ ശബ്ദം ഉണ്ടാകില്ല. ഞാൻ എന്റെ കണ്ണുകൾ വലിച്ചു തുറന്നു. ഇല്ല, അവനോടിപ്പോയിട്ടില്ല. എന്റെ തൊട്ടു മുൻപിൽത്തന്നെ നിൽപ്പുണ്ട്. ഞാൻ ചുറ്റും നോക്കി... എന്നോടൊപ്പുള്ള എല്ലാവരും തറയിൽ വീണ് കിടക്കുകയാണ്. യൂദാ, ആ മഹാചതിയൻ അവൻ മാത്രം വീണിട്ടില്ല; നിൽക്കുകയാണ്. യേശുവിന്റെ ശിഷ്യൻമാരിൽ കുറച്ചുപേർ അവന്റെ അടുക്കൽ നിൽപ്പുണ്ട്. ബാക്കിയുള്ളവർ ദൂരത്ത് നിന്നും ഇങ്ങോട്ടേക്ക് ഓടിയടുക്കുന്നുണ്ട്. യേശുവിന്റെ മുഖത്തേക്ക് നോക്കുവാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല. എന്നോടൊപ്പുള്ള എല്ലാവരും പേടിച്ചരണ്ട് കിടപ്പുണ്ടായിരുന്നു. " നിങ്ങൾ ആരെ തിരയുന്നു...? " അവൻ വീണ്ടും സംസാരിച്ചു തുടങ്ങി. ഇല്ല ,ഇപ്പോൾ മുഴക്കമില്ല ഈ ശബ്ദം എനിക്കും കേൾക്കാം. അപ്പോൾ പള്ളി പ്രമാണികളിൽ ഒരുത്തൻ വീണ കിടക്കുന്ന ആ കിടപ്പിൽ കിടന്നുകൊണ്ട് പറഞ്ഞു... " നസറായനായ യേശുവിനെ...!" " അതു ഞാൻ തന്നേ എന്നു നിങ്ങളോട് പറഞ്ഞുവല്ലോ. എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടേ." യേശു മുന്നിലേക്ക് ചുവട് വച്ചു. " മൽക്കോസ്... പിടിക്കവനെ. ആ കള്ളനെ !" മഹാപുരോഹിതൻ ആക്രോശിച്ചു. കള്ളനോ! ? ഗലീലാ നിവാസികൾ പറഞ്ഞ് ഞാൻ യേശുവിനെപ്പറ്റി കേട്ടിട്ടുണ്ട്. അവൻ ഒന്നും മോഷ്ടിച്ചതായി ആരും പറഞ്ഞറിഞ്ഞിട്ടില്ല. ഊമനേയും കുരുടനേയും ഇവൻ സൗഖ്യമാക്കിയതായി കേട്ടിട്ടുണ്ട്... രോഗികൾക്ക് സൗഖ്യം നൽകിയതായി കേട്ടിട്ടുണ്ട്. മരിച്ചവരെ ഇവൻ ഉയർപ്പിച്ചിട്ടുണ്ട്. വേശ്യകൾക്ക് പാപമോചനം നൽകിയിട്ടുണ്ട്. ഇവൻ കള്ളനോ! " മൽക്കോസ്... പിടിക്കവനെ. ആ കള്ളനെ ! " മഹാപുരോഹിതൻ വീണ്ടും ആക്രോശിച്ചു. എന്റെ ജീവിതത്തിൽ ഞാനേറ്റവും വെറുക്കപ്പെട്ട ഒരു നിമിഷം. യേശു എന്റെയടുക്കലായി ആണ് നിൽക്കുന്നത്; അവനെ കടന്നുപിടിക്കേണ്ടുന്ന ദൗത്യം എനിക്കാണ്. ഇല്ല, എനിക്കാവില്ല ഈ ഘോരപാതകം ചെയ്യാൻ. സ്വർഗ്ഗസ്ഥനായ ദൈവപുരുഷനെ കൈനീട്ടി പിടിക്കാനോ ! അതെ ഇവൻ ദൈവപുത്രൻ തന്നെ എനിക്ക് അത് അനുഭവിച്ചറിയാം. എല്ലാവരുടേയും നോട്ടം എന്നിലേക്ക് പതിച്ചു. ആ നിമിഷം ഭൂമി പിളർന്ന് ഞാൻ താഴേക്ക് ഊർന്നു പോയെങ്കിൽ എന്നു ഞാനാശിച്ചു.വയ്യാ... എനിക്ക് വയ്യാ. ആരും മുന്നോട്ട് വരുന്നില്ല. ഞാൻ പതിയെ കമിഴ്ന്ന് കിടന്നു കൊണ്ട് മുട്ട് മടക്കി. കൈകൾ തറയിൽ കുത്തി ഞാനെഴുന്നേൽക്കാൻ ശ്രമിച്ചു. എന്റെ കൈകളും കാലുകളും ശക്തമായി വിറക്കുന്നുണ്ടായിരുന്നു. ഞാൻ കുഴഞ്ഞ് വീണ്ടും തറയിൽവീണു. എന്റെ പിറകിൽ നിന്നും ഒരു ആക്രോശം ഞാൻ കേട്ടു " കേഫാവിന്റെ പടയാളികൾ ഇത്രയും ധൈര്യഹീനരോ...?" വീണ്ടും ഞാൻ വിറയാർന്ന കരങ്ങൾ കുത്തി എഴുന്നേറ്റു നിന്നു. ധരിച്ചിരുന്ന ഇരുമ്പ് ചട്ടക്കുളളിൽക്കിടന്ന് ഞാൻ വിറക്കാൻ തുടങ്ങി. എന്റെ ശരീരം വിറങ്ങലിച്ചു പോയി. എനിക്ക് നടക്കാനാകുന്നില്ല. യേശു എന്റെ തൊട്ട് മുൻപിൽത്തന്നെയുണ്ട്. ഹൊ! എന്ത് തേജസ്സാണ് ആ മുഖത്തിന്. വളരെ ശാന്തമായ മുഖത്തോടെ അവൻ എന്നെ നോക്കി നിൽക്കുന്നു. ആ മുഖത്ത്, പ്രപഞ്ചത്തിന്റെ ആദിയും അന്തവും അറിയാവുന്നതിന്റെ സ്വസ്ഥത വിളങ്ങി നിന്നു. അവിടേക്കൊന്ന് നോക്കാൻ പോലും എന്റെ കുറ്റബോധം എന്നെ അനുവദിച്ചില്ല. അവിടെയുള്ള എല്ലാ കണ്ണുകളും എന്നെ കുത്തിത്തുളച്ചു കൊണ്ട് നിന്നു. എന്റെ കൂടെ വന്നവർ തറയിൽ വീണുപോയ തീപ്പന്തങ്ങളുമായി എഴുന്നേറ്റു നിന്നു. ആകാശത്ത് നിന്നും പൂർണ്ണചന്ദ്രന്റെ നിലാവ് ആ ഗത്ശമന തോട്ടത്തിലെങ്ങും പരന്നിരുന്നു. ആ വെളിച്ചത്തിൽ ഞാൻ കണ്ടു, അവിടെയുള്ള ഓരോ ചെടിയും പൂക്കളും ഇലകളും നിശബ്ദം എന്നെ ഉറ്റുനോക്കി നിൽക്കുന്നു; പ്രപഞ്ചസൃഷ്ടിതാവിനെ ഞാൻ എന്തു ചെയ്യുമെന്ന് കാണുവാനായി... വീണ്ടും ആ ആക്രോശം ഞാൻ കേട്ടു " മൽക്കോസ്, പിടിക്കു ആ ചതിയനെ... കേഫാവിന്റെ പടയാളികൾ ഇത്ര ധൈര്യഹീനരോ...?" യേശു എന്റെ അടുക്കൽ നിൽക്കുകയാണ്. ഞാൻ യേശുവിനെ പിടിക്കുവാൻ പോകുകയാണ്.. ഞാൻ തന്നെ പിടിക്കണം. ഹൊ! ദൈവമേ എനിക്കീ ദുർഗ്ഗതി വന്നല്ലോ .എന്റെ ഉള്ളം നീറിപ്പുകഞ്ഞു. ആ രാത്രിയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് തീപ്പന്തങ്ങൾ എരിയുന്ന ശബ്ദം എന്റെ കാതുകളിൽ ഇരമ്പി നിന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നല്ലവണ്ണം അറിഞ്ഞ പോലെ യേശു എന്റെ മുൻപിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തനായി നിൽക്കുന്നു. ഞാൻ എന്റെ വലതുകൈ ഉയർത്തി; ഇല്ല അതുപൊങ്ങുന്നില്ല; ഭയങ്കര കനം. കൈ പൊങ്ങുന്നില്ല. ഇല്ല കേഫാവിന്റെ പടയാളികൾ ഭയക്കാൻ പാടില്ല... ഞാൻ എന്റെ വലതുകൈ ഉയർത്തി യേശുവിന്റെ തോളിൽ പിടിച്ചു. ഇടതു കൈകൊണ്ട് വലത്തേ കൈയ്യിൽ പിടിച്ചു. എന്റെ ഹൃദയമിടിപ്പ് എനിക്ക് ഭീകരമായി അനുഭവപ്പെട്ടു. " ആ... ആ......" പെട്ടെന്നൊരു ആക്രോശത്തോടെ യേശുവിന്റെ പിറകിൽ നിന്നും ഒരു ശിഷ്യൻ വാളുമായി ചാടി വീണു. ഞാൻ അനങ്ങിയില്ല; മരിക്കാൻ തയ്യാറായിരുന്നു ഞാൻ. എന്റെ ശരിരം വിറങ്ങലിച്ചു നിൽക്കുകയാണ്... എനിക്ക് സംഭവിച്ചതൊന്നും ഞാൻ അറിഞ്ഞില്ല. ആ മനുഷ്യൻ ആ വാൾ എന്റെ വയറ്റിൽ കടത്തിയോ... യേശുവിനെ പിടിച്ച എന്റെ കരങ്ങൾ ഛേദിച്ചുവോ... ഒന്നും ഞാനറിഞ്ഞില്ല. പെട്ടെന്ന് യേശു ആ ശിഷ്യനോടായി പറഞ്ഞു. " പത്രോസേ, വാൾ ഉറയിലിടുക. വാളെടുക്കുന്നവനെല്ലാം വാളാൽ നശിച്ചുപോകും. എനിക്ക് സുരക്ഷ നിങ്ങളൊരുക്കുന്നുവോ? സ്വർഗ്ഗസ്ഥനായ എന്റെ പിതാവിനോട് അപേക്ഷിച്ചാൽ ഈ സമയം പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ എനിക്ക് കാവലായി നൽകിത്തരുമെന്ന് നിങ്ങൾക്ക് അറിയില്ലയോ! എന്നാൽ ഇതെല്ലാം തിരുവെഴുത്തുകൾ പ്രകാരം സംഭവിക്കേണ്ടുന്ന താകുന്നു. യേശു തിരിഞ്ഞു ഞങ്ങളോടായി ചോദിച്ചു.'' ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ദൈവാലായത്തിൽ നിങ്ങളുടെ സമീപം തന്നെ ഉപദേശിച്ചിട്ടും എന്നെ പിടിച്ചില്ല. എന്നാൽ ഇതൊക്കെയും പ്രവാചകൻമാരുടെ എഴുത്തുകൾ നിവൃത്തിയാക്കേണ്ടതിന് സംഭവിച്ചു." എന്റെ തലയുടെ ഇടത് ഭാഗം വേദനിക്കുവാൻ തുടങ്ങി. ചൂടുള്ള എന്തോ അതുവഴി താഴേക്ക് ഒഴുകുന്നു. ഞാൻ യേശുവിനെ പിടിച്ചിരുന്ന എന്റെ കൈവിടുവിച്ച് തലയുടെ ഇടതുഭാഗത്തായി പരതി നോക്കി. ഹൊ! എന്റെ ചെവി നീറുന്നു. ഞാൻ വീണ്ടും പരതി... ദൈവമേ... എന്റെ ഇടത് ചെവി അറ്റുപോയിരിക്കുന്നു.! പത്രോസ് എന്റെ കാത് വെട്ടിമുറിച്ചു.! എന്റെ കൈയ്യാകെ ചോരയിൽ കുതിർന്നു. എന്റെ ബലം ക്ഷയിച്ചു. ഞാൻ മണ്ണിലേക്ക് വീണു പോയി. അപ്പോഴേക്കും മറ്റു പടയാളികൾ ഓടി വന്ന് യേശുവിനെ പിടിച്ചു വലിച്ചു. " എന്നെ വിടുക " യേശുവിന്റെ ആ വാക്കിൻ ശക്തിയിൽ എല്ലാവരുടേയും പിടി അയഞ്ഞു. അവൻ പതിയെ തിരിഞ്ഞു എന്റെ അടുക്കൽ വന്ന് കുനിഞ്ഞ് മുട്ടിൻമേൽ നിന്നു. എന്നിട്ട് തറയിൽ വീണു കിടന്നിരുന്ന എന്റെ ചെവിയുടെ മാംസക്കഷണം അവന്റെ വലംകൈകൊണ്ടെടുത്ത് എന്റെ തലയുടെ ഇടത് ഭാഗത്തേക്ക് ചേർത്തിട്ട് സ്വർഗ്ഗത്തിലേക്ക് നോക്കി എന്തോ ഉരുവിട്ടു. എന്നിട്ട് എഴുന്നേറ്റ് തിരികെ പടയാളികളുടെ അടുക്കലേക്ക് നടന്നകന്നു. അന്തം വിട്ടുനിന്ന പടയാളികൾ യേശുവിനെ കടന്നുപിടിച്ചു, വലിച്ചു. അറുക്കാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെ അവർ യേശുവിനെ അടിച്ചും തള്ളിയും നടത്തിക്കൊണ്ട് പോയി. യേശു യാതൊന്നും പ്രതികരിക്കാതെ അവർക്കൊപ്പം നടന്നു. അവിടെയുണ്ടായിരുന്ന അവന്റെ ശിഷ്യൻമാർ എല്ലാവരും യേശുവിനെ പിടിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ട് ഇരുളിലേക്ക് ഓടി മറഞ്ഞു. ഞാൻ ഒറ്റയ്ക്കായി ആ ഗത്ശ്ശമേനയിൽ. എന്നോടൊപ്പമുണ്ടായിരുന്ന ആരോ ഒരാൾ എന്നെ വന്നു വിളിച്ചു. " മൽക്കോസേ വാ, യേശുവിനെ കിട്ടി. നമുക്ക് പോകാം." ഇല്ല, ഞാൻ വരുന്നില്ല. എനിക്ക് വരുവാനാവില്ല. ആ നിഷ്ക്കളങ്കന്റെ രക്തത്തിൽ എനിക്ക് പങ്കാളിയാകാൻ വയ്യ. യേശു എനിക്കൊരു ദോഷവും ചെയ്തിട്ടില്ല. അല്ല, ആർക്കും ഒരു ദോഷവും അവൻ ചെയ്തിട്ടില്ല. എന്നിട്ടും അവനെ നശിപ്പിക്കാൻ ലോകം മുഴുവനും ഒത്തുചേരുന്നു. കുറ്റമില്ലാത്ത രക്തം ചൊരിയിക്കാൻ ചെന്നായ്ക്കൾ കൂട്ടം കൂടുന്നു. ഹൊ! ഞാൻ എത്ര വലിയ പാപമാണ് ചെയ്തത്, ദൈവത്തിന്റെ പുത്രനെ കൈനീട്ടി പിടിച്ചിരിക്കുന്നു. എന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല; പുഞ്ചിരിച്ചതേയുള്ളൂ. അറ്റുപോയ എന്റെ ചെവി അവൻ തിരികെ സ്വസ്ഥാനത്ത് വച്ച് സൗഖ്യമാക്കിത്തന്നു. അവൻ ദൈവപുത്രനായ മശിഹാ തന്നെ. അവനെക്കൊണ്ടല്ലാതെ വേറെയാർക്കും ഇങ്ങനെ സൗഖ്യമാക്കാൻ പറ്റില്ല." ഞാൻ ദൂരേക്ക് നോക്കി. തീപ്പന്തവുമായി റോമൻ പടയാളികളും പുരോഹിതൻമാരും നടന്നകലുന്നു. യേശുവിനെ ചങ്ങലയാൽ ബന്ധിച്ചിട്ടുണ്ട്‌. ഇടയ്ക്കിടെ യേശുവിനെ അവർ തള്ളിയിട്ട് വലിച്ചിഴക്കുന്നുണ്ട്, എന്നിട്ട് അട്ടഹസിച്ച് ചിരിക്കുന്നു. ആ അട്ടഹാസങ്ങൾ സൗഖ്യമാക്കപ്പെട്ട എന്റെ ചെവിയിൽ ആർത്തലച്ച് തുളച്ച് കയറി. ആ ശബ്ദം എന്റെ അസ്ഥികളെ നുറുക്കി. എനിക്ക് എഴുന്നേൽക്കാനാവില്ല. ഗത്ശമേനയിലെ ആ മണ്ണിൽ ഞാൻ കമിഴ്ന്ന് വീണു; യേശു ചവിട്ടി നിന്ന മണ്ണിൽ എന്റെ മുഖം അമർന്നു, ഈ പാപിയോട് പൊറുക്കണേ എന്ന അപേക്ഷയുമായി. - രഞ്ജിത്ത് കുമാർ.എം ( ആധാരം: വിശുദ്ധ വേദപുസ്തകം, യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18;10 "ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മല്‍ക്കൊസ് എന്നു പേര്‍." ലൂക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 22:51 " അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.") *ലെഗ്യോൻ - ദൂതൻമാരുടെ ബറ്റാലിയൻ / പട്ടാളക്കാരുടെ ബറ്റാലിയൻ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ