മിഠായി

മിഠായി

മിഠായി

മൊബൈൽ ഫോണിൽ വിരുന്നു വന്ന വാട്സാപ്പ് സന്ദേശങ്ങൾക്കിടയിൽ ഒരെണ്ണം അനുവിന്റെ കണ്ണിലുടക്കി. 18 വയസ്സിൽ താഴെയുള്ള ടൈപ്പ് 1 പ്രേമേഹ ബാധിതരായ കുട്ടികൾ ക്കു വേണ്ടിയുള്ള " മിട്ടായി " പദ്ധതിയിൽ രെജിസ്റ്റർ ചെയ്യേണ്ടതിനെ കുറിച്ചുള്ള സന്ദേശമായിരുന്നു അത്. പേരിലുള്ള മധുരം അതിൽ ഉൾപ്പെടുന്നവരുടെ മനസ്സിൽക്കൂടി പകർന്നെങ്കിൽ ! താനൊരു മധുര പ്രിയയാണെന്ന് അവളോർത്തു. പ്രേമേഹ പാരമ്പര്യം അതിന്റെ വേരുകൾ താവഴിയിലൂടെ നീണ്ടു വന്നു തുടങ്ങിയിരിക്കുന്നു. മധുരം കുറക്കാൻ അമ്മയുടെ വക ഉപദേശം ആ കാരണം കൊണ്ട് കൂടിയാവാം.
പക്ഷെ പൂമ്പാറ്റ പോലെ പറക്കേണ്ട പ്രായത്തിൽ ഇൻസുലിൻ ഉമ്മകൾ ഏറ്റു വാങ്ങാൻ മാത്രം എന്തു തെറ്റാണു ഈ കുരുന്നുകൾ ചെയ്തിട്ടുണ്ടാവുക ? ചിന്തകൾ പിറകോട്ടു പോകുന്നു. താനെന്നു പ്ലസ് വൺ നു ചേർന്ന സമയം. ജൂലൈ മാസത്തിലെ ഒരു പകൽ. ചാറ്റൽ മഴ നനഞ്ഞു കൊണ്ടു ഒരു കുട്ടി ക്ലാസ്സിൽ കയറി വന്നു.
ഒന്നാമത്തെ പീരിയഡ് അപ്പോഴേക്കും അവസാനിക്കാറായിരുന്നു. ഞങ്ങൾ കുട്ടികൾ എല്ലാം അവനെ കൗതുകത്തോടെ നോക്കി. പൊക്കം തീരെ കുറഞ്ഞു മെലിഞ്ഞ ദേഹം. മുച്ചിറിയുടെ വിരൂപതയുണ്ടെങ്കിലും ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ ഓമനത്തം കണ്ണുകളിൽ തിളങ്ങി നിന്നിരുന്നു. പേര് " ലല്ലു " എന്നു പറഞ്ഞപ്പോൾ ശരിക്കും അവനൊരു കാർട്ടൂൺ കഥാപാത്രം ആണോ എന്നു തോന്നി. ആരോടും മിണ്ടാതെ ഒരു ബെഞ്ചിൽ ഒതുങ്ങിയിരിക്കുന്ന അവനോടു ഞങ്ങൾ മിണ്ടാൻ പോയില്ല.
ആഴ്ച ഒന്നു കഴിഞ്ഞപ്പോൾ അവനെ ക്ലാസ്സിൽ കണ്ടില്ല. മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് പ്രത്യക്ഷപ്പെട്ടത്. കാര്യം തിരക്കിയപ്പോൾ അസുഖം പിടിപെട്ടുവെന്ന് ഒഴുക്കൻ മട്ടിൽ മറുപടി ലഭിച്ചു. എന്നെ സംബന്ധിച്ചിടത്തോളം പുതിയ സ്കൂൾ ഒട്ടും സന്തോഷം തന്നില്ല. പഴയ സ്കൂളും കൂട്ടുകാരും മനസ്സിൽ നിന്നും പോയിരുന്നില്ല. എങ്കിലും അവരിൽ കുറച്ചു പേർ ഈ സ്കൂളിൽ ചേർന്നുവെന്നത് കുറച്ചൊക്കെ ആശ്വാസം നൽകി. ലല്ലുവിന്റെ ശബ്ദം ക്ലാസ്സിൽ ഉയർന്നു കേട്ടില്ല. അവന്റെ സാന്നിധ്യം അത്ര പ്രാധാന്യമുള്ളത് അല്ലായിരുന്നല്ലോ.
പുതിയ സിലബസിന്റെ കുരുക്കഴിക്കുന്ന തിരക്കിനിടയിൽ അവന്റെ തിരോധാനം ആരും ശ്രദ്ധിച്ചില്ല. എങ്കിലും ഏതോ സ്ഥായീ രോഗത്തിന്റെ നിഴൽ അവനിൽ കാണാൻ കഴിയുമായിരുന്നു. ആരും അവനോടു ഒന്നും ചോദിച്ചില്ല. ദിവസങ്ങളുടെ ഇടവേളകൾ സൃഷ്ടിക്കുന്ന ശൂന്യതകൾ നികത്താൻ തക്ക വണ്ണം ആരുമായും അവനു അടുപ്പമുണ്ടായിരുന്നില്ല. ഫിസിക്സ്‌ ക്ലാസ്സ്‌....... കണ്ണുകളിൽ നിദ്ര ദേവി തഴുകി തലോടി വന്ന നിമിഷം അന്തരീക്ഷത്തിന്റെ നിശബ്ദത ഭജ്ഞിച്ചു കൊണ്ട് അധ്യാപകന്റെ ശബ്ദം ഉയർന്നു. ഉത്തരം പറയേണ്ട ആൾ ആരാണ് ? ചൂണ്ടു വിരൽ ലല്ലു വിന്റെ നേർക്ക്. ഒട്ടും പതറാതെ കൃത്യം ഉത്തരം നൽകിയത് ഞങ്ങളെ അമ്പരപ്പിച്ചു. ക്ലാസ്സിൽ ഇടയ്ക്കിടെ വരാതെ ഇരുന്നു എങ്കിലും ആൾ മിടുക്കൻ ആണെന്ന് ഉറപ്പിച്ചു. രോഗത്തിന്റെ പിടിയിൽ നിന്ന് കൊണ്ട് പൊരുതാനുള്ള ചങ്കൂറ്റം അവനുണ്ട് എന്ന് ഞങ്ങൾക്ക് മനസിലാക്കാൻ പിന്നെയും സന്ദർഭങ്ങൾ ഉണ്ടായി.പിന്നീടുള്ള ദിനങ്ങളിൽ കൂട്ടുകാരോട് അവൻ കൂടുതൽ അടുത്തു. ഓണ പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചു. പത്തു ദിനങ്ങൾ ! പെട്ടന്ന് കടന്നു പോയി.അവധി തീർന്നു സ്കൂൾ തുറന്നു.മടി പിടിച്ച മനസുമായി സ്കൂളിലെക്ക്. ഗേറ്റിനടുത്തു പതിവില്ലാതെ ആൾക്കൂട്ടം കണ്ടു ഒന്നമ്പരന്നു. ക്ലാസ്സിലെ കുട്ടികൾ വരി വരിയായി നിൽക്കുന്നു. എല്ലാരുടെയും കണ്ണുകളിൽ പറഞ്ഞറിയിക്കാനാവാത്ത നൊമ്പരം തങ്ങി നിന്നിരുന്നു. ആ യാത്ര ലല്ലുവിന്റെ വീട്ടിൽ പോകാനുള്ളതായിരുന്നു. സ്വപ്നങ്ങൾ ബാക്കി വച്ച്, മറഞ്ഞു പോയ കൂട്ടുകാരനെ അവനുറങ്ങുന്ന മണ്ണിൽ ഒരു പിടി പൂക്കൾ അർപ്പിക്കുന്ന നേരം അറിയാതെ മിഴികൾ നിറഞ്ഞു. ഓണത്തിന്റെ ദിനങ്ങളിൽ രോഗം മൂർച്ഛിച്ചത്രേ. പ്രേമേഹമെന്ന വില്ലൻ ലല്ലു വിന്റെ ജീവിതത്തിൽ തന്റെ റോൾ ഭംഗിയായി നടപ്പാക്കി. കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ............ മരണവീട്ടിൽ അന്ന് കത്തിച്ചു വച്ചിരുന്ന സാമ്പ്രാണി തിരിയുടെ രൂക്ഷ ഗന്ധം മൂക്കിൽ തുളച്ചു കേറുന്ന പോലെ............... കൈയ്യിലിരിക്കുന്ന മൊബൈലിൽ തെളിഞ്ഞ സന്ദേശത്തിൽ വീണ്ടും അവളുടെ ശ്രദ്ധ തിരിഞ്ഞു. കൈകൾ ഷെയർ ബട്ടണിലേക്ക് നീണ്ടു.

-  പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ