പക

പക

പക

'പ്രിയേ, നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്...'
'എനിക്കൊന്നും കേൾക്കണ്ട. എല്ലാം നിർത്തി എന്ന് എന്നോട് പറഞ്ഞതല്ലേ?'
'ഞാനായിട്ട് ഒന്നിനും പോയതല്ലല്ലോ, ഇങ്ങോട്ട് വന്നാൽ എന്താ ചെയ്യാ?'
'ഏട്ടന് ഇപ്പോഴും ഒന്നും മനസിലാവുന്നില്ല. നഷ്ടങ്ങൾ എല്ലാം എനിക്കാണല്ലോ'
'പ്രിയേ, നീയും എല്ലാം കണ്ടതല്ലേ, എന്നിട്ടും ഇങ്ങനെ പറഞ്ഞാലോ?'

അതെ എല്ലാം ഞാൻ നേരിൽ കണ്ടതാണ്. എന്റെ വിഷ്ണു ഏട്ടന്റെ ഇങ്ങനെ ഒരു രൂപം , അത് ആദ്യമായിട്ടാണ്.
ഇന്നായിരുന്നു വയങ്കാവിലെ വേല. നാടും വീടും എല്ലാം ഉത്സവ ലഹരിയിൽ അമർന്നിരിക്കുന്ന സമയം. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ വേലയാണ്, അത്കൊണ്ട് ഏട്ടനെ കൂട്ടുകാരുടെ കൂടെ വിടാതെ ഒപ്പം കൂട്ടി. കൂട്ടുകാർ പാട്ട് പാടി ഡാൻസ് കളിച്ച് വരുമ്പോൾ ഏട്ടൻ ഞങ്ങളുടെ ഒപ്പം അനുസരണയുള്ള കുട്ടിയായി വന്നു.

കുട്ടിക്കാലത്ത് പൂരത്തിനും വേലയ്ക്കും പോകുമ്പോൾ അച്ഛൻ കൈപിടിച്ച് പൂരപ്പറമ്പ് മുഴുവൻ കാണിക്കും. പെൺകുട്ടിയായ ഞാൻ ഒരു പെണ്ണായപ്പോൾ എന്റെ എല്ലാ ഇഷ്ടവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. കൂട്ടത്തിൽ പൂരപ്പറമ്പിലെ കറക്കവും. പിന്നെ അമ്മയുടെ ഒപ്പം ഏതെങ്കിലും ഒരു മൂലയിൽ നിന്ന് പൂരം കാണണം. ഒരു കോൽ ഐസ് പോലും അമ്മ വാങ്ങിത്തരില്ല, വേണമെങ്കിൽ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ വാങ്ങിത്തരാം എന്ന് പറയും. അത് ഉണ്ടാവുകയുമില്ല. എത്രയൊക്കെ അണിഞ്ഞൊരുങ്ങി പോയാലും കാണാൻ ആളുണ്ടാവില്ല, പെണ്ണുങ്ങൾ മാത്രം ഉള്ള ഭാഗത്തേ അമ്മ നിൽക്കൂ. പൂരം കഴിയുന്നതിന് മുന്നേ വീട്ടിലേക്കും പോകും. പൂരപ്പറമ്പിലെ വളകളേക്കാൾ നല്ലത് ഫാൻസി കടയിൽ കിട്ടും എന്നറിയാഞ്ഞിട്ടല്ല, അത് വാങ്ങുമ്പോൾ കിട്ടുന്ന മനഃസുഖം ആണ് പ്രധാനം. അവിടെയും മുതിർന്ന പെണ്ണാണ് എന്ന ന്യായം പറഞ്ഞ് എന്റെ ആഗ്രഹം തുറങ്കിലടയ്ക്കപ്പെട്ടു.
അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിലോ എന്ന്, അനിയനായാലും മതി. പക്ഷേ ദൈവം തന്നത് അനിയത്തിയെ ആയിരുന്നു. അവളാണെങ്കിലോ അമ്മയുടെ അതേ സ്വഭാവവും.

കൗമാരപ്രായത്തിൽ ഭാവി വരനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ നെയ്യുമ്പോഴാണ് വീണ്ടും പൂരവും പൂരപ്പറമ്പും മനസ്സിലേക്കോടി വന്നത്.
പെണ്ണായത് കൊണ്ട് ഹനിക്കപ്പെട്ട എന്റെ സ്വാതന്ത്ര്യങ്ങൾ തിരിച്ച് പിടിക്കണം, അതിന് താലികെട്ടിയ ഒരുത്തന്റെ തണൽ വേണം.
ഭർത്താവിന്റെ കൈപിടിച്ച് , തല ഉയർത്തിപ്പിടിച്ച് കൊണ്ട്തന്നെ കറങ്ങിനടക്കണം.
ആ ആഗ്രഹം വിഷ്ണു ഏട്ടനോട് പറഞ്ഞു, ഏട്ടനും അത് ഇഷ്ടമായിരുന്നു. എല്ലാവരും ഒരുമിച്ച് ആണ് കാവിൽ എത്തിയത്, ആൽത്തറയ്ക്ക് മുകളിൽ സ്ഥാനം പിടിച്ചു. അവിടെ നിന്നാൽ എല്ലാ കാഴ്ചയും കാണാം. കുറച്ച് നേരം ഞങ്ങളുടെ ഒപ്പം നിന്ന് ഏട്ടൻ പോയി, കുറച്ച് കഴിഞ്ഞ് എല്ലാവർക്കുമുള്ള ഐസ് ക്രീം വാങ്ങി വന്നു. പിന്നെയും പോയി എല്ലായിടവും കറങ്ങി തിരിച്ച് വന്നു. ആ വരവിൽ ഞാൻ ഏട്ടന്റെ കൈയ്യിൽ തൂങ്ങി. ആദ്യം പോയത് ഫാൻസി കടകളിലേക്ക് ആയിരുന്നു. കുപ്പിവളകളും ഹെയർ ക്ലിപ്പുകളും വാങ്ങി. കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടി.
'മതിയോ? ഇനി എന്താ വേണ്ടത്?'
'ഇപ്പൊ ഇത് മതി. പൊരിയും മുറുക്കും വേണ്ടേ?'
'അത് ഞാൻ വരുമ്പോൾ കൊണ്ട് വന്നാൽ പോരേ?'
'അപ്പൊ ഞങ്ങൾക്കൊപ്പം വരുന്നില്ലേ?'
'നിങ്ങൾ ഇപ്പൊ പോവില്ലേ? പൂരം കഴിയാൻ സമയം ഉണ്ടല്ലോ'
'നമുക്ക് പോവാം ഏട്ടാ. കാണാൻ ഉള്ളതെല്ലാം വന്നില്ലേ?'
'എന്നാൽ ഇത്തവണ അങ്ങനെ ആകട്ടെ. ആദ്യം ഇതൊക്കെ അമ്മയുടെ അടുത്ത് കൊടുക്കാം. എന്നിട്ട്പോകുന്ന വഴിക്ക് സാധനങ്ങൾ വാങ്ങാം'

ഇത് പറഞ്ഞ് നടക്കുമ്പോൾ രണ്ട് മൂന്നാളുകൾ വന്ന് ഏട്ടനെ തടഞ്ഞു. അവരുടെ ഫ്ളക്സ് ബോർഡ് തകർത്തു എന്നാണ് കേസ്. എനിക്ക് അറിയില്ല, ഞാൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞ് ഏട്ടൻ ഒഴിഞ്ഞ് മാറി. വഴക്ക് ആവും എന്ന് തോന്നിയത് കൊണ്ട് ഞാൻ ഏട്ടന്റെ കൈപിടിച്ച് വലിച്ചു നടന്നു. അപ്പോഴും അവർ പിന്നിൽ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവരെ തിരിഞ്ഞ് നോക്കിയ ഏട്ടനെ ഞാൻ വലിച്ച് കൊണ്ട് വന്നു. കുറച്ച് പോന്നപ്പോഴേക്കും അവിടെ ഗംഭീര അടി തുടങ്ങി. ആ കൂട്ടത്തിൽ ശരത്തും മനുവും ഉണ്ണിയുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ഏട്ടന്റെ കൂട്ടുകാർ. എന്റെ കൈ വിടുവിച്ച് ഏട്ടൻ അങ്ങോട്ട് ഓടുന്നത് മാത്രേ ഞാൻ കണ്ടുള്ളു. നിമിഷങ്ങൾക്കൊണ്ട് പൂരപ്പറമ്പ് യുദ്ധക്കളമായി. ആരൊക്കെയോ എവിടുന്നൊക്കെയോ ഓടി വരുന്നു. വടികളും കല്ലുകളും പറക്കുന്നു.
അന്തരീക്ഷം മോശമായ ഉടൻ അച്ഛൻ എവിടെ നിന്നോ പാഞ്ഞ് വന്ന് ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് പോന്നു. ഏട്ടനെ പിന്നെ കാണുന്നത് രാത്രി പന്ത്രണ്ട് മണിക്കാണ്. വന്ന് കയറിയതും അമ്മയുടെയും അച്ഛന്റെയും വക നല്ല ചീത്ത കേട്ടു. ഏട്ടൻ എപ്പോഴത്തെയും പോലെ ഒന്നും മിണ്ടാതെ ഇരുന്നു.
രംഗം കുറച്ചൊന്നു ശാന്തമായപ്പോൾ പോയി കുളിച്ച് വന്നു. ഏട്ടൻ അഴിച്ചിട്ട തുണികൾ ഞാൻ നോക്കി, ഷർട്ട് ചെറുതായി കീറിയിട്ടുണ്ട്, മുണ്ടിൽ അങ്ങിങ്ങായി ചോരക്കറ ഉണ്ട്. ഏട്ടൻ ഭക്ഷണം കഴിച്ച് റൂമിൽ എത്തുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല. ഇപ്പോൾ എനിക്ക് പിടിച്ച് നില്ക്കാൻ പറ്റുന്നില്ല. ആദ്യം നോക്കിയത് ആ മുണ്ടിലെ ചോര എവിടെ നിന്നാണെന്നാണ്. ഭാഗ്യത്തിന് അത് ഏട്ടന്റെ ശരീരത്തിൽ നിന്നല്ല.

'ഏട്ടാ, വല്ലതും പറ്റിയോ? മറ്റുള്ളോർക്ക് എന്തെങ്കിലും ആയോ?'
'ഇല്ലെടീ, ഞങ്ങൾക്ക് ആർക്കും ഒന്നുമില്ല. അവന്മാർക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. അമ്പലപ്പറമ്പിലാ അവന്റെയൊക്കെ രാഷ്ട്രീയം'
'എന്തിനാ ഏട്ടാ ഇതിനൊക്കെ പോണേ?'
'ഡോ, ഇത് ഞാൻ അറിയാത്ത കാര്യം ആണ്. അവരുടെ പാർട്ടി സമ്മേളനത്തിന്റെ ഫ്ളക്സ് ബോർഡ് ആരോ പൊളിച്ചു ത്രേ, അതിനാണ് നമ്മടെ നേർക്ക് വരണത്. അങ്ങനെ ഉണ്ടായാൽത്തന്നെ അത് ചോദിക്കാനുള്ള സ്ഥലമാണോ അമ്പലപ്പറമ്പ്?'
'ഏട്ടാ, എനിക്ക് ഏട്ടനേ ഉള്ളൂ എന്നറിഞ്ഞൂടെ? ഇത്രയും കാലം ഉള്ളത് പോട്ടെ ഇനി ഇതൊന്നും വേണ്ട ഏട്ടാ. നമുക്കൊരു ഉണ്ണി വരാൻ പോവല്ലേ, എനിക്ക് പേടിയാ ഏട്ടാ'
'പ്രിയേ, ഞാൻ വേണം എന്ന് കരുതി ഒന്നും ചെയ്യുന്നതല്ല. ഒരു സമൂഹജീവി ആയത് കൊണ്ട് ചില കാര്യങ്ങളിൽ ഇടപെടുന്നു എന്നേ ഉള്ളൂ. ഇന്ത്യ ആര് ഭരിച്ചാകും കേരളം ആര് ഭരിച്ചാലും എനിക്ക് കുഴപ്പമില്ല. എം.എൽ.എ ആരായാലും എം.പി ആരായാലും എന്നെ ബാധിക്കില്ല. പഞ്ചായത്ത് ഭരിക്കുന്നതും വാർഡ് മെമ്പറും ഏത് പാർട്ടിക്കാരനായാലും എനിക്ക് വിഷയമല്ല. നമ്മുടെ സ്ഥലം, ഈ കണ്ണമംഗലത്ത് ജനിച്ച് വളർന്നവനാ ഞാൻ. ഇവിടെത്തെ കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശവും അധികാരവും എനിക്കുണ്ട്. അത് ചെയ്യുകതന്നെ വേണം. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.'
'എനിക്ക് പേടിയായത് കൊണ്ടാ ഏട്ടാ...'
'നിനക്കറിയാലോ,നിന്നെ കെട്ടിയതിന് ശേഷം ഞാൻ എന്തെങ്കിലും പ്രശ്നത്തിന് പോയിട്ടുണ്ടോ? മുൻപ് രാത്രി പതിനൊന്ന് മണിക്കും പന്ത്രണ്ട് മണിക്കുമാ വീട്ടിൽ കേറിയിരുന്നത്. ഇപ്പോൾ ഒൻപത് മണിക്ക് മുൻപ് എത്തുന്നില്ലേ? ഇത്രയൊക്കെ ഒഴിഞ്ഞ് മാറിയിട്ടും അവന്മാർ അടങ്ങി ഇരിക്കുന്നില്ലല്ലോ. ആ കൂട്ടത്തിൽ വിജീഷ് ഉണ്ട്, പണ്ട് അവനിട്ട് ഞാൻ നാലെണ്ണം കൊടുത്തതാ. അതിന്റെ കണക്ക് തീർക്കാൻ വന്നതാ അവൻ'
'അതൊക്കെ പോട്ടെ. ഏട്ടൻ ഇനി ഒന്നിനും പോകരുത്. നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും'
'ഇല്ല, മനപ്പൂർവം ഞാൻ ഒന്നിനും പോവില്ല. പരമാവധി ഒഴിഞ്ഞ് മാറുകയും ചെയ്യാം. പിന്നെ അളമുട്ടിയാൽ ചേരയും കടിക്കില്ലേ?'
'ഉം, അങ്ങനെ എന്തെങ്കിലും തോന്നുമ്പോൾ എന്നെയും നമ്മുടെ വാവയെയും ഓർക്കണം'
'ഉം, അതൊക്കെ പോട്ടെ. നമുക്ക് ഉറങ്ങാം? രാവിലെ കാവിലേക്ക് പോകണം, രാത്രിപ്പൂരം ഉണ്ട്. അത് കഴിഞ്ഞ് വരുമ്പോൾ ഞാൻ പൊരിയും മുറുക്കും കൊണ്ട് വരാം ട്ടോ'
'രാവിലെ എപ്പോ പോകും?'
'ഒരു മൂന്ന് മണിക്ക് പോകണം'
'അത്രയും നേരത്തെയോ? എന്നാ വേഗം ഉറങ്ങിക്കോ. ഇനി വെറും രണ്ട് മണിക്കൂർ കൂടിയേ ഉള്ളൂ'
'ഉം'

ഏട്ടൻ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകൻ ആയിരുന്നുത്രേ. എന്ത് കാര്യത്തിനും ആദ്യം ഓടിയെത്തും. സ്വന്തം ജീവിതം നോക്കാറേ ഇല്ല. ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതം ആയിരുന്നു. പണിയെടുത്ത് കിട്ടുന്ന പൈസ മുഴുവൻ നാട്ട്കാർക്ക് വേണ്ടി ചിലവാകും. പൊതുപ്രവർത്തനം ആയത് കൊണ്ട് അടിപിടിക്ക് കുറവൊന്നും ഇല്ലായിരുന്നു. പോലീസ് സ്റ്റേഷൻ, ആശുപത്രി, കോടതി. ഒരു മാസത്തിലെ പകുതി ദിവസവും ഇവിടെയൊക്കെയായി പോകും. കല്യാണം കഴിഞ്ഞതോടെയാണ് ഇതിനൊക്ക മാറ്റം വന്നത്. കൃത്യമായി പണിക്ക് പോകും. കിട്ടുന്ന പൈസയിൽ നിന്ന് അമ്മയ്ക്ക് വീട്ട് ചിലവിനുള്ളത് കൊടുക്കും. അച്ഛന് വല്ലപ്പോഴും കുറച്ച് പൈസ കൊടുക്കും, ബാക്കി കൃത്യമായി എന്റെ കയ്യിൽ തരും. ഞാൻ ചോദിച്ചിട്ടൊന്നുമല്ല, പണം കൊടുക്കുന്നതും വാങ്ങുന്നതും എന്നെ ഏൽപ്പിച്ചത്. ഇപ്പൊ പൊതുപ്രവർത്തനം ഒന്നുമില്ലേ എന്ന് ഞാൻ കളിയാക്കി ചോദിക്കും അപ്പോൾ പറയും. ഞാൻ കുറച്ച് കാലം പ്രവർത്തിച്ചു, ഇനി പുതിയ ആളുകൾ വരട്ടെ. എന്നാലല്ലേ ഇത് നിലനിന്ന് പോകൂ. എല്ലാം ഒരാളിൽ മാത്രം കേന്ദ്രീകരിച്ചാൽ അയാൾക്കെന്തെങ്കിലും പറ്റിയാൽ ഇതുവരെ ഉള്ളത് തുടർന്ന് പോകാൻ പറ്റില്ല. പിന്നെ ഞാൻ ഒന്നും നിർത്തിയിട്ടൊന്നുമില്ല, മുന്നിൽ നിന്ന് ഒരൽപം പിന്നിലേക്ക് മാറി എന്നേ ഉള്ളൂ. പൊതുപ്രവർത്തനത്തിന്റെ ഒപ്പം കുടുംബജീവിതവും മുന്നോട്ട് കൊണ്ട് പോകണ്ടേ.

കിടന്ന ഉടനെ ഉറങ്ങിപ്പോയി. എണീച്ചപ്പോഴേക്കും ഏട്ടൻ പോയിരിക്കുന്നു, അച്ഛനും പോയിട്ടുണ്ട്. വേഗം അടുക്കളയിൽ കയറി അമ്മയെ സഹായിച്ചു. ഏഴ് മണി ആയപ്പോഴേക്കും വലിയ കവറുകളുമായി അച്ഛനും ഏട്ടനും പടികടന്ന് വരുന്നത് കണ്ടു. പടിക്കലേക്ക് ചെന്ന് അച്ഛന്റെ കയ്യിലെ കവർ വാങ്ങി.
പെട്ടന്നാണ് രണ്ട് ബൈക്കുകൾ വീടിന് മുന്നിൽ നിർത്തിയത്, അവർ ഓടിയിറങ്ങി, കയ്യിൽ വടിയും ഇരുമ്പ് പൈപ്പും ഉണ്ടായിരുന്നു. പ്രതികരിക്കാൻ സമയം കിട്ടുന്നതിന് മുന്നേ അവർ ഏട്ടനെ ആക്രമിച്ചു. ചവിട്ടേറ്റ് നിലത്ത് വീണ ഏട്ടനെ അവർ വടികൊണ്ട് തല്ലി, തടയാൻ ചെന്ന അച്ഛനെ പിടിച്ച് തള്ളിയിട്ടു.

ഞങ്ങളുടെ നിലവിളി കേട്ട് അടുത്ത വീട്ടിൽ നിന്നും ആരൊക്കെയോ വരുന്നുണ്ടെന്ന് മനസിലായ അവർ വേഗം വണ്ടിയെടുത്ത് പോയി.

കുറച്ച് പേർ അവരുടെ വണ്ടിയുടെ പിന്നാലെ പോയി, ബാക്കി ഉള്ളവർ പെട്ടന്ന് വണ്ടി വിളിച്ച് ഏട്ടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാം കണ്ട്, കരയാൻ പോലും കഴിയാതെ തളർന്നിരിക്കുകയായിരുന്നു ഞാൻ. ആരൊക്കെയോ ചുറ്റിലും നിൽക്കുന്നുണ്ട്. ചില ശബ്ദങ്ങൾ അവ്യക്തമായി കേൾക്കുന്നുണ്ട്. കണ്ണ് തുറന്നിരിക്കുകയാണെങ്കിലും ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുന്നില്ല. ആരൊക്കെയോ പിടിച്ച് എഴുന്നേൽപ്പിച്ച് മുറിയിലേക്ക് കൊണ്ട് പോകുന്നത് മാത്രം ഓർമ്മയുണ്ട്.

കണ്ണ് തുറന്നപ്പോൾ മുറിയിൽ ആരുമില്ല, ഉമ്മറത്ത് നിന്ന് ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. എഴുന്നേറ്റ് പുറത്തേക്ക് നടന്നു, ശാന്ത ചേച്ചിയുടെ വീട്ടിലെ എല്ലാവരും ഉണ്ട്. ഇവിടെ എന്തുണ്ടെങ്കിലും ആദ്യം ഓടിവരുന്നത് അവരാണ്. എന്നെ കണ്ടതും അമ്മ അടുത്ത് വന്നു.
'പേടിക്കൊന്നും വേണ്ട ട്ടോ, അവന് ഒന്നും പറ്റിട്ടൊന്നുംഇല്ല്യ. '
'അമ്മേ, എനിക്ക് ഏട്ടനെ കാണണം'
'ചേച്ചി, ഏട്ടന് കുഴപ്പൊന്നൂല്യ. ഞാനിപ്പോ ആശുപത്രീന്നാ വരണത്. നാളെ തന്നെ ഡിസ്ചാർജ് ചെയ്യും'
'അമ്മേ, നമുക്ക് ആശുപത്രീൽ പോവാ'
'അവിടെ എല്ലാവരും ഉണ്ട് ചേച്ചി. അച്ഛനും ഉണ്ട്. പിന്നെ ചേച്ചീടെ അനിയൻ വന്നിട്ടുണ്ട്, അവനെ വിളിച്ച് നോക്കിക്കോ'
'ഒന്നുല്യാച്ചാ പിന്നെന്തിനാ ആശുപത്രിയിൽ കിടക്കണത്?'
'അത്, അടിപിടി കേസ് അല്ലേ? നമ്മൾ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. വധശ്രമം എന്ന് പറഞ്ഞാ കൊടുത്തിരിക്കുന്നത്. കേസ് നിലനിൽക്കണമെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകണം. അതിന് വേണ്ടി കിടക്കാ. ഇപ്പൊ അവിടെ ഒരുപാട് പേര് ഉണ്ട്. അത് കൊണ്ടാ ഇപ്പൊ പോരണ്ടാ എന്ന് പറഞ്ഞത്. പിന്നെ വിഷ്ണു ഏട്ടൻ തന്നെയാ എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്'
'സജിത്തേ, നീ അവിടെയുള്ള ആർക്കെങ്കിലും വിളിച്ച് താ, എനിക്ക് ഏട്ടനോട് സംസാരിക്കണം'
'ഓക്കേ ചേച്ചി. ഞാൻ ഇപ്പൊ വിളിച്ച് തരാം'

'ഹലോ'
'ഹലോ, പ്രിയേ.. എനിക്ക് ഒന്നൂല്യാട്ടോ, ഞാൻ നാളെത്തന്നെ വീട്ടിലേക്ക് വരും. മോള് വിഷമിക്കണ്ട ട്ടോ'
ഏട്ടന്റെ ശബ്ദം കേട്ടപ്പോൾ കുറച്ച് ആശ്വാസമായി, എങ്കിലും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകി.
'മോളേ, എനിക്ക് വയ്യാത്തത് കൊണ്ടല്ല, കേസിന്റെ ആവശ്യത്തിന് വേണ്ടിയാ ഇവിടെ കിടക്കുന്നത് ട്ടോ. എന്റെ മോള് ഇപ്പൊ ഇങ്ങോട്ട് വരാനൊന്നും നിക്കണ്ടാ ട്ടോ. ഇവിടെ കൊറേ ആൾക്കാർ ഉണ്ട്. എല്ലാരും ആണുങ്ങളാ. നാളെ രാവിലെ ഡോക്ടർ വന്ന് നോക്കി കഴിഞ്ഞാൽ ഞാൻ നേരെ അങ്ങോട്ട് വരാം ട്ടോ. അത് വരെ വിഷമിക്കാതെ ഇരിക്കണം, നീ വിഷമിച്ചാൽ നമ്മുടെ മോന് വിഷമാവില്ലേ?'
'ഉം'
'എന്നാൽ ഞാൻ ഇപ്പൊ വയ്ക്കട്ടെ? കുറച്ച് കഴിഞ്ഞാൽ എല്ലാവരും പോവും അപ്പൊ ഞാൻ വിളിക്കാട്ടോ. ഇവിടെ അച്ഛനും അപ്പുവും ഒക്കെ ഉണ്ടല്ലോ'
'ഉം'

രാവിലെ മുതൽ ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പ് തോന്നിയില്ല, കിടന്നിട്ട് ഉറക്കവും വന്നില്ല. ഇടയ്ക്ക് ഏട്ടൻ വിളിച്ചിരുന്നു. എന്നെ സമാധാനിപ്പിക്കാനും ചിരിപ്പിക്കാനുമൊക്കെ ഒരു ശ്രമം നടത്തി. ഇങ്ങോട്ട് വാ എന്നിട്ട് ഞാൻ കാണിച്ച് തരാം എന്ന് ഞാനും പറഞ്ഞു.

പിറ്റേ ദിവസം ഉച്ചയോട് കൂടിയാണ് ഏട്ടൻ വീട്ടിലേക്ക് വന്നത്, ആൾക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നു. ഒന്ന് രണ്ട് സ്ഥലത്ത് വീങ്ങിയിട്ടുണ്ട്, നടക്കുമ്പോൾ ചെറിയ മുടന്ത് ഉണ്ട്. എപ്പോഴും ഉള്ള ചിരിയും കൊണ്ടാണ് എന്റടുത്തേക്ക് വന്നത്, കൂടെ വേറെ ആളുകൾ ഉള്ളത് കൊണ്ട് ഞാനും ഒന്ന് ചിരിച്ച് കൊടുത്തു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കിടന്നു, അപ്പോഴും ഏട്ടൻ എന്നെ ചിരിച്ച് കൊണ്ട് നോക്കി.
'താൻ പേടിച്ചോ?
പോട്ടെ ഡോ, ഇതും കൂടി ഇങ്ങനെ പോട്ടെ. ഇനി ഒന്നും ഉണ്ടാവില്ല, പോലീസിൽ പരാതി കൊടുത്തിട്ടുണ്ടല്ലോ, അവരൊക്കെ ഒളിവിൽ പോയി എന്നാ പറയുന്നത്. എന്നാലും അവരുടെ കാര്യം ഇനി പോലീസ് നോക്കിക്കോളും'
ഞാൻ ഏട്ടന്റെ അരികിൽ ഇരുന്നു.
'ഒരുപാട് വേദനിച്ചു ലേ ഏട്ടാ?'
'എന്റെ മോള് വേദനിച്ച അത്രയൊന്നും ഇല്ല'
' ദുഷ്ടന്മാർ, അവരോടൊക്കെ ദൈവം ചോദിച്ചോളും'
'ഉം, എത്രയൊക്കെ ഒഴിഞ്ഞ് മാറിയിട്ടും വീണ്ടും വന്നത് കണ്ടില്ലേ,, ഇനി ഇതിന്റെ പേരിൽ ഇവിടെയുള്ളവന്മാർ എന്തെങ്കിലും ഒപ്പിക്കാതിരുന്നാൽ മതിയായിരുന്നു. ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്, ഒന്നും ചെയ്യരുത് അടങ്ങി ഇരിക്കാൻ. അവരുടെ കാര്യമൊക്കെ പോലീസ് നോക്കിക്കോളും'
'ഇതോടെ പ്രശ്നങ്ങൾ ഒക്കെ തീർന്നാൽ മതിയായിരുന്നു. എനിക്ക് പേടിയാ ഏട്ടാ'
'ഒരു പേടിയും വേണ്ട. എനിക്ക് ഒന്നും സംഭവിക്കില്ല'
'ഉം'

പിന്നെ ഒരാഴ്ച്ച ഏട്ടൻ എന്റെ കസ്റ്റഡിയിൽ ആയിരുന്നു. പുറത്തേക്ക് ഇറങ്ങാൻ ഞാൻ വിട്ടില്ല. ഏട്ടനെ ശുശ്രൂഷിച്ച് കൊണ്ട് ഞാനും തിരക്കിലായി. ഈ അടി കൊണ്ട് എനിക്ക് ഉണ്ടായ ഗുണം എന്താണെന്ന് വച്ചാൽ, ഏട്ടനെ കൂടുതൽ സമയം അടുത്ത് കിട്ടി. കല്യാണം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഏട്ടനെ ഇത് പോലെ അടുത്ത് കിട്ടിയിട്ടില്ല. കളഞ്ഞ് കിട്ടിയ ഈ നിമിഷങ്ങൾ ഞങ്ങൾ ആസ്വദിക്കുകയും ചെയ്തു. പരസ്പരം ഒരുപാട് സംസാരിച്ചു, പിറക്കാൻ പോകുന്ന വാവയെ പറ്റിയുള്ള സ്വപ്‌നങ്ങൾ പങ്ക് വച്ചു.
എത്രയോ നേരം ഞാൻ ഏട്ടന്റെ മാറിൽ തലചായ്ച്ച് കിടന്നു.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഏട്ടൻ പഴയ പോലെ പണിക്ക് പോകാൻ തുടങ്ങി. ഇപ്പൊ പണി കഴിഞ്ഞ് വീട്ടിൽ കയറിയാൽ പുറത്തിറങ്ങാൻ സമ്മതിക്കില്ല. ഏട്ടനും വലിയ എതിർപ്പൊന്നും പറഞ്ഞില്ല. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുന്നു. ഇപ്പൊ ആശുപത്രിയിൽ ചെക്കപ്പിന് പോകാൻ ഏട്ടനാണ് കൂടെ വരിക. അവന് കുറച്ച് കൂടെ ഉത്തരവാദിത്വ ബോധം വന്നു എന്ന് അച്ഛനും അമ്മയും പറയുന്നത് കേട്ടു. അത് എന്റെ വിജയമാണ് എന്ന് അമ്മ പറയുക കൂടി ചെയ്തപ്പോൾ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. സിനിമയിലൊക്കെ ഉണ്ടല്ലോ ഗുണ്ടയായ നായകനെ സ്നേഹം കൊണ്ട് നല്ലവനാക്കുന്ന നായിക, ആ നായിക ഞാൻതന്നെയല്ലേഎന്ന് തോന്നി.

'പ്രിയേ, വിഷ്ണു വന്നില്ലേ?'
'ഇല്ലമ്മേ'
'ഇന്നിതിപ്പൊ എന്താ പറ്റിയേ, പഴയ പോലെ പതിനൊന്ന് മണി ആക്കാനാ?'
'സമയം ഏഴ് ആയിട്ടല്ലേ ഉള്ളൂ, കുറച്ച് കൂടി കഴിഞ്ഞ് വിളിച്ച് നോക്കാം'

എട്ട് മണി കഴിഞ്ഞപ്പോൾ ഏട്ടനെ വിളിച്ച് നോക്കി, ഫോൺ ഓഫ് ആയിരുന്നു. ഒൻപതര കഴിഞ്ഞപ്പോഴാ ഏട്ടൻ വന്നത്.
'എന്താടാ നേരത്തും കാലത്തും വീട്ടിൽ കേറിക്കൂടെ?'
'ഇന്ന് കുറച്ച് വൈകി'
'അതെന്താന്നാ ചോദിച്ചത്?'
'ഒന്നൂല്ല്യ പണി മാറ്റാൻ കുറച്ച് വൈകി, പിന്നെ റോട്ടിൽ ചെക്കന്മാരോട് സംസാരിച്ചിരുന്നു. ഇനി ക്ലബ്ബിന്റെ വാർഷികം ആവാറായില്ലേ, അതിന്റെ പരിപാടികൾ ആലോചിക്കാർന്നു'
'എന്ത് ക്ലബ് ആയാലും പകൽ മതി സഞ്ചാരം. സമയത്ത് വീട്ടിൽ കേറിക്കോണം'
'ഉം'

രാത്രി കിടക്കാൻ നേരത്താണ് ഏട്ടന്റെ കയ്യിൽ ഒരു മുറിപ്പാട് കണ്ടത്.
'ഇത് എന്ത് പറ്റിയതാ ഏട്ടാ?'
'അതൊരു കമ്പി കൊണ്ടതാ'
'ഉം,, അപ്പൊ മുണ്ട് കീറിയിരിക്കുന്നതോ?'
'അത് ഒന്നൂല്ല്യ'
'ഏട്ടാ, ഏട്ടൻ എന്നെ വീണ്ടും പറ്റിച്ചു ലേ?
എല്ലാം മറന്നതായി അഭിനയിക്കുകയായിരുന്നു ലേ?'
'പ്രിയേ, ഒന്നൂല്ല്യ ഡീ. ആ വിഷയം ഇന്നത്തോടെ തീർന്നു. അത്രയേ ഉള്ളൂ. ഇനി അവന്മാർ എന്നല്ല ഒരാളും ഈ വീടിന്റെ പടി കടന്ന് വരരുത്, എനിക്ക് സമാധാനത്തോടെ ജീവിക്കണം, അതിന് ഇത് അത്യാവശ്യമായിരുന്നു. നീ പേടിക്കണ്ട. എനിക്ക് ഒന്നും സംഭവിക്കില്ല. പിന്നെ ഇത് ആരും അറിഞ്ഞിട്ടില്ല, നീ ആരോടും പറയുകയും ചെയ്യരുത്'
'ഏട്ടാ....'
'ശ്ശ്! മിണ്ടരുത്. വാ കിടക്കാം'
ആ ശബ്ദം ഉറച്ചതായിരുന്നു, ആ തീരുമാനത്തിന് മുന്നിൽ എന്റെ കണ്ണീരിന് വില കാണില്ല.

എന്നെ നെഞ്ചിൽ അമർത്തിപ്പിടിച്ച് കിടക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ആ ഹൃദയ താളത്തിലെ വ്യത്യാസം. ഏട്ടൻ പകരം ചോദിയ്ക്കാൻ പോകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാം അവസാനിച്ചു എന്ന് ഏട്ടൻ പറയുന്നു, ഇത് അവസാനമാണോ അതോ തുടക്കം മാത്രമാണോ?
പത്രങ്ങളിൽ വായിക്കുന്ന അക്രമങ്ങളുടെ വാർത്തകളിലെ ഒരു കുടുംബമായി ഈ വീടും മാറുമോ? എനിക്കറിയില്ല, എന്നാലും ഏട്ടനെ ഇനിയും സ്നേഹിക്കും, മതിതീരുവോളം സ്നേഹിക്കും. എന്റെ സ്നേഹംകൊണ്ട് ഏട്ടനെ മാറ്റി എടുക്കണം. ഞങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയെങ്കിലും!!!

 "ശുഭം" 

( പെണ്ണിന്റെ നെഞ്ചിലെ സ്നേഹത്തേക്കാളും വലുതാണ് ആണിന്റെ ചങ്കിലെ പക!!!)

രജീഷ് കണ്ണമംഗലം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ