ശ്രീമതി

ശ്രീമതി

ശ്രീമതി

"രാവിലെ തന്നെ ഞാൻ ഉണരുന്നതിനു മുമ്പുതന്നെ ശ്രീമതിയെഴുന്നേറ്റു എന്നതിന്റെ സിഗ്നൽ എനിക്കു കിട്ടി.അടുക്കളയിൽ നിന്നും പാത്രങ്ങൾ കലപില കൂട്ടുന്നതിന്റെ ശബ്ദകോലാഹലം.ഇന്നലെ അവൾക്കു നടുവിനുവേദന ആയതുകാരണം രാത്രിയിൽ ഉപയോഗിച്ച പാത്രങ്ങളൊന്നും വൃത്തിയാക്കി വെച്ചിരുന്നില്ല.

ഞാൻ പതിയെ എഴുന്നേറ്റു മൂരി നിവർത്തിയിട്ടു അടുക്കളയിലേക്കു ചെന്നു.പാത്രങ്ങളുടെ കലപിലക്കൊപ്പം അവളുടെ പരിഭവങ്ങളും ഇടക്കിടെ ഉയരുന്നുണ്ട്.

"ഹും സ്നേഹമില്ലാത്തവൻ.എത്രപ്രാവശ്യം പറഞ്ഞു നടുവൊന്നു തിരുമ്മി തരാൻ. പറഞ്ഞു ഞാൻ നാണം കെട്ടതുമിച്ചം.കുടിച്ചു ലവലു കെട്ടു കിടക്കന്ന ആളോട് അല്ലെങ്കിലും പറഞ്ഞിട്ടു എന്തുകാര്യം."

ഞാൻ മെല്ലെയൊന്നു പുഞ്ചിരിച്ചു അവളു കാണാതെ പരിഭവം കേട്ടു നിന്നു.ശ്രീമതിയുടെ പരിഭവം പറച്ചിലിനൊരു ഈണമുണ്ട്.താളമുണ്ട്.നല്ല രസം കേൾക്കാൻ.

പിന്നെയും അവൾ പരിഭവം തുടർന്നു കൊണ്ടിരുന്നു.

"ഹും അടുക്കളയിൽ വന്നൊന്ന് സഹായിച്ചു തരാലോ.ഇന്ന് ഓഫീസിലും പോകണ്ട.അല്ലെങ്കിലും കെട്ടിയോന്മാർക്കു ഈ ഒലിപ്പീരു സ്നേഹമേയുള്ളൂ.കാര്യം കാണാൻ മാത്രം.അന്നേരം എന്താ പ്രേമം.ഈശ്വരാ കാമുകൻ പോലും ഇങ്ങനെ പ്രണയിക്കില്ലെന്നു തോന്നിപ്പോകും"

പാത്രം മോറി കഴുകീട്ട് അവൾ പിന്തിരിയുമ്പോൾ പതുങ്ങി നിൽക്കുന്ന എന്നെക്കണ്ടൊന്നു ഞെട്ടി.വളരെ പെട്ടന്നു തന്നെ അവളാ ചമ്മൽ ഒളിപ്പിച്ചു.

"നിങ്ങൾ ഇവിടെ വന്നു പതുങ്ങി നിൽക്കുവാന്നെനിക്കറിയാം.കേൾക്കാൻ വേണ്ടിതന്നാ പറഞ്ഞെ"

ഞാനൊന്നും മിണ്ടിയില്ല. അവളുടെ ഭവം കണ്ടാലറിയാം ചമ്മൽ മറക്കാനുള്ള തത്രപ്പാടാണെന്ന്.ഭാര്യയും ഭർത്താവും ജീവതത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളാണെന്നു ഞാനോർത്തു.ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവരാണു ചിലയാൾക്കാർ.മാധ്യമങ്ങളിലും ചാനലുകളിലും അങ്ങനെയെന്തെല്ലാം വാർത്തകൾ ദിവസവും കാണുന്നു.

അവളുടെ കലപില എന്നെ ചിന്തയിൽ നിന്നുണർത്തി.

"ശ്രീമാനെന്താ നോക്കിനിന്നു സ്വപ്നം കാണുന്നത്.അതേ ഞാൻ നിങ്ങളുടെ ഭാര്യ തന്നെയാണ്. ബ്രഷ് ചെയ്തിട്ടുവാ ചായ എടുത്തു വെച്ചിട്ടുണ്ട്"

പല്ലു വൃത്തിയാക്കി വന്നയെനിക്കും ശ്രീമതി ഒരുകപ്പു ചൂടു ചായ പകർന്നു നൽകി

"നീ കുടിച്ചോ ശ്രീമതി"

"ഭാഗ്യം ഇപ്പോഴെങ്കിലും തിരക്കീലോ"

അല്ലെങ്കിലും എനിക്കറിയാം ശ്രീമതിയെ എനിക്കു നൽകാതെ അവൾ കഴിച്ചിട്ടുണ്ടാവില്ല

വേറൊരു കപ്പെടുത്ത് ഞാനവൾക്കു ചായ പകർന്നു നൽകി.

"ഇന്നെന്താ പതിവില്ലാത്ത കാര്യങ്ങളൊക്കെ"

"എന്നും നീയല്ലെ ചെയ്യുന്നെ.ഇന്നൊരു പുതുമയാകട്ടെ.നീയെനിക്കെല്ലാം പറഞ്ഞു തരുന്നു.ഞാനതെല്ലാം ചെയ്യുന്നു.റെഡിയല്ലേ"

"റെഡി"

ശ്രീമതി പറഞ്ഞു തന്നതുപോലെ രാവിലെ കഴിക്കാനായി പുട്ടും കടലയും ഞാനുണ്ടാക്കി.കാപ്പി കുടി കഴിഞ്ഞു ഞങ്ങൾ കുറച്ചു റെസ്റ്റെടുത്തിട്ട് ഉച്ചക്കുള്ള ചോറും കറിയും റെഡിയാക്കി.ഉച്ചയൂണും കഴിഞ്ഞു ചെറിയതായി ഞങ്ങൾ ഒന്നു മയങ്ങി.

നാലുമണിക്കു ചായ കുടി കഴിഞ്ഞു ഞാൻ പറഞ്ഞു.

"നമുക്കു പുറത്തേക്കു ഒന്നുപോകാം.ഒരുസിനിമയൊക്കെ കണ്ടു മടങ്ങാം."

പൊതുവേ വലിയ കണ്ണുകൾ അത്ഭുതത്താൽ അവളൊന്നുകൂടി വിടർത്തി വലുതാക്കി. കേട്ടതു വിശ്വാസം വരാത്ത പോലെ

"സത്യം"

"സത്യമാടീ പറഞ്ഞെ"

വൈകിട്ട് ഞങ്ങൾ പുറത്തുപോയി സിനിമയൊക്കെ കണ്ടു .നല്ലൊരു റെസ്റ്റോറന്റിൽ നിന്നും മസാലദോശ അവൾക്കും മോനും വാങ്ങി നൽകാമെന്ന് വെച്ചു.അപ്പോൾ ശ്രീമതിക്ക് ഡിമാന്റ്.

പാഴ്സൽ വാങ്ങിയാൽ മതി .വീട്ടിൽ ചെന്ന് റൊമാന്റിക് മൂഡിൽ കഴിക്കാം"

പാഴ്സലും വാങ്ങി വീട്ടിലെത്തി. ആകെ രണ്ടു മസാലദോശയെ വാങ്ങിയുളളൂ.മകന്റെ ഭാവം മാറിയത് പെട്ടന്നാണ്.അവനൊരണ്ണം ഒറ്റക്കു വേണം. അവനായിട്ട് ഒരുപൊതി അവൾ നൽകി.ബാക്കി ഉളളത് ഞാൻ കഴിക്കാൻ പറഞ്ഞിട്ട് അവൾ ചപ്പാത്തി നാലെണ്ണം ചുട്ടു.അവൾക്കായി ഞാൻ വെയ്റ്റിങിലായിരുന്നു.

"ആഹാ കഴിച്ചില്ലേ.എങ്കിൽ ഒരുമിച്ച് കഴിക്കാം"

ഞങ്ങൾ കഴിച്ചു തുടങ്ങി. ഇടക്കവൾ തുറന്നു എന്നെ നോക്കി.അർത്ഥം മനസിലായ ഞാൻ അവൾക്കു മസാലദോശയുടെ ഒരുഭാഗം ചീന്തി നൽകി.അവളും എനിക്കു അങ്ങനെ തന്നെ ഷെയർ ചെയ്തു

രാത്രിയിൽ കിടക്കാൻ നേരമവൾ ഒന്നുകൂടി ചേർന്നെന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.

"അതേ നാളെ ഞാനും മോനും എന്റെ വീടുവരെയൊന്നു പോയാൽ കൊള്ളാമെന്നുണ്ട്.ഒത്തിരി നാളായി അമ്മയെയും അച്ഛനെയും കണ്ടിട്ട്"

"ഞാൻ നാളെ ലീവെടുക്കാം.എന്നിട്ട് നമുക്കൊരുമിച്ച് പോകാം.അതവർക്കും ഒരു സന്തോഷമാകും"

"അതു ശരിയാണു.നമുക്കൊരുമിച്ചു പോകാം"

അതു പറയുമ്പോൾ അവളുടെ ശബ്ദം സന്തോഷത്താൽ ഇടറുന്നത് ഞാനറിഞ്ഞു.

അവളെ ഞാൻ ചേർത്തണക്കും മുമ്പെ അവളെന്നെ ഇരൂ കരങ്ങളാലും എന്നെ വരിഞ്ഞു മുറുക്കി കഴിഞ്ഞിരുന്നു"

- സുധീ മുട്ടം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ