ഗുണ്ടാകല്യാണം

ഗുണ്ടാകല്യാണം

ഗുണ്ടാകല്യാണം

"നാട്ടിൽ അല്ലറചില്ലറ ഗുണ്ടായിസവുമായി നടക്കുന്ന കാലത്താണ് അവളുടെ കല്യാണാലോചന വരുന്നത്.പട്ടണത്തിലെ പച്ചപരിഷ്ക്കാരിയും വാകൊണ്ടു വെടിയുതുർക്കുന്ന പട്ടാളക്കാരന്റെ രണ്ടാമത്തെ മകളുമാണു പെണ്ണ്.

മകനെയെങ്ങനെയെങ്കിലും നന്നാക്കിയെടുക്കണമെന്ന് കരുതിനടക്കുന്ന അമ്മ കിട്ടയ അവസരം നന്നായി വിനയോഗിച്ചു.കൂലിത്തല്ല് കഴിഞ്ഞു വിശന്നു വീട്ടിച്ചെന്നു കയറിയ ഞാൻ ഭക്ഷണം തരാനായി അമ്മയോട് പറഞ്ഞു.

" നിനക്കിനിയിവിടെ നിന്നും ചോറു പോയിട്ടു പച്ചവെളളം പോലുംതരില്ല"

അമ്മയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം കേട്ടപ്പോൾ സത്യമായിട്ടും ഞാനൊന്നു പകച്ചു പോയി.

"എന്താ അമ്മേ ഇങ്ങനെയൊക്കെ പറയുന്നത്. ഞാനമ്മയുടെ മകൻ തന്നെയാണ്"

"കാര്യമൊക്കെ ശരി തന്നെ.രാവിലെ വല്ലതും വെട്ടിവിഴുങ്ങീട്ട് ഇവിടെ നിന്നും ഇറങ്ങുന്ന നീ കുടിച്ചു നാലുകാലിൽ വരുമ്പോൾ ഭക്ഷണം വിളമ്പിതരാനായി നീയൊരു പെണ്ണുകെട്ടണം.കൂലിത്തല്ലുമായി നടക്കുന്ന നിനക്കിത് പറഞ്ഞാൽ ഒരമ്മയുടെ ഉള്ളിലെ ആധിയൊന്നും മനസിലാകില്ല."

"അമ്മയുടെ മകൻ കൂലിത്തല്ലുകാരൻ ആണെങ്കിലും ന്യായമുളള കാര്യത്തിനെ ഇടപെടൂ"

"അതൊന്നും എനിക്കറിയണ്ട.നാളെമുതൽ ആവശ്യമില്ലാത്ത പണിക്കു പോകാൻ നിൽക്കരുത്.പിന്നെ ഞാൻ പറഞ്ഞ പെണ്ണിനെ നമുക്കു പോയി കാണണം"

ഞാൻ മനസിൽ ചിന്തിച്ചു. തള്ളയെന്റെ സ്വന്തം തളളതന്നാ.വയസായെങ്കിലും വാശിയിൽ ഇപ്പോഴും പിന്നിലല്ല.കുറച്ചു നാളുമുമ്പ് ഒന്നു അമ്മയുമായി ഉരസിയിരുന്നു.കണ്ണിൽച്ചോരയില്ലാത്ത ദുഷ്ടയെന്നെ പട്ടിണിക്കിട്ടു.അരിശം തീരാതെ പാത്രങ്ങളും നിലത്തടിച്ചു.അന്നുമുതൽ എതിർത്തൊരക്ഷരവും ഞാൻ മിണ്ടില്ല.തളളയെന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ അനാഥനാകും.ഒടുവിൽ അമ്മയെ മനസില്ലാമനസോടെ അനുസരിക്കാൻ തീരുമാനിച്ചു.

പിറ്റേന്ന് കാലത്തുതന്നെ അമ്മയുമായി പട്ടണത്തിലെത്തി.അവിടെ നിന്നും അവളുടെ വീട്ടിലേക്കുള്ള യാത്രയിലുടനീളം എന്റെ നെഞ്ച് പടപടാന്നു ഇടിച്ചു കൊണ്ടിരുന്നു. പെണ്ണിന്റെ വീട്ടിലെത്തിയതും വാകൊണ്ട് ഗീർവാണമടിക്കുന്ന പെണ്ണിന്റെ അപ്പൻ ബീഡിക്കറ പുരുണ്ട പല്ലുഇളിച്ചു കാട്ടി.

പട്ടാളക്കാരന്റെ ബഡായി എന്നെക്കാൾ അമ്മയെ ബോറടിപ്പിച്ചതുകൊണ്ടാവും അമ്മ പെണ്ണെവിടെന്നു തിരക്കിയത്.ചായയുമായി വന്ന പെണ്ണിനെകണ്ട് ഞാനൊന്ന് ഞെട്ടി.തികച്ചും പച്ചപരിഷ്ക്കാരി.ന്യൂജെൻ.. ഇറുകിയ ജീൻസും ടീഷർട്ടുമണിഞ്ഞ് കഴുത്തറ്റം മുടിവെട്ടിയിട്ടൊരു ഇരുണ്ടനിറമുളള സുന്ദരിക്കുട്ടി.അവളുടെ ചുരുണ്ടമുടി ഇരുവശങ്ങളിലുമായി മുന്നോട്ടിട്ടിരുന്നു.അതവൾക്കൊരു അഴകുതന്നെയായിരുന്നു‌.

വെളുത്ത പല്ല് വെളിയിൽക്കാട്ടിയൊരു പുഞ്ചിരിയും വലതുകണ്ണിറുക്കിയൊരു സൈറ്റടിയും.പുറമേ ധൈര്യമുളള ഞാൻ അകമേയൊന്നു വിരണ്ടു.ചായതന്ന അവളുടെ കൈവിരൽ വാങ്ങിയ എന്റെ കൈവിരലിൽ അവളൊന്നു സ്പ്ർശിച്ചു.അകംപുറം ഞെരിപിരി കൊണ്ടെയെനിക്ക് ഇടം കണ്ണിട്ട് ഒരു സൈറ്റടികൂടി തന്നവൾ പിന്തിരിഞ്ഞു നടന്നു.

അമ്മയുടെ ചുണ്ടിലൂറിയ പരിഹാസച്ചിരി ഞാൻ കണ്ടില്ലെന്നു നടിച്ചു.

"ടാ പെണ്ണിനോട് സംസാരിച്ചിട്ടുവാ"

അമ്മയുടെ ആഞ്ജ കേട്ടതും ഞാൻ ദയനീയമായി നോക്കിയെ എന്നെയമ്മ മൈൻഡ് ചെയ്തതു കൂടിയില്ല.ഇങ്ങനെയുമുണ്ടോ പെറ്റതളളമാർ.ഞാൻ മനസ്സിൽ കരുതി.

രണ്ടുംകൽപ്പിച്ചു ഞാൻ പെണ്ണിന്റെ മുറിയിലേക്കു ചെന്നു.ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പെ ചോദ്യങ്ങൾ ഇങ്ങോട്ടു ശരവേഗത്തിൽ പാഞ്ഞുവന്നു.

"സുധീ നിനക്കു എന്നെ ഓർമ്മയുണ്ടോ"

"ഇല്ല"

"നമ്മളൊരു കോളേജിൽ പഠിച്ചതാണ്.മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ .നീയന്ന് ഡിഗ്രി അവസാന വർഷവും ഞാൻ ആദ്യവർഷ ഡിഗ്രിക്കാരിയുമായിരുന്നു."

"ഓർമ്മയില്ല"

"നിനക്കെങ്ങനാ ഓർമ്മ കാണുന്നത്.പാർട്ടിയുടെ കൊടിയും പിടിച്ചു പാർട്ടിഗുണ്ടയായി വിലസുന്ന നീ എന്നെ എങ്ങനെ അറിയാനാ അല്ലേ"

ഞാൻ മൗനമായി നിന്നു.അവൾ തുടർന്നു കൊണ്ടേയിരുന്നു.

"നിന്റെ കൂട്ടുകാരൻ വളക്കാൻ നോക്കി പ്രശ്നമായൊരു പെണ്ണിനെ ഓർമ്മയുണ്ടോ.അന്നവനു സസ്പെൻഷൻ വാങ്ങിക്കൊടുത്ത സന്ധ്യയാണു ഈ നിൽക്കണ സന്ധ്യ"

"എനിക്കതിൽ യാതൊരു മനസ്സറിവുമില്ല പെങ്ങളേ.സോറി സന്ധ്യേ"

"നീയിപ്പഴും പാർട്ടിഗുണ്ടയാണോ.അതോ നന്നായോ"

"പാർട്ടിഗുണ്ടയല്ലെങ്കിലും തൊഴിൽ കൂലിത്തല്ല് തന്നെയാ.ഞങ്ങൾ ഏഴുചങ്ങാതിമാരും കൂടിച്ചേർന്നാ കൊട്ടേഷൻ ടീമുകൾ"

"നല്ലതായി പഠിച്ചിരുന്ന ആളല്ലേ.കഷ്ടം. കൂലിത്തല്ലുകാരനാ പെണ്ണുകാണാൻ നടക്കുന്നത്"

"അമ്മയുടെ നിർബന്ധമാണു.കെട്ടാനെനിക്ക് താല്പര്യമില്ല"

"അതേ എനിക്കു താല്പര്യമുണ്ട് ഇയാളെ കെട്ടാൻ.സമ്മതവുമാണു.കാര്യങ്ങളെല്ലാം ബ്രോക്കർ പറഞ്ഞിരുന്നു.നിന്റെ ഫോട്ടോ കണ്ടപ്പഴാ നീയാണെന്നു എനിക്കു മനസിലായത്.എനിക്ക് ആരാധനയായിരുന്നു ഈ ഗുണ്ടയോട്.പക്ഷേ നേരിട്ടു സംസാരിക്കാൻ ഭയമായിരുന്നു."

ഇതെന്നെയും കൊണ്ടേ പോകൂ.സ്വിറ്റേഷൻ കണ്ടിട്ടു എല്ലാവരും കരുതിക്കൂട്ടിയൊരുക്കിയ നാടകം പോലെയുണ്ട്

"പിന്നെ ടെസ്റ്റെഴുതീട്ട് എന്തായി " അവളുടെ ചോദ്യം വീണ്ടുമുയർന്നു.

"റാങ്ക്ലിസ്റ്റിൽ പേരുണ്ട്." ഞാൻ അലക്ഷ്യമായി മറുപടി നൽകി.

"അതേ കല്ല്യാണം കഴിയുന്നതിനു മുമ്പായി ഇതൊക്കെ ഉപേക്ഷിക്കണം.ഒന്നാമത് ഇതൊന്നും നല്ലതല്ല.റാങ്ക് ലിസ്റ്റിൽ പേരുണ്ട്.അതു ജോലിയെ ബാധിക്കും"

"നിലവിൽ രണ്ടുമൂന്നു കേസുണ്ടായിരുന്നു.അതൊക്കെ ഒത്തുതീർപ്പായി"

"ഉം"

കുറെ നേരം കൂടി സംസാരിച്ചിട്ട് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.യാത്രയിലുടനീളം ഞാൻ മൗനം പാലിച്ചു.വീട്ടിൽ വന്നപ്പോൾ അമ്മയൊന്നും ചോദിച്ചില്ല.ഞാനൊട്ടു വായ് തുറന്നതുമില്ല.

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.കൊട്ടേഷൻ ടീമംഗങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. ചിലസുഹൃത്തുക്കൾ പ്രവാസികളായി.മറ്റുചിലർ സ്വന്തമായി തൊഴിലും ഗവണ്മെന്റ് ജോലിയുമായി. ശത്രുക്കളുടെ എണ്ണം കൂടുതൽ ഉള്ളതിനാൽ ഇടക്കിടെ പരുക്കേറ്റ് ആശുപതിയിൽ കഴിയണ്ടിവന്നു.അതൊക്കെ തന്നെയെന്റെ ജീവിതം മാറ്റിമറിച്ചു.

ഒടുവിൽ ചെന്നൈക്കു വണ്ടികയറിയത് ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി.പിന്നീട് എഴുതിയ ടെസ്റ്റിന്റെ ഇന്റർവൂ കാർഡു വന്നപ്പോൾ നാട്ടിലെത്തുമ്പഴേക്കും ഞാൻ പുതിയൊരു മനുഷ്യനായി തീർന്നിരുന്നു.

ഇന്റർവ്യൂം ട്രയിനിംഗും കഴിഞ്ഞു ഞാനും സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഏതാണ്ട് ഒരുവർഷം ഇതിനിടയിൽ കടന്നു പോയിരുന്നു.

ഒരുദിവസം ഞായറാഴ്ച വീട്ടിൽ കുത്തിയിരിക്കുമ്പോൾ അമ്മ വീണ്ടും അടുത്തുകൂടി.

"ടാ നിന്റെ കല്യാണം ഞാനങ്ങ് ഉറപ്പിച്ചു. നേരക്കുറുപ്പടി എടുക്കണം"

"അമ്മേ അമ്മയാണ് അമ്മ.മകന്റെ ജീവിതം നല്ലതായി തീരാൻ അമ്മമാർ ആഗ്രഹിക്കുന്നത് തെറ്റല്ല"

"അതുകൊണ്ടൊന്നുമല്ലടാ ചെകുത്താനെ.നീ ജോലിക്കു പോയാൽ എനിക്കൊരു കൂട്ടുവേണം.പിന്നെ എന്നെ സഹായിക്കാനായി ഒരുമകളെയും വേണം"

അമ്മയുടെ പറച്ചിലിൽ ഞാനാദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീടെനിക്ക് ചിരിയാണു വന്നത്.

പിറ്റേയാഴ്ച നേരക്കുറുപ്പടിയെടുത്തു.അപ്പോഴേക്കും സന്ധ്യയുടെ ചുരുണ്ടമുടിയും വളർന്നു കഴിഞ്ഞിരുന്നു.ന്യൂജെൻ സ്റ്റൈലിൽ നിന്നും അവളും ഒരുഗ്രാമീണ സുന്ദരിയിലേക്കു മാറി കഴിഞ്ഞിരുന്നു.

ഞാൻ പതിയെ ന്യൂജെൻ ചിന്താഗതിക്കാരനായി മാറിക്കൊണ്ടിരുന്നു.സ്റ്റൈലൻ പാന്റ്സും അടിപൊളി ഷർട്ടുമിട്ട് കുറച്ചു ഫാഷണബിളായി ഞാനും മാറി.ചെന്നൈ ജീവിതം എന്നിൽ അത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു.

കല്യാണത്തിനു ഒരുവെറൈറ്റി വേണമെന്നാഗ്രഹിച്ച ഞാൻ കല്യാണത്തലേന്നു മുടി പറ്റെവെട്ടിച്ചു ഗുണ്ടാസ്റ്റൈലിലായി.തലേന്ന് പെണ്ണിന്റെ വീട്ടിൽ ചെന്നയെന്നെ കണ്ടപ്പോൾ സന്ധ്യയുടെ മുഖം വീർത്തുകെട്ടി.എന്നെയവൾ കാണാത്തപോലെ നടന്നു.

പിറ്റേന്ന് മണ്ഡപത്തിലവൾ വന്നു കയറിയതും വീർപ്പിച്ചു കെട്ടിയ മുഖവുമായിരുന്നു.ഞാൻ മെല്ലെയവളെ തോണ്ടിയട്ട് പതിയെ പറഞ്ഞു.

"ഒന്നു ചിരിക്കടേ.അല്ലെങ്കിൽ ആരെങ്കിലും കരുതും നഗർ ബന്ധിപ്പിച്ചു കല്യാണം നടത്തുകയാണെന്ന്.അവളുടെ കൂർത്ത മിഴികൾ കൊണ്ടുള്ള നോട്ടം കണ്ടപ്പോൾ ഞാൻ പതിയെ അടങ്ങി.

താലി കയ്യിലെടുത്തപ്പം അറിയാതെ കൈവിറച്ചു.വെപ്രാളത്തിൽ ചരട് കിട്ടിയപ്പോൾ ചരട് കുരുക്കായി മാറി.കഴുത്തു മുറുകിയ അവൾ വലിയ വായിൽ വിളിച്ചു കൂവി.അബദ്ധം ഞാൻ മനസിലാക്കി വന്നപ്പോഴും പെങ്ങളുടെ റോളിൽ നിന്നവൾ താലിച്ചരടിന്റെ കുടുക്ക് അഴിച്ചുമാറ്റി.രണ്ടാമതൊരു താലികൂടിയെനിക്ക് കെട്ടണ്ടിവന്നത് മറ്റൊരു സത്യം

ഞങ്ങളുടെ കല്യാണം നടന്നു കിട്ടിയപ്പോൾ അമ്മക്കു പകുതി ആശ്വാസമായി.മിണ്ടാനും പറയാനും അമ്മക്ക് ആളായി.

സന്ധ്യയെന്നെ ന്യൂജെന്നിൽ നിന്നും പഴയ ഗ്രാമീണക്കാരനാക്കി.

" അറിയാലോ എന്റെ പഴയവേഷം.ഇറുകിയ വസ്ത്രങ്ങൾ ഞാനും ധരിക്കും"

അവളുടെ ഭീക്ഷണിക്കു മുമ്പിൽ ഞാനും വഴങ്ങി.അല്ലെങ്കിലെന്തിനാ നമുക്ക് ചേരാത്ത വേഷങ്ങൾ അണിയുന്നത്‌.അങ്ങനെ ഞാനും പഴയ സുധിയായി മാറി.

അമ്മയുടെ ആശ്വാസം കുറച്ചു മാസം കൂടി കഴിഞ്ഞു ആധിയായി മാറി.സന്ധ്യക്കു കൂടി ജോലിയായതു തന്നെ കാര്യം.ഒടുവിൽ അമ്മയെ കൂടി നിർബന്ധിപ്പിച്ചു ഞങ്ങളുടെ കൂടെക്കൂട്ടി.

അവളുടെ പ്രസവം ആയപ്പോഴേക്കും എനിക്കു നാട്ടിലേക്ക് ട്രാൻസ്ഫറുമായി.അങ്ങനെ കുഞ്ഞുമായി ഞങ്ങൾ നാലുപേരുമിപ്പോൾ നാട്ടിലെ ശുദ്ധവായു ശ്വസിച്ചു അടിപൊളി ആയിട്ടു ജീവിക്കുന്നു"

ശുഭം 
 
- സുധി മുട്ടം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ