ദിവസം

ദിവസം

ദിവസം

അയാൾ ഓഫീസിൽ നിന്നും മടങ്ങുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. രാത്രിയുടെ വരവറിയിക്കാനെന്നവണ്ണം സൂര്യൻ വിടവാങ്ങിക്കഴിഞ്ഞിരുന്നു. റോഡിനിരുവശത്തുള്ള കടകളിൽ ആളുകൾ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. മുല്ലപ്പൂമാല വിൽക്കുന്ന കടയിലെ പെൺകുട്ടി അയാളെ നോക്കി മന്ദഹസിച്ചു. അവളുടെ മിഴിയിലെ തിളക്കം അയാൾ കണ്ടില്ലെന്നു നടിച്ചു. പതിവായി കാണുന്ന കാഴ്ചയായതിനാൽ അയാൾക്കതിൽ പുതുമയൊന്നും തോന്നിയില്ല. മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി ബസ്‌ പിടിക്കാനുള്ള തത്രപ്പാടിൽ ചുറ്റുമുള്ളതെല്ലാം അയാൾ വിസ്മരിച്ചു. വീട്ടിൽ എത്തിയപ്പോൾ സമയം 8 കഴിഞ്ഞിരുന്നു. യാന്ത്രികമായൊരു ദിനം കൂടി പൊഴിഞ്ഞു വീണു. നഗരത്തിലെ ഓഫീസിനും വീടിനും ഇടയിലുള്ള ചാക്രിക രേഖയിലാണ് അയാളുടെ ജീവിതം കറങ്ങിക്കൊണ്ടിരുന്നത്. വർഷങ്ങൾ കടന്നു പോകുന്നതറിയാതെ, മഴയുടെ സംഗീതവും വെയിലിന്റെ ചൂടും അറിയാതെ, പിന്നിട്ട വഴികളിൽ തിരിഞ്ഞു നോക്കാതെ ഒരു ജീവിതം. ഗേറ്റ് തുറന്നപ്പോഴേക്കും അയാൾ ചിന്തകളിൽ നിന്നുണർന്നിരുന്നു. ഉമ്മറപ്പടിയിൽ കൊളുത്തിവച്ച ദീപം തൊഴുത ശേഷം അകത്തേക്ക് കടന്നു. സ്വീകരണമുറിയിൽ കണികളില്ലാതെ ടെലിവിഷൻ പ്രവർത്തിക്കുന്നു ണ്ടായിരുന്നു.
മകളുടെ രോദനവും അമ്മയുടെ ശകാരവും അകത്തെ മുറിയിൽ നിന്നുമൊഴുകി വന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകളേക്കാൾ പരീക്ഷയുടെ ടെൻഷൻ മുഴുവൻ അമ്മക്കാണ്. രണ്ടു പേരെയും അവരുടെ വഴിക്കു വിട്ടിട്ടു, കുറച്ചു നേരം സെറ്റിയിൽ ചാഞ്ഞിരുന്നു. ബാഗ് ലക്ഷ്യമായി വലിച്ചെറിഞ്ഞു. ഒരു പകലിന്റെ അധ്വാനവും ക്ഷീണവും അയാളെ നന്നേ തളർത്തിയിരുന്നു. പരിക്ഷീണനായ പച്ചയായ മനുഷ്യന്റെ നിസ്സഹായതയോടെ കുറച്ചു നേരം കണ്ണടച്ചു കിടന്നു. കുളിമുറിയിലെ ഷവറിനു കീഴിൽ നിൽക്കുമ്പോൾ പെയ്തു വീഴുന്ന ജലത്തുള്ളികളുടെ സുഖത്തിൽ എത്രനേരം സ്വയം മറന്നു നിന്നുവെന്നറിയില്ല. ഭാര്യയുടെ ശബ്ദം കാതിൽ വീണപ്പോൾ മാത്രമാണയാൾ വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നത്.
നിലക്കണ്ണാടിയുടെ മുൻപിൽ നിന്നും മുടി ചീകുമ്പോൾ വാർദ്ധക്യത്തിന്റെ ചുളിവുകൾ വീഴ്ത്താൻ തുടങ്ങുന്ന തന്റെ മുഖം വ്യക്തമായി കണ്ടു. നാല്പതുകളുടെ സായാഹ്നത്തിൽ തനിക്കു കൂട്ടായി വെള്ളിമേഘങ്ങൾ ശിരസ്സിൽ കൂടുകൂട്ടി തുടങ്ങിയിരിക്കുന്നു. യൗവനത്തിന്റെ പ്രസരിപ്പും ഓജസ്സും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന യാഥാർഥ്യം അയാൾ വേദനയോടെ മനസിലാക്കി. അല്ലെങ്കിൽ തന്നെ തനിക്കിതൊക്കെ ശ്രധിക്കാനെവിടെ നേരം? പതിനഞ്ചു വയസുകാരിയുടെ പിതാവായതിൽ താനഭിമാനിക്കുന്നു.
കുടുംബmenna കൂടിന്റെ ആത്മാവായിരുക്കുന്നതിന്റെ സംതൃപ്തി മതി തനിക്കു ജീവിക്കാൻ. ചിന്തകൾ കാട് കയറുകയാണ്. മേശപ്പുറത്തു വച്ച ആവി പറക്കുന്ന ചായ അല്പാല്പമായി നുകർന്നു കൊണ്ട്, ടീവി ക്കു മുൻപിൽ കണ്ണും നട്ടിരിക്കുന്ന ഭാര്യയുടെ അടുത്ത് ചെന്നിരുന്നു. ഏതോ റിയാലിറ്റി ഷോ യിൽ സ്വയം മുഴുകിയിരിക്കുന്നു അവൾ. പരസ്യത്തിന്റ ഇടവേളകളിൽ അവൾ അയാളോട് പാൽക്കാരനും പത്രക്കാരനും കൊടുക്കേണ്ട പണത്തെ കുറിച്ച് ഓർമപ്പെടുത്തി. അപ്പോൾ മാത്രമാണ് ഇന്ന് ഒന്നാം തീയതിയാണെന്നുള്ള വസ്തുത അയാളോർത്തത്. എന്തോ പറയാനായി ഭാര്യ വാ തുറന്നെങ്കിലും പരസ്യം തീർന്നുള്ള പരിപാടി യുടെ വരവിൽ വിഴുങ്ങികളഞ്ഞു. കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് മകളുടെ മുറി ലക്ഷ്യമാക്കി അയാൾ നടന്നു.
കമ്പ്യൂട്ടറിന്റെ വർണ്ണപ്രപഞ്ചത്തിൽ. അറിവുകളുടെ ആഴിയിൽ ഊളിയിടുന്ന പുത്രിയെ ശല്യപ്പെടുത്താതെ പിൻവാങ്ങി. അയാളുടെ സാമീപ്യം പോലും അവളുടെ ഏകാഗ്രതയെ ഭഞ്ജിക്കുന്നതായിരുന്നില്ല എന്നതാണ് സത്യം. അയാൾ പോലും അറിയാതെ അയാളുടെ കിളിക്കൂട് വളർന്നു കൊണ്ടിരുന്നു. മഹാസമുദ്രത്തിലെ പരസ്പരബന്ധമില്ലാത്ത മൂന്നു ദ്വീപുകളായി തങ്ങൾ മാറിക്കൊണ്ടിരിക്കുന്നതായി അയാൾക്ക്‌ തോന്നി. അരികെയാണെങ്കിലും മനസുകൊണ്ട് മൂന്നു ലോകങ്ങളിൽ ജീവിക്കുന്നവർ ആയി മാറിയിരിക്കുന്നു. ഓർകുംതോറും ഭ്രാന്ത്‌ പിടിക്കുന്ന പോലെ.
ഉറക്കത്തിലേക്കു വഴുതി വീണപ്പോൾ കണ്ടതെല്ലാം ദുസ്വപ്നങ്ങൾ ആയിരുന്നു. അയാളുടെ മനസ് ബാല്യത്തിലേക്ക് പിന്നോക്കം മറിഞ്ഞു. കുട്ടിക്കാലത്തു തന്റെ കണ്മുന്നിൽ വച്ചു കുളത്തിന്റെ ആഴങ്ങളിലേക്ക് അവസാന യാത്ര നടത്തിയ അമ്മയുടെ ഓർമ്മകൾ അയാളെ വേട്ടയാടി. ആഴമുള്ള ചുഴിയിലേക്കു താൻ ഊർ ന്നിറങ്ങുന്നതായി അയാൾക്കഅനുഭവപ്പെട്ടു. കറങ്ങുന്ന ജലധാരയതാ തന്നെയും കൊണ്ട് കടലിന്റെ അടിത്തട്ടിലേക്ക് പോകുന്നു.
കഥകളിൽ വായിച്ചിട്ടുള്ള മനോഹരമായ പവിഴ കൊട്ടാരത്തിലേക്കാണ് അയാൾ ആനയിക്കപെട്ടത്. അവിടമാകെ മനോഹരവും പ്രഭാമയവുമായ അലങ്കാര മത്സ്യങ്ങളെയും പവിഴ പുറ്റുകളെയും കൊണ്ട് നിറഞ്ഞിരുന്നു. കടൽ പുഷ്പങ്ങളുടെ സൗന്ദര്യത്തിൽ മതി മയങ്ങി നിൽക്കുമ്പോൾ ആണ് തെല്ലകലെ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ രൂപം തന്റെ നേർക്കു വരുന്ന ദൃശ്യം അയാളുടെ കണ്ണിൽ തെളിഞ്ഞത്. അടുത്തു വരും തോറും ആ രൂപം വ്യക്തമായി തെളിഞ്ഞു വന്നു."അമ്മ "മാതൃവാത്സല്യത്തിന്റെ മധുരം നുകർന്നു കൊതി തീരും മുൻപേ തന്നെ വിട്ടു പോയ എന്റെ പൊന്നമ്മയാണോ തന്റെ മുന്നിൽ നിൽക്കുന്നത് ?
നേരം പരാ പരാ വെളുത്തു. മുറ്റത്തു പത്രക്കാരൻ ഇട്ടിട്ടു പോയ വർത്തമാനപത്രത്തിൽ മഴത്തുള്ളികൾ വീണു കുതിർന്നിരുന്നു. ധൃതിയിൽ പ്രാതൽ ഒരുക്കി മേശപ്പുറത്തു വയ്ക്കുന്ന ഭാര്യയുടെ കരങ്ങൾ ടെലിവിഷൻ റിമോട്ടിലേക്കു നീണ്ടു. കിടപ്പു മുറിയിലെ ഡബിൾ കട്ടിലിൽ ഒരിക്കലും മായാത്ത പ്രശാന്തതയോടെ ഒരിക്കലും ഉണരാത്ത സുനിശ്ചിതമായൊരു നിദ്രയിലാണ്ടു കിടക്കുകയായിരുന്നു അയാൾ. മകളോ ഫേസ്ബുക്കിൽ പുതിയ സൗഹൃദം തേടുന്ന തിരക്കിലും.

പ്രീയങ്ക ബിനു 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ