കാശ്മീരിൽ ഒരു പ്രണയകാലത്ത്

കാശ്മീരിൽ ഒരു പ്രണയകാലത്ത്

കാശ്മീരിൽ ഒരു പ്രണയകാലത്ത്

പ്രഭാതത്തിന്റെ കുളിരിൽ പുതച്ചു മൂടി കിടക്കാൻ ഒരവധിക്കാലം കൂടി. എണീറ്റാലോ ആവി പറക്കുന്ന ചായയും കുടിച്ചു പത്രവായന. ഹോ ! ഓർക്കുമ്പോൾ തന്നെ എന്തൊരു രോമാഞ്ചം ! ഒരു മാസത്തെ അവധി പട്ടാളക്കാരെ സംബന്ധിച്ചിടത്തോളം ഒരു ലോട്ടറി തന്നെ. ഡ്യൂട്ടിയുടെ ശ്വാസം മുട്ടലിൽ കുടുങ്ങി കിടക്കുമ്പോഴും സ്വന്തം നാടിന്റെ ഓർമകളിൽ ഊഞ്ഞാലാടുമ്പോഴുള്ള സുഖം നാട്ടിലുള്ളവർക്കുണ്ടോ മനസിലാകുന്നു? ചിന്തകളിൽ നിന്നുണർന്ന ശ്യാം നേരെ അടുക്കളയിലേക്ക്. "ആഹാ പൊന്നുമോൻ ഇങ്ങു പൊന്നോ ? ചായ ഞാൻ അങ്ങോട്ട്‌ കൊണ്ടു തരുമായിരുന്നല്ലോ ? " അമ്മയുടെ ശബ്ദത്തിൽ പരിഹാസത്തിന്റ ലാഞ്ചന ഉണ്ടായിരുന്നോ ? ഏയ്‌ എനിക്ക് ചുമ്മാ തോന്നിയതാവും. ഇനി ഇവിടെ നിന്നാൽ പറ്റില്ല.മാതാശ്രീകല്യാണക്കാര്യംഎടുത്തിടും.എസ്‌കേപ്പ്....... ഉള്ളിരുന്നാരോ മന്ത്രിച്ചു. മേശപ്പുറത്തു കിടന്ന പത്രെമെടുത്തു നോക്കുമ്പോൾ അവന്റെ കണ്ണുകൾ ഒരു വാർത്തയുടെ തലക്കെട്ടിൽ ഉടക്കി. "മലയാളി യുവാക്കൾ IS ലേക്ക് " അവന്റെ ഹൃദയം ഏതോ കാരണത്താൽ പിടയാൻ തുടങ്ങി. ജീവിതത്തിന്റെ ഏടിൽ നിന്നും ഒരേഴു വർഷങ്ങൾ പിറകോട്ടു സഞ്ചരിക്കാം. താൻ അന്ന് സൈന്യത്തിൽ ചേർന്നിട്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞിരുന്നു.
ചോരമുറ്റിയ പ്രായം.യുവാക്കളെ സംബന്ധിച്ചിടത്തോളം പ്രണയദാഹത്താൽ മനസുരുകും കാലം.കശ്‍മീരിൽ പോസ്റ്റിങ്ങ്‌ കിട്ടിയപ്പോൾ സന്തോഷത്തിന്റെ കുളിർമഴ പെയ്തിരുന്നു മനസ്സിൽ.എന്നാൽ ജോലിത്തിരക്കിൽ പ്രകൃതിയുടെ മനോഹാരിത നുകരാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം.ദിനരാത്രങ്ങൾ വിരസതയോടെ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.അന്നൊരു ദിവസം ഉച്ച നേരം കഴിഞ്ഞു ബാരക്കിൽ വിശ്രമിക്കുകയായിരുന്നു.പരിചയമില്ലാത്ത നമ്പറിൽ നിന്നും ആരോ വിളിച്ചു.എടുത്തപ്പോൾ ഒരു സ്ത്രീ.ഹിന്ദിയിൽ ആയിരുന്നു സംസാരം.നമ്പർ മാറി വിളിച്ചതിനു ക്ഷമ ചോദിച്ചു. ഒരാഴ്ച കഴിഞ്ഞു, വീണ്ടും അതെ നമ്പറിൽ നിന്നും വിളിവന്നു. ഇത്തവണ അവൾ പേര് ചോദിച്ചു.ശ്യാം എന്ന് മറുപടി പറഞ്ഞപ്പോൾ "ക്യാ ?? ഷാ ??" ഷാഹിൻ ഷാ ക്യാ ??" എന്നുള്ള മറു ചോദ്യമായിരുന്നു കിട്ടിയത്." ഹാം മേം ഹൂം ഷെഹിൻ ഷാ " നാവിൽ അമിതാഭ് ബച്ചന്റെ ഡയലോഗ് ആണ് വന്നത്....മിസ്സ്ഡ് കാൾ പ്രണയം പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ.. ഒരു ദിവസം പോലും വിളിക്കാതിരിക്കാൻ കഴിയാത്ത ലഹരിയായി അവന്റെ സിരകളിൽ പടർന്നു കയറി.ഭർത്താവ് ഉപേക്ഷിച്ചവളും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും അവൾ പറഞ്ഞുവെങ്കിലും എന്നിലെ കാമുക ഹൃദയം അവളെ എന്റേതായി അംഗീകരിച്ചു കഴിഞ്ഞിരുന്നു.ഞങ്ങൾ പുതിയൊരു ജീവിതം സ്വപ്നം കാണാൻ തുടങ്ങി.നിക്കാഹ് കഴിഞ്ഞാൽ പാകിസ്ഥാനിൽ പോകാമെന്നു അവൾ കൂടെ കൂടെ പറയാൻ തുടങ്ങി.അതെന്റെ മനസ്സിൽ ചവര്പ്പിന്റെ വിത്തുകൾ പാകുവാൻ തക്കതായിരുന്നെങ്കിലും എന്റെ കടിഞ്ഞൂൽ പ്രണയത്തിന്റെ മധുരിമയിൽ അത് മുളക്കാതെ പോയി.
തമ്മിൽ കാണാനുള്ള വെമ്പൽ അടക്കാനാവാത്ത വിധം വളർന്നു. ഫോണിലൂടെ അവൾ പറഞ്ഞു തന്ന മേൽവിലാസം കുറിച്ചെടുത്തു, അവളെ കാണാൻ അവളുടെ ഷെഹൻഷാ യായി പോകാൻ ഞാൻ തയ്യാറായി. യൂണിറ്റിൽ എമർജൻസി ലീവ് വാങ്ങി ഞാനെന്റെ കശ്‍മീരി സുന്ദരിയെ കാണാൻ പുറപ്പെട്ടു. എന്റെ പേരും ജോലിയും ഒന്നും ഞാൻ അവളോട്‌ പറഞിരുന്നില്ല. നേരിട്ട് എല്ലാം പറയണം. എന്നിട്ട് അവളോടൊപ്പം അവളുടെ സുൽത്താനായി........ ബസ്സിൽ ഇരുന്നപ്പോൾ ചിന്തകൾ ഒപ്പം പറക്കാൻ തുടങ്ങി. ഇറങ്ങേണ്ട സ്ഥലം എത്തി. അവളെ വിളിക്കാനായി ഫോൺ കയ്യിലെടുത്തു. അപ്പോഴതാ ഡിസ്‌പ്ലേയിൽ മണിക്കുട്ടൻ കാളിങ്..... ഫോണെടുത്തപ്പോൾ "അളിയാ.. നീ . . എവിടെയാ ??? ഞാനിന്നു അവധി കഴിഞ്ഞു യൂണിറ്റിൽ എത്തിയതേയുള്ളു. നീ എമർജൻസി ലീവിന് നാട്ടിൽ പോയെന്നു ഗിരിധർ പറഞ്ഞല്ലോ. എന്താ കാര്യം ?"
ആത്മ സ്നേഹിതനാണവൻ. എല്ലാം നേരിട്ട് പറയാമെന്നും താനൊരു ആവശ്യത്തിനു സ്വാത്പുരിൽ വന്നിരിക്കുകയാണെന്നും പറഞ്ഞു. " എന്ത് ?? സ്വാത് പൂർ !! നീ ഒരു നിമിഷം അവിടെ നിൽക്കരുത്. അത് തീവ്രവാദികളുടെ പ്രദേശമാണ് ". അവന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ടു താൻ അവളുടെ വീട്ടിൽ എത്തി.കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്നത് തടിച്ചുരുണ്ട തലയിൽ തട്ടമിട്ട ഒരു ചെറുപ്പക്കാരി.ആന ചന്തമൊക്കെയുണ്ട്.എന്നെ കണ്ടപ്പോൾ ഷെഹൻഷായാണോ എന്ന് ചോദിച്ചു അടുത്തേക്ക് ഓടി വന്നു.എന്റെ ഹൃദയം ഇവളെ കണ്ടപ്പോൾ തണുത്തുറയുന്ന പോലെ.ആവേശം ചോർന്നു താൻ ഇരുന്നു.അവൾ നിക്കാഹിനെ കുറിച്ചും മറ്റും എന്തൊക്കെയോ പുലമ്പി.അടുക്കളയിൽ അവൾ പോയ തക്കം നോക്കി ഞാൻ പുറത്തേക്കു കടന്നു.മനസ്സിൽ മണിക്കുട്ടന്റെ വാക്കുകൾ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.അവളുടെ മുഖം എന്റെ മനസ്സിൽ പതിഞ്ഞു എങ്കിലും അവിടെ നിന്നും ഭീരുവിനെ പോലെ ഓടിയൊളിക്കാനാണ് തോന്നിയത്.ആദ്യം കണ്ട ബസിൽ കേറി, യൂണിറ്റിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു.കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വാർത്ത കേട്ടു.മിലിറ്ററി ഓപ്പറേഷനിൽ സ്വത്പൂരിൽ നിന്നുള്ള മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും അതിൽ ഒരു സ്ത്രീ യും ഉൾപ്പെട്ടിരുന്നുവെന്നും.വാർത്തക്കൊപ്പം ചേർത്തിരുന്ന ഫോട്ടോയിൽ കണ്ടത് തന്റെ കടിഞ്ഞൂൽ പ്രണയത്തിന്റെ ചാവേർ ആയിരുന്നു.
വർഷങ്ങൾക്കിപ്പുറം ഭയവും ഒപ്പം വേദനയും സമ്മാനിച്ച ഓർമ്മകൾ തന്നെ വേട്ടയാടുന്നു. പത്രം മടക്കി എഴുന്നേറ്റ് അവൻ നേരെ പോയി ടെലിവിഷൻ ഓൺ ചെയ്തു. മനസിന്റെ ഭാരം കുറക്കാൻ ഏതെങ്കിലും സിനിമ കാണാമെന്നു കരുതി. ചാനലിൽ ഏതോ സിനിമ തുടങ്ങുന്നു. ടൈറ്റിലിൽ ഇങ്ങനെ എഴുതി കാണിച്ചു " കാശ്മീരം "

പ്രീയങ്ക ബിനു 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ