ഒരു ചങ്ങാത്തത്തിന്റെ ഓർമ മധുരം

ഒരു ചങ്ങാത്തത്തിന്റെ ഓർമ മധുരം

ഒരു ചങ്ങാത്തത്തിന്റെ ഓർമ മധുരം

ഡിസംബർ ! തിരുപ്പിറവി ലോകമെമ്പാടും കൊണ്ടാടുന്ന മാസം. ആഹ്ലാദത്തിന്റെയും ഐശ്വര്യത്തിന്റെയും നക്ഷത്ര വിളക്കുകൾ ഓരോ വീട്ടിലും പുഞ്ചിരി തൂകുന്ന കാഴ്ചകൾ കാണാൻ നമുക്ക് കഴിയും. എന്നാൽ നക്ഷത്ര വിളക്കുകൾ എന്നിൽ നൊമ്പരം ഉണർത്തുന്ന ഒരു പിടി ഓർമ്മകൾ ഉണർത്തുന്നു. ഒപ്പം മധുരം ചാലിച്ച പ്രിയ കൂട്ടുകാരിയുടെ ചങ്ങാത്തവും.... മധുരവും കുസൃതിയും നിറഞ്ഞ ബാല്യകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കവളെ കാണാം. പന്ത്രണ്ടു വയസിൽ പരിചയപ്പെട്ട ലക്ഷ്മി എന്ന കൂട്ടുകാരിയെ. വെളുത്തു നീണ്ടു മെലിഞ്ഞ, തോളൊപ്പം മുടിയുള്ള മിടുക്കിക്കുട്ടിയെ. ജില്ലാ തല വിജ്ഞാനോത്സത്തിൽ പങ്കെടുക്കാനാനാണ് ഞാനും കൂട്ടുകാരി പ്രവദയും അധ്യാപകർക്കൊപ്പം കിളിമാനൂർ സ്കൂളിൽ എത്തിയത്. ലോക പ്രശസ്ത ചിത്രകാരൻ രാജ രവിവർമയുടെ പേരിൽ ഉള്ള പ്രശസ്ത മായ വിദ്യാലയത്തിൽ മൂന്നു നാൾ നീണ്ടു നിൽക്കുന്ന അറിവിന്റെ ഉത്സവം. പങ്കെടുക്കുന്ന കുട്ടികൾ ഇഷ്ടമുള്ള വിഷയത്തിൽ പഠനം നടത്തി, പ്രബന്ധം അവതരിപ്പിക്കണം.മേഖല തലത്തിൽ അംഗീകരിക്കപ്പെട്ട പ്രോജെക്ട്കൾ ആണ് ഇവിടെ മാറ്റുരക്കുന്നത്ത്. എല്ലാത്തിലുമുപരി കുട്ടികൾ അടുത്തുള്ള കൂട്ടുകാരോടൊപ്പം അവരുടെ വീടുകളിൽ താമസിക്കണം.............. ആദ്യ ദിവസത്തിൽ പരിചയപ്പെടൽ.... അപരിചിതത്വത്തിന്റെ പുറം മോടിയിൽ പകച്ചു നിൽക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു പെൺകുട്ടി കടന്നു വന്നു. ലക്ഷ്മി എന്നാണ് പേരെന്നും അതേ സ്കൂളിൽ പടിക്കുന്നുവെന്നും പുഞ്ചിരിയോടെ പറഞ്ഞു. മാതാ പിതാക്കൾ അധ്യാപകർ, തൊട്ടടുത്ത വീട്........ അനുജത്തിയും അതേ സ്കൂളിൽ...... ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ മനസിലാക്കി....... വൈകുന്നേരം ആയപ്പോൾ നമ്മൾ മൂവരും കൂട്ടായി.................
മനസ്സിലെ പ്രാർത്ഥന ദൈവം കേട്ടു എന്നു തോന്നി ഞങ്ങളുടെ താമസം ലക്ഷ്മിയുടെ വീട്ടിൽ എന്നുള്ള അറിയിപ്പ് വന്നപ്പോൾ..... ഞങ്ങൾക്കുള്ള സ്വീകരണം ഊഷ്മളമായിരുന്നു. രാത്രി വൈകുവോളം കളി ചിരികളുമായി ഉറങ്ങാതിരുന്ന ഞങ്ങളെ ഉറക്കാൻ ലക്ഷ്മിയുടെ അച്ഛന്റെ ശാസന വേണ്ടി വന്നു........... പിന്നീടുള്ള ദിനങ്ങൾ എന്തു രസകരമായിരുന്നെന്നോ ! ആ ദിനത്തിന്റെ ഓർമ്മകളുടെ മധുരം പഞ്ചാര മിഠായിപോലെ ഇന്നും നാവിൻ തുമ്പത്തുണ്ട്. പിരിയുമ്പോൾ മൂവരുടേം കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്കും പ്രവദക്കും പ്രോത്സാഹന സമ്മാനം കൊണ്ടു തൃപ്തിപെടേണ്ടി വന്നെങ്കിലും ലക്ഷ്മി ക്കു സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ മനസ്സ് നിറഞ്ഞിരുന്നു.
മാസങ്ങൾ വികൃതികുട്ടിയുടെ മനസ്സ് പോലെ എങ്ങും തൊടാതെ കടന്നു പോയി. ഇൻലന്റിന്റെ നീല താളുകളിൽ പൊഴിയുന്ന സ്നേഹാക്ഷരങ്ങളുടെ രൂപത്തിൽ അവൾ കടന്നു വന്നു. സംസ്ഥാന മത്സരത്തിനായി കോഴിക്കോട് പോയ വിശേഷങ്ങൾ വിവരിക്കുമ്പോൾ മനസ്സ് അവളൊപ്പം സഞ്ചരിച്ചു........... പോകെ പോകെ........ കത്തുകൾ മെല്ലെ മെല്ലെ കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞു പോയി........... സൗഹൃദം മനസിലേക്ക് ചുരുങ്ങിയ നാളുകൾ.... എന്റെ ലോകത്ത് അവളുടെ ഓർമ്മകൾ മെല്ലെ മെല്ലെ മറവിയുടെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി......................... അന്നത്തെ പന്ത്രണ്ടു വയസ്സുകാരികൾ കോളേജ് കുമാരികളായി. വർക്കല SN കോളേജിൽ ഗണിതശാസ്ത്ര ബിരുദ പഠനത്തിനായി ചേർന്ന സമയം. കിളിമാനൂർ ഭാഗത്തു നിന്നും വരുന്ന കുട്ടിയെ പരിചയപ്പെടാനിടയായി. വെറുതെ ഒരു കൗതുകംത്തിനു ലക്ഷ്മി യെ പറ്റി ചോദിച്ചു. പിന്നീട് കാതിൽ വീണതെല്ലാം സുഖകരമായ വാർത്തകൾ അല്ലായിരുന്നു............ ലക്ഷ്മി പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഡിസംബറിൽ മഞ്ഞു പൊഴിയുന്ന ഒരു സന്ധ്യയിൽ നക്ഷത്ര വിളക്ക് ചാർത്താൻ ഇരു നില വീടിന്റെ മുകളിൽ കയറിയതായിരുന്നു അവളുടെ അച്ഛൻ. മരണം രംഗബോധം ഇല്ലാത്ത കോമാളി എന്നു പണ്ടാരോ പറഞ്ഞത് ശെരി വയ്ക്കും പോലെ ആ സ്നേഹ നിധിയായ പിതാവ് കാൽ വഴുതി വീണത് മരണത്തിന്റെ അഗാധതയിൽ ആയിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. അച്ഛന്റെ മരണത്തിൽ തളരാതെ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് നേടി വിജയിക്കാൻ അവൾക്കു കഴിഞ്ഞു. പ്ലസ്ടു നു ശേഷം എഞ്ചിനീയറിംഗ് നു ചേർന്നു.
അതിൽ പിന്നെ യാതൊരു വിവരവും എനിക്കറിയാൻ കഴിഞ്ഞിട്ടില്ല. പ്രിയ കൂട്ടുകാരി നാം കണ്ടു മുട്ടിയിട്ട് ഇന്നേക്ക് 11 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നീ എന്നെ ഓർക്കുന്നുണ്ടോ ? എന്റെ മനസ്സിൽ ഇപ്പോഴും ആ ചങ്ങാത്തം കുട്ടിത്തത്തിന്റെ ചില്ലു കൂട്ടിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. എന്നെങ്കിലും നേരിൽ കാണുമ്പോൾ വാടാത്ത സ്നേഹ പൂക്കൾ ക്കൊപ്പം നമുക്കാ സൗഹൃദം വീണ്ടെടുക്കാം.

ഇത് കഥയല്ല മധുരവും നൊമ്പരവും ചേർന്ന ഓർമ്മക്കുറിപ്പ്.

-പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ