ശാന്തിപുരിയിലെ സമത്വം

ശാന്തിപുരിയിലെ സമത്വം

ശാന്തിപുരിയിലെ സമത്വം


ഈ കൊച്ചു കേരളത്തിൽ നിന്നും പത്തൊൻപതോളം നദികളും, പത്തോളം വരുന്ന പർവ്വത നിരകളും കടന്ന് ചെന്നാൽ ശാന്തിപുരിയെന്നൊരു പഴയ നാട്ടുരാജ്യം സ്ഥിതിചെയ്തിരുന്നിടത്ത് എത്തും. അന്ന് പതിനെട്ടാം നൂറ്റാണ്ടിൽ ശാന്തിപുരിയുടെ നാല് ദിക്കുകളിലും ജനങ്ങൾ തമ്മിൽ കലഹിക്കാതെ ഇടകലർന്ന് ജീവിച്ചിരുന്നു. മറ്റനേകം രാജാക്കന്മാരെ പോലെ ജനതയെ കൊള്ളയടിച്ചു ജീവിച്ചൊരു രാജാവായിരുന്നില്ല ശാന്തിപുരി ഭരിച്ചിരുന്ന ‘ദേവവർമ്മൻ’. രാജ ഭരണ കാലമാണെങ്കിലും, രാജാവാണെങ്കിലും വ്യക്തികൾക്ക് അവകാശങ്ങൾ ഉണ്ടെന്നും, അവരെല്ലാം സമരാണെന്നും, താനും അവരിൽ ഒരാളാണെന്നും ബോധ്യമുണ്ടായിരുന്ന അദ്ദേഹം ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിരുന്നില്ല. ഭരണത്തിനോ രാജാവിനോ എതിരെ ഉള്ള അഭിപ്രായങ്ങളും ഭരണത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകളും ജനപങ്കാളിത്തത്തോടെ നടത്താൻ കൊട്ടാരത്തിൽ തന്നെ ചർച്ചാ വേദികൾ ഒരുക്കി നൽകിയ അദ്ദേഹം അവിടെ ഉറക്കെ കേൾക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഇത്തരത്തിലൊരു നല്ല ഭരണം നിലനിൽക്കുന്നതിനാൽ തന്നെ ജനത അവിടെ സ്വസ്ഥരായിരുന്നു.

അങ്ങനെയിരിക്കെ മന്ത്രിമാരിൽ ഒരാൾ രാജാവിനെ ഒരു കാര്യം അറിയിച്ചു. രാജ്യത്ത് പൊക്കക്കുറവുള്ളവരെയും സമ്പത്തു കുറഞ്ഞവരെയുമൊക്കെ മറ്റുള്ളവരിൽ പലരും ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെന്നും എത്രയും പെട്ടെന്ന് ഇത്തരത്തിലുള്ള വേർതിരിവുകൾ ജനതയുടെ മനസ്സിൽ നിന്നും നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ഉണ്ടാവണമെന്നുമായിരുന്നു മന്ത്രിയുടെ അറിയിപ്പ്. അറിയിപ്പ് കേട്ട രാജാവ് അസ്വസ്ഥനായി. അടുത്ത ദിനം തന്നെ മുഴുവൻ ജങ്ങളെയും അദ്ദേഹം വിളിച്ചു കൂട്ടി സമത്വത്തിലുള്ള തന്റെ വിശ്വാസം അവർക്ക് വിശദീകരിച്ചുകൊടുത്തു. നല്ല ജീവിതം നയിക്കാനും, ജീവിതത്തിൽ സന്തോഷിക്കാനും, ആരുടേയും കുത്തുവാക്കുകളോ വിവേചനപരമായ പെരുമാറ്റമോ സഹിക്കേണ്ടി വരാതെ ജീവിക്കാനും, ബഹുമാനത്തോടും മാന്യതയോടും കൂടിയുള്ള പെരുമാറ്റം ലഭിക്കാനും എല്ലാവർക്കും  അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിറവും, പൊക്കവും, വണ്ണവും, സമ്പത്തും ആരോഗ്യവും എല്ലാം വ്യക്തികൾക്ക് വ്യത്യസ്തമായിരിക്കുമെന്നും അത്തരത്തിൽ വ്യത്യസ്തരായ മനുഷ്യർ തമ്മിൽ കലഹിക്കാതെ ജീവിക്കുന്ന സ്വർഗ്ഗീയമായൊരു സ്ഥലമാകണം ശാന്തിപുരിയെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. അദ്ദേഹം സംസാരിക്കുമ്പോൾ, ആൾക്കൂട്ടത്തിൽ ചിലർ മടിയോടെയും പുച്ഛത്തോടെയും അദ്ദേഹത്തിന്റെ വാക്കുകൾ അവഗണിച്ചു പരിഹസിച്ചു ചിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പക്ഷെ അദ്ദേഹം അതെല്ലാം അവഗണിച്ചു.


നാളുകൾക്കു ശേഷം രാജ്യത്തിന്റെ സ്ഥിതിഗതികളിൽ മാറ്റമില്ലെന്ന മന്ത്രിയുടെ രണ്ടാം അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാജാവ് വീണ്ടും ജനങ്ങളെ മുഴുവൻ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ഇത്തവണ രാജാവിന് ഒരു പദ്ധതി ഉണ്ടായിരുന്നു. ധനികനോ ദരിദ്രനോ പൊക്കമുള്ളവനോ പൊക്കം കുറഞ്ഞവനോ മെലിഞ്ഞവനോ തടിച്ചവനോ എന്നൊന്നും നോക്കാതെ എല്ലാവരെയും വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച്, ജനങ്ങളെ ഒരു വലിയ മുറിയിലേക്ക് കൊണ്ടുവരാനും അവിടെ എല്ലാവർക്കും സമൃദ്ധമായൊരു വിരുന്നൊരുക്കാനും തന്റെ ദാസികളോടും ദാസന്മാരോടും അദ്ദേഹം ആജ്ഞാപിച്ചു. അവർ രാജാവിന്റെ കല്പന അനുസരിച്ചു.

ജനങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോൾ, അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി, തങ്ങൾ എല്ലാവരും തങ്ങളുടെ വസ്ത്രത്തിൽ ഒരുപോലെ ഭംഗിയുള്ളവരാണെന്നും, വിരുന്നു കേമമാണെന്നും അവർ പരസ്പരം അഭിപ്രായപ്പെട്ടു. അവരെല്ലാം ബഹുമാനത്തോടും മാന്യതയോടും പെരുമാറുന്നുണ്ടായിരുന്നു.


പെട്ടെന്ന്, മുറി ഇരുണ്ടു, ആരോ ഉച്ചത്തിൽ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ തുടങ്ങി. അത് രാജാവിന്റെ ശബ്ദമായിരുന്നു. ഏവരോടും തങ്ങളുടെ സ്വപ്നങ്ങളെ പറ്റിയും സങ്കടങ്ങളെ പറ്റിയും ജീവിതത്തിൽ അനുഭവിച്ച ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളെ പറ്റിയും വേദിയിൽ വന്ന് സംസാരിക്കാൻ രാജാവ് ആവശ്യപ്പെട്ടു. ഓരോരുത്തരായി തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഓരോ മനുഷ്യരും അവരുടെ നോവുകൾ പറയുമ്പോൾ കൂടി നിൽക്കുന്ന ഏല്ലാവരുടെ കണ്ണുകളും നനയുന്നുണ്ടായിരുന്നു. സ്വപ്നങ്ങളെ കുറിച്ചവർ സംസാരിക്കുമ്പോൾ മുഴുവൻ ആളുകളിലും പ്രത്യാശയുടെ സ്പുരണം ജ്വലിച്ചിരുന്നു. സന്തോഷങ്ങൾ പങ്കു വച്ചപ്പോൾ എല്ലാവരിലും മനസ്സ് നിറഞ്ഞ സന്തോഷം കാണാൻ ഉണ്ടായിരുന്നു.

മുഴുവൻ ആളുകളും സംസാരിച്ചതിന് ശേഷം രാജാവ് വീണ്ടും വേദിയിൽ വന്നു ജനങ്ങളെ അഭിസംബോധന ചെയ്തു. എല്ലാവരേയും തുല്യമായി പരിഗണിച്ചാൽ ജീവിതം എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു പ്രതീകമാണ് തങ്ങൾ അനുഭവിച്ചതെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഭിന്നതകളേക്കാൾ വിശപ്പും, ദാഹവും, രുചികളോടുള്ള ഇഷ്ടവും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും എല്ലാം എല്ലാ മനുഷ്യർക്കും ഒരുപോലെയാണെന്ന് അദ്ദേഹം അവരോടു പറഞ്ഞു. അവിടെ നിന്ന് അവരവരുടെ വീടുകളിലേക്ക് മടങ്ങുന്ന ഓരോ വ്യക്തിയും, അവരവരുടെ ജീവിതം സമ്പത്തുള്ളതും സന്തോഷമുള്ളതുമാക്കി മാറ്റാൻ അദ്ധ്വാനിക്കുന്നതോടൊപ്പം തൊട്ടടുത്തു ജീവിക്കുന്ന മനുഷ്യരെ ഇതിനായി സഹായിക്കാനും മനസ്സ് കാണിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അനുഭവങ്ങൾ പങ്കു വച്ചപ്പോൾ, അപരരുടെ നോവിൽ എല്ലാവർക്കും വേദന തോന്നിയതും, അവരുടെ സന്തോഷങ്ങളിൽ എല്ലാവർക്കും സന്തോഷം തോന്നിയതും, അവരുടെ സ്വപ്‌നങ്ങൾ കേട്ടപ്പോൾ എല്ലാവരും തങ്ങളുടെ സ്വപ്ന ലോകത്തേക്ക് ചെന്നതും ഒക്കെ മനസ്സിലാക്കി തരുന്നത് എല്ലാ മനുഷ്യരും ഒരുപോലെയാണ് എന്ന മഹാ സത്യമാണെന്ന് രാജാവ് പറഞ്ഞു. ബഹുമാനത്തോടും ദയയോടും കൂടി പരസ്പരം പെരുമാറാനും, അത്തരത്തിൽ ജീവിക്കുന്നിടത്ത് മാത്രമേ സമാധാനം നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ വന്നവരിൽ ആരുടെ മുഖത്തും പുച്ഛമില്ല, ഏവരും കേട്ടതൊക്കെയും നെഞ്ചിലേറ്റി കണ്ണ് നനഞ്ഞു നിൽക്കുന്നു. ഇത് ശ്രദ്ധിച്ച രാജാവിന് നാളിതുവരെ അനുഭവിച്ചതിൽ ഏറ്റവും തീവ്രമായൊരു ആനന്ദം അപ്പോൾ അനുഭവ്യമായി. - വൈശാഖ് വെങ്കിലോട്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ്‌ എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ