രുചിയേറുന്ന ഇന്നലെകൾ, ചിതറുന്ന നാളെകൾ

രുചിയേറുന്ന ഇന്നലെകൾ, ചിതറുന്ന നാളെകൾ

രുചിയേറുന്ന ഇന്നലെകൾ, ചിതറുന്ന നാളെകൾ

ഒരു പെരുന്നാൾകാലം കൂടി വരുന്നു. ഒരു പെരുമഴക്കാലവും. മീനഭരണിയുടെയും തൃശൂർ പൂരത്തിന്റെയും പിൻഗാമിയായി ഇതും കോവിഡിനൊപ്പം മുങ്ങിയോ മങ്ങിയോ പോകും. ത്യാഗത്തിന്റെയും ക്ഷമയുടേയുമൊക്കെ വല്യ പാഠങ്ങൾ പ ടിക്കേണ്ട ഈ നോമ്പ് കാലത്തും എന്റെ ചിന്തകൾ വേറെന്തോ ആണ്.. ദിവസവും വൈകുന്നേരമാകുമ്പോൾ സമീപത്തെ വീടുകളിൽ നിന്നും  കൊതിയൂറും പരിമളമുണരുമ്പോൾ ഞാൻ ഒരു ആക്രാന്തത്തിനു കൈകാൽ വെച്ചവളാകും. പലതരം ആഹാരം കഴിക്കാൻ വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്ന് തോന്നും. ആരെങ്കിലും അവരുടെ വീട്ടിലേക്ക് വിളിച്ചൊന്നു സത്കരിച്ചിരുന്നെങ്കിൽ., പത്തിരീം തേങ്ങാപ്പാലും ബീഫ് വരട്ടിയതും  ഹോ.. ഇതൊക്കെ പടത്തിലെങ്കിലും കണ്ടിട്ട് നാളുകൾ പലതായ പട്ടിണി പാവങ്ങളുടെ നാട്ടിലിരുന്നാണ് എന്റെ ഈ അഹങ്കാരം. സക്കാത്ത് കൊടുക്കാതെ സൽക്കാരം കൊതിക്കുന്ന ഒരു പാവം ഭയങ്കരി !

പണ്ട് ഏഴിൽ പഠിക്കുമ്പോഴാണ് ആദ്യായി പത്തിരി കഴിക്കുന്നത് . പത്തിരി എന്നാൽ പൊറോട്ട എന്നാണ് ഞാൻ കരുതിയിരുന്നത്, എന്റെ പ്രിയ കൂട്ടുകാരി ഷെറിന്റെ ഉമ്മച്ചി അതവളുടെ കയ്യിൽ എനിക്കായി കൊടുത്തയാക്കുന്നത് വരെ. അന്നത്തെ പെരുന്നാളിന് ഉമ്മച്ചി കൊടുത്തുവിട്ട പത്തിരീം ചിക്കനും ഞാൻ രുചിയോടെ കഴിച്ചത് ഇപ്പഴും ഓർക്കുന്നു. അതങ്ങനെയാണ്. ജീവിതത്തിൽ ആദ്യം കുടിച്ച കള്ളും പ്രേമിച്ച പെണ്ണും ഒരു കാലത്തും മറക്കില്ലെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞപോലെ തന്നെയാണ് രുചികളും. അതാണ് ഇന്നത്തെ എന്റെ വിഷയവും.. ആദ്യം രുചിച്ചത് ഒന്നും മറക്കില്ല.

ഇപ്പോൾ മുപ്പത്തഞ്ച് വയസുള്ള ഞാൻ പലവിധ പാചക പരീക്ഷണങ്ങളും നടത്തി വേറിട്ട രുചികൾ കണ്ടെത്താറുണ്ടെങ്കിലും,കുഞ്ഞുന്നാളിലെ തിരിച്ചു കിട്ടാത്ത  രുചികളുടെ നൊസ്റ്റാൾജിയയിൽ കെട്ടു പിണഞ്ഞു കിടക്കാൻ നിഗൂഢമായി ആഗ്രഹിക്കാറുണ്ട്. എന്റെ അമ്മയുടെ പാലിന്റെ രുചി ഇപ്പോഴും നാവിലുണ്ട്, ഒരിക്കലും തിരികെ കിട്ടാത്ത രുചി!എല്ലാവർക്കും അങ്ങനെ തന്നെയാവും 

    ഹോട്ടലുകളിൽ പോകുമ്പോ ഏലയ്ക്ക ഇട്ട ചായ കുടിക്കുമ്പൊ ഓർമ്മവരിക സുചേത ആന്റിയുടെ മുഖമാണ്. ഞങ്ങളുടെ കുടുംബസുഹൃത്തായ അവരാണ് ആദ്യമായി ആ രുചി എന്റെ തലച്ചോറിലോ ഹൃദയത്തിലോ ഒക്കെ എത്തിച്ചത്. തലച്ചോറാകാൻ സാധ്യത ഇല്ല, കാരണം ഞാൻ പഠിച്ചതൊക്കെ തലച്ചോർ കൊണ്ടാണ്, ഹൃദയം അവിടെ എടുത്തിട്ടേയില്ല, ഒന്നും ഒട്ട് ഓര്മയുമില്ല. ഹൃദയത്തിലേക്ക് തന്നെ. ഉറപ്പിക്കാം. 

ഇപ്പൊ എല്ലാ വേനലിലും അല്ലാത്തപ്പോഴും ഒരു ഫാഷൻ പോലെ തണ്ണിമത്തൻ വാങ്ങി കണ്ടം തുണ്ടം അറഞ്ഞു നാരങ്ങാനീരൊക്കെ ചേർത്ത് വെനംവേണ്ടാതെ കഴിക്കുമ്പൊ തൃശൂരിലെ സ്റ്റാൻലി സാറിനെ ഓർക്കും. എത്ര രുചിയായിട്ടാണ് അദ്ദേഹവും ഭാര്യയും പണ്ട് ഞങ്ങള്ക്ക് തണ്ണിമത്തൻ ജ്യൂസ്‌ ഉണ്ടാക്കി തന്നതെന്ന്.. സ്കൂൾ കാലത്ത് സ്ഥിരമായി എല്ലാവർഷവും ഞങ്ങൾ ഗുരുവായൂർ പോകുമായിരുന്നു..  അച്ഛൻ അവിടെ ജോലി ചെയ്തിരുന്നപ്പോൾ ഉള്ള സുഹൃത്താണ് സ്റ്റാൻലി സർ.. ഗുരുവായൂരപ്പാ ക്ഷമിക്കണം അങ്ങയുടെ മുഖം എനിക്ക് നന്നായി ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ കൗസ്തുഭം ഹോട്ടലും മൊരി മൊരിപ്പൻ മസാലദോശയും ഫിൽറ്റർ കോഫിയും ഒക്കെ ഇന്നലത്തെ പോലെ ഓർക്കുന്നു. 

പുതിയ തരം ചോക്ലേറ്റ് വാങ്ങി എന്റെ മോനു കൊടുക്കുമ്പോഴും അവനോട് വഴക്കിട്ട് അതിൽ നിന്നൊരല്പം കഴിക്കുമ്പൊ നമ്മടെ പഴയ ഫൈവ് സ്റ്റാർ മിട്ടായി ഓർക്കാതിരിക്കില്ല.. ഇപ്പോഴും ഉണ്ട് ഫൈവ് സ്റ്റാർ, പക്ഷെ എന്തോ വ്യത്യാസം, ചിലപ്പോൾ ഓർമകളിലെ രുചിക്ക് മധുരമേറുന്നതുമാകാം. പിന്നെയും ഗുരുവായൂരിനെ കുറിച് പറയാതെ വയ്യ. അച്ഛന്റെ സ്നേഹിതൻ കാക്കൂർ അങ്കിൾ, അദേഹത്തിന്റെ ശെരിക്കുള്ള പേര് എനിക്കറിയില്ല, പക്ഷെ ഒരിക്കൽ ഗുരുവായൂർ പോയപ്പോൾ അദ്ദേഹം വാങ്ങിത്തന്ന ഒരു പൊതി ഫൈവ്സ്റ്റാർ ചോക്ലേറ്റ് ഞാൻ മറന്നിട്ടില്ല. 

പഴയ പഞ്ചാര ബിസ്ക്കറ്റും പാരീസ് മുട്ടായിയും, ശമ്പളം കിട്ടുമ്പോൾ അമ്മ വാങ്ങിയിരുന്ന ആപ്പിൾ പേടയും തേനൂറും ജിലേബിയും കൽക്കണ്ട് പതിച്ച ലഡുവും, പുഷ്പചേച്ചിയുടെ തൊഴിലില്ലായ്മ വേദനത്തിന്റെ പങ്ക് കോൺ ഐസ് കേക്കും, പുള്ളിക്കാരിയു ണ്ടാക്കിയിരുന്ന ചക്ക കുഴച്ചതും നെത്തോലി കറിയും..ഹോ.. ഒന്നും  ഒന്നും മറക്കാൻ കഴിയില്ല. 

നല്ല ഒന്നാം ക്ലാസ്സ്‌ ബീഫ് വരട്ടിയതാണ് കുഞ്ഞേട്ടൻ (അതെന്റെ പാവം നല്ല പാതിയാണ് കേട്ടോ )ന്റെ മാസ്റ്റർപീസ്. എങ്കിലും ക്ഷമിക്ക് മാഷേ, എന്റെ ഓർമയിലെ ബീഫ്, പണ്ട് പുഷ്പച്ചേച്ചി (അതെന്റെ ഒരു ചേച്ചിയാണ് )തന്ന ദോശയും രണ്ട് ദിവസം മുൻപത്തെ ബീഫുമാണ്.. 

രുചിക്കൂട്ടുകൾ ഏറി, വിഭവങ്ങൾ വിവിധമായി, എങ്കിലും, പണ്ട് രാത്രികളിൽ അച്ഛൻ ഉരുട്ടി തന്നിരുന്ന പോൻഡ്സ് പൗഡറിന്റെ ഗന്ധമുള്ള വലിയ വലിയ ചോറുരുളകൾ ഇപ്പോഴും രുചിമായാതെ തങ്ങുന്നു. മരിക്കാത്ത രുചികൾ. 

പ്രായം കൂടുന്നു, ഓർമയിലെ വിഭവങ്ങളുടെ രുചിയും. കഴിഞ്ഞ ആഴ്ചയിലെ വിഭവങ്ങൾ, പോയ വഴികൾ, കണ്ട സിനിമകൾ എല്ലാം ഒരു മറയിലൂടെ എന്നോണം അവ്യക്തമാണ്, ചിതറിയവയാണ്. എന്തുകൊണ്ടാണ് അതങ്ങനെ എന്നെനിക്കറിയില്ല. ചിതറിയ ഓർമ്മകൾ നിറയുന്ന അരണ്ട വെളിച്ചമുള്ള നാളെകൾക് അല്പമെങ്കിലും നിറമേകാൻ തെളിമയാർന്ന ഈ രുചി ഓർമ്മകൾ അങ്ങനെ കിടക്കട്ടെ മായാതെ.. മറയാതെ 

 

-  ഡോ. ഗൗരിവിപിൻ ചിറയിൻകീഴ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഡോ. ഗൗരിപ്രിയ. പി.ജി, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോപിനാഥന്റെയും പ്രസന്നയുടെയും മകളായി 1985 ജൂൺ 7നു ജനനം. പ്രേംനസിർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ൽ പത്താം ക്ലാസ്സ്‌ വരെയും ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെയും പഠനം. പിന്നീട്, ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്നും, BHMS ബിരുദം കരസ്ഥമാക്കി. ഇപ്പോൾ സ്വന്തം ഹോമിയോ ക്ലിനിക്കിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നു.ഒരു സഹോദരിയുണ്ട്. ഭർത്താവ് വിപിൻ ഫ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ