സ്മൃതിപഞ്ചരം

സ്മൃതിപഞ്ചരം

സ്മൃതിപഞ്ചരം

തുലാ വർഷത്തെ ഇടിതീ തന്റെ മേൽ പതിച്ച പോലെയാണ്‌ ആ അറിയിപ്പ് കൈയിൽ കിട്ടിയപ്പോൾ ലില്ലിക്കുട്ടിയ്ക്ക് അനുഭവപ്പെട്ടത്. പോസ്റ്റ്‌ മാൻ തന്നിട്ടു പോയ രജിസ്ട്രേഡ് ഒപ്പിട്ടു വാങ്ങുമ്പോൾ ഉണ്ടായിരുന്ന ശാന്തത പൊടുന്നനെ നടുക്കത്തിലേക്ക് വഴി മാറി. 

പുറമ്പോക്കു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന തന്റെ വീട്‌ ഉൾപ്പെടെയുള്ള സ്ഥലം ഏറ്റെടുക്കാൻ പോകുന്നു എന്ന് അറിയിച്ചു കൊണ്ടുള്ള സർക്കാർ കത്ത് വായിച്ചു കഴിഞ്ഞതും ആകെ തളർന്നു പൂമുഖ പടിയിൽ ഇരിക്കുമ്പോൾ ചുറ്റും ഇരുട്ട് പടർന്നു കയറുന്ന പോലെ അവർക്ക് തോന്നി. 

മേൽ പറഞ്ഞ സംഭവം നടക്കുന്നത് ഏതാണ്ട് രണ്ടു  വർഷങ്ങൾക്ക് മുൻപ് ആണ്. അന്ന് ഉച്ചക്ക് തന്റെ പ്രിയപ്പെട്ട കടലാസ് ചെടികളെ വെട്ടി സുന്ദരികളാക്കി നിർത്തുന്ന പണിയിൽ ആയിരുന്നു അവർ. സത്യത്തിൽ അവർക്ക് ഒട്ടും ഇഷ്ടമല്ലാത്ത ചെടിയായിരുന്നു അത്‌. തന്റെ ഭർത്താവിന്റെ മരണ  ശേഷം അയാളുടെ ഇഷ്ടത്തെ അവർ തന്റെതാക്കി മാറ്റുകയായിരുന്നു. 

പത്തു വർഷങ്ങൾക്കു മുൻപ് ഉറക്കത്തിൽ നേർത്ത ഞരക്കത്തോടെ അയാൾ പോകുമ്പോൾ ആദ്യമായി അവർക്ക് കുറ്റബോധം തോന്നി. എത്ര നിർബന്ധിച്ചിട്ടും താൻ ഒരിക്കലും നട്ടു പിടിപ്പിക്കാതെ പോയ ഗന്ധമില്ലാത്ത പൂക്കൾ പേറുന്ന,  കാടു പോലെ വളരുന്നവയെന്നു താൻ കളിയാക്കുമായിരുന്ന ആ ചെടികളെ മുറ്റത്തു നട്ടു വളർത്തി അവർ തന്റെ മനസ്സിനെ ആശ്വസിപ്പിച്ചു. 

ലില്ലിക്കുട്ടിയ്ക്ക് അമ്പത് വയസ്സ് പ്രായമുണ്ട്. റോഡിനോട് ചേർന്നു നിൽക്കുന്ന പഴയ രീതിയിൽ പണി കഴിപ്പിച്ച ഓടിട്ട വീട്ടിൽ ഭർത്താവിന്റെ മരണ ശേഷം അവർ ഒറ്റയ്ക്ക് ആണ് താമസം.വിവാഹം കഴിഞ്ഞുള്ള   മൂന്നാമത്തെ വർഷമാണ് ഈ സ്ഥലം വാങ്ങി വീടു വച്ചത്. 

അവർ രണ്ടു പേരും കൂടി ആ വീട്ടിൽ കഴിഞ്ഞ നാളുകളിൽ എന്നോ ഒരിക്കൽ മുറ്റത്തെ ചാമ്പ മരത്തിൽ നിറയെ ചുവന്ന മധുരമുള്ള ചാമ്പങ്ങകൾ പിടിച്ചു. ഉള്ളം കയ്യിൽ വയ്ക്കാൻ മാത്രം വലിപ്പമുള്ള കുരുവികളുടെ വരവായിരുന്നു പിന്നെ യുള്ള ദിനങ്ങളിൽ. 

കുട്ടികളുടെ കൊഞ്ചൽ എത്തി നോക്കാത്ത ആ വീടാകെ ഒന്ന് ഉഷാറാകാൻ അത്‌ തന്നെ ധാരാളമായിരുന്നു. 

ഒരു ഞായർ ദിവസം അടുക്കളയിൽ തിരക്കിട്ട പണികൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഭർത്താവിന്റെ വിളി അവരുടെ കാതിൽ മുഴങ്ങി. 

" എടിയേ ഓടി വാ... ഇതൊന്ന് നോക്കിയേ " 

വായിൽ ചൊറിഞ്ഞു വന്നത് പെട്ടന്ന് വിഴുങ്ങി ഓടി ചെന്നു നോക്കുമ്പോൾ കൈയിൽ ഒരു കുഞ്ഞി കുരുവിയെ എടുത്തു നോക്കുന്ന ഭർത്താവിനെയാണ്‌ കണ്ടത്. 

ചിറകുകളിൽ നിറയെ ചുവന്ന ഉറുമ്പുകൾ കടിച്ചിരിക്കുന്നു. 

നിസ്സഹായതയിൽ ചാഞ്ഞു കിടക്കുന്ന ആ കുഞ്ഞി കുരുവിയെ നോവിക്കാതെ വളരെ സൂക്ഷ്മതയോടെ അയാൾ ഓരോ ഉറുമ്പിനെയും അടർത്തി മാറ്റി. 

മുറിവുകളിൽ 

മഞ്ഞൾ തേച്ചു കൊടുക്കുമ്പോൾ ലില്ലിക്കുട്ടിയുടെ മാതൃത്വം  ഉണർന്നു. 

മനുഷ്യൻ തൊട്ടാൽ പിന്നെ കിളികളെ മറ്റ് കിളികൾ അടുപ്പിക്കില്ലത്രെ.കുട്ടികാലത്തു തന്നോട്  വല്യമ്മച്ചി പറഞ്ഞത് അവൾ ഓർത്തു. 

ഭർത്താവും ഭാര്യയും ചേർന്ന് ആ കുരുന്നിനെ തങ്ങളുടെ കുഞ്ഞാക്കി വളർത്തി തുടങ്ങി. കുട്ടികൾ ഇല്ലാത്ത ദുഃഖം അങ്ങനെ അങ്ങനെ മനസ്സിൽ നിന്നും പറന്നു പോയി. 

ചാമ്പ മരത്തിൽ പിന്നെയും കുരുവികൾ വന്നു കൊണ്ടിരുന്നു. 

ഒപ്പം വർഷങ്ങളും...

അങ്ങനെ താനും ഭർത്താവും കൂടി തല്ലു കൂടി പിണങ്ങി പിന്നെ അതിലേറെ ഇണങ്ങി കഴിഞ്ഞ വീട്ടിൽ നിന്നാണ് താനിപ്പോൾ ഇറങ്ങേണ്ടത് എന്ന ചിന്ത തന്നെ അവരെ കുറേ നാൾ ഭ്രാന്ത്‌ പിടിപ്പിച്ചു. 

ബന്ധുക്കൾ ശത്രുക്കൾ ആണെന്ന യഥാർഥ്യം മനസ്സിലാക്കാൻ അവർക്ക് ഈ സംഭവം വേണ്ടി വന്നു. ഒറ്റയായ ജീവിതം കഴിഞ്ഞ പത്തു വർഷങ്ങളായി തനിക്കു ഭാരമായി തോന്നാത്തതു തന്നെ ഈ വീടും അതിനോടൊപ്പം ചുറ്റുന്ന തന്റെ ഓർമ്മകളും ആണെന്ന് ഒരു പാട് ചിന്തിക്കാതെ തന്നെ അവർക്ക് അറിയാമായിരുന്നു. 

അതിനാൽ ഭൂമി തിരിച്ചു പിടിക്കാൻ സഹായവുമായി ബന്ധുക്കൾ വരും എന്ന് കരുതി ചെന്നപ്പോൾ അവർക്ക് ഇതൊന്നും വലിയ കാര്യമല്ല എന്നും നേട്ടമില്ലാത്ത ഒരു കാര്യവും അവർ ചെയ്യില്ല എന്നും മനസ്സിലാക്കിയപ്പോൾ ലില്ലി കുട്ടി സ്വയം മുന്നിട്ടു ഇറങ്ങാൻ തീരുമാനിച്ചു. 

ആന്റണി എന്നായിരുന്നു അവരുടെ ഭർത്താവിന്റെ പേര്. അയാളുടെ കരുതലിൽ ഒരു അരുമയെ പോലെ ജീവിക്കുകയായിരുന്നു ലില്ലിക്കുട്ടി. പുറം ലോകത്തെ പരുക്കൻ യാഥാർഥ്യങ്ങൾ അറിയാതെ, സ്നേഹമഴ പെയ്യുന്ന രാത്രികളും പൂക്കൾ ചിരിക്കുന്ന പകലുകളും കൊണ്ടു മാത്രം സമ്പന്നമായിരുന്നു അവളുടെ ദിവസങ്ങളെല്ലാം... ഭർത്താവിനാൽ അത്ര മേൽ സ്നേഹിക്കപ്പെടുക എന്ന ഭാഗ്യം ആർക്കൊക്കെ ലഭിക്കും? 

അതു കൊണ്ടു തന്നെ അയാളുടെ വേർപാട് ആദ്യമൊന്നും അംഗീകരിക്കാൻ അവളുടെ മനസ് തയ്യാറാകാതിരുന്നത്. 

ഒരു ക്രിസ്മസ് രാത്രിയിൽ 

ഉറക്കത്തിന്റെ ആഴങ്ങളിൽ വീണപ്പോൾ സ്വപ്നങ്ങളുടെ ചിറകുകൾ വീശി പറന്നു കയറുന്ന നേരത്ത് എന്തെന്നറിയില്ല പെട്ടന്ന് ഞെട്ടി ഉണർന്നു. അടുത്ത് കിടന്നുറങ്ങുന്ന ആൾ ഒന്നു ഞരങ്ങിയത്      സ്വപ്നബാക്കിയാണെന്ന്      പോലും തോന്നി പോയി. ആ രാത്രിയ്ക്ക് ശേഷം ഒരിക്കലും ലില്ലിക്കുട്ടിയ്ക്ക് സുഖ നിദ്ര എന്നൊന്ന് ഉണ്ടായിട്ടില്ല. 

തികച്ചും ഒറ്റപെട്ടു ജീവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് പുറത്തുള്ള കാര്യങ്ങളെ കുറിച്ചുള്ള അജ്ഞത വലിയൊരു ശാപമാണ്. എങ്കിൽ കൂടി ഓർമ്മകളിൽ ജീവിക്കുന്ന അവർ ആ വീട് നഷ്ടപെടുത്താൻ തയ്യാറായില്ല. പഞ്ചായത്ത്‌,  വില്ലേജ് ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ പണ്ട് കഥകളിൽ മാത്രം വായിച്ച അത്ഭുത ലോകം പോലെ ഒക്കെ അവർക്ക് തോന്നിപോയി. 

വർഷങ്ങൾക്കു മുൻപ് തന്റെ ഭർത്താവ് വാങ്ങിയ ആ ഭൂമി യഥാർത്ഥത്തിൽ പട്ടയമില്ലാത്തതായിരുന്നു. 

മറ്റൊരാളിൽ നിന്നും വാങ്ങുമ്പോൾ ചതി ആണെന്ന് അറിയാതെ ഇത്രയും കാലം തങ്ങൾ ജീവിച്ചു. ഇനി എന്തു വഴി?  ഇറങ്ങി കൊടുക്കാൻ മനസ്സ് വരുന്നില്ല. എന്തെങ്കിലും മാർഗം തെളിയുന്നതിനായി മാത്രം പിന്നീട്  അവർ കത്തിയെരിയുന്ന മനസ്സുമായി സർക്കാർ ഓഫീസുകളിൽ,   പൊയ്കൊണ്ടിരുന്നു. 

ഒരു വർഷത്തെ നിയമ പോരാട്ടത്തിൽ പരാജയം ലില്ലിക്കുട്ടിയ്ക്കായിരുന്നു. തലയിൽ ഇടിത്തീ വീണതിന് പുറമേ മറ്റൊരു ആഘാതം കൂടി താങ്ങാൻ അവർക്കായില്ല. 

ജപ്തി നോട്ടീസ് തൂങ്ങിയാടുന്ന പൂമുഖത്തിരുന്നു അവർ ഒത്തിരി കരഞ്ഞു. ജീവിതം അവസാനിപ്പിച്ചാൽ കൂടി പള്ളി സെമിത്തേരിയിൽ അതിയാനൊപ്പം ഉറങ്ങാനുള്ള ആഗ്രഹം പോലും നടക്കില്ല എന്നുള്ള ബോധം അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു. 

" ലില്ലി കൊച്ചേ.....മരിച്ചു കഴിഞ്ഞാൽ കല്ലറയിൽ കിടക്കാൻ എനിക്ക് വയ്യെടോ.... എനിക്ക് മേലാ ഇങ്ങനെ നിശബ്ദമായി.... താനില്ലാതെ..... ഉറങ്ങാൻ " 

ലഹരി മൂക്കുമ്പോൾ ആളിങ്ങനെ ഓരോന്ന് ഉറക്കെ തട്ടി വിടുന്നതാണെ ന്നേ ആദ്യം കരുതിയുള്ളൂ. 

പക്ഷെ മരിക്കുന്നതിനു കൃത്യം ഒരാഴ്ച മുൻപ് നടന്ന ഈ സംഭവം മരണശേഷം ഓർത്തെടുത്തപ്പോൾമാത്രമാണ്  അവർക്ക് അതിലെ സൂചന പിടി കിട്ടിയത്. 

അന്ന് പതിവില്ലാതെ അയാൾ ധാരാളം കുടിച്ചു. മധു വിധു നാളുകളിൽ പാടിയിരുന്ന പാട്ട് ഉറക്കെ പാടി. അയാൾക്ക് അന്ന് അൻപതു വയസ്സ് തികഞ്ഞിരുന്നു. എങ്കിൽ കൂടി ചുംബനങ്ങൾക്ക് എരിവ് ഒട്ടും കുറഞ്ഞിരുന്നില്ല. 

മരണത്തെ കുറിച്ച് സംസാരം തുടങ്ങിയതും ലില്ലിക്കുട്ടിയ്ക്ക് അസ്വസ്ഥത തോന്നാതിരുന്നില്ല. എങ്കിലും ഇടയ്ക്ക് മൂപ്പർ തികഞ്ഞ വേദാന്തിയുടെ വേഷം ധരിക്കാറുള്ളതിനാൽ അവർ അത്ര കാര്യമാക്കിയില്ല.

ഇടയ്ക്ക് ആന്റണി മൗനം പൂണ്ടു. അലമാരി തുറന്നു ഏതാനും പേപ്പറുകൾ എടുത്തു ഭാര്യയുടെ കയ്യിൽ കൊടുത്തു. 

അതൊരു സമ്മത പത്രം ആയിരുന്നു. മരണ ശേഷം ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു കൊടുക്കുന്നതിനുള്ള സമ്മതപത്രം. 

ഭാര്യയുടെ  മുഖം വലിഞ്ഞു മുറുകി.മരണ ശേഷം തന്റെ പ്രിയപ്പെട്ടവന്റെ ദേഹം കീറി മുറിക്കുന്നത് പോയിട്ട് അയാൾ മരിക്കുന്നത് പോലും ഓർക്കാൻ അവൾ ക്കു കഴിയില്ല. 

പ്രീ ഡിഗ്രി ക്ലാസ്സിൽ, കീറി പഠിക്കാൻ ജീവ ശാസ്ത്ര ലാബിലെ മേശ മേൽ ക്ലോറോഫോം മയക്കി കിടത്തിയ മുഴുത്ത തവളയെ അവൾ  ഒരു നിമിഷം ഓർത്തു. വായിൽ ഓക്കാനം തികട്ടി വന്നതും പെട്ടന്ന് ബാത്‌റൂമിലേയ്ക്ക് ഓടി. 

പക്ഷെ അവളുടെ എതിർപ്പ് വെള്ളത്തിൽ വരച്ച വര പോലെ ആയി.ആന്റണിയുടെ തീരുമാനം അയാൾക്ക്‌ മാത്രമേ മാറ്റാൻ കഴിയൂ. ലില്ലിക്കുട്ടിയുടെ മൗന പ്രതിഷേധങ്ങളെ ചിരി കൊണ്ട് മായ്ക്കാൻ അയാൾക്ക്‌ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. 

കച്ചവടത്തിൽ കൂടെ നിന്നും ചതിച്ച സ്നേഹിതനോട്‌ വർഷങ്ങൾക്കു ശേഷം ക്ഷമിച്ചു വീട്ടിൽ കൂട്ടി കൊണ്ടു വന്നപ്പോൾ തന്റെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ അതേ പുഞ്ചിരി തന്നെ ആയിരുന്നു അതിയാൻ  പ്രയോഗിച്ചത്. 

എത്ര കോപം വന്നാലും അതെല്ലാം അയാളുടെ സ്നേഹത്തിൽ അലിഞ്ഞു പോകുമായിരുന്നു. അത്രയേറെ അവർ അയാളെ സ്നേഹിച്ചിരുന്നു. അതയാൾ മനസ്സിലാക്കിയിരുന്നു താനും. 

ഇരുപത് വർഷത്തെ ദാമ്പത്യത്തിൽ ഒരു തവണ മാത്രമാണ് അയാൾക്കു ലില്ലിക്കുട്ടിക്കു മേൽ ആ വിദ്യ പ്രയോഗിക്കാൻ കഴിയാതിരുന്നത്. 

ബിസിനസ് ആവശ്യങ്ങൾക്കായി ഒരാഴ്ചത്തേക്ക് ഹൈദ്രബാദ് പോയ ആൾ മടങ്ങി വന്നത് ഒരു മാസം കഴിഞ്ഞ്... ഇടയ്ക്ക് ഇളം നീല കടലാസ്സിൽ ഒരു കുറിപ്പ് കിട്ടി. ചങ്ങാതിമാർക്കൊപ്പം ഗോവയിലേക്ക് പോകുന്നു എന്നു. ആന്റണി മടങ്ങിയെത്തുമ്പോൾ വീട്ടിൽ ലില്ലിക്കുട്ടിയില്ല. ആ പിണക്കം തീരാൻ വീണ്ടും ഒരു മാസം കൂടി എടുത്തു. ലില്ലിക്കുട്ടി കത്ത് കിട്ടിയ ഉടനെ സങ്കടവും അതിലുപരി ദേഷ്യവും മനസ്സിൽ നിറച്ചു കൊണ്ടു തന്റെ വല്യമ്മച്ചിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു . താനില്ലാതെ ആ വീട്ടിൽ കഴിയാൻ അവൾക്കു പറ്റില്ല എന്നറിയാം അയാൾക്ക്‌. എന്നിട്ടും യാത്ര നീട്ടിയതാണ് അവളെ ചൊടിപ്പിച്ചത്. 

എന്തായാലും ആന്റണിയ്ക്കു അവളുടെ അസാന്നിധ്യം താങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ അവളെ വിട്ട് ആ വീട് വിട്ട് എവിടെയും പോകില്ല എന്ന വാക്ക് മരണം വരെ അയാൾ പാലിക്കുക തന്നെ ചെയ്തു. 

പിന്നീട് എപ്പോഴോ അവർ മുറ്റത്ത് ഇരുന്നു വർത്തമാനം പറയുന്ന കൂട്ടത്തിൽ അന്നത്തെ ആ സംഭവം ഒരു വിഷയമായി. 

" നീ പിണങ്ങി പോയില്ലെടി..... അന്നേരം ഈ വീട്ടിൽ ഞാൻ തനിച്ചായപ്പോ... ഈ നാലു ചുവരിൽ നിന്റെ ഓർമ്മകൾ ഉണർന്നു... അന്നേരം നീ മരിച്ചു പോയി എന്ന പോലെ തോന്നിയെടി  " 

 അതു പറഞ്ഞു കഴിഞ്ഞതും അയാൾ കുറച്ചു നേരം നിശബ്ദനായി. അവൾക്കും ഒന്നും മിണ്ടാൻ തോന്നിയില്ല. സന്ധ്യ മയങ്ങും വരെ അവർ ആ ഇരിപ്പ് തുടർന്നു. 

എന്തായാലും ആ വിധി അയാൾക്ക്‌ ഉണ്ടായില്ല. അയാളുടെ ഓർമ്മകൾ പേറി ജീവിക്കേണ്ടി വന്നത്  അവൾക്കായിരുന്നു. 

ഇഷ്ടപ്പെട്ടവരോടുള്ള സ്നേഹം അവരുടെ അഭിലാഷങ്ങളെ സഫലമാക്കുന്നതിലൂടെ നാം സംതൃപ്തിയുടെ കൊടുമുടി കയറുന്നു. പലപ്പോഴും അത്‌ അവരുടെ മരണ ശേഷം ആകുന്നുവെന്ന് മാത്രം.

ഉള്ളിൽ ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ല എങ്കിൽ കൂടി മരണത്തിനു ഒരാഴ്ച മുൻപ് അവൾ അറിഞ്ഞ അയാളുടെ ആഗ്രഹം നിറവേറ്റാൻ തന്നെ ലില്ലിക്കുട്ടി തയ്യാറായി. 

അയാൾ ആഗ്രഹിച്ച പോലെ തന്നെ അവൾ അയാളുടെ ശരീരം ഇരുട്ട് ഉറങ്ങുന്ന കല്ലറയിലേയ്ക്ക് വിട്ടു കൊടുത്തില്ല. 

ഇന്നിപ്പോൾ ആ തീരുമാനത്തിൽ അവർ പശ്ചാത്തപിക്കുന്നുവോ? 

ഉണ്ടെന്ന് അവരുടെ കണ്ണുകളിലെ നീർച്ചാലുകൾ വിളിച്ചു പറയുന്നു. എങ്കിൽ ഈ വീട്‌ വിട്ട് ആ കുഴിമാടത്തിന് അരികിൽ ഓർമ്മകളില്ലാതെ ഉറങ്ങാൻ കഴിയുമായിരുന്നു. 

മണ്ണു മാന്തിയുടെ ആലിംഗനത്തിൽ അമർന്നു മോക്ഷം പ്രാപിക്കാനുള്ള വിധിയും കാത്തിരിക്കുന്ന ഈ വീടിന്റ നിശ്വാസങ്ങൾ തന്നെ വീർപ്പു മുട്ടിക്കുമായിരുന്നില്ല. 

പോകാനിടമില്ലാതെ,  പ്രിയപ്പെട്ടവനൊപ്പം അന്ത്യ നിദ്ര കൊള്ളാനാവാതെ,  വരണ്ടുണങ്ങിയ മണ്ണു പോലെ അവരുടെ മനസ് കല്ലിച്ചു .ദിന രാത്രങ്ങൾ കടന്നു പോകുന്നത് പോലും അവർ അറിഞ്ഞില്ല. ആ വീട്ടിൽ ഓർമ്മകളുടെ നടുവിൽ പത്തു വർഷങ്ങൾ കഴിഞ്ഞിട്ടും തോന്നാത്ത 

ഭയം ലില്ലിക്കുട്ടിയെ ഗ്രസിച്ചു തുടങ്ങിയിരുന്നു. 

തീരുമാനമെടുക്കാതെ ദിനങ്ങൾ കടന്നു പോകുന്നതിനിടയിൽ ഒരു പ്രഭാതം വന്നെത്തി. അന്ന് അവരുടെ വിവാഹ വാർഷിക ദിനമായിരുന്നു. 

പുലരി പുതിയ ഒരു ഉണർവോടെ അവരെ എതിരേറ്റു. 

പുറത്തിറങ്ങി അവർ ആ വീടിനെ

നോക്കുമ്പോൾ ആദ്യമായി അവിടേയ്ക്കു ഭർത്താവിനൊപ്പം താമസിക്കാൻ വന്ന രംഗം മനസ്സിൽ ഓടിയെത്തി. 

ഇരു വശങ്ങളിലുമായി  കടലാസു ചെടികൾ നിറയെ പൂത്തു നിൽക്കുന്ന മുറ്റത്തിന്റെ ഓരത്തു  നിൽക്കുന്ന 

ചാമ്പ മരങ്ങൾ നിറയെ ചാമ്പയ്‌ക്ക നിറഞ്ഞു നിൽക്കുന്നു. കുരുവികളുടെ കൊഞ്ചലുകൾ കേട്ട് അവരുടെ മനസ്സുണർന്നു. 

ആ വീട്ടിൽ നിന്നും  ഇറങ്ങി പോകുക അസാധ്യമാണെന്ന തിരിച്ചറിവിൽ അവർ തന്റെയും വീടിന്റെയും അന്തിമ വിധിയ്ക്കായി കാത്തിരുന്നു.പൂമഴ പെയ്യുമ്പോഴുള്ള  സുഗന്ധം  കണക്കെ കാത്തിരുപ്പിന്റെ നിമിഷങ്ങൾ അവർ പോലും അറിയാതെ അവരിൽ പടർന്നു കയറുകയായിരുന്നു..

 

പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ