ഹൃദയപൂർവ്വം

ഹൃദയപൂർവ്വം

ഹൃദയപൂർവ്വം

മതിലുകൾ മറ കെട്ടി തിരിക്കാത്ത വിശാലമായ പറമ്പിന്റെ വടക്കേ അറ്റത്തു ,  നിറയെ കായ്ച്ചു നിൽക്കുന്ന പഴക്കം ചെന്ന ഒരു മാവ് തല ഉയർത്തി നിന്നിരുന്നു. 

ഉച്ച വെയിൽ ശിഖരങ്ങൾക്കിടയിൽ കൂടി ഭൂമിയെ ഒളിച്ചു നോക്കികൊണ്ടിരിക്കുകയാണ്.

കറുത്തു തടിച്ചു നീണ്ട വേരുകൾ മണ്ണിലമരുമ്പോൾ കൊഴുത്ത പെരുമ്പാമ്പുകളെ പോലെ തോന്നിച്ചു. 

മരത്തണൽ നൽകുന്ന സുഖത്തിൽ 

കുറച്ചു നേരം കൂടി അവിടെ ഇരിക്കാൻ അയാൾ തീരുമാനിച്ചു. ഷർട്ട് ഇടാത്ത അയാളുടെ രോമം നിറഞ്ഞ നെഞ്ചിൽ പറ്റി അമർന്നിരിക്കുന്ന ഏതാനും ചോനനുറുമ്പുകളെ പറിച്ചു കളയുമ്പോൾ  അയാൾക്ക്‌ വല്ലാതെ നീറി. 

നാട്ടിൽ ഉഷ്ണം സഹിക്കാവുന്നതിലും അപ്പുറം ആണെന്ന് അയാൾക്ക്‌ ഇവിടെ വന്നതിന്റെ അടുത്ത ദിവസം തന്നെ മനസിലായിരുന്നു. 

വിദേശത്തു നിന്നും വന്നിട്ട് അധികം ദിവസങ്ങൾ ആയില്ല എങ്കിലും കാലാവസ്ഥ മാറ്റം പോലെ ചുറ്റുപാടുകളും മാറിയിരിക്കുന്നു. 

തന്റെ ഹൃദയം നിറയെ ചിന്തകളാം ചൊനനുറുമ്പുകൾ പറ്റിപ്പിടിചിരിക്കുകയാണ്... ഉറച്ച തീരുമാനം കൊണ്ടു താൻ അവയെ എടുത്തു മാറ്റുമെന്നും അപ്പോൾ ഉള്ള നീറ്റൽ വെറും താൽക്കാലികമായിരിക്കും എന്നുമൊക്കെ ചിന്തിച്ച ശേഷം പാതി എരിഞ്ഞ സിഗരറ്റു അയാൾ ദൂരയ്ക്കു വലിച്ചെറിഞ്ഞു. 

സമയം എടുത്തു അയാൾ ആലോചിച്ചു. ആലോചനകൾക്കു ശേഷം പുഞ്ചിരിയ്ക്കുന്ന മനസ്സുമായി തൊട്ടു അടുത്തുള്ള തന്റെ വീട്ടിലേയ്ക്കു നടന്നു. 

വളരെ നാളുകൾ കൂടി, അന്ന് ഉച്ചയൂണ് അയാൾ ആസ്വദിച്ചു കഴിച്ചു. അമ്മയുടെ കൈപുണ്യത്തിൽ അയാൾക്ക്‌ എന്നും മതിപ്പ്‌ ആയിരുന്നു. പഴുത്ത മാങ്ങകൾ കൊണ്ടു ഉണ്ടാക്കുന്ന പുളിശ്ശേരി കുട്ടിക്കാലം തൊട്ടേ അയാളുടെ രുചി മുകുളങ്ങളെ സംതൃപ്തിയുടെ കൊടുമുടിയിൽ എത്തിച്ചിരുന്നു.. ഇന്നും അതിനു മാറ്റം വന്നില്ല എന്ന് തെളിയിച്ചു കൊണ്ടു അവസാന വറ്റും ബാക്കി വയ്ക്കാതെ മാമ്പഴ പുളിശ്ശേരി കുഴച്ചു അയാൾ കഴിച്ചു തീർത്തു. 

അമ്മയുടെ മുഖത്തെ ചോദ്യഭാവം തന്റെ തീരുമാനത്തെ പ്രതീക്ഷിക്കുന്നു. കൈകൾ കഴുകി അയയിൽ കിടന്ന തുണിയിൽ മുഖം തുടയ്ക്കുമ്പോഴേയ്ക്കും പിന്നിൽ അമ്മയുടെ കാലൊച്ച അടുത്തു വന്നു നിന്നു. 

മൗനം അതു മാത്രമാണ് ഇപ്പോൾ വേണ്ടത്. കനത്ത മൗനങ്ങളുടെ അകമ്പടിയിൽ പൊട്ടിതെറികൾ ചിതറിതെറിച്ചു വീഴട്ടെ... 

സ്വന്തം മുറിയുടെ ഏകാന്തതയിൽ വിശാലമായ കിടക്കയിൽ ശാന്തമായി കിടക്കുമ്പോൾ എവിടെ നിന്നോ ഒരു വീണയുടെ നാദം കേൾക്കുന്നതായി അയാൾക്ക് തോന്നി.... 

വൈകിയുള്ള വിവാഹത്തിൽ പ്രതീക്ഷകൾ ചില്ലു കൂടാരങ്ങൾ പോലെ തന്റെ ഹൃദയത്തിൽ മുളച്ചു പൊന്തിയപ്പോൾ അവയ്ക്കു  തകരാൻ കൊടുങ്കാറ്റിന്റെ നേർത്ത തുടക്കം മാത്രം മതിയെന്നു മനസ്സിലാക്കാൻ അപ്പോൾ തനിക്കു കഴിഞ്ഞില്ലല്ലോ... 

ജാതകത്തിൽ ചൊവ്വ ഉള്ളത് കാരണം അയാളുടെ വിവാഹം നീണ്ടു നീണ്ടു പോകുകയും നാൽപതു തികഞ്ഞ പിറന്നാളിന്റെ പിറ്റേന്ന് ദല്ലാൾ കൊണ്ടു വന്ന ആലോചന അതിനു ഒരു അവസാനം ഉണ്ടാക്കുകയും ചെയ്തു. അയാളുടെ അമ്മയ്ക്ക് സമാധാനം നാട്ടുകാരുടെ ചോദ്യങ്ങൾ അവസാനിക്കുന്നത് ഓർത്തിട്ടായിരുന്നു. 

" നീരജ " അതായിരുന്നു അയാളുടെ ഭാര്യയുടെ പേര്. കാണാൻ അത്യാവശ്യം ചന്തം ഉണ്ടെങ്കിലും അയാളെ ആകർഷിച്ചത് അതൊന്നും ആയിരുന്നില്ല.. വീണ വായിക്കാൻ അവളുടെ കഴിവ് ആയിരുന്നു. സംഗീത കോളേജിൽ  നിന്നും " വീണ " മെയിൻ ഒന്നാം റാങ്കിൽ പാസ്സായ 

ശേഷം താൽക്കാലികമായി അടുത്ത് ഒരു സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു അവൾ. 

മുറിയിൽ ഒരറ്റത്ത്‌ പൊടി പിടിച്ചു കിടക്കുന്ന വീണ അയാളിൽ മധുരം നിറഞ്ഞ സന്ധ്യകളുടെ ഓർമ്മകൾ ഉണർത്തി കഴിഞ്ഞിരുന്നു.. 

ഓരോ മനുഷ്യനും ഓർമ്മകൾക്കുള്ളിൽ ജീവിക്കുന്നതു കൊണ്ടാണോ അവയ്ക്കു മറവികളുടെ വരവിനു തൊട്ടു മുൻപ് വരെ മനുഷ്യന്റെ മേൽ ഇത്ര സ്വാധീനം?  തന്നെയും മറവി പിടി കൂടുന്നത് വരെ ഓർമ്മകളുടെ ഈ നനുത്ത സ്പർശം ഉണ്ടാകും. 

പായുന്ന വേഗത്തിൽ കൊഴിയുന്ന ദിനങ്ങളിൽ ഒരിക്കൽ എപ്പോഴോ  അയാൾ അവൾക്കു ഒരു വീണ സമ്മാനിച്ചു.. നര വീണു തുടങ്ങിയ  തന്റെ നെറ്റിയിൽ അപ്രതീക്ഷിതമായി ഒരു ചുംബനത്തിൽക്കൂടി  അവളുടെ സന്തോഷം അനുഭവിച്ചപ്പോൾ അവരുടെ വിവാഹ ജീവിതം രണ്ടാം വർഷത്തിലേക്ക് കടക്കുകയായിരുന്നു. 

ആയിടെ അയാൾക്ക്‌ നല്ലൊരു ജോലി വിദേശത്ത് ശരിയാകുകയും വേദന നിറഞ്ഞ മനസ്സോടെ അയാൾ യാത്ര തിരിക്കുകയും ചെയ്തു. 

നീരജ അയാളുടെ അച്ഛനുമമ്മയ്ക്കുമൊപ്പം ആ വീട്ടിൽ തന്നെയായിരുന്നു താമസം. 

മാസത്തിൽ ഒരിക്കൽ മകളെ കാണാൻ എത്തുന്ന അമ്മയുടെ കൂടെ അവൾ മാവിൻ ചുവട്ടിൽ വന്നിരിക്കും..... മകളുടെ ചിരിയിൽ തന്റെ കണ്ണുകൾ നിറയുമ്പോൾ ആ അമ്മ അവിടെ നിന്നെഴുന്നേറ്റ് നടക്കും ... ഉള്ളിൽ 

സന്തോഷം ഉറഞ്ഞു കൂടുമ്പോൾ പുറത്തു കണ്ണീർ മഴ പെയ്യുന്ന ആ  നിമിഷങ്ങളെ മുഴുവൻ ആ സ്ത്രീ തന്നോടൊപ്പം കൊണ്ടു പോകും..

 ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ഉള്ളിൽ എരിയുന്ന അഗ്നിയെ ആ കണ്ണീർ മഴ കൊണ്ടു കെടുത്താൻ ആ സ്ത്രീ ശ്രമിച്ചിരുന്നു... അതിൽ താൻ  പൂർണ്ണമായും വിജയിച്ചോ എന്നു പോലും തിരിച്ചറിയാതെ അവർ ജീവിച്ചു. 

ദുരന്തങ്ങളുടെ കാലടി ശബ്ദം പലപ്പോഴും പതിഞ്ഞതായിരിക്കും. നിങ്ങൾക്കു ഒരിക്കലും അവയുടെ വരവിനെ കുറിച്ച് എപ്പോഴും സൂചന കിട്ടിയെന്നു വരില്ല.....അമ്മയുടെ മരണ വാർത്ത അറിയുമ്പോൾ നിലവിളക്കിനു മുന്നിൽ ഇരുന്നു വീണ മീട്ടുകയായിരുന്നു നീരജ. ഇടയ്ക്ക് നിലച്ച സംഗീതം ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ തുടർന്നു..വിരലുകൾ പൊട്ടി  ചോര പൂക്കൾ പെയ്യും വരെ അതു തുടരുകയും ഒടുവിൽ അയാളുടെ അമ്മ അവളെ എഴുന്നേൽപ്പിച്ചു കൊണ്ടു പോകുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ച തന്നെ കണ്ടു മടങ്ങുമ്പോൾ മരണത്തിന്റെ നിഴൽ അമ്മയ്ക്ക് മേൽ പതിച്ചതായി ഒരു സൂചന പോലും അവൾക്കു കിട്ടിയിരുന്നില്ല. അച്ഛന്റെ മരണം ഇടിത്തീ പോലെ പതിച്ചപ്പോൾ മലക്കറി വിറ്റ് കുടുംബം പുലർത്തിയ അമ്മയുടെ ജീവിതം അവൾക്കു മുന്നിൽ മിഴിവോടെ തെളിഞ്ഞു. അവസാന കാഴ്ചയ്ക്കായ് തന്നെ പ്രതീക്ഷിച്ചു കിടക്കുന്ന അമ്മയുടെ ചേതനയറ്റ ശരീരം ഓർത്തപ്പോൾ അവളുടെ ഉള്ളം വിങ്ങി. പുറത്തു വരാൻ മടിച്ചു നിൽക്കുന്ന കണ്ണീർ പൂക്കൾ അകമേ പൊഴിഞ്ഞു വീഴുമ്പോൾ  മിഴികൾ വരണ്ടുണങ്ങി, 

താനൊരു ശിലയായി ഉറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും ചേതന തന്നെ വിട്ടു പോകുന്നതായും തോന്നിയ നിമിഷം അവളുടെ ബോധം പോയി മറഞ്ഞിരുന്നു. 

അമ്മയുടെ മരണത്തിന്റെ നടുക്കത്തിൽ അവൾ ഏതാനും ദിവസങ്ങൾ മരവിപ്പോടെ കഴിഞ്ഞു. തിരിച്ചു ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോൾ മൗനത്തിന്റെ കടന്നലുകൾ അവളിൽ കൂടു കെട്ടി കഴിഞ്ഞിരുന്നു. സദാ വീണ വായനയിൽ മുഴുകി,  മൗനത്തിന്റെ പുറന്തോടിൽ കഴിയുന്ന മരുമകൾ ഭർത്താവിന്റെ വീട്ടുകാരെ അമ്പരപ്പെടുത്തി. 

" നിന്റെ തീരുമാനത്തിൽ മാറ്റമില്ല അല്ലേ " അച്ഛന്റെ കോപം കലർന്ന പരുക്കൻ ശബ്ദം അയാൾക്ക് എന്തെന്നില്ലാത്ത അസ്വസ്ഥതയുണ്ടാക്കി . മൗനം അയാൾ ഒരു പുറം തോട്‌ പോലെ ധരിച്ചു. അമ്മയുടെ നടുക്കം പിന്നെ പരാതിയിലേക്ക് വഴി മാറുന്നത് അയാൾ കണ്ടില്ല. വിദേശത്ത് നിന്നും കൊണ്ടു വന്ന പെർഫ്യൂം പൂശി നില കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുമ്പോൾ താടി രോമങ്ങൾ നീക്കം ചെയ്യാത്തതിൽ അയാൾക്ക്‌ തെല്ലു വിഷമം തോന്നി.. 

തന്നെയവൾ തിരിച്ചറിയുമോ?  ആ ചിന്ത പെട്ടന്ന് അയാളെ കൊളുത്തി വലിച്ചു. പലതരം സംശയങ്ങൾ അയാൾക്ക്‌ ചുറ്റും മിന്നാമിന്നികളെ പോലെ പാറി നടന്നു.. 

എങ്കിലും പ്രതീക്ഷയുടെ തെളിച്ചം മിന്നാമിന്നികളെ നിഷ് പ്രഭരാക്കുന്നതോർത്തു അയാൾ അറിയാതെ ചിരിച്ചു പോയി. 

ഒരിക്കൽ മനസ്സിന് താളം തെറ്റിയ കാര്യം മറച്ചു വച്ചാണ് താനുമായി നീരജയുടെ വിവാഹം നടന്നതെന്നുള്ള പുതിയ വെളിപ്പെടുത്തൽ അമ്മ വഴി  അറിയുമ്പോൾ തന്റെ ചില്ലു കൊട്ടാരത്തിന്റെ അടിത്തറ തകരുന്നത് വേദനയോടെ അയാൾ അറിഞ്ഞു. 

അവളെ ബന്ധു വീട്ടിൽ കൊണ്ടാക്കിയെന്നും വിവാഹ മോചനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും വീട്ടുകാർ അറിയിക്കുമ്പോൾ തകർന്ന സ്വപ്നങ്ങളുടെ ചാരകൂമ്പാരത്തിനരികെ ഇരുന്നു  കണ്ണീർ പൊഴിയ്ക്കുകയായിരുന്നു അയാൾ. പിന്നീട് ഒന്നുമാലോചിച്ചില്ല നേരെ നാട്ടിലേക്കു വരാൻ തന്നെ അയാൾ തീരുമാനിച്ചു.. 

ശെരികളും തെറ്റുകളും കണ്ണു പൊത്തിക്കളി നടത്തുന്നതാണ് ജീവിതം എന്ന് അയാൾക്കു തോന്നി. തന്റെ ശെരികൾ തന്റെ മാത്രം ശെരികൾ ആണെന്നും ആ ശെരികൾക്കിടയിൽ മാത്രമാണ് തന്റെ ആനന്ദമെന്നും ഒടുവിൽ അയാൾ തിരിച്ചറിഞ്ഞു. കാർമേഘങ്ങൾ ഒഴിയാൻ കാത്തു നിൽക്കുന്ന സൂര്യ കിരണങ്ങൾ പോലെ തന്റെ പ്രതീക്ഷകൾ ഈ കയ്പ് നിറഞ്ഞ ദിനങ്ങൾ മാറുന്നതും കാത്തിരിക്കുന്നു...... 

തന്നെ അവൾ തിരിച്ചറിയില്ല എങ്കിലും മനസ്സിൽ പതിഞ്ഞ പോറലുകൾ മായുന്ന ഒരു ദിനം തന്റെ ഓർമ്മകൾ അവളിൽ നിറയാതിരിക്കില്ല... 

കാത്തിരിപ്പ് അതൊരു സുഖമുള്ള വേദനയാണ്‌. ആ വേദന നൽകുന്ന സന്തോഷത്തിൽ,  പെയ്യാൻ വെമ്പുന്ന മഴയെ അവഗണിച്ചു കൊണ്ടു അവളിലെയ്ക്കുള്ള തന്റെ യാത്ര അയാൾ ആരംഭിച്ചു. 

വെയിലും മഴയും അറിയാതെ,   മോഹങ്ങൾ വാടാത്ത പ്രിയപ്പെട്ടവന്റെ ഓർമ്മകൾ പോലും അറിയാതെ മൗനത്തിൽ ഒളിച്ചിരിക്കുന്നവളുടെ പുറന്തോട് പൊട്ടിച്ചെറിയാൻ അയാളുടെ മനസ്സ് വെമ്പി. 

ഇനി എന്നും തനിക്കൊപ്പം അവൾ ഉണ്ടാകുമെന്നു ഉറപ്പിച്ചു കൊണ്ടു അയാൾ കാർ സ്റ്റാർട്ട്‌ ആക്കി.  നീണ്ടു  കിടക്കുന്ന റോഡിലൂടെ പതിയെ ആ കാർ നീങ്ങി തുടങ്ങി..... 

 

പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ