രാഷ്ട്രീയവും ജനാധിപത്യവും

രാഷ്ട്രീയവും ജനാധിപത്യവും

രാഷ്ട്രീയവും ജനാധിപത്യവും

രാഷ്ട്രീയവും ജനാധിപത്യവും

 

ലോകമെങ്ങും സ്വീകരിക്കാവുന്ന ഉചിതമായ ഭരണസംവിധാനമായി കണക്കാക്കാന്‍ സാധിക്കുന്ന ജനാധിപത്യ സംവിധാനത്തിലൂടെ രാഷ്ട്രീയ ബോധമുള്ള ജനത ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നു. ഒരു ശില്പി തന്‍റെ സര്‍ഗാത്മകതയുടെ പരമാവധി അര്‍പ്പിച്ചുണ്ടാക്കുന്ന ശില്‍പം പോലെ ജനത രാഷ്ട്രത്തെ മെനഞ്ഞെടുക്കുന്നു. ജനാധിപത്യ സംവിധാനത്തിന്‍റെ ഘടനയും രീതികളും പരിപൂര്‍ണ്ണമായും ഒരു രാഷ്ട്രത്തിന്‍റെ നിലനില്‍പ്പ് ജനതയില്‍ അര്‍പ്പിച്ചിരിക്കുന്നു. ഇതെല്ലാം ഗ്രഹിച്ച് തന്നെ നമ്മുടെ രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ഓരോ ഭാരതീയര്‍ക്കും തങ്ങളാണ് തങ്ങളുടെ രാഷ്ട്രത്തെ നയിച്ചതും, നേര്‍വഴിയിലെത്തിച്ചതും, നേര്‍ക്കാഴ്ച നല്കിയതുമെന്നു അഭിമാനിക്കാം. ഒപ്പം ഇനിയും രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നും അതിനുവേണ്ടി ഓരോരുത്തരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും ഉത്സാഹവും വേണ്ടതുണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്.

  

ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍, ജനങ്ങളില്‍ നിന്ന് ഭരണകര്‍ത്താക്കളെ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന പ്രക്രീയയാണെന്ന് നമ്മുക്കറിയാം. ഈയൊരു വിപ്ലവകരമായ ആശയം തികച്ചും സ്വീകാര്യവും സുദൃഢവുമാണ്. എന്നാല്‍ ഒരാശയം എന്നതിലുപരി ജനാധിപത്യം വളരെ ബുദ്ധിപരമായ ഒരു സംവിധാനമാണ്. അരാജകത്വം, അനീതി, സ്വജനപക്ഷവാദം, കൊള്ള എന്നീ വിപത്തുകളെ രാജ്യത്തില്‍ തുടരാനനുവദിക്കാതിരിക്കാനും ഒപ്പം സമത്വം, തുല്യ നീതി, സ്വാതന്ത്ര്യം, അവകാശ സംരക്ഷണം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഏറ്റവും അനുയോജ്യമായ അല്ലെങ്കില്‍ പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത സംവിധാനമാണത്. ഇത്രയും പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലൂടെ ഈ നിമിഷം കടന്നുപോകുന്ന ചില ആശങ്കകള്‍ ഉണ്ടാകാം. ഈ രീതിയില്‍ എല്ലാ വിപത്തുകളെയും അകറ്റി നിര്‍ത്തി, മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണോ നമ്മുടെ ജനാധിപത്യ സംവിധാനം മുന്നോട്ടു പോകുന്നത് എന്നൊക്കെയുള്ള ആശങ്കകള്‍ ചിലരിലെങ്കിലും ഉണ്ടായിട്ടുണ്ടാകാം.  ഇനി അത്തരം ആശങ്കകളെ ഞാനൊന്നു പരിശോധിക്കാന്‍ ശ്രമിക്കുകയാണ്.

 

രാഷ്ട്രീയവും ജനാധിപത്യവുമെല്ലാം ഇന്ന് അതിന്‍റെ ശരിയായ സത്തയോടെയാണോ ജനതയും അധികാരികളും നെഞ്ചിലേറ്റുന്നത് എന്ന കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ട്. ഈ അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ജെല്ലിക്കെട്ട് എന്ന സിനിമ പല അര്‍ത്ഥതലങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒന്നാണ്. അതിന്‍റെ പ്രമേയം പോലെ  അധികാരം എന്ന പോത്തിന് പിന്നാലെ സകല കാര്യവും മറന്ന് ഓടുക, കടിപിടികൂടുക, തമ്മില്‍ തമ്മില്‍ കൊല്ലാനും തിന്നാനും ആയുക എന്നിങ്ങനെയുള്ള പ്രാകൃത രീതികളില്‍ രാഷ്ട്രീയം പലപ്പോഴായി കൂപ്പുകുത്തുന്നുണ്ടോ എന്ന് തോന്നത്തക്ക വിധത്തിലുള്ള നവമാധ്യമങ്ങളിലെ വ്യക്തി ഹത്യകളും, അക്രമ സംഭവങ്ങളും, കഴമ്പില്ലാത്ത ഗുരുതരമായ ആരോപണങ്ങളുമെല്ലാം നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

 

ജനാധിപത്യം എന്നാല്‍ ഒരു സ്വതന്ത്രമായ പ്രക്രീയയാണെന്ന് പറഞ്ഞല്ലൊ, അത്തരത്തില്‍ സ്വാതന്ത്രമായാണോ ജനാധിപത്യം നമ്മുടെ ചുറ്റിലും പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത പരിശോധിക്കുമ്പോള്‍ തീവ്രമായ വികാരങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കിക്കൊണ്ടു സ്വാധീനിക്കുന്നതായി കാണാനാകുന്നുണ്ട്.

സ്ഥിരമായി ഭരണത്തെ രാഷ്ട്രീയ അവബോധത്തോടെ വിലയിരുത്തുകയും വേണ്ടവിധത്തില്‍ കാര്യങ്ങള്‍ പോകുന്നു എങ്കില്‍ ഭരണവിഭാഗത്തിനു കൂടുതല്‍ അവരുടെ കാര്യപ്രാപ്തി തെളിയിക്കാനും, രാജ്യത്തിന്‍റെ പുരോഗതിക്കു വേണ്ടി അവര്‍ കരുതിവെച്ച ആശയങ്ങളെ രാജ്യത്തിന് നല്‍കാനും സമയം കൊടുത്തുകൊണ്ടൊരു തുടര്‍ഭരണം നല്‍കാനോ; മറിച്ച് ഭരണം തൃപ്തികരം അല്ലാ എങ്കില്‍ കക്ഷി രാഷ്ട്രീയ സ്നേഹമില്ലാതെ, ജാതിയും മതവും നോക്കാതെ, വര്‍ഗ്ഗവും ഗോത്രവും തിരക്കാതെ, തൊലിയുടെയോ കൊടിയുടെയോ നിറം നോക്കാതെ, ലിംഗ പരമായ വേര്‍തിരിവില്ലാതെ കഴിവിന്‍റെ അടിസ്ഥാനത്തില്‍ മറ്റൊരു വിഭാഗത്തിന് ഭരണം കൈമാറാനോ ശ്രദ്ധയോടെ കാര്യങ്ങള്‍ വീക്ഷിക്കുന്ന ജനതയാണ് ജനാധിപത്യത്തെ അതിന്‍റെ സത്തയോട് ചേര്‍ത്ത് നിര്‍ത്തുന്നത് എന്ന വസ്തുത മനസ്സില്‍ വച്ച് കൊണ്ട് പരിശോധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

 

പ്രസ്ഥാനങ്ങളും ആശയങ്ങളും ഉണ്ടാവുന്നത് ജനതയ്ക്കും രാഷ്ട്രത്തിനും വേണ്ടിയാണ്. എന്നാല്‍ സ്വതന്ത്രമായ വിലയിരുത്തലുകള്‍ക്ക് പകരം ഒരു പ്രസ്ഥാനത്തോടുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ അതിനെ മാത്രം സംരക്ഷിച്ചു കൊണ്ട് സ്ഥിരമായ മുന്‍വിധിയോടുകൂടി തിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം രേഖപ്പെടുത്തി മടങ്ങുന്ന ജനത ജനാധിപത്യ സംവിധാനത്തിലാണോ രാഷ്ട്രത്തെ മുന്നോട്ടു നയിക്കുന്നത്?

ജനാധിപത്യത്തില്‍ 'അണികള്‍' എന്നത് ശരിയാണോ? പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തക വൃന്ദം പ്രസ്ഥാനത്തെ നയിക്കാന്‍ സുപ്രധാനമാണെന്നിരിക്കിലും പൊതുജനങ്ങള്‍ക്കിടയില്‍ ഒരു വിഭാഗത്തെ അണികള്‍ എന്ന നിലയില്‍ നിര്‍ത്തുന്നതും ഉപയോഗിക്കുന്നതും ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വത്തെ തന്നെ മാറ്റി കളയുന്നില്ലേയെന്ന് ജനതയും പ്രസ്ഥാനങ്ങളും ചിന്തിക്കേണ്ടതുണ്ട്. അണികള്‍ എന്നാല്‍ ഒരു പ്രസ്ഥാനത്തിന്‍റെ ആശയങ്ങളെ ഹൃദയത്തില്‍ ചേര്‍ത്ത പ്രസ്ഥാനത്തിന്‍റെ സഹയാത്രികരാണ് എന്ന് പറയുമ്പോള്‍ അതില്‍ ഒരു യുക്തിയും സ്വീകാര്യതയും സ്വാതന്ത്ര്യ ബോധവും എല്ലാം കിടപ്പുള്ളതായി തോന്നുമെങ്കിലും അണികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വോട്ടുകളുടെ അക്ഷയപാത്രങ്ങളാണ്. അങ്ങനൊരു അക്ഷയപാത്രം നിലനില്‍ക്കുന്നതും അതിന്‍റെ സാന്ദ്രത കൂടി വരികയും ചെയ്യുമ്പോള്‍ ജനാധിപത്യ വ്യവസ്ഥയുടെ നിയമങ്ങളും നډകളും പാലിക്കാതെ കണക്കിലെടുക്കാതെ തന്നെ വോട്ടുകള്‍ നേടിയെടുക്കാന്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്ന സാഹചര്യത്തില്‍ നമ്മുക്കെങ്ങനെയാണ് അരാജകത്വം, അനീതി, സ്വജനപക്ഷവാദം, കൊള്ള എന്നീ വിപത്തുകളെ തടയാനാകുക? പ്രവര്‍ത്തകര്‍ ഒരു പ്രസ്ഥാനത്തിന് ആവശ്യത്തിന് വേണ്ടതുണ്ട്, പ്രസ്ഥാനങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്ഥാനത്തിന്‍റെ നട്ടെല്ലായി നിലകൊള്ളുക ആവശ്യമാണ് എന്നാല്‍ ജനത സ്വതന്ത്രമായി നില്‍ക്കുകയും, തിരുത്തല്‍ ശക്തിയായും, വിമര്‍ശകരായും, പ്രജോദനമായും നിലകൊള്ളുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്. ജനതയെ മുഴുവനായും പ്രവര്‍ത്തകരും അണികളുമൊക്കെയാക്കി പ്രസ്ഥാനം വളര്‍ത്തുക എന്ന ലക്ഷ്യം രാഷ്ട്ര നിര്‍മിതി എന്ന മഹാ ലക്ഷ്യത്തെ ഒരരികിലേക്കു മാറ്റി നിര്‍ത്തുന്നു. പ്രസ്ഥാനങ്ങളുടെ ആശയത്തെയാണ് ആളുകള്‍ ഹൃദയത്തിലേറ്റുന്നത് എങ്കില്‍പ്പോലും ഈ അന്ധമായ പ്രണയത്തിന്‍റെ ഫലമായി ഉറപ്പുള്ള വോട്ടുകള്‍ പ്രസ്ഥാനത്തിന് മുന്‍പിന്‍ നോക്കാതെ പ്രവര്‍ത്തിക്കാനുള്ള പ്രേരണയാകുന്നു. പ്രസ്ഥാനങ്ങളുടെ കടിഞ്ഞാണ് എന്നെങ്കിലും ഒരു തെറ്റായ കയ്യിലെത്തിയാല്‍ അപ്പോഴും പ്രസ്ഥാനത്തോടുള്ള പ്രണയം കാരണം അണികളില്‍ അന്ധത കനക്കാന്‍ കാരണമാവുകയും ശരി തെറ്റുകള്‍ വിലയിരുത്താതെ അന്ധമായ തീരുമാനങ്ങളിലേക്കു അവരെ എത്തിക്കുകയും ചെയ്യുന്നു.

സ്വതന്ത്രരായി ചിന്തിക്കുകയും രാജ്യത്തിനു വേണ്ടവരെ മാത്രം തിരഞ്ഞെടുക്കുകയും ചെയ്യുമ്പോള്‍ ഒരു പ്രസ്ഥാനത്തെ മാത്രം കണക്കിലെടുക്കുന്ന രീതി മുന്നോട്ടു വെക്കുന്ന അണികള്‍ ജനാധിപത്യ രീതിയെ അതിന്‍റെ സത്തയില്‍ നിന്ന് മാറ്റിയെടുക്കുന്നു.

 

മേലെ പറഞ്ഞ ആശങ്കകളും ചിന്തകളും സ്വതന്ത്രമായി പങ്കുവച്ചവയാണ്. ആരെയും വേദനിപ്പിക്കുകയോ താഴ്ത്തികെട്ടുകയോ ചെയ്യാനുദ്ദേശിക്കാത്ത ചിന്തകളാണവ. നല്ലൊരു രാഷ്ട്ര നിര്‍മ്മിതിയിലൂടെ  ജനതയെ ഉന്നമനത്തിലെത്തിക്കുകയും, മനുഷ്യ വര്‍ഗ്ഗത്തിന്‍റെ നല്ല നാളെക്കായി ലോകത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെ. രാഷ്ട്രത്തിനു വേണ്ടി രാഷ്ട്രീയം. ലോകത്തിനും ലോകര്‍ക്കും വേണ്ടി രാഷ്ട്രം.

 

വൈശാഖ് വെങ്കിലോട്

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ്‌ എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ