അരാജകത്വത്തിന്റെ ഒരു മുഖം

അരാജകത്വത്തിന്റെ ഒരു മുഖം

അരാജകത്വത്തിന്റെ ഒരു മുഖം

ഞാൻ താമസിക്കുന്ന ഇടപ്പള്ളി വടക്കുംഭാഗത്തെ ഒരു സ്ഥിരം കാഴ്ചയാണ് ഈ
കുറിപ്പിന് ആധാരം .കേരളത്തിലെ എല്ലായിടങ്ങളിലും ഉള്ള കാഴ്ച തന്നെയാവും
ഇത് , സംശയമേതുമില്ല .
കൂട്ടം കൂട്ടമായി തെരുവ് പട്ടികൾ അലഞ്ഞു നടക്കുന്ന ഈ കാഴ്ച , ഒട്ടും
ആശാവഹമല്ല .ഒട്ടു മുക്കാലും തുടൽ ഉള്ളവ യാണ് ഈ നായ്ക്കൾ .എന്താണ്
ഇതിനർത്ഥം ?കുറെ  കപട പട്ടിസ്നേഹികൾ ഒരു ദിവസം   ഒരു പട്ടിയെ കരസ്ഥമാക്കി
കെട്ടിയിട്ടു അതിനെ വളർത്താൻ തുടങ്ങുന്നു .കുറച്ചു ദിവസം കഴിയുമ്പോൾ
ഇവർക്കു മനസ്സിലാകും , ഇതത്ര എളുപ്പം പണിയല്ല .ഇവർ പട്ടിയെ അഴിച്ചുവിട്ട്
സൂത്രത്തിൽ പുറത്താക്കുന്നു .അങ്ങിനെ തെരുവ് നായ്ക്കളുടെ എണ്ണം
വർധിക്കുന്നു .ചോദിക്കാനും പറയാനും ആരും ഇല്ലാത്ത , നാഥനില്ലാത്ത നമ്മുടെ
കേരളത്തിൽ ഇതൊന്നു ആരും അറിഞ്ഞതായി ഭാവിക്കുന്നില്ല.അച്ഛനും മകളും കൂടി
ഒരുമിച്ചു പോയാൽ 'സദാചാര വാദികൾ'  ചാടി വീഴുന്ന നാട്ടിലാണ് ഇത്
നടക്കുന്നത് എന്നത് ശ്രദ്ധേയം .തെരുവ് നായ്ക്കൾ എപ്പോഴാണ് മട്ട്  മാറി
പാവം കാൽ നടയാത്രക്കാരുടെ  മേൽ ചാടി വീഴുന്നതെന്നാണ് ഊഹിക്കാൻ കഴിയില്ല .
ഇനി മറ്റു ചില പട്ടിസ്നേഹികൾ ചെയ്യുന്നത് ഇതിലും നീചപ്രവൃത്തികൾ .പട്ടിയെ
പൂട്ടിയിട്ടിട്ട് മണിക്കൂറുകളോളം  പുറത്തു പോകുക .സമയത്തു സാധു മൃഗത്തിന്
ആഹാരം കൊടുക്കാതിരിക്കുക .നായ് നിരന്തരം ഓരിയിട്ട് പരിസരവാസികളെ
ശല്യപ്പെടുത്താൻ മറ്റെന്തു വേണം? നായുടെ ഓരിയിടൽ  നാം അത്ര
സന്തോഷത്തോടെയല്ലല്ലോ ശ്രവിക്കുക .ഇതും ആരും ശ്രദ്ധിക്കാത്ത മട്ടിൽ
അങ്ങിനെ നടന്നു പോകുന്നു.ഇവിടെ ആർക്കും എന്തും ആകാമെന്ന അരാജകത്വത്തിന്റെ
,മറ്റൊരു മുഖം .
മുൻപ് ഏതോ നട്ടെല്ലില്ലാത്ത , മനുഷ്യവംശത്തോട് സ്നേഹമില്ലാത്ത ചില
മന്ത്രിമാർ രാജ്യം ഭരിക്കുമ്പോൾ ഉണ്ടായ ഏതോ ഒരു സുപ്രീം കോടതി
വിധിയാണത്രെ തെരുവുനായ്ക്കളുടെ അതി ഭയങ്കരമായ വർദ്ധനവിന് കാരണം എന്ന്
മനസ്സിലാക്കാൻ വലിയ കഴിവൊന്നും വേണ്ട ..കോടതിയിൽ മനുഷ്യ ജീവന്
അല്പമെങ്കിലും വിലയുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ഇതുവരെ പിന്നീട്
വന്ന സര്കാരുകൾക്കു കഴിഞ്ഞില്ല എന്നത് പരമ ദയനീയം , നീചം .അവനവന്റെ മുഖം
നന്നായിരിക്കണം ,ജനങ്ങൾ എവിടെയോ പോയി തുലയട്ടെ എന്ന് കരുതുന്ന
ഭരണാധികാരികൾ ഒരു നാടിനും ഭൂഷണമല്ല .
ഇനി ഇതിന്റെ മറുവശം .തെരുവുനായ് കടിയേറ്റാൽ കഴിവതും വേഗത്തിൽ
കുത്തിവയ്പും അനുബന്ധ ചികിത്സകളും തേടണംറാബീസ് വന്നു കഴിഞ്ഞാൽ മരുന്നില്ല
.പട്ടിയെ പോലെ ശ്വാസം മുട്ടി ,കുരച്ചു ദയനീയമായ അന്ത്യം നേരിടുക
എന്നല്ലാതെ .രോഗിയെ ഒറ്റക്കെ ഒരു മുറിയിൽ ചങ്ങലക്കിട്ടോ അല്ലാതെയോ
ചികിത്സ നൽ കുകയാണ് പതിവ് . വിശ്വോത്തര   നിലവാരം പുലർത്തുന്നു എന്ന്
അവകാശപ്പെടുന്ന ഒരു ആസ്പത്രിയിൽ ആളുകൾ സ്ഥിരം കാണുന്ന ഒരു അറിയിപ്പ്
ഇങ്ങിനെ -'റാബിസിന് ഇവിടെ ചികിത്സയില്ല '..കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ
അനാസ്ഥക്ക് ഇതിൽ കൂടുതൽ തെളിവ് വേണോ ?
മലയാളികളെ നേരിടുന്ന വൻ പ്രശ്നമാണ് വർധിച്ചുവരുന്ന  തെരുവുനായ്ക്കൾ
.മനുഷ്യന് ഭീഷണിയാകുന്ന ഇവയെ എന്ത് ചെയ്യണമെന്ന് ഇനിയെങ്കിലും സമൂഹം
ചിന്തിക്കണം.രാവിലത്തെ നടപ്പുകാർ , വിദ്യാർഥികൾ , കാൽനടക്കാർ ഇവരെല്ലാം
നേരിടുന്ന ഒരു പ്രശ്നമാണ് ഇത്,.വലിയ റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോർമുകളിലെ
ഒരു സ്ഥിരം കാഴ്ചയാണ് തെരുവുനായ്ക്കൾ .
നാം വലിച്ചെറിയുന്ന പഴകിയ ഭക്ഷണ വസ്തുക്കളും മറ്റു സാധനങ്ങളുമൊക്കെ
തെരുവ് നായ്ക്കളുടെ വർദ്ധനവിന് കാരണമാകുന്നു എന്നുള്ള വസ്തുതയും ഇതിനോട്
ചേർത്ത് വായിക്കേണ്ടതല്ലേ ?ഇതിനും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടരുന്ന
നിസ്സംഗത അപലപനീയം .കേഴുക , കേരളമേ ...ദൈവത്തിന്റെ  സ്വന്തം നാടേ ...

സി.പി. വേലായുധൻ നായർ 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ