മാലാഖയും ഞാനും

മാലാഖയും ഞാനും

മാലാഖയും ഞാനും

അച്ഛന്റെ ശ്രാദ്ധം ആയിരുന്നു ഇന്ന്. തിരക്കായിരുന്നു ഇന്ന് മുഴുവൻ...!

ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു; കൊച്ചപ്പന്മാരും അപ്പച്ചിമാരും, അവരുടെ കുടുംബങ്ങളും അയല്പക്കക്കാരും അച്ഛന്റെ സുഹൃത്തുക്കളും കുടുംബവും, എന്റെ സുഹൃത്തുക്കളും...അങ്ങനെ ആകെ ഒരു ഉത്സവത്തിന്റെ ബഹളം ആയിരുന്നു ഇന്നിവിടെ. ഉച്ചക്ക് സദ്യയും; അതുകഴിഞ്ഞു ആഹാരം അടുത്തുള്ള വൃദ്ധസദനത്തിൽ എല്ലാരും കൂടി കൊണ്ടുകൊടുത്തു. വൈകുന്നേരത്തെ ചായയും എല്ലാം കഴിഞ്ഞു ഇപ്പൊ അങ്ങോട്ട് പോയതേ ഉള്ളൂ എല്ലാരും...

"ഹോ! ഇനി ബാക്കിയെല്ലാം നാളെ മതി. ടാർപ്പായുടെയും സദ്യയുടെയും കസേരയുടെയും എല്ലാം വാടക നാളെ കൊടുക്കാം."

ആകെ ക്ഷീണിച്ചു; ആരും ശല്യപ്പെടുത്തരുതെന്നു ഭാര്യക്കും മക്കൾക്കും അറിയിപ്പ് കൊടുത്തിട്ട് ഞാൻ സോഫയിലേക്ക് മറിഞ്ഞു വീണു. എനിക്കാണേൽ കട്ടിലിൽ കിടക്കുന്നതിനേക്കാൾ സന്തോഷവും സുഖവും ഈ സോഫയിൽ ഇങ്ങനെ തല ഉയർത്തിവച്ചു മലർന്നു കിടക്കുന്നതാണ്. കൊച്ചുന്നാള് മുതലേ ഉള്ള ശീലമാണത്.

പെട്ടെന്ന് തന്നെ ഞാൻ ഉറങ്ങി; അത്രക്ക് ഉണ്ടായിരുന്നു ക്ഷീണം.

ഞാൻ ഗാഢ നിദ്രയിലായി. അപ്പോൾ ആരോ എന്നെ വിളിച്ചത് ഞാൻ കേട്ടു. നോക്കുമ്പോൾ, ഒരു വെളുത്ത പ്രകാശം, ട്യൂബിലൈറ്റുകൾ തെളിച്ചു വച്ചത് പോലെ. ആ പ്രകാശത്തിൽ എനിക്ക് ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.

ഞാൻ കണ്ണ് തിരുമ്മി. കുറേശ്ശേ കുറേശ്ശേ ആ പ്രകാശം കുറയാൻ തുടങ്ങി. എനിക്ക് കാഴ്ച കിട്ടിത്തുടങ്ങി.

അതേ, അതൊരു വലിയ പക്ഷി ആയിരുന്നു...വലിയ വെളുത്ത ചിറക് ഒക്കെയായി....അല്ല...അതു പക്ഷി അല്ല...ഒരു മനുഷ്യൻ ! ചിറകുള്ള മനുഷ്യൻ.

ഞാൻ അത്ഭുതപ്പെട്ടുപോയി, ആദ്യമായ് ആണ് ഇങ്ങനെ ഒരു രൂപം കാണുന്നത്. ഞാൻ നോക്കി, അയാൾക്ക് ഒന്ന്, രണ്ടു, മൂന്ന്,...മൊത്തം ആറ് ചിറകുകൾ ഉണ്ട്. രണ്ടെണ്ണം വായുവിൽ അങ്ങനെ ചിറകടിച്ചു നിൽക്കുന്നുണ്ട്. ബാക്കി നാലെണ്ണം പിറകിൽ ഒതുക്കി വച്ചിരിക്കുന്നു. ഞാൻ ആകെ അന്തം വിട്ടു നോക്കി നിന്നു.

"ശ്രീധരാ..." അയാൾ എന്നെ വിളിച്ചു.

"ങേ..ആഹ്..ആഹ്.." ഞാൻ വിക്കി വിക്കി വിളി കേട്ടു.

"ആ..ആരാ...?'

"ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ഒരു ദൂതനാ."

"മാലാഖയോ..?"

"ഹ ഹ ഹ...അങ്ങനെയും പറയും..."

ആ ദൂതൻ തുടർന്നു..."ശ്രീധരനു തിരക്കില്ലെങ്കിൽ എന്നോടൊപ്പം ഒരു സ്ഥലം വരെ വരാമോ?"

ഞാൻ സമ്മതിച്ചു. ഞാൻ ആ ദൂതന് പിറകെ നടന്നു. വീടിന്റെ പുറകു വശത്തെ ഗോവണിയിലൂടെ ഞങ്ങൾ മുകളിലേക്ക് നടന്നു. പക്ഷെ ഗോവണിക്ക് സാധാരണ ഉള്ളതിലും ദൂരം കൂടുതൽ അപ്പോൾ ഉള്ളതുപോലെ എനിക്ക് തോന്നി. എന്തായാലും ഞങ്ങൾ നടന്നു മുകളിൽ എത്തി.

കുട്ടികൾ ആരോ ആണെന്ന് തോന്നുന്നു, ടിവി ഓൺ ചെയ്തു വച്ചിരിക്കുന്നു. ആരൊക്കെയോ മുന്പിലിരുന്നു ടിവി കാണുന്നുണ്ടായിരുന്നു.

മുറിയിലെ വെളിച്ചം എന്റെ കണ്ണുകളെ മഞ്ജിപ്പിച്ചു.

ദൂതൻ എന്നോട് സംസാരിച്ചു തുടങ്ങി.

"ഇന്ന് എന്തായിരുന്നു പരിപാടി, വീട്ടിൽ?"

"അച്ഛന്റെ നാലാം ബലി ശ്രാദ്ധം ആയിരുന്നു"

"ബലി തർപ്പണം ഒക്കെ നടത്തിയോ...?

"ഉം...നടത്തി"

"എന്തിനാ നടത്തിയേ...?"

ആ ചോദ്യം എന്നെ അല്പം ഒന്നു കുഴക്കി. എങ്കിലും ഞാൻ എനിക്ക് അറിയാവുന്ന കാര്യം പറഞ്ഞു."അച്ഛന്റെ ആത്മാവിനു മോക്ഷം കിട്ടാൻ...മോക്ഷം കിട്ടി സ്വർഗത്തിൽ നല്ല ഒരു സ്ഥാനം ലാഭിക്കാൻ..."

ഞാൻ അമ്പരന്നു, സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ദൂതൻ എന്ന് പറഞ്ഞിട്ട് അയാൾക്ക് ഇതൊന്നും അറിയില്ലേ!

ദൂതൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.."ശരി, അത് വിട്ടേക്ക്. ആ വൃദ്ധസദനത്തിൽ എന്തായിരുന്നു പരിപാടി?"

എനിക്ക് ആവേശം കൂടി." അവിടെ ഉള്ളവർക്കു കുറച്ചു ഭക്ഷണം കൊണ്ട് കൊടുത്തതാ. നല്ല ഒരു പുണ്യപ്രവൃത്തി അല്ലെ അത്. നമുക്ക് പുണ്യം കിട്ടുന്നത് ഇങ്ങനെയൊക്കെ അല്ലെ...അവർക്കൊന്നും ആഹാരം കൊടുക്കാൻ ആരുമില്ല..."ഞാൻ വാചാലനായി.

"നല്ല കാര്യം. പക്ഷെ അതിലും വലിയ പുണ്യമായിരുന്നു ജീവിച്ചിരുന്ന സമയത്തു ശ്രീധരന്റെ അച്ഛന് വയറു നിറച്ചു ആഹാരം കൊടുത്തിരുന്നേൽ..."

അത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല, ഞാൻ ഇടക്ക് കയറി എതിർത്തു.

"ആര് പറഞ്ഞു, ഞാൻ അച്ഛന് വയറു നിറയെ ആഹാരം കൊടുത്തില്ലെന്നു? എന്റെ അച്ഛന് ആവശ്യമുള്ളതെല്ലാം ഞാൻ കൊടുത്തിട്ടുണ്ട് "

"ശ്രീധരൻ ആയിരിക്കുന്ന സ്ക്രീൻ കണ്ടോ..."

അപ്പോഴാണ് ഞാൻ ആ ടിവിയിലേക്ക് നോക്കിയത്. ശരിയാ, അത് ഞങ്ങളുടെ ടിവി അല്ല. വലിയ സ്ക്രീൻ ആണ്. അതിനു മുന്പിലിരിക്കുന്നവരെ എനിക്ക് പരിചയമില്ല. ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി. അതിൽ അച്ഛന്റെ വീഡിയോ കാണിക്കുന്നു, ഞാനും ഉണ്ട് അതിൽ. എന്റെ ഭാര്യയും അമ്മയും എല്ലാരും ഉണ്ട്. ഞാൻ വിയർക്കാൻ തുടങ്ങി. ഞാൻ അച്ഛനുമായി വഴക്കിടുന്നതും, ഞാൻ കടപ്പലഹാരം വാങ്ങിവരുമ്പോൾ അച്ഛന് കൊടുക്കാതിരുന്നതും...അവസാനം ആഹാരം കിട്ടാതെ അച്ഛന്റെ തൊണ്ടക്ക് പൂപ്പൽ വന്നു മരിച്ചതും എല്ലാം എല്ലാം അതിൽ കാണിക്കുന്നു..

"...നിർത്തൂ...നിർത്തൂ... അത് നിർത്തൂ." ഞാൻ എന്റെ മുഖം പൊത്തി. ഞാൻ ആകെ വിയർത്തു.

"...ഞാൻ..അത്.." ഇന്റെ തൊണ്ട വറ്റിപ്പോയി. എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല. ഞാൻ തലയും കുനിച്ചു നിന്നു.

"ശ്രീധരാ, സ്വന്തം അപ്പനെയും അമ്മയെയും ബഹുമാനിക്ക; അതുമതി നിനക്ക് നന്മയും പുണ്യവും ദീർഖായുസ്സും ഉണ്ടാകും."

ഞാൻ തല കുനിച്ചു തന്നെ നിന്നു.

"പിന്നെ, താൻകൾ ഇന്നു അവിടെ ചെയ്ത പ്രവൃത്തി നല്ലത് തന്നെ. പക്ഷെ അതിന്റെ നന്മയും തനിക്ക് കിട്ടില്ല."

ഞാൻ ദൂതന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.

"ഒരാൾക്കു നന്മ ചെയ്യുമ്പോൾ കഴിവതും അത് രഹസ്യമായി ചെയ്യണം . അങ്ങനെ ചെയ്‌താൽ ദൈവം അതിനു പകരം പുണ്യം തരും. പക്ഷെ ഇന്ന് നിങ്ങൾ ഈ ഒരു നല്ല പ്രവൃത്തി അവർക്കായി ചെയ്തപ്പോൾ നിങ്ങൾ ഈ നാട്ടുകാരെ മുഴുവൻ അറിയിച്ചില്ലേ. അപ്പോൾത്തന്നെ മനുഷ്യന്റെ പ്രശംസ നിങ്ങൾക് കിട്ടീ ; പക്ഷെ ദൈവത്തിന്റേതു ഇല്ല."

ഞാൻ അന്തംവിട്ട് ആ ദൂതന്റെ മുഖത്തു നോക്കി നിന്നു.

"ഞാൻ നാട്ടുകാരോട് പറഞ്ഞതൊക്കെ നിങ്ങൾ കണ്ടോ...? ദൈവം കണ്ടോ...?

ദൂതൻ ചിരിച്ചു."ഹ ഹ ഹ...മനുഷ്യന്റെ സകല പ്രവൃത്തികളും സ്വർഗ്ഗത്തിലെ ദൈവം കാണുന്നുണ്ട്; എല്ലാം എഴുതി വക്കുന്നുണ്ട്."

ഞാൻ വീണ്ടും തല കുനിച്ചു. തർക്കിക്കാൻ പറ്റില്ല. തെളിവ് സഹിതം ആണ് ദൂതൻ പറയുന്നത്. ആ സ്‌ക്രീനിൽ എല്ലാം തെളിയുന്നുമുണ്ട്.

ഞാൻ ആ ടിവി കാണുന്ന ആളുകളെ നോക്കി. ആരെയും എനിക്ക് പരിചയം ഇല്ല; അവരിൽ ചിലർ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് അവരെ നോക്കാൻ ധൈര്യംവന്നില്ല.

ഞാൻ സകല ധൈര്യവും സമ്പാദിച്ചു ദൂതനോട് ചോദിച്ചു. "നിങ്ങൾ എന്താ ഇന്നത്തെ ബലി ശ്രാദ്ധത്തെ പറ്റി പറഞ്ഞത്.? "

"ആരാ നിങ്ങളോട് പറഞ്ഞത് ഭൂമിയിൽ കർമ്മങ്ങൾ നടത്തിയാൽ സ്വർഗത്തിൽ പ്രൊമോഷൻ കിട്ടുമെന്ന്? "

ഉത്തരം അറിയാതെ ഞാൻ ആ മുഖത്തേയ്ക്ക് നോക്കി നിന്ന്. ദൂതൻ തുടർന്നു.

"...അങ്ങനെ കർമ്മങ്ങൾ നടത്തി മരിച്ച ഒരാൾക്കു മോക്ഷം കൊടുക്കാൻ പറ്റുമെങ്കിൽപിന്നെ ഭൂമിയിൽ സൽകർമ്മങ്ങൾ ചെയ്യുന്നതിൽ എന്താ കാര്യം...? മനസ്സിലായില്ലേ...അതായത്, ഒരാൾ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ സകല തിന്മകളും ചെയ്താൽ മരിക്കുമ്പോൾ സ്വാഭാവികമായും അയാൾ നരകത്തിലേക്ക് തള്ളപ്പെടും. അയാളുടെ വേണ്ടപ്പെട്ടവർ മരണശേഷം ഭൂമിയിൽ കർമങ്ങൾ നടത്തി നടത്തി അയാൾക് മോക്ഷം കൊടുത്ത് അയാളെ സ്വർഗത്തിലേക്ക് പ്രൊമോഷൻ കൊടുപ്പിക്കുവാണേൽ, ഭൂമിയിൽ ആരേലും നന്മ ചെയ്യുമോ? ഭൂമിയിൽ ഉള്ളപ്പോൾ സകല അഴുക്ക പ്രവൃത്തിയും ചെയ്തിട്ട് ബന്ധുജനങ്ങളോട് കർമ്മങ്ങൾ ചെയ്യാൻ പറഞ്ഞാൽ മതിയല്ലോ സ്വർഗത്തിലേക്ക് പോകാൻ . അങ്ങനെ ആണേൽ ഭൂമിയിൽ ആരും നന്മ ചെയ്യണം എന്ന് നിര്ബന്ധവും ഇല്ലാതെ വരില്ലേ..!"

"അപ്പൊ മരണശേഷം കർമ്മങ്ങൾ ചെയ്തിട്ട് ഉപയോഗം ഇല്ലെന്നാണോ പറയുന്നത്...?"

"അതെ. ഭൂമിയിൽ ചെയ്ത കർമത്തിന്റെ ഫലം മരണശേഷവും അനുഭവിക്കണ്ടി വരും. അവനവന്റെ പ്രവൃത്തിക്ക് അനുസരിച്ച സ്വർഗ്ഗമോ നരകമോ ലഭ്യമായിക്കഴിഞ്ഞാൽ പിന്നെ ഒരിക്കലും നരകത്തി നിന്നും സ്വർഗ്ഗത്തിലേക്കോ, തിരിച്ചോ ഒരു യാത്ര സാധ്യമല്ല."

"ഇതുവരെ ഞങ്ങളോട് ആരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ. എത്രയോ ആളുകൾ ഇതുപോലെ ചെയ്യുന്നു. ഞങ്ങളൊടു ഇത് നേരത്തെ പറയാഞ്ഞത് എന്താ " ഞാൻ പരിഭവം പറഞ്ഞു.

ദൂതൻ ചിരിച്ചു."ഇക്കാര്യങ്ങൾ എല്ലാം നിങ്ങൾക് തന്നിട്ടുള്ള വേദഗ്രന്ഥങ്ങളിൽ നിരത്തെ തന്നെ എഴുതിയിട്ടുള്ളതാണ് . മാത്രമല്ല, നിങ്ങൾക്ക് ബുദ്ധി തന്നിട്ടില്ലേ..! ചിന്തിച്ചുകൂടെ നിങ്ങൾക്ക്."

"ഞാൻ ഒന്ന് ചോദിച്ചോട്ടെ...? ഇതിപ്പോ എന്നോട് വന്നു പറയാൻ കാര്യം എന്താ?"

ദൂതൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "താങ്കൾ സത്യം അറിയാതെ വ്യർത്ഥമായ പ്രവർത്തികൾ ചെയ്യുന്നത്കണ്ട്, സത്യം അറിയിക്കണം എന്ന് കരുതി വന്നതാണ്.താങ്കൾ ഇത് മറ്റുള്ളവരോട് പറയണം "

"അങ്ങനെ ആണേൽ എല്ലാവരോടും ഇങ്ങനെ പറഞ്ഞൂടെ?"

"ഹ ഹ ..അവർക്കു എല്ലാർക്കും വേദഗ്രന്ഥങ്ങൾ കൊടുത്തിട്ടുണ്ടല്ലോ. അത് വായിച്ച വിശ്വസിക്കട്ടെ. അത് വിശ്വാസിക്കാത്തവർ എന്നെയും വിശ്വസിക്കില്ല."

ആ സ്‌ക്രീനിന്റെ മുൻപിൽ ഇരുന്നവർ എന്നെ നോക്കി ചിരിച്ചു.

ഞാൻ ദൂതനോട് ചോദിച്ചു..."എന്റെ അച്ഛൻ ഇപ്പൊ സ്വർഗ്ഗത്തിലോ അതോ ...?"

അതിനു മറുപടി പറയാതെ ദൂതൻ ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു. ഞാൻ പിറകേ ഓടി...

ആറു ചിറകുകളും വിടർത്തി ദൂതൻ പറന്നു. ഞാൻ എന്റെ വേഗം കൂട്ടി. ഞാൻ കയറിയ ഗോവണി തീർന്നു. കാലുതെറ്റിയ ഞാൻ ഗോവണിയിൽ നിന്നും താഴേക്ക് വീണു.

"അയ്യോ...!" ഞാൻ ചാടി എണീറ്റു.

ഇല്ല, ഞാൻ സോഫയിൽ തന്നെ കിടപ്പുണ്ട്. ഞാൻ ആകെ വിയർത്തിരിക്കുന്നു. ചുറ്റും നോക്കി.വീട്ടിൽ എല്ലാരും ഉറങ്ങി. ലൈറ്റ് എല്ലാം ഓഫ് ആയിരിക്കുന്നു.

ഞാൻ മുകളിലേക്ക് നോക്കി ആ മാലാഖയെ കാണാൻവേണ്ടി. ഇല്ല, അത് സ്വപ്നം ആയിരുന്നു.

ഞാൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് പതിയെ മുൻവശത്തെ വാതിൽ തുറന്നു. പുറത്തെ തണുത്ത കാറ്റ് എന്നെ തഴുകിക്കൊണ്ട് വീട്ടിനുള്ളിലേക്ക് തള്ളിക്കയറി.

ഞാൻ വെളിയിലേക്കിറങ്ങി വീടിന്റെ പുറകെ വശത്തുള്ള ഗോവണിയിലുഉടെ മുകളിലേക്ക് കയറി. ആകാശത്തേക്ക് നോക്കി. ഇല്ല അവിടെയെങ്ങും ഇല്ല. അങ്ങ് ദൂരെ ചന്ദ്രൻ നല്ല നിലാവ് പൊഴിച്ച് നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ.

- രഞ്ജിത്കുമാർ.എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ