പോത്തൻ റാവുത്തരുടെ മരണം

പോത്തൻ റാവുത്തരുടെ മരണം

പോത്തൻ റാവുത്തരുടെ മരണം

പോത്തൻ റാവുത്തരുടെ മരണം 

 

 

കടൽതീരത്തു കൂടി നടക്കുമ്പോൾ പ്രവീണിന്റെ  ചിന്തകൾ ചിതറിയ മുത്തുകൾ പോലെ മനസിൽ കിടന്നുരുണ്ടു. അവിടം വിജനമായിരുന്നു. പൊതുവെ സഞ്ചാരികൾ വരാത്ത ആ ഭാഗം മത്സ്യ ബന്ധനത്തിന് പോകുന്ന ചെറിയ ബോട്ടുകൾ ഇറക്കുന്ന സ്ഥലം ആണ്. അവന്റെ ദൃഷ്ടി ഓല മേഞ്ഞ,  ചരിത്രമുറങ്ങുന്ന ജീർണ്ണത നിറഞ്ഞ കെട്ടിടങ്ങളുടെ നീണ്ട നിരകളിൽ പതിഞ്ഞു. അവ വെറും ഓലപ്പുരകൾ അല്ല..... പണ്ടകശാലകൾ ആയിരുന്നു.....പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ചുകാരുടെ പ്രധാന തുറമുഖ കച്ചവടത്തിന്റെ നാഡികേന്ദ്രങ്ങൾ ഇന്നിപ്പോൾ മീൻ പിടിത്തക്കാരുടെ സാമഗ്രികളുടെ കാവൽ പുരകൾ ആയി വേഷം മാറിയിരിക്കുന്നു. മാറ്റത്തിനു മാത്രം മാറ്റമില്ല എന്ന് എവിടെയോ വായിച്ചു കേട്ടു. അല്ലയോ ഡച്ചു കച്ചവടസാമ്രാജ്യത്തിന്റെ സൂക്ഷിപ്പു കാരെ നിങ്ങൾക്ക് മരണമില്ല..... പോയ പ്രതാപത്തിന്റെ നെടുവീർപ്പുകളിൽ നിന്നും നിങ്ങൾക്ക് മോചനമില്ല......... 

 

    ഒരു ചെറിയ തിര വന്നു കാൽ നനച്ചപ്പോൾ അവൻ ചിന്തകളിൽ നിന്നും തിരികെ വന്നു.പണ്ടാര പുരകൾ സജീവമായി തുടങ്ങി. നേരം സന്ധ്യയോട് അടുത്ത ഈ നേരം വളളങ്ങൾ പതിവായി കടലിൽ ഇറക്കുന്ന തിരക്കിൽ ആണ് മീൻ പിടുത്തക്കാർ...... വെറ്റക്കട എന്നറിയപ്പെടുന്ന ആ കൊച്ചു കടൽതീരത്തു ഓടി കളിച്ച ബാല്യത്തിന്റെ  ഓർമ്മകൾ മനസ്സിന്റെ കടലിൽ താൻ തന്നെ ഒഴുക്കി വിട്ടിരുന്നു ഇത്രയും കാലം. ഇന്നിപ്പോൾ ഈ ഇരുൾ പടർന്ന തീരവും ഈ കാറ്റും അലറുന്ന തിരകളും വീണ്ടും അവയെ എന്റെ ബോധത്തിലേക്ക് അടിച്ചു കൊണ്ടു വന്നിരിക്കുന്നു.

പുറം കടലിൽ പോകുന്ന ബോട്ടുകളിൽ നിന്നുമുള്ള ആരവങ്ങൾ പതുക്കെ പതുക്കെ കാറ്റിന്റെ കൂടെ അകന്നു പോയി. ഡച്ചുകാർക്ക് പിന്നാലെ വന്ന ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പണ്ടകശാലകളും ഈ വെറ്റക്കടയുടെ ചരിത്ര സ്മാരകങ്ങൾ ആയി കടലിനെ നോക്കി ഇരിക്കുന്നു.. അപ്പൂപ്പന്റെ  നാവിൽ നിന്നും കേട്ടറിഞ്ഞ ആ മണ്ണിന്റെ ചരിത്ര ബിന്ദുക്കൾ കാലങ്ങൾക്കിപ്പുറം തിളങ്ങി നിൽക്കുന്ന ഓർമകൾ മാത്രമായി തീർന്നുവോ? 

 

      അമ്മയുടെ കൈയും പിടിച്ചു തീവണ്ടിയുടെ പടിയിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന പത്തു വയസ്സുള്ള ബാലന്റെ മുഖത്ത്‌ കൗതുകതോടൊപ്പം ചെറിയ ഭയവും

നിഴൽ വീശി. നരച്ചു പെയിന്റ് ഇളകിയ മഞ്ഞ ബോർഡിൽ ഉരുണ്ട കറുത്ത അക്ഷരങ്ങളിൽ "ഇടവ "  എന്ന് ഉറക്കെ വായിച്ചതു കേട്ടു കൊണ്ട് മുൻപേ നടന്നു പോകുന്ന ഒരു വൃദ്ധൻ തിരിഞ്ഞു നോക്കി.

 അമ്മയുടെ വേഗത്തിനൊപ്പമെത്താൻ  അവനോടെണ്ടതായി വന്നു. നീണ്ടു കിടക്കുന്ന റെയിൽവേ പാളങ്ങൾ ഉച്ച വെയിലിൽ പഴുത്തു കിടന്നു.

 

 

 

അവൻ ആദ്യമായി അമ്മയുടെ നാട്ടിൽ എത്തിയിരിക്കുന്നു. ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ അമ്മയുടെ നാവിൽ നിന്നും കേട്ട ഇടവയിൽ പോകാനുള്ള തന്റെ ആഗ്രഹം പലവട്ടം തീവ്രമായി തഴയപ്പെട്ടു. കാലുകൾ കഴച്ചു തുടങ്ങിയപ്പോൾ അവൻ നടത്തം നിർത്തി. കുറച്ചു ദൂരം മാത്രമേ ഉള്ളു എന്ന് അമ്മ കണ്ണു കാട്ടി. അര മണിക്കൂർ കഴിഞ്ഞു കാണും അവർ രണ്ടു പേരും ഓടിട്ട പഴയ ഒരു വീടിന്റെ മുറ്റത്തു ചെന്നു കയറി. അവരെ പ്രതീക്ഷിച്ചു കൊണ്ടു തല നരച്ച രണ്ടു പേർ കാത്തുനിൽപ്പുണ്ടായിരുന്നു

 

 

ചക്രവാളം ചുവന്നു തുടുത്ത നേരം തണുത്ത കായൽ കാറ്റു കടലിന്റെ നേർക്കു വീശിയടുത്തു. പ്രവീൺ എഴുന്നേറ്റു പതുക്കെ റോഡിലേക്ക് നടന്നു കയറി. എന്തൊരു വശ്യമായ ഭംഗിയാണി പ്രദേശത്തിനു. അറബികടലും ഇടവ കായലും മുഖാമുഖം നോക്കിയിരിക്കുന്നു. അവയെ വേർതിരിച്ചു കൊണ്ടു കായലിനോട്‌ ചേർന്നുള്ള തെങ്ങിൻ തോപ്പിൽന്റെ ഓരം ചേർന്നു പോകുന്ന പാതയിൽ ടാർ പാകിയിരിക്കുന്നു.കടലും കായലും ഇണ ചേരുന്ന പൊഴിയിൽ പോകാൻ തീരത്തു കൂടി കുറച്ചു ദൂരം നടക്കേണ്ടതായിട്ടുണ്ട്.അവിടേക്കു പോകാൻ പറ്റാത്ത വിധം ഇരുളിന്റെ കട്ടി കൂടി കൂടി വരുന്നതായി അവനു തോന്നി. അവൻ വെറുതെ പാത വക്കിലെ ശിലാ ബെഞ്ചിൽ ഇരുന്നു. പോക്കറ്റിൽ തെരുകിയ സിഗററ്റെടുത്തു. 

 

 

 

 മുപ്പതു വർഷങ്ങൾക്കു മുൻപുള്ള ഇടവ എന്തു സുന്ദരി ആയിരുന്നു എന്നോ. ഇവിടെ എത്തിയ നാൾ മുതൽ ഈ നാട് എന്റെ മനസ്സിൽ അറിയാതെ കയറി പറ്റി. അമ്പലവും പള്ളിയും ഒക്കെ ഇടകലർന്ന,  ഹിന്ദു മുസ്ലിം ഐക്യമുള്ള നാട്... വർഷങ്ങൾക്കിപ്പുറം യാതൊരു മാറ്റവും വന്നിട്ടി ല്ല. അപ്പൂപ്പന്റെ തലമുറ തൊഴിൽ തേടി സിങ്കപ്പൂർ കടന്നവരാണ്.... സിങ്കപ്പൂർ  മണക്കുന്ന ഓർമ്മകളിൽ അവരിൽ ചിലർ  ജീവിക്കുന്ന നാട്. എന്റെ കുട്ടിക്കാലമായപ്പോ സിങ്കപ്പൂർ വിട്ട്   ദുബായ് നഗരത്തിലേക്കുള്ള പ്രവാസം ആളുകൾ  തുടങ്ങിക്കഴിഞ്ഞിരുന്നു.

 

 

          പിറ്റേന്ന്,   അയല്പക്കത്തെ വീടുകളിൽ നിന്നും രുചികരമായ ഗന്ധം മൂക്കിൽ അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. തലേ ദിവസത്തെ  യാത്ര ക്ഷീണത്തിൽ ഉച്ച വരെ കിടന്നുറങ്ങിപ്പോയതാണ്. ഉച്ചക്ക് കഴിക്കാൻ ചൂടുള്ള നെയ് പത്തിരിയും ആട്ടിൻ കറിയും മുന്നിൽ നിരന്നപ്പോൾ വിശപ്പ് കൂടി.കൈ കഴുകാൻ പുറത്തിറങ്ങിയപ്പോൾ  പുത്തൻ കുപ്പായമിട്ട തലയിൽ തട്ടമിട്ട അതി സുന്ദരിയായ,  ഒരു യുവതി  അടുത്ത വീട്ടിന്റെ മുറ്റത്തു നിന്ന് കൊണ്ടു അമ്മയോട് വർത്തമാനം പറഞ്ഞു കൊണ്ട് നിൽക്കുന്നതു കണ്ടു. അമ്മയുടെ കൂടെ സ്കൂളിൽ ഒപ്പം പഠിച്ച ജമീല.... ഇത്താത്ത എന്ന് പിന്നീട് ഞാൻ  വിളിച്ച എന്റെ സ്വന്തം ജമ്മു.... ആ പേര് മുതിർന്നപ്പോൾ പോലും ഞാൻ ഇടയ്ക്കു വിളിക്കുമായിരുന്നു.... അവരുടെ സമുദായത്തി ന്റെ ആഘോഷമായ ഈദ് ദിനത്തിൽ അവരുടെ വീട്ടിലെ പെരുന്നാൾ പങ്ക് ആയിരുന്നു ഞാൻ ഉച്ചക്ക് വെട്ടി വിഴുങ്ങിയതെന്ന് വൈകുന്നേരം അമ്മൂമ്മ പറഞ്ഞാണ് ഞാൻ അറിഞ്ഞതു. അപ്പോഴേക്ക് ജമീല ഇത്താത്ത യുടെ കുഞ്ഞനിയൻ നാസറുമായി ഞാൻ ചങ്ങാത്തത്തിലായി കഴിഞ്ഞിരുന്നു.

നാസർ എന്നേക്കാൾ രണ്ടു വയസ്സിനു മുതിർന്ന കുട്ടിയാണ്. എങ്കിലും കാഴ്ചയിൽ എന്റെ അതേ പ്രകൃതമായിരുന്നു. അവനു ഈ ലോകത്തിൽ ഏറ്റവും പേടി അവന്റെ ഉപ്പയെയായിരുന്നു. എന്റെ ഓർമയിൽ അച്ഛനോട് ഒരിക്കലും ഭയം തോന്നിയിട്ടില്ല...... ജനിച്ച നാൾ തൊട്ട് അച്ഛൻ പിരിഞ്ഞ ഈ അടുത്ത കാലം വരെ എന്നെ പൊതിഞ്ഞ വാത്സല്യത്തിന്റെ രോമക്കു പ്പായം ആയിരുന്നു എനിക്ക് അച്ഛൻ. അതിനുള്ളിലെ സ്നേഹ ചൂടിൽ ഞാൻ സുഖിച്ചിരുന്നു. വിധി ഒരു കാർ അപകടത്തിന്റെ രൂപത്തിൽ വന്ന ദിവസം കുപ്പായത്തിൽ നിന്നും ഞാൻ പുറത്ത് വീണു. ഒരിക്കലും വീണ്ടെടുക്കാൻ  കഴിയാത്ത  ആ സംരക്ഷണം എന്നെ വിട്ടു പോയി..... അമ്മയുടെ കാര്യം അതിലും ദയനീയമായിരുന്നു. സ്നേഹിച്ച പുരുഷന്റെ കൂടെ വീടും നാടും ഉപേക്ഷിച്ചു പോയതാണ്. പത്തു വർഷങ്ങൾക്കു ശേഷം സ്വപ്നങ്ങൾ ചിതറിയ മനസ്സോടെ മകനോടൊപ്പം തിരിച്ചു വരേണ്ടി വന്നിരിക്കുന്നു.... പത്തു വയസ്സുള്ള ബാലനു  അതെല്ലാം മനസ്സിലാക്കാൻ പിന്നേയും വർഷങ്ങൾ വേണ്ടി വന്നു. 

 

        നാസറിന്റെ ഉപ്പ റാവുത്തറെ കണ്ടാൽ ആരുമൊന്നു ഭയക്കും.പോത്തൻ എന്ന ഇരട്ട പേരിൽ ആണ് അയാൾ അറിയപ്പെട്ടിരുന്നത് .

ഏകദേശം ആറടി പൊക്കമുള്ള ഒരു ആജാനു ബാഹു.കറുത്ത കരിവീട്ടി പോലുള്ള ദേഹം.രോമം നിറഞ്ഞ കൈകാലുകൾ ഒരു കരടിയെ ഓർമിപ്പിച്ചു. ക്രൂരത നിറഞ്ഞ കണ്ണുകൾ. ഒരാളുടെ കണ്ണുകളിൽ നിന്നും അയാളെ നമുക്ക് വായിച്ചെടുക്കാമെന്നു മന: ശാസ്‌ത്രത്തിൽ പറയുന്നത് ശെരിയാണെന്ന് ആദ്യമായി തനിക്കു തോന്നിയതും റാവുത്തരുടെ കാര്യത്തിലായിരുന്നു  അരയിൽ വീതിയിൽ കറുത്ത ബെൽറ്റ്‌ മുണ്ടിനു മീതെ ഉടുത്തിരിക്കുന്നു. ആ ബെൽറ്റിന്റെ പാടുകൾ നാസറിന്റെ തുടകളിൽ അങ്ങിങ്ങായി കാണാമായിരുന്നു. അവന്റെ വീട്ടിൽ വാപ്പയും ഉമ്മയും ഇത്താത്തയും പിന്നെ ഒരു ഡസൻ ആടുകളും ഉണ്ടായിരുന്നു. ആടുകളെ വാങ്ങി വിൽക്കുന്ന തൊഴിലിൽ അയാളെ വെല്ലാൻ ആ നാട്ടിൽ ആരുമില്ലായിരുന്നു. അയാൾ വില പറഞ്ഞ ആടിനെ വാങ്ങാൻ വേറൊരാൾ ധൈര്യപ്പെട്ടിട്ടില്ല ഒരിക്കലും. അതിനു പിന്നിലുള്ള സംഭവ കഥ അമ്മൂമ്മ അമ്മയോട് പറയുന്നത് ഞാൻ കേട്ടത് പറമ്പിൽ കിളക്കാൻ  തങ്കയ്യനെന്ന് വിളിപ്പേര് ഉള്ള തങ്കപ്പൻ ചേട്ടൻ വന്ന ദിവസമായിരുന്നു. അയാളുടെ പതിനഞ്ചു  വയസ്സുള്ള മകൻ പൊട്ടക്കുളത്തിൽ പൊങ്ങി യത് റാവുത്തരുടെ കൂടോത്രം കൊണ്ടാണ് നാട്ടുകാരുടെ വിശ്വാസം. കളത്തിൽ വീട്ടിലെ ഗോവിന്ദന്റെ മുഴുത്ത മുട്ടനാടിനെ റാവുത്തർ വില പറഞ്ഞിട്ടും അയാൾ തന്റെ  സ്നേഹിതനായ തങ്കയ്യനു കൊടുത്തതിന്റെ ഫലമാണ് ചത്തു പൊങ്ങിയ പാവം ബാലനെന്ന് എല്ലാരും വിശ്വസിച്ചു.....ഉള്ളു കൊണ്ട് റാവുത്തരെ പേടിക്കാത്തവരായി ആരുമില്ല... അയാളുടെ സുന്ദരിയായ മകളുടെ നിക്കാഹ് നീണ്ടു നീണ്ടു പോകുന്നതിന്റെ പ്രധാന കാരണം അയാൾ തന്നെയായിത്തീർന്നു. 

 

         സ്കൂളിൽ ചേർന്ന ആദ്യ ദിനങ്ങളിൽ എന്റെ അവസ്ഥ ആകെ പരിതാപകരമായി തീർന്നു.പുതിയ ചുറ്റുപാടുമായി പൊരുത്തപെടാൻ ഏതാനും മാസങ്ങൾ വേണ്ടി വന്നു. നാസർ ഇടയ്ക്ക് എന്റെ ക്ലാസ്സിൽ വന്നു പോകുമായിരുന്നു. അവനു ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. അവന്റെ ബാപ്പ കാരണം മാഷ് മാരുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും സ്വന്തം ബാപ്പ യുടെ ബെൽറ്റ്‌ കൊണ്ടുള്ള തല്ലിൽ നിന്നും അവനു രെക്ഷയുണ്ടായിരുന്നില്ല. സ്കൂളിന്റെ  പിറകിൽ കൂടി പോകുന്ന റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാൽ എളുപ്പം മെയിൻ റോഡിൽ എത്താം. ഞങ്ങൾ കുട്ടികൾ ആ വഴിയിൽ കൂടിയായിരുന്നു പോയി വന്നു കൊണ്ടിരുന്നത്.... 

 

 

വർഷങ്ങൾ ഒന്നു രണ്ടെണ്ണം കടന്നു പോയി... ജമ്മുവിന്റെ മൈലാഞ്ചി യുടെ നിറം മങ്ങി തുടങ്ങി...ചുറ്റുമുള്ള വീടുകളിൽ നിക്കാഹിന്റെ അലകൾ അടിക്കുമ്പോൾ ജമ്മുവിന്റെ മിഴികൾ നനയുന്നതു ഒന്നു രണ്ടു തവണ താൻ കണ്ടി രുന്നു. 

 

അക്കൊല്ലം സ്കൂൾ പൂട്ടിനു  നാസറിന്റെ കൂടെ ആടിനെ മെയ്ക്കാൻ വെങ്കുളം വയലിൽ പോയി... കൊയ്തു കഴിഞ്ഞ വിശാലമായ വയലിൽ ധാരാളം പുല്ലുകൾ വളർന്നിരുന്നു. അതിന്റെ ഒത്ത നടുക്കായി ചതുരത്തിൽ   വലിയ ഒരു കുളമുണ്ടായിരുന്നു. കന്നു കാലികളെ കുളിപ്പിക്കാനും കൃഷിക്കും മാത്രം ആ കുളം ഉപയോഗിച്ചിരുന്നു....പൊട്ടക്കുളം... പേര് കേട്ടപ്പോൾ തന്നെ കാലിൽ ഒരു തരിപ്പ് പടർന്നു കയറി. തങ്കയ്യന്റെ മകന്റെ ശവം പൊങ്ങിയ കുളം....... റാവുത്തരുടെ ക്രൂരതകളുടെ തെളിവായി നാട്ടുകാർ പറയുന്ന കഥയിലെ പ്രധാന കഥാ പാത്രം..... ...... പേടിച്ചു നിൽക്കുന്ന എന്നെ നോക്കാതെ നാസർ ആടുകളെ കുളിപ്പിക്കാൻ കുളത്തിന്റെ  പടവുകൾ ഇറങ്ങിപോയി. കുളത്തിന്റെ നാലു ചുറ്റും കെട്ടിയ സിമന്റ് കൊണ്ടുള്ള കൈവരിക്ക്  ഒരാളുടെ വീതിയുണ്ട്... ആ പരിസരത്ത് ഒരു വീടു പോലും കാണാനില്ല......വരമ്പത്തു കൂടി  കുറച്ചു നടന്നാൽ കാണുന്ന വാഴ തോപ്പിന്റെ അവസാനം അക്കരെ ശ്രീധരൻ നായരുടെ വീടാണ്......... പിന്നെയും പത്തു മിനിറ്റ് നടന്നാൽ ഞങ്ങളുടെ വീടായി. 

 

 

 

   നാസറിന്റെ വീടിന്‌ ആടിന്റെ ഗന്ധമായിരുന്നു.. . മുറ്റത്തു കെട്ടിയിരിക്കുന്ന ക്ടാതന്റെ ( ആൺ ആട് ) മൂത്രത്തിന്റെ ചൂരു അസഹ്യമായിതീർന്നു പല പ്പോഴും. ഒന്നല്ല മൂന്നാല് എണ്ണം ഇണയെ തേടി ബീജ ദാനത്തിനായി തയ്യാർ ആയിരുന്നു എപ്പോഴും. ആളുകൾ പെണ്ണാടുകളെയും കൊണ്ട്  വന്നിരുന്നത് ആ വീട്ടു മുറ്റ യായിരുന്നു...... അയാളെ പേടിച്ചു അയൽക്കാർ ആരും പരാതി പോലും പറഞ്ഞില്ല. നാസറിന്റെ നിലവിളി പല രാത്രികളിലും ഉയർന്നു." ആ ചെക്കനെ എന്തിനാ ആ കാലൻ തല്ലി ചതയ്ക്കുന്നെ?? .... അതിനു മാത്രം ആ പാവം എന്തു ദ്രോഹം ചെയ്തു... "   അമ്മൂമ്മയുടെ വാക്കുകൾ  കേട്ടപ്പോൾ എന്റെ അച്ഛന്റെ ഓർമ്മകൾ മനസ്സിൽ എത്തി...ഞങ്ങൾക്കൊ ജമ്മുവിനോ അവന്റെ ഉമ്മയ്ക്കു പോലും അവനെ രക്ഷിക്കാൻ കഴിഞ്ഞില്ല.....  അവന്റെ തുടകളിൽ ബെൽറ്റ്‌ കൊണ്ടുള്ള ചുവന്ന പാടുകൽ ഒരിക്കലും മാഞ്ഞു പോയില്ല........ പറങ്കി മാവിൽ ഒരു മുഴം കയറിൽ തൂങ്ങി ആടുന്ന നേരത്തും ആ പാടുകളിൽ നിന്നും ചോര ഒലിചിറങ്ങുന്നുണ്ടായിരുന്നു........

 

( തുടരും )

 

പ്രിയങ്ക ബിനു 

ഇടവ 

 

            .... 

 

 

                    

 

              

 

     ..... 

 

 

        ..  

 

 

 

 

 

പ്രിയങ്ക ബിനു 

ഇടവ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ