നാത്തൂന്

നാത്തൂന്

നാത്തൂന്

ദീപുവേട്ടാ, ദിവ്യമോൾക്ക് എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടില്ലെന്ന് തോന്നുന്നു'
'എന്ത് പറ്റി നീതു...?'
'ഏയ്, ഒന്നൂല്ല്യ'
'താൻ പറയെടോ'
'അവൾക്ക് പനിയല്ലേ, അത്കൊണ്ടാണ് ഞാൻ അവളുടെ തുണിയെല്ലാം അലക്കി ഇട്ടത്, അതിൽ ഇന്ന് കോളേജിലേക്ക് ഇടാനുള്ള ഡ്രസ്സും ഉണ്ടായിരുന്നു ത്രെ'
'പനി മാറാതെ അവൾ എന്തിനാ പോകുന്നത്?
പിന്നെ അവൾക്കെന്താ ആ ഒരു ഡ്രസ്സ് മാത്രേ ഉള്ളൂ? എല്ലാ മാസവും പുതിയത് ഓരോന്ന് എടുക്കുന്നുണ്ടല്ലോ'
'ഇന്ന് കോളേജിൽ എന്തോ പരിപാടി ഉണ്ടെന്ന്, അതിന് എല്ലാവരും ഒരേ കളർ ഡ്രസ്സ് ഇടാമെന്നാത്രേ പറഞ്ഞിരിക്കുന്നത്, ഞാനത് അറിയാതെ അലക്കിയിടുകയും ചെയ്തു. അത് അലക്കാനുള്ള തുണികളുടെ കൂട്ടത്തിലാ ഉണ്ടായിരുന്നത്, അതുകൊണ്ടാ എടുത്തത്. അവൾക്ക് ആകെ സങ്കടം ആയിന്നാ തോന്നണത്'
'അതിന് നിന്നോട് ദേഷ്യപ്പെടാ? ഒരേ കളർ ഡ്രസ്സ് ഇട്ടില്ലെങ്കിൽ എന്താ കോളേജിൽ കയറ്റില്ലെ?'
'അത് അങ്ങനെയല്ല ഏട്ടാ, എല്ലാവരും കൂടി തീരുമാനിച്ചതാകും'
'ഇത് അതൊന്നുമല്ല നീതു, നിന്നോട് വഴക്കിടാൻ അവൾ ഓരോരോ കാരണങ്ങൾ കണ്ട് പിടിക്കാ, ഇതിൽ ഞാനിപ്പോ ഒരു തീരുമാനം ഉണ്ടാക്കിത്തരാം'
'വേണ്ട, ഏട്ടൻ അവളോടൊന്നും ചോദിക്കണ്ട'
'ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല, എത്ര ദിവസമായി ഇത് തുടങ്ങിയിട്ട്, നീ വന്ന് കയറിയ അന്ന് മുതൽ അവൾ നിന്നെ ദ്രോഹിക്കയല്ലേ'
'അതൊന്നും സാരല്ല്യ ഏട്ടാ. ഏട്ടൻ ഇപ്പൊ അവളോട് ചോദിച്ചാൽ എന്നോടുള്ള ദേഷ്യം കൂടുകയേ ഉള്ളൂ'
'എന്നാലും ഇത് എത്രയാണെന്ന് വച്ചാ...'
'പോട്ടെ, അവൾ കുഞ്ഞല്ലേ, പിന്നെ... ഏട്ടൻ എനിക്ക് ഓണത്തിന് തന്ന പച്ചകളർ ചുരിദാർ ഇല്ലേ, അത് അവൾക്ക് കൊടുത്തേക്ക്. ഞാൻ കൊടുത്താൽ വാങ്ങില്ല അതോണ്ടാ'
'നിന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് പോകാൻ പറ്റുമെങ്കിൽ അവൾ പോയാൽ മതി. ഇനി ഇന്നൊരു ദിവസം പോകാത്തത് കൊണ്ട് പരീക്ഷയിൽ തോറ്റാൽ ഒരു കുഴപ്പവും ഇല്ല'
'അങ്ങനെയൊന്നും പറയല്ലേ ഏട്ടാ. കോളേജ് ജീവിതം തരുന്ന മധുര നിമിഷങ്ങൾ ഞങ്ങൾ പെണ്ണുങ്ങൾക്ക് എത്ര വലുതാണെന്ന് ഏട്ടന് ചിലപ്പോൾ മനസിലാവില്ല. ജീവിതത്തിൽ എത്രയൊക്കെ വിഷമം വന്നാലും ആ നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു ആശ്വാസം ആണ്'

'നിങ്ങൾ രണ്ടാളും ചേരും ഇല്ല അവളെ വഴക്ക് പറയാനും പാടില്ല. ഞാനിപ്പോ എന്താ വേണ്ടേ?'
'ഏട്ടൻ ഇത് അവൾക്ക് കൊടുക്ക്. ഇന്ന് അവളെ കോളേജിൽ ആക്കി കൊടുക്ക്. പനിയല്ലേ, ബസ്സിൽ തിരക്കാവും. ഇത് എന്റെ തുണിയാണെന്ന് പറയണ്ട, ഏട്ടൻ അവൾക്ക് വാങ്ങിയതാണെന്ന് പറഞ്ഞാൽ മതി'
'അതിന്റെയൊന്നും ആവശ്യമില്ല, എല്ലാവീടുകളിലും ഇതൊക്കെ നടക്കുന്നതാ, ചേച്ചിയുടെ ഡ്രസ്സ് അനിയത്തി ഉടുക്കുന്നതും, അമ്മയുടെ സാരി മക്കൾ ഉടുക്കുന്നതും. ഞാനൊക്കെ എത്രയോ തവണ അച്ഛന്റെ മുണ്ട് എടുത്തിരിക്കുന്നു. ഞങ്ങൾ ഫ്രണ്ട്സ് ഷൂവും ബെൽറ്റും ഷർട്ടും എല്ലാം ഷെയർ ചെയ്യാറുണ്ടല്ലോ?'
'അതൊക്കെ എനിക്കറിയാം ഏട്ടാ. ദിവ്യമോൾക്ക് എന്നോട് ചെറിയ നീരസം ഉള്ളതോണ്ടല്ലേ, എന്തായാലും അവളുടെ കാര്യങ്ങൾ നടക്കട്ടെ, ഏട്ടൻ ചെല്ല്'
'ഉം , പിന്നെ ഞാൻ അവളെ നിർബന്ധിക്കൊന്നുമില്ല, വേണമെങ്കിൽ വാങ്ങിക്കോട്ടെ'
'പറ്റില്ല, അവളെ കൊണ്ട് വാങ്ങിപ്പിക്കണം. പിന്നെ, പോകുന്ന വഴിയ്ക്ക് മരുന്ന് എന്തെങ്കിലും വാങ്ങി കൊടുക്കണേ..'
'ഉം, നോക്കട്ടെ'

'ഇന്ന് നീ ക്ലാസ്സിൽ പോകുന്നുണ്ടോ?'
'പോകണംന്ന് വിചാരിച്ചതാ....'
'എന്നിട്ടെന്തേ?'
'എനിക്കിടാനുള്ള ചുരിദാർ ഏട്ടന്റെ ഭാര്യ അലക്കിയിട്ടില്ലേ, ഇനി ഞാൻ എന്താ ഇടാ?'
'എന്റെ മോൾക്ക് ആ ഒരു ചുരിദാറെ ഉള്ളൂ? അങ്ങനെയാണെങ്കിൽ ഏട്ടൻ വൈകുന്നേരം വരുമ്പോൾ ഒരു നാലഞ്ച് ജോഡി ഡ്രസ്സ് എടുത്ത് കൊണ്ടുവരാം'
'അതല്ല ഏട്ടാ, ഇന്ന് എല്ലാവരും ഒരേ കളർ ഡ്രസ്സ് ഇടാന്നാ പറഞ്ഞത്, ഞാനാ പറഞ്ഞത് പച്ച മതീന്ന്. ആ പച്ച ചുരിദാർ ആണ് അലക്കിയിട്ടിരിക്കുന്നത്'
'ഓ, പച്ചയാ? പച്ച ചുരിദാർ ഒരെണ്ണം ഞാൻ വാങ്ങി വച്ചിരുന്നതാ, നിന്റെ പിറന്നാളിന് തരാം എന്നാ വിചാരിച്ചത്, അത് വേണമെങ്കിൽ ഇപ്പൊ തരാം'
'സത്യം? താങ്ക്യു ഏട്ടാ. ഏട്ടനില്ലായിരുന്നെങ്കിൽ ഞാൻ എല്ലാരുടേം മുന്നിൽ നാണം കേട്ടേനെ'
'അതാണ് മോളെ ഏട്ടൻ'

'ദാ, നീ ഹാപ്പിയായില്ലേ?'
'ഉം, ഏട്ടാ, ഞാൻ സമയം വൈകി. എന്നെയൊന്ന് കോളേജിൽ ഡ്രോപ്പ് ചെയ്യോ?'
'ഉം, നീ ഡ്രസ്സ് മാറി വാ'
'ഉം, പിന്നെ എന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഏട്ടന്റെ ഭാര്യയോട് പറഞ്ഞേക്ക്'
'എന്റെ ഭാര്യ എന്നുപറയുമ്പോൾ നിന്റെ ആരാ?'
'എന്റെ ആരുമല്ല. ഏട്ടനോട് ഞാൻ മുന്നേ പറഞ്ഞതാ എനിക്ക് അവരെ ഇഷ്ടല്ലാന്ന്. എന്റെ കാര്യങ്ങൾ നോക്കാൻ അവർ വരണ്ടാന്ന്'
'അതൊന്നും പറ്റില്ല, ഇതൊരു വീടാണ്, അവൾ ഇവിടുത്തെ മരുമകളും, നിന്റെ ഏട്ടത്തിയമ്മ. അത് എപ്പോഴും ഓർമ്മ വേണം'
'എനിക്കിപ്പോ അവരെ പറ്റി ഏട്ടനോട് തർക്കിച്ച് നില്ക്കാൻ സമയമില്ല. ഞാൻ വേഗം റെഡിയാവട്ടെ'

ദീപക്കേട്ടന്റെ ബൈക്ക് ഗേറ്റ് കടന്നതിന് ശേഷമാണ് ഞാൻ മുറിക്ക് പുറത്തിറങ്ങിയത്. ഇറങ്ങാൻ നേരത്ത് എന്നെ കാണുന്നത് ദിവ്യയ്ക്ക് ഇഷ്ടല്ല. ഞാൻ അപശകുനമാണെന്നാ എപ്പോഴും പറയാ.
ഇവിടേക്ക് മരുമകളായി വന്ന അന്നുമുതൽ അനുഭവിക്കുന്നതാണ് ഈ അവഗണനയും നാത്തൂൻ പോരും. അമ്മയോ ഏട്ടനോ അടുത്തുള്ളപ്പോൾ ഒന്നും മിണ്ടില്ല, ആരുമില്ലാത്തപ്പോൾ വായിൽ തോന്നുന്നതെല്ലാം പറയും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം കുറ്റം കാണും.
ഒന്നും ആരോടും പറയാതെ ഉള്ളിലൊതുക്കി സഹിച്ചു. അർഹിക്കാവുന്നതിലും അധികമാണ് കിട്ടിയത്, അതിൽ സന്തോഷമുണ്ട്. അത്കൊണ്ട് തന്നെ ഇതൊന്നും ഒരു വിഷമമല്ല. മനസ്സിൽ സങ്കടവും ദേഷ്യവും പല തവണ വന്നിട്ടുണ്ട്, അതൊന്നും ആരെയും അറിയിച്ചില്ല. ഒരു പെണ്ണാണെന്ന പരിഗണന പോലും അവൾ തരാറില്ല, പക്ഷെ അമ്മയ്ക്കും ഏട്ടനും നല്ല സ്നേഹമാണ്. അവരുടെ സ്നേഹം മാത്രം മതി എല്ലാ വിഷമവും മറക്കാൻ.

എന്റെ കുറ്റങ്ങൾ കണ്ട് പിടിക്കലാണ് ദിവ്യയുടെ പ്രധാന പണി. എല്ലാ ദിവസവും എന്തെങ്കിലും കണ്ട് പിടിച്ചോളും, അത് ഒരു കരുണയുമില്ലാതെ തുറന്ന് പറയുകയും ചെയ്യും.

ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് ദിവ്യ ആദ്യം വന്നിരുന്നു. ഞാൻ നാലാൾക്കും ഉള്ള ചോറും കറിയും മേശപ്പുറത്ത് എടുത്ത് വച്ച് പപ്പടം എടുക്കാൻ അടുക്കളയിലേക്ക് പോയി, പെട്ടന്ന് എന്തോ ഓർത്ത് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അവളുടെ കറിയിൽ ഉപ്പ് വാരി ഇടുന്ന ദിവ്യയെ ആണ്.
ഞാൻ ഒന്നും കാണാത്തത് പോലെ ബാക്കി കറികൾ എടുത്ത് വച്ചു. എല്ലാവരും കഴിക്കാൻ ഇരുന്നപ്പോൾ കറിയിൽ ഉപ്പ് കൂടി എന്ന് പറഞ്ഞ് അവൾ വഴക്ക് തുടങ്ങി. അമ്മയും ഏട്ടനും കഴിച്ച് നോക്കി അവരുടെ കറിയിൽ ഉപ്പ് അധികമില്ല എന്ന് പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞത് ഞാൻ മനപ്പൂർവം അവളുടെ കറിയിൽ മാത്രം ഉപ്പ് അധികം ഇട്ടതാണെന്ന്. അതും പറഞ്ഞ് വഴക്കായി. കണ്ട കാര്യം ഞാൻ ആരോടും പറഞ്ഞില്ല, കുറ്റം സമ്മതിച്ചു, അറിയാതെ പറ്റിയതാകും എന്ന് പറഞ്ഞ് അമ്മയും ഏട്ടനും കൂടെ നിന്നു.
ചെയ്യാത്ത കുറ്റം സ്വയം ഏൽക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് ഏട്ടന്റെ മുഖം ആയിരുന്നു. ഒരു ജീവിതത്തിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുവന്ന ഏട്ടന്റെ കുടുംബത്തിൽ ഞാൻ കാരണം ഒരു വഴക്ക് ഉണ്ടാവാൻ പാടില്ല.

നടന്ന കാര്യങ്ങളെല്ലാം രാത്രി ഏട്ടനോട് തുറന്ന് പറഞ്ഞു, അവളോട് അപ്പോൾ തന്നെ അതിനെ പറ്റി ചോദിയ്ക്കാൻ ചാടിയിറങ്ങിയ ഏട്ടനെ തടുത്തതും ഞാൻ തന്നെയാണ്. അന്ന് മുതൽ ഇന്ന് വരെ എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ഭാഗം പറഞ്ഞ് വഴക്ക് കൂടാൻ ഏട്ടനെ ഞാൻ അനുവദിച്ചിട്ടില്ല. എന്നെ ചൊല്ലി ഈ വീട്ടിൽ ആരുടെയും കണ്ണ് നിറയാൻ പാടില്ല. അർഹിച്ചതിലും ആഗ്രഹിച്ചതിലും എത്രയോ ഉയർന്ന ജീവിതമാണ് ഈശ്വരൻ തന്നത്. അതിന് നന്ദി പറഞ്ഞ് , എല്ലാ കാര്യങ്ങളിലും സന്തോഷം കാണുകയാണിപ്പോൾ. ആരോടും ദേഷ്യമില്ല, ആരോടും പരിഭവമില്ല.

കൂലിപ്പണിക്കാരനായ ശങ്കരന്റെയും ലീലയുടെയും മകൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ജീവിതമാണ് കിട്ടിയത്.
ഞങ്ങൾ, ചേച്ചി, ചേട്ടൻ, പിന്നെ എന്റെ ഇരട്ട പാതി, പഠിച്ച് വളർന്നപ്പോഴേക്കും അച്ഛൻ പോയി. ഏട്ടൻ പഠിത്തം കഴിഞ്ഞതേ ഉള്ളൂ, ചേച്ചിയുടെ കല്യാണം ഉറപ്പിച്ചിരുന്നു. എങ്ങനെയൊക്കെയോ ചേച്ചിയെ കെട്ടിച്ച് വിട്ടു, അതോടെ വീട് മൊത്തം കടക്കെണിയിൽ ആയി. അതോടെ ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് ഏട്ടൻ കൂലിപ്പണിക്ക് ഇറങ്ങി. ആര് എന്ത് പണിക്ക് വിളിച്ചാലും പോകും, ആദ്യം പെയിന്റിംഗ്, കല്ല് പണി, വാർപ്പ് അങ്ങനെ പോയി. തെങ്ങ് കയറാനും മരം വെട്ടാനും പോകും. വെൽഡിങ് അറിയാം, ഇലക്ട്രിക്കലും പ്ലംബിങ്ങും ചെയ്യും. പകൽ പണിക്ക് പോയാലും രാത്രി വെറുതെ ഇരിക്കില്ല, ഓട്ടോ ഓടിക്കും, മണൽ വാരാൻ പോകും.
തന്റെ ജീവിതത്തിലെ ഒരു സെക്കന്റ് പോലും പാഴാക്കാതെ ഏട്ടൻ വീടിന് വേണ്ടി ഒരു കാളയെ പോലെ കഷ്ടപ്പെട്ടു. ഒരു വശത്ത് കൂടി എന്നെയും നിത്യയെയും പഠിപ്പിച്ചു, മറു വശത്ത് കൂടി കടങ്ങൾ വീട്ടി. സാമ്പത്തിക ബുദ്ധിമുട്ടൊഴിച്ചാൽ ഞങ്ങളുടെ വീട് സ്വർഗ്ഗമായിരുന്നു. പ്ലസ് ടു ജയിച്ചപ്പോൾ എനിക്ക് ഒരു അരപ്പവന്റെ മാല വാങ്ങിത്തന്നു. നിത്യയ്ക്കും വാങ്ങി, പക്ഷെ അവൾ അത് വിറ്റ് ഒരു ഫോൺ വാങ്ങി. വീട്ടിൽ ഏട്ടന് മാത്രേ ഫോൺ ഉണ്ടായിരുന്നുള്ളു. വീട്ടിലേക്ക് വിളിക്കേണ്ട ആവശ്യം വന്നാൽ ഏട്ടൻ അടുത്ത വീട്ടിലേക്ക് വിളിക്കലാ പതിവ്. അത് കൊണ്ട് നിത്യ ഫോൺ വാങ്ങിയപ്പോൾ ആരും ഒന്നും പറഞ്ഞില്ല.
ഫോൺ ഞങ്ങൾ രണ്ടാൾക്കും കൂടി ഉള്ളതാണെന്നാണ് പറഞ്ഞതെങ്കിലും മുഴുവൻ സമയവും അവളുടെ കയ്യിൽ ആയിരുന്നു. എന്റെ കൂട്ടുകാരികൾ ചിലപ്പോൾ വിളിക്കും , അപ്പോൾ മാത്രം എനിക്ക് കിട്ടും.

ആ ഫോൺ ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.

രജീഷ് കണ്ണമംഗലം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ