എസ്.എസ്.എൽ.സി

എസ്.എസ്.എൽ.സി

എസ്.എസ്.എൽ.സി

കീകീകീ  കീകീകീ.. 

അഞ്ചു മണി അലറുന്നു.  വേറെ ഏതേലും ദിവസായിരുന്നെങ്കിൽ  തല്ലി പൊട്ടിച്ചു കളയാമായിരുന്നു. ഇന്നെന്റെ SSLC പരീക്ഷ തുടങ്ങുവാണ്. ബോധം പറഞ്ഞു. 

     ചാടിഎണീറ്റു, നേരെ കുളിമുറിയിൽ പോയി വേഗത്തിൽ 'എല്ലാം' പാസ്ആക്കി, പൂജ മുറിയിൽ പോയി ഭസ്മമിട്ടു, പിന്നെ പഠിത്തം... അന്യായ പഠിത്തം. 

മലയാളം ഫസ്റ്റ് ടെക്സ്റ്റ്‌ ബുക്ക്, ടൂട്ടോറിയിലെ നോട്ട് ബുക്ക്‌, ലേബർ ഇന്ത്യ, v-ഗൈഡ്,എല്ലാം നേരത്തി, മറിക്കുകയാണ്. 

      "മക്കളേ, വാ, വന്ന് കഴിക്ക് "

ദൈവമേ, ദാ, അടുത്ത എട്ട് മണീടെ അലാറം. ഇതിനെ ഒന്നും ചെയ്യാൻ പറ്റില്ല, എന്റമ്മയല്ലേ.. ദോശ യൊക്കെ ബ്ലോക്ക്‌ ആയി തൊള്ളയിൽ കൺഫ്യൂഷൻ അടിച്ചു കിടക്കുന്നു, മുകളിലോട്ടോ, കീപോട്ടോ...! ഒരു കവിൾ ബൂസ്റ്റ്‌ ന്റെ സഹായത്തോടെ എല്ലാം താഴോട്ട്. സമാധാനം...!

 "ഓ.. എന്തോന്ന് കൊച്ചേ, ഇങ്ങനെ പേടിക്കുന്നെ?"

 "അമ്മക്ക്  പറഞ്ഞാൽ മനസിലാവില്ല." 

"ഇല്ല, ഞാൻ SSLC എഴുതാതെയാണല്ലോ വില്ലേജ് ഓഫീസർ ആയത്"

 "അമ്മേട കോമഡി കേൾക്കാൻ നേരമില്ല, എനിക്കെ, കാവിൽ തിരി കൊളുത്തണം,ഖബറിൽ പൈസ ഇടണം, ഞാൻ ഇറങ്ങുന്നു."

എന്റെ തീവ്ര ഭക്തി കണ്ട അമ്മ, ചിരി അടക്കി പിടിച്ച് "ആയിക്കോട്ടെ "ന്നു മാത്രം പറഞ്ഞു. 

     ട്രിങ് ട്രിങ്. ലാൻഡ് ഫോൺ അടിക്കുന്നു.

"മക്കളേ, നിക്ക് ഒരു മിനിറ്റ്, വല്യമ്മച്ചി  ആയിരിക്കും."

 "അമ്മേ, എനിക്ക് സമയം..."

"ഒന്ന് സംസാരിച്ചിട്ട് പോ ".

വല്യമ്മച്ചി കഴിഞ്ഞപ്പോ മാമൻ, അംബിക ആന്റി, അങ്ങനെ വിളി നീണ്ടു. 'ടെൻഷൻ അടിക്കല്ലേ' എന്ന് പറയാതവർ ആരുമില്ലയിരുന്നു. ഒടുവിൽ ടെൻഷൻ അടിച്ചു കരഞ്ഞു നിലവിളിച്ചുകൊണ്ടു ഹാളിൽ എത്തി. 

കാവിൽ പോയില്ല, പൈസ ഇട്ടില്ല. ഞാൻ തോറ്റത് തന്നെ. വിറയലോട് വിറയൽ ! മണി മുഴങ്ങി. എഴുതി തുടങ്ങി. എന്തൊക്കെയോ എഴുതി. പതിവ് പോലെ അവസാന അഞ്ച്  മിനിറ്റിൽ രണ്ട് പേപ്പർ വാങ്ങി ഉരുട്ടി ഉരുട്ടി നിറച്ചു വെച്ചു. കഴിഞ്ഞു. കൂട്ടുകാർക്കും എന്നെപോലെ പാടായിരുന്നു. 

ഗണപതിക്ക് വെച്ചത് കള്ള മലയാളം കൊണ്ട് പോയ സങ്കടത്തിൽ വീട്ടിലെത്തി. അച്ഛൻ വന്നു. അച്ഛന്റെ കൂട്ടുകാരുടെ മക്കൾക്ക്‌ ഒക്കെ എളുപ്പം ആയിരുന്നു പോലും. തൊലഞ്ഞ്!.എങ്കിലും അച്ഛൻ എനിക്ക് ഏത്തക്ക അപ്പം വാങ്ങിചോണ്ട് വന്നിരുന്നു. ഞാൻ അത് വെഷമത്തോടെ മുഴുവൻ കഴിച്ചു. മലയാളം സെക്കന്റ്‌ തകർക്കാം എന്ന വിശ്വാസത്തിൽ കിടന്നുറങ്ങി. പിറ്റേ ദിവസം മാതൃഭൂമി എന്നെ കാത്തു. മലയാളം ദുഷ്കരം. ആദ്യ പേജിൽ തന്നെ ഉണ്ടായിരുന്നു.അച്ഛൻ പറഞ്ഞു. ഞാൻ ഞെളിഞ്ഞിരുന്നു.. 

      അങ്ങനെ പരീക്ഷകൾ എല്ലാം കഴിഞ്ഞു. നല്ല റിസൾട്ട്‌ വന്നു. കാലങ്ങൾ കടന്നു, പരീക്ഷകൾ പിന്നെയും അനിവാര്യമായ ദുരന്തമായി തുടർന്നു. പത്തൊൻപത് വർഷം വേഗം കടന്നു പോയ്‌. ദാ,പിന്നെയും SSLC. ഇക്കുറി എന്റെ മാമന്റെ മകളാണ് ഇര!.

അവസ്ഥകൾക്ക് ഒരു മാറ്റവും ഇല്ല. ലാൻഡ് ഫോണിന് പകരം മൊബൈൽ. അന്നത്തെ എന്റെ അഭ്യുദയകാംക്ഷികളുടെ ലിസ്റ്റിൽ ഇന്ന് ഞാനും, അവളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ.. 

     പിന്നീട് എന്നെങ്കിലും അവളും മനസിലാക്കും ഇതൊന്നുമല്ല ശെരിയായ ജീവിതപരീക്ഷ എന്ന്.. പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്തമാക്കിയ എത്രയോ പേര് ജീവിതത്തിൽ ഒന്നുമാകാതെ ജീവിതത്തെ നോക്കി പകച്ചു നിൽക്കുന്നത് അവളും കാണുന്നുണ്ട്..

 

    എങ്കിലും SSLC ഇപ്പോഴും അതെ പ്രതാപത്തിൽ തലയെടുത്ത്  വിലസുന്നു..

 

ഒന്നു പറയാതെ വയ്യ, SSLC കീ ജയ് !!

 

- ഗൗരിവിപിൻ, ചിറയിൻകീഴ്.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഡോ. ഗൗരിപ്രിയ. പി.ജി, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോപിനാഥന്റെയും പ്രസന്നയുടെയും മകളായി 1985 ജൂൺ 7നു ജനനം. പ്രേംനസിർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ൽ പത്താം ക്ലാസ്സ്‌ വരെയും ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെയും പഠനം. പിന്നീട്, ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്നും, BHMS ബിരുദം കരസ്ഥമാക്കി. ഇപ്പോൾ സ്വന്തം ഹോമിയോ ക്ലിനിക്കിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നു.ഒരു സഹോദരിയുണ്ട്. ഭർത്താവ് വിപിൻ ഫ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ