ഫസ്റ്റ് നൈറ്റ് ഡ്യൂട്ടി

ഫസ്റ്റ് നൈറ്റ് ഡ്യൂട്ടി

ഫസ്റ്റ് നൈറ്റ് ഡ്യൂട്ടി

കൃത്യമായി പറയുകയാണെങ്കിൽ 2009 ജനുവരി ഒന്നാം തീയതി. അന്നാണ് ഞാൻ കൊല്ലം ജില്ലാ ഗവണ്മെന്റ് ഹോമിയോപതിക്  ഹോസ്പിറ്റലിൽ ഹൗസ് സർജൻ ആയി പോസ്റ്റിങ്ങ് കിട്ടി ജോയിൻ ചെയ്യുന്നത്.                      

പ്രകൃതിരമണീയമായ ചുറ്റുപാട്. അഷ്ടമുടി  കായലിനോട് ചേർന്നാണ് ഹോസ്പിറ്റൽ നില്കുന്നത്. അതിന്റെ രണ്ടാമത്തെ നിലയിലെ ഇൻപെഷ്യൻറ് (പുരുഷ വിഭാഗം) വിഭാഗത്തിലെ വാർഡിന്റെ പുറകിലത്തെ ജനലിലൂടെ പടിഞ്ഞാറോട്ട് നോക്കികയാണേൽ അഷ്ടമുടി കായൽ അങ്ങനെ പരന്നു കിടക്കുന്നത് കാണാം. വൈകുന്നേരങ്ങളിൽ നോക്കുകയാണെങ്കിൽ സൂര്യൻ  നല്ല ചുവന്നു തുടുത്ത ഞാറപ്പഴം പോലെ  കായലിനക്കരെയുള്ള തെങ്ങിന്തോപ്പിനിടയിലൂടെ അറബിക്കടലിലേക്ക് താഴുന്നത് കാണാം. ആ സമയം പുരുഷന്മാരുടെ വാർഡിന് ആകെ ചുവന്ന നിറമായിരിക്കും.      

ഹോസ്പിറ്റലിന് അടുത്തായി കൊല്ലം രാവിസ് ഹോട്ടലും, തേവള്ളി മിൽമ സെന്ററും ആർമി ക്യാന്റീനും ഒക്കെ ഉണ്ട്. തുടക്കദിവസങ്ങളിൽ അത്രയൊക്കെ കാണാനേ കഴിഞ്ഞുള്ളു.

എന്റെ വീട് തിരുവനന്തപുരം ജില്ലയിൽ ആണെങ്കിലും, ഏറ്റവും അടുത്തുള്ള ഹോമിയോ ഹോസ്പിറ്റൽ ഇതായതുകൊണ്ടും, അവിടെ കുറെ നല്ല അനുഭവസമ്പത്തുള്ള ഡോക്ടർസും ഉണ്ടെന്നു അറിഞ്ഞതിനാലുമാണ് ഞാൻ ഇ ഹോസ്പിറ്റൽ തിരഞ്ഞെടുത്തത്. അങ്ങനെ ഞാൻ ഉൾപ്പടെ 5 ഹൗസ് സർജൻസ് അന്ന് ഒരു വ്യാഴാഴ്ച ഞങ്ങളുടെ മെഡിക്കൽ കോഴ്സ് പൂർത്തീകരണത്തിന്റെ ഭാഗമായുള്ള 1 വർഷത്തെ ട്രൈനിംഗിനായി ആ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു.

പുതിയ അന്തരീക്ഷവും ആളുകളുമായും പൊരുത്തപ്പെട്ടു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന്തൊട്ടടുത്തുള്ള ഞായറാഴ്ച എനിക്ക് നെറ്റ് ഡ്യൂട്ടി വന്നു. 

വർക്കലയിൽ നിന്നും ട്രെയിനിൽ ആയിരുന്നു ഞാൻ കൊല്ലത്ത് വന്നിരുന്നത്. കൊല്ലം, ചിന്നകടയിൽ നിന്നും ബസ്സിൽ ഹോസ്പിറ്റലിലേക്കും. അന്ന് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസം  ഞായറാഴ്ച വൈകുന്നേരം 6 മണിക്കുള്ള ഇന്റർസിറ്റി എക്സ്പ്രെസ് ട്രെയിനിൽ കയറി ഞാൻ കൊല്ലത്തേക്ക് യാത്ര തിരിച്ചു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ട്രെയിൻ ലേറ്റ് ആയി ആണ് വന്നത്. യാത്രക്കിടയിൽ എവിടെയൊക്കെയോ ട്രെയിൻ കുറെ സമയം നിർത്തിയിട്ടു. അവസാനം 7.30 കഴിഞ്ഞപ്പോൾ ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്തി. സ്റ്റേഷന്റെ പിറകിലെ ഗോഡൗണിന്റെ ഇരുട്ട് മൂടിയ മറവിലൂടെ ഞാൻ ബസ് സ്റ്റാണ്ടിലേക്ക് ഓടി. ബസ്സുകൾ ഒക്കെ സർവിസ് നിർത്തിത്തുടങ്ങിയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ ഭാഗ്യത്തിന്  ഒരു കെ.എസ്.ആർ.റ്റി.സി ബസ്സ് കിട്ടി. ട്രെയിനിൽ ഉണ്ടായ താമസത്തേക്കാൾ കൂടുതൽ താമസമുണ്ടാക്കി ആനവണ്ടി തേവള്ളി ജില്ല ഹോമിയോ ഹോസ്പിറ്റലിന് മുൻപിൽ എന്നെ ഇറക്കി വിട്ടു.  

രണ്ടു വളവുകൾക്കിടയിൽ ഉള്ള സ്ഥലമാണ് ഞാൻ ഇപ്പോൾ നില്കുന്നിടം. ഹോസ്പിറ്റൽ ഗേറ്റിനു അരികിലത്തെ ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്. ആ വെളിച്ചത്തിൽ എന്നെ ആർക്കും വ്യക്തമായി കാണാം. ഈ ലൈറ്റ് കഴിഞ്ഞാൽപ്പിന്നെ റോഡ് വിജനമാണ്, ഇരുട്ടുമാണ്.

എൻട്രന്സിലെ ഗേറ്റ് അടഞ്ഞു കിടപ്പാണ്. 

ഞാൻ ഗേറ്റിൽ തട്ടി.             

വാച്ച്മാൻ സ്ഥലത്തു ഇല്ലെന്നു തോന്നുന്നു. എമർജൻസി കേസുകൾ അവിടത്തേക്ക് വരാൻ സാധ്യത കുറവായതു കൊണ്ടാകും ഗേറ്റ് അടച്ചത്.  ചുറ്റും നോക്കി, ആരും എങ്ങും ഇല്ല.

ഞാൻ ഗേറ്റിൽ മുട്ടാനും, സെക്യൂരിറ്റിയെ വിളിക്കാനും ഒക്കെ തുടങ്ങി. 

നോ രക്ഷ. 

ഹോസ്പിറ്റൽ കെട്ടിടം അല്പം ഉള്ളിലേക്കാണ്. എന്റെ ശബ്ദം അവിടം വരെ എത്താൻ സാധ്യ ഇല്ല.

വീണ്ടും ഞാൻ ശക്തമായി ഗേറ്റിൽ തട്ടി..ഉറക്കെ വിളിച്ചു...എനിക്കാണേൽ നാണം തോന്നി, നൈറ്റ് ഡ്യൂട്ടിക്ക് വന്ന ഡ്യൂട്ടി ഡോക്ടർ ഹോസ്പിറ്റലിന് വെളിയിൽ ഗേറ്റ് തുറക്കാൻ വിളിച്ചു കൂവുന്നു.

ഇടക്ക് ഒന്നോ രണ്ടോ ബസ്സുകൾ അതുവഴി വെളിച്ചം കാണിച്ചു പോയതൊഴിച്ചാൽ വേറെ ഒരനക്കവും ഇല്ല. ഹോസ്പിറ്റൽ ഗേറ്റിനു മുൻപിലെ ലൈറ്റിന്റെ പ്രകാശതിന് കീഴിൽ ഞാൻ നില്കുകയാണ്.

ഞാൻ ചുറ്റും നോക്കി...ഇല്ല, ഇപ്പോഴും ആരും ഇല്ല എന്നെയൊന്നു സഹായിക്കാൻ....നൈറ്റ് ഐ.പിയിൽ റൗണ്ട്സിനു പോകണം. രാത്രിയിൽ ഒന്ന് തല ചായ്ക്കാൻ ഇടം വേണം. തിരികെ പോകാമെന്നു വച്ചാൽ അങ്ങോട്ടേക്ക് ബസ്സു്കളും ഇല്ല. എന്താ ഇനി ഒരു മാർഗ്ഗം...?

ഞാൻ ആകെ കുഴങ്ങി. ഇടക്കിടക്ക് ഞാൻ സെക്യൂരിറ്റിയെ ഉച്ചത്തിൽ വിളിക്കുകയും ഗേറ്റിൽ തട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്. 

ഇനിയിപ്പോ എന്തുചെയ്യും...? ഞാൻ എന്റെ മനസ്സിനെ ബലപ്പെടുത്തി, ഒരു തീരുമാനമെടുത്തു.  ഹോസ്പിറ്റലിന്റെ മതില് ചാടുക; അത് തന്നെ മാർഗ്ഗം. 

'ഡ്യൂട്ടി ഡോക്ടർ ഹോസ്പിറ്റൽ മതിൽ ചാടി നൈറ്റ് ഡ്യൂട്ടിക്ക് വന്നു...!!!'. ആരേലും അറിഞ്ഞാൽ തന്നെ നാണക്കേട് ആണ്. എന്നാലും വേണ്ടീല, പ്രശ്നന്തിന് ഒരു പരിഹാരം വേണ്ടേ?                                ഞാൻ പരിസരം നോക്കി, റോഡ് മുഴുവൻ ഇരുട്ടാണ്; ഞാൻ നിൽക്കുന്ന ഭാഗത്തു മാത്രം നല്ല വെളിച്ചം. തോളിൽ കിടന്ന ബാഗ് ഞാൻ അല്പം കൂടി മുറുക്കി തയ്യാറെടുത്തു, എന്നിട്ടു ഗേറ്റിനു മുകളിൽ പിടിച്ചു ബലം നോക്കി. 

പെട്ടെന്ന് ഒരു ബസ് വെളിച്ചം തെളിയിച്ചുകൊണ്ട് കടന്നു പോയി. 

വേണ്ട, ഗേറ്റിനു ബലമില്ല. അതിന്റെ മുകളിലൂടെ ചാടിയാൽ പണിയാകും, പിന്നെ ഞാൻ ഗേറ്റ് നന്നാക്കി കൊടുക്കേണ്ടി വരും. മതില് വഴി ചാടുന്നതാകും നല്ലത്. മതിലിനോട് ചേർന്ന് ഒരു മഞ്ഞ പെയിന്റടിച്ച വീട്. അതെ അവരുടെ മതിലിനു മുകളിൽ കൂടി ഹോസ്പിറ്റലിലേക്ക് ചാടാം. 

മതിലിനു അല്പം ഉയരം ഉണ്ട്.. 

ഞാൻ ഗേറ്റിലും അതിന്റെ ക്ലാമ്പിലും ഒക്കെ ചവിട്ടി മതിലിന്റെ മുകളിൽ വലിഞ്ഞു പിടിച്ചു കയറി. എന്റെ കയ്യുടെ മുട്ടും, പാന്റ്സും ഒക്കെ ഉരഞ്ഞു, മഞ്ഞ നിറമായി. 

എന്തായാലും മതിലിനു മുകളിൽ എത്തി. പതിയെ നടന്നു...ഒറ്റച്ചാട്ടം ! ഹോസ്പിറ്റൽ കോംപൗണ്ടിന് ഉള്ളിൽ. നിവർന്നു നിന്ന ഞാൻ പിറകിലേക്ക് നോക്കിയില്ല. നേരെ ഹോസ്പിറ്റലിലേക്ക് നടന്നു.

ഓ.പിയിലേക്ക് കയറുന്ന എൻട്രൻസ് ഇരുമ്പ് ഷട്ടർ കൊണ്ട് അടച്ചിരിക്കുന്നു. അതിന്റെ കമ്പിയിൽ പിടിച്ചു കൊണ്ട് ഞാൻ നഴ്സിനെ വിളിച്ചു. 

ശബ്ദം കേട്ട ഭാഗത്തേക്ക് കുറച്ചു രോഗികളും നേഴ്സും ഓടിവന്നു. ഇരുട്ടത്തു വെളിയിൽ നിൽക്കുന്ന എന്നെ കണ്ടു നേഴ്‌സ് അന്തം വിട്ടു.

"ഡോക്ടർ എന്താ ഇ സമയത്തു? എന്ത് പറ്റി?"

"ട്രെയിൻ ലേറ്റ് ആയിരുന്നു..."

"അല്ല, ഡോക്ടർ എങ്ങനെ അകത്തു കയറി...? ഗേറ്റ് അടച്ചിരിക്കുവല്ലായിരുന്നോ ! " അത് ചോദിക്കുന്നതിനിടയിൽ നേഴ്‌സ് ഷട്ടർ തുറന്നു തന്നു. 

ഞാൻ തിരക്കിട്ടു അകത്തേക്ക് കയറി. നേഴ്‌സ് എന്നെ വിടുന്ന ഭാവം ഇല്ല.

"ഡോക്ടർ, എങ്ങനെ അകത്തുകയറി ?"

"മതില് ചാടി..."

"ഏതു മതില് ?"

" ഗേറ്റിനു ബലം കുറവായിരുന്നു. അതുകൊണ്ടു അപ്പുറത്തെ ആ മഞ്ഞ മതില് ചാടി."

" കർത്താവേ...! ഏതു..., ജഡ്ജിയുടെ വീടിന്റെ മതിലോ...?"

ഞാൻ ഒന്ന് നിന്നു. സംഗതി സീരിയസ് ആണ്. ജഡ്ജിയുടെ വീട്...!

" ഡോക്ടറെ, അത് കൊല്ലം ജില്ലാകോടതിയിലെ ജഡ്ജിയുടെ വീട് ആണ്. അവിടെ പോലീസ് ഒക്കെ കാവലിന് ഉള്ളതാ..."

"എന്നിട്ട്...., ഡോക്ടർ ചാടിയത് പട്ടാളക്കാരും കണ്ടില്ലേ...?"

നേഴ്‌സ് തലയിൽ കയ്യിൽ കൈ വെച്ചു.

"പട്ടാളക്കാരോ !!!???" ഞാൻ നിന്നു വിയർത്തു.

"അതേന്നേ... നമ്മുടെ ഹോസ്പിറ്റലിന് വലതു വശത്ത് കൊല്ലം ഡി.വൈ.എസ.പി യുടെ ഓഫീസ് ആണ്. അവിടെ എപ്പോഴും പോലീസുകാർ വന്നും പോയും നില്കും. പിന്നെ നമ്മുടെ നേരെ എതിരെ കാണുന്നത് പട്ടാള കാന്റീൻ ആണ്. അവിടെ എപ്പോഴും പട്ടാളക്കാർ പാറാവു ഉണ്ടായിരിക്കും. അവർ എങ്ങാനും ഡോക്ടർ മതില് ചാടുന്നത് കണ്ടിരുന്നെങ്കിൽ വെടി വച്ചേനെ..." അതും പറഞ്ഞു നേഴ്‌സ് ഷട്ടർ തിരികെ പൂട്ടി. 

ഞാൻ തിരിഞ്ഞു നോക്കാതെ ഡ്യൂട്ടി റൂമിലേക്ക് നടന്നു. താഴെ ഉണ്ടായിരുന്ന സ്ത്രീജനങ്ങൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. ഞാൻ ഗൗനിച്ചില്ല.

എന്റെ മനസ്സ് അപ്പോൾ അങ്ങു അതിർത്തിയിൽ ആയിരുന്നു. വലിയ പീരങ്കികളുടെയും ടാങ്കറുകളുടെയും ബോംബിങ് ശബ്ദവും AK47 ൽ നിന്നും ഉതിർക്കുന്ന ബുള്ളറ്റുകളുടെയും ചീറിപ്പായുന്ന ശബ്ദം എന്റെ ചെവിയിൽ ഇരമ്പികെട്ടുകൊണ്ടിരുന്നു. 

ദൈവമേ...നീ കാത്തു. ഇല്ലേൽ ഇന്ന് പണി പാളിയേനെ.

അബദ്ധവശാൽ പട്ടാളക്കാരെങ്ങാനും കണ്ടു വെടി വച്ചിരുന്നെങ്കിലോ ...!!! ഞാൻ ഒന്ന് കുടുങ്ങി.

പെട്ടെന്നു എന്റെ മനസ്സിൽ കിലുക്കം സിനിമയിൽ ജഗതിച്ചേട്ടൻ പറയുന്ന ഡയലോഗ് ആരോ മന്ത്രിച്ചു..." മിസൈലോന്നും കിട്ടിയില്ലേ സിസ്റ്ററെ..."         

 

(- ഓർമ്മയിൽ നിന്നും -)

 

-രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ