ഒരു പെണ്ണ് കാണൽ കഥ

ഒരു പെണ്ണ് കാണൽ കഥ

ഒരു പെണ്ണ് കാണൽ കഥ

'എന്നാ മോള് അകത്തേക്ക് പൊയ്ക്കോ'

തന്റെ റൂമിലേക്ക് നടക്കുമ്പോൾ അനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരിക്കൽ കൂടി ഈ വേഷം കെട്ടലിന് ഇല്ല എന്ന് വിചാരിച്ചതാ. ആകെ മടുത്തു.
പുറത്ത് കാരണവന്മാരുടെ ശബ്ദം.
' ഇതാണ് കുട്ടി, ഇപ്പൊ കംപ്യുട്ടർ പഠിക്കാ'
'ഉം. ഇന്നത്തെ കാലത്ത് കുട്ടികളെ വീട്ടിൽ വെറുതെ ഇരുത്തണ്ട, ഇങ്ങനെ എന്തിനെങ്കിലും വിടാ നല്ലത്'
'അതേ, നമുക്കോ രണ്ടക്ഷരം പഠിക്കാൻ പറ്റിയില്ല അവരെങ്കിലും പഠിക്കട്ടെ , അത്രേ കരുതീളൂ'
'ന്നാ കേശവേട്ടാ അപ്പൊ ഞങ്ങൾ ഇറങ്ങാ, പൊരുത്തം നോക്കീട്ട് വിളിക്കാം'
'ന്ന അങ്ങനെ ആയിക്കോട്ടെ'
'ശരി, കാണാം'

ചെറുക്കന്റെ വീട്ടുകാരെ യാത്രയാക്കി ബ്രോക്കെർ നാരായണേട്ടൻ തിരിച്ചു വന്നു.
'കേശവേട്ടാ ഇത് നടന്നാൽ ഭാഗ്യാ, നല്ല ആൾക്കാരാ'
'ആദ്യം തലക്കുറി ചേരേണ്ട'
'അതൊക്ക ശരിയാവും ന്ന്'
'ഉം, എങ്ങനെങ്കിലും ന്റെ കുട്ടീടെ കല്യാണം ഒന്ന് കഴിഞ്ഞാൽ മതിയാരുന്നു'
'ഇത് നടക്കും എന്നാ എൻറെ മനസ്സ് പറയണത്. ചെക്കൻ ഓട്ടോ ഓടിക്കാ, പിന്നെ രാവിലെ റബ്ബർ വെട്ടാൻ പോണുണ്ട്. പത്തഞ്ഞൂറ് മരം ണ്ട്, അവൻ ഒറ്റയ്ക്കാ താഴെ ഉള്ള രണ്ടെണ്ണത്തിനേം കെട്ടിച്ച് വിട്ടത്. ഇപ്പൊ അവനും അമ്മയും മാത്രേ ഉള്ളൂ, കുറച്ച് കൃഷിയും ഉണ്ട്'
'ന്റെ ദൈവങ്ങളെ, ഇതെങ്കിലും നടന്നാൽ മതിയായിരുന്നു,, എനിക്ക് ന്റെ കുട്ടീടെ മുഖത്ത് നോക്കാൻ വയ്യ'
'പിന്നേ, അവര് ഒന്നും ചോദിച്ചിട്ടില്ല, എന്നാലും നമുക്ക് നാട്ടുനടപ്പ് നോക്കണ്ടേ'
'അത് നമുക്ക് കഴിയണ പോലെ ചെയ്യാം. ഞങ്ങൾക്ക് ഉള്ളത് രണ്ടാൾക്കും കൂടിയാ.'
'ഞാനവരോട് ഒന്നുംകൂടി സംസാരിക്കട്ടെ,ഈ കാര്യത്തിൽ നമുക്ക് ബലംപിടിക്കാൻ പറ്റില്ലല്ലോ, മ്മടെ കുട്ടിക്ക് വയസായി വരികയാണ്'
'അതറിയാം നാരായണാ. നീ ഇത് എങ്ങനെയെങ്കിലും നടത്തി താ'
'ങ്ങള് പേടിക്കണ്ടാന്ന് നമുക്ക് എല്ലാം ശരിയാക്കാം, ഞാൻ ഇപ്പൊ ഇറങാണ്, ഒന്ന് രണ്ട് സ്ഥലത്ത് പോകാൻ ഉണ്ട്'
'ആ, ശരി'

ഇവരുടെ സംസാരമെല്ലാം അകത്ത് നിന്ന് കേട്ട അനു കട്ടിലിൽ ചെന്നിരുന്നു.

എന്ത് വിധിയാണ് എന്റെ? സന്തോഷം എനിക്ക് വിധിച്ചിട്ടില്ലേ?
ഇതിപ്പോ എത്രാമത്തെ പെണ്ണുകാണലാ, നാല്പതോ അതോ അമ്പതോ.
ഇത്രയും ആളുകളുടെ മുന്നിൽ ഉടുത്തൊരുങ്ങി നിന്നില്ലേ. ഇനിയും കഴിഞ്ഞില്ലേ?

ഓർമ്മകൾ പിന്നിലേക്ക് പോയി

ഒരുപാട് പേർ വന്ന് , കണ്ട് , ശരിയാവാതെ പോയിട്ടാണ് അരുണേട്ടൻ വന്നത്.
ജാതകചേർച്ച ഉണ്ടായിരുന്നു, അതുകൊണ്ട്തന്നെ വേറെ എതിർപ്പൊന്നും ഇല്ലായിരുന്നു.
സ്ത്രീധനം ഒന്നും അവർ ആവശ്യപ്പെട്ടില്ല. പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു, എങ്കിലും നാട്ടുനടപ്പനുസരിച്ച് ഇരുപത്തഞ്ച പവനും ഒരു ലക്ഷം രൂപയും കൊടുക്കാം എന്ന് പറഞ്ഞു. അവർക്കും സന്തോഷം.
പിന്നെ കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു.
വീടുകാണലും കല്യാണം ഉറപ്പിക്കലും എല്ലാം കഴിഞ്ഞു.
മോതിരം മാറുന്ന സമയത്ത് അരുണേട്ടൻ ഒരു ഫോണും തന്നു.
പിന്നെയങ്ങോട്ട് പ്രണയവും പുതിയ ജീവിതം സ്വപ്നം കാണലും ആയിരുന്നു. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഫോൺ വിളികൾ, ഉറക്കമില്ലാത്ത രാത്രികൾ, പുതിയ സ്വപ്‌നങ്ങൾ...
ജീവിതത്തിന് പുതിയ മാനം കൈവന്നപോലെ തോന്നി.
ഞങ്ങൾ വരാൻ പോകുന്ന ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്യാൻ തുടങ്ങി.
കല്യാണം കഴിഞ്ഞ് പോകേണ്ട സ്ഥലങ്ങൾ, യാത്രകൾ, എന്തിന് ജനിക്കാൻ പോകുന്ന കുട്ടികളുടെ പേരുകൾ വരെ തീരുമാനിച്ചു.
ഒന്നിയ്ക്കാൻ പോകുന്ന ആളുകളാണ് എന്നത് കൊണ്ട് ഒരു കാര്യത്തിലും അതിരുകൾ വച്ചില്ല. മനസ്സിലെ ആഗ്രഹങ്ങളെല്ലാം ഏട്ടനുമായി പങ്ക് വച്ചു.
ആർത്തവ സമയത്തെ വേദനപോലും പങ്ക് വെക്കുമ്പോൾ ഞാൻ അരുണേട്ടന്റെ ഭാര്യ ആയിരുന്നു.
സന്തോഷം അതിന്റെ പരകോടിയിൽ എത്തിനിൽക്കുന്ന സമയം,

സന്തോഷക്കൊടുമുടിയിൽ നിന്നും പതിച്ചത് ദുഃഖത്തിന്റെ ആഖാത ഗർത്തത്തിലേക്കായിരുന്നു.

രണ്ട് ദിവസം അരുണേട്ടൻ വിളിച്ചില്ല. തിരിച്ച് വിളിച്ചപ്പോൾ തിരക്കിലാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് വച്ചു.
കാര്യങ്ങളുടെ സത്യാവസ്ഥ മനസിലായത് പിറ്റേന്നാണ്.
അരുണേട്ടന്റെ അച്ഛനും ബ്രോക്കറും വീട്ടിൽ വന്നു.
അവർ ഈ കല്യാണത്തിൽ നിന്നും പിന്മാറുകയാണെന്ന് പറഞ്ഞു.
കാര്യം ഇതാണ്,
അരുണേട്ടന്റെ അച്ഛനും അനിയനും തമ്മിൽ കുടുംബസ്വത്തിനെ ചൊല്ലി ഒരു കേസ് ഉണ്ടായിരുന്നു. ആ കേസിന്റെ വിധി വന്നപ്പോൾ ഇവർ തോറ്റു.
വീടും പുരയിടവും ഒഴികെ ബാക്കി എല്ലാം അനിയന് കൊടുക്കേണ്ടി വന്നു.
ഈ അവസ്ഥയിൽ ഒരു കല്യാണം നടത്താൻ വയ്യാത്രെ.

കാര്യം കേട്ട അച്ചനും അമ്മയും അവരോട് ഒരുപാട് പറഞ്ഞു നോക്കി. സ്ത്രീ ധനത്തിൽ കഴിയുന്നപോലെ കൂട്ടാം എന്ന് പറഞ്ഞു, പ്രശ്നങ്ങൾ തീരുന്നത് വരെ കാത്തിരിക്കാം എന്ന് പറഞ്ഞു. അവർ അതൊന്നും ചെവിക്കൊണ്ടില്ല.

പിറ്റേ ദിവസം അരുണേട്ടനും അമ്മാവന്മാരും വന്നു. നിശ്ചയസമത്ത് തന്ന വളയും മോതിരവും ഊരി വാങ്ങി. മൊബൈൽ ഫോൺ കൊടുക്കുന്ന സമയത്ത് ഞാൻ അരുണേട്ടന്റെ മുഖത്ത് നോക്കി. ആ മുഖം ജീവനില്ലാത്ത പോലെ ആയിരുന്നു. എന്നെ ഒന്ന് നോക്കിയില്ല.

അരുണേട്ടാ, ഏട്ടന് വേണ്ടി എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം, ഏട്ടൻ വിളിച്ചാൽ ഞാൻ കൂടെ വരാം എന്നെല്ലാം എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷേ അത് കേൾക്കാൻ എന്റെ അരുണേട്ടൻ ഉണ്ടായിരുന്നില്ല.

വറ്റാത്ത കണ്ണുകളുമായി ആഴ്ചകൾ തള്ളിനീക്കി, അപ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, എന്നെങ്കിലും എന്റെ ഏട്ടൻ വരും എന്നെ സ്വന്തമാക്കും എന്ന്.
ആ പ്രതീക്ഷയും അവസാനിച്ചത് അരുണേട്ടന്റെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞപ്പോഴാണ്.
നല്ല സ്ത്രീധനം വാങ്ങി, ഗംഭീരമായിത്തന്നെ വിവാഹം കഴിഞ്ഞു. പുതിയ ബന്ധുക്കൾക്ക് ഞങ്ങളെക്കാൾ സ്വത്തും സ്വാധീനവും ഉണ്ടായിരുന്നു. അരുണേട്ടൻ അങ്ങനെ സ്വന്തം ജീവിതം സുരക്ഷിതമാക്കി.
ഇത്രയും കാലം കാത്തിരുന്ന ഞാൻ വിഡ്ഢിയായി.
പിന്നെയും കുറേ കരഞ്ഞു. ഒടുവിൽ കണ്ണുനീർ പോലും വരാതായി.
അന്നുറപ്പിച്ചതാ ഇനി എന്റെ ജീവിതത്തിൽ വേറെ വിവാഹം ഇല്ല എന്ന്.
അരുണേട്ടനെ മറക്കാൻ കഴിയില്ലായിരുന്നു, എങ്കിലും മറ്റൊരാളുടെ ഭർത്താവിനെ സ്വപ്നം കാണുന്നത് തെറ്റാണ് എന്ന തിരിച്ചറിവ് ആ മുഖത്തെ ഓർക്കാതിരിക്കാൻ പ്രേരിപ്പിച്ചു. അരുണേട്ടനോപ്പം
പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വച്ച മറ്റൊരു പെണ്കുട്ടിയുണ്ടല്ലോ, അവളെ വേദനിപ്പിക്കാതെയിരിക്കട്ടെ എന്നാഗ്രഹിച്ചു.

അരുണേട്ടന്റെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു.

അപ്പോഴാണ് വീട്ടുകാർ വീണ്ടും വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങിയത്. പറ്റില്ല! എന്ന് ഞാൻ തീർത്തു പറഞ്ഞതാ, പക്ഷേ അവർക്ക് പറയാൻ കാരണങ്ങൾ ഉണ്ടായിരുന്നു.

എന്റെ അനിയത്തി ആതിര, എന്നേക്കാൾ രണ്ട് വയസ്സ് മാത്രം ഇളയതാണ്. പിന്നെ നാട്ടുകാർ, കല്യാണപ്രായം കഴിഞ്ഞ ഒരു പെണ്ണ് വീട്ടിൽ നിൽക്കുന്നത് വീടിനും നാടിനും മോശമാണത്രെ.
ഞാനിങ്ങനെ നിൽക്കുന്നതിന് പല കാരണങ്ങളും ആളുകൾ പറഞ്ഞു നടക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. അത് ചെവിക്കൊള്ളാതിരുന്നതാ, ഇപ്പൊ ആ കഥയിലേക്ക് എന്റെ അനിയത്തിയും വന്നുത്രേ. ഞാൻ കാരണമാണ് അവളുടെ കല്യാണം നടക്കാത്തത് എന്നൊക്കെ പറയുന്നു.
അത് കൊണ്ടാണ് ഒരു അർധസമ്മതം മൂളിയത്.
പിന്നെ വേറെ ഒരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട്, അതിരയ്ക്ക് ഒരാളോട് ഇഷ്ടമുണ്ട്, കൊള്ളാവുന്ന പയ്യനാ എന്നാ കേട്ടത്. അയാൾ അച്ഛനെ രഹസ്യമായി വന്ന് കണ്ടിരിക്കുന്നു.
എന്റെ കല്യാണക്കാര്യത്തിൽ തീരുമാനമായൽ വീട്ടുകാരെ കൂട്ടി വരാം എന്ന് പറഞ്ഞിരിക്കുന്നു.
അമ്മയാണ് ഈ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞത്. അപ്പോൾ എടുത്ത തീരുമാനമാണ് ഒരു വഴിമുടക്കിയായി ഞാൻ ഉണ്ടാവില്ല എന്നത്.
എന്റെ തീരുമാനം എല്ലാവരിലും ഒരുപാട് സന്തോഷമുണ്ടാക്കി, പ്രത്യേകിച്ച് ആതിരയിൽ. അവൾ എന്നോട് ഒരുപാട് സംസാരിക്കാൻ തുടങ്ങി. അവളുടെ ആളെപ്പറ്റി ആയിരുന്നു എല്ലാം.
അവളുടെ ആ സന്തോഷം കണ്ടപ്പോൾ ഞാൻ എടുത്ത തീരുമാനം ശരിയാണ് എന്ന് തോന്നി.

അങ്ങനെ

ഒരിക്കൽക്കൂടി ഞാൻ ആണൊരുത്തന് മുന്നിൽ അണിഞ്ഞൊരുങ്ങി നിന്നു.
പൂർണ്ണ മനസ്സോടെ അവർക്ക് മുന്നിൽ എത്തണം എന്ന് വിചാരിച്ചെങ്കിലും എല്ലാം യന്ത്രികമായിരുന്നു. മനസ്സിന്റെ നിയന്ത്രണം എവിടെയോ നഷ്ടമായി.
ചെറുക്കന്റെ മുഖം ഞാൻ നോക്കിയില്ല, പേര് പോലും അറിയില്ല.
എന്തായാലും അധികം പ്രതീക്ഷ വെക്കുന്നില്ല. ഒരിക്കൽക്കൂടി നിരാശപ്പെടാൻ വയ്യ.
എല്ലാത്തിലും ഒരു തീരുമാനം ആകട്ടെ, അത് വരെ കാത്തിരിക്കാം!!!

രജീഷ് കണ്ണമംഗലം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ