പാറു

പാറു

പാറു

അമ്മാവന്റെ 'മകൾ' പാറുവായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെയൊരേയൊരു കൂട്ടുകാരി....

ഓർമ്മ വച്ച കാലം മുതൽ അവളെന്റെ കൂടെയുണ്ടായിരുന്നു...

എന്നേക്കാളൊരുപടി മൂപ്പുണ്ടെങ്കിലും പേരുവിളിയ്ക്കുന്നതായിരുന്നു അവൾക്കുമിഷ്ടം...

അതീവസുന്ദരിയായിരുന്ന പാറുവിന്റെ ഞാവൽപ്പഴക്കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നാൽ സമയം പോവുന്നതറിയുകയേയില്ല....

അമ്മത്തറവാട്ടിലെ അനിഷ്ടബാല്യതയിൽ അവളയെനിയ്ക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ 
എന്റെ ജീവിതം തന്നെ മറ്റൊരു ഗതിയിലായേനെ...

സ്കൂളിൽ പോവുന്നതും ഉണ്ണുന്നതും കളിയ്ക്കുന്നതും കുളിയ്ക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചുതന്നെ...

അമ്മയ്ക്കും പാറുവിനെ നല്ലപോലെ പിടിച്ചിരുന്നു...

ഇറച്ചിയും മീനും തൊട്ടുതീണ്ടാത്ത അവൾക്ക് പായസമെന്നുവച്ചാൽ ജീവനായിരുന്നു...

അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള പാറു തന്നെയാണ് എന്റെ ബുദ്ധിമുട്ടുകളൊക്കെ ഏറെക്കുറെ തീർത്തിരുന്നത്....

പാറുവിന്റെ ഓരോ പിറന്നാളും ഞങ്ങളും കൂട്ടരും അതിഗംഭീരമായിട്ടാണു നടത്തുക...

അമ്മാവൻ തന്നെ ഒരാഴ്ച മുമ്പേ സകല വീട്ടിലും നേരിട്ടുപോയി ക്ഷണിയ്ക്കുന്നതിനാൽ ആ ദിവസം ആളുകൾ നിറഞ്ഞു കവിയും....

എനിയ്ക്കാസമയത്തുള്ളൊരു കാര്യപ്പെട്ട പണിയെന്താണെന്നുവച്ചാൽ വിശാലമായ പാടം മുഴുവൻ അരിച്ചുപെറുക്കി കൊട്ടയിൽ ചാണകം പെറുക്കലായിരുന്നു...

അതൊരു നാലഞ്ചുദിവസം തുടർന്നാലേ പിറന്നാളാകുമ്പോഴേയ്ക്കും മുറ്റം മെഴുകാനുള്ള സാധനം തികയൂ....

ചില സമയങ്ങളില്‍ ചാണകം ഓട്ടക്കൊട്ടയിലൂടെ മുഖത്തേയ്ക്കൊലിയ്ക്കും...

എന്നിരുന്നാൽപ്പോലും പാറുവിന് വേണ്ടിയാണെന്ന് ചിന്തിയ്ക്കുമ്പോള്‍ അതിലൊന്നും ഒരു സങ്കടവുമുണ്ടായിരുന്നില്ല....

പിറന്നാളടുക്കുമ്പൊഴേയ്ക്കും ആകെപ്പാടെ എല്ലാറ്റിനുമൊരു വെപ്രാളമാണ്...

ഞങ്ങളു തമ്മിലുള്ള അടുപ്പം കാരണം എന്തുകാര്യത്തിനും അമ്മാവനെന്നെയാണ് കൂടെ വിളിയ്ക്കാറ്...

അതൊരുപക്ഷേ പാറുതന്നെ അമ്മാവനെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞു ചെയ്യിയ്ക്കുന്നതുമായിരിയ്ക്കാം....

സത്യത്തിൽ എനിയ്ക്കൊരു പുതിയ ഉടുപ്പ് കിട്ടുന്നതും പാറുവിന്റെ പിറന്നാളിനു തന്നെ....

ഞങ്ങളുടെ ബന്ധത്തിനെ ആർക്കുമങ്ങിനെ ഒരു പേരിട്ടുവിളിയ്ക്കാനാവില്ലായിരുന്നു...

പ്രേമമെന്നു വിവക്ഷിച്ചാൽ അതങ്ങേയറ്റം ചെറുതായിപ്പോവും...

അതു നിർവ്വചിയ്ക്കാൻ ഈ ജൻമത്തിലിനിയൊരു ഭാഷയുണ്ടാവുമെന്നും തോന്നുന്നില്ല...

അത്രയ്ക്കും ഇണപിരിയാത്തവിധം ഞങ്ങളടുത്തിരുന്നു...

സ്നേഹം പോലെത്തന്നെ ഞാനെന്തെങ്കിലും തെറ്റുചെയ്താൽ ശിക്ഷിയ്ക്കാനും പാറു മിടുക്കിയായിരുന്നു...

നൂറ്റിയൊന്നേത്തമായിരുന്നു ഏറ്റവും കുറഞ്ഞ പ്രതികരണം...

അതിനപ്പുറം മിണ്ടാതിരിയ്ക്കലും പിണങ്ങിപ്പോക്കും വാതിലടപ്പും മറ്റുമൊക്കെയായി.....

എന്തും അമ്മാവന്റെ കെെകൊണ്ട് കൊടുത്താലേ പാറു കഴിയ്ക്കുമായിരുന്നുള്ളൂ...

എന്നെ പായസമുണ്ടാക്കാൻ പഠിപ്പിച്ചതും പാറു തന്നെയാണ്.....

എന്റെ പായസം അവൾക്കു ജീവനാണ്....

അമ്പലപ്പുഴ പാൽപ്പായസം പോലെ അവളു പറഞ്ഞു തന്ന ഇതിന്റെ കൂട്ടും അതീവരഹസ്യം തന്നെ....

പാറുവിനെ പിരിഞ്ഞിരിയ്ക്കുന്നത് എനിയ്ക്ക് ചിന്തിയ്ക്കാനാവുമായിരുന്നില്ല...

പണിസ്ഥലങ്ങളിൽ നിന്ന് പലപ്പോഴും നട്ടപ്പാതിരയ്ക്കിറങ്ങിപ്പോന്നത് അവളോടുള്ള സ്നേഹം കൊണ്ടായിരുന്നു....

ഇരുപത്തൊന്ന് വർഷം ഞങ്ങളൊരുമിച്ചായിരുന്നു...

വീടുമാറിയെങ്കിലും ആഴ്ചയിലൊരിയ്ക്കൽ ഞാനവളെച്ചെന്നു കാണാറുണ്ട്...

അങ്ങിനെയിരിയ്ക്കെ പാറുവെന്നെ അകമഴിഞ്ഞു സഹായിക്കുന്നുണ്ടെന്ന പരാതി മറ്റു ബന്ധുവകകളിൽ അലോസരത സൃഷ്ടിച്ചു...

അതുകൊണ്ട് തന്നെ പലവഴിയ്ക്കുമവർ ഞങ്ങളെ പിരിയിയ്ക്കാൻ ശ്രമിയ്ക്കുകയുമുണ്ടായി....

ഒന്നാലോചിച്ചപ്പോൾ അവർ ചിന്തിയ്ക്കുന്നതിലും കാര്യമുണ്ടെന്ന് തോന്നി...

കൃഷ്ണൻ കുചേലനെ കണ്ടറിഞ്ഞു സഹായിച്ചതുപോലെ പാറുവുമെന്നെ ഒന്നും ചോദിയ്ക്കാതെ...

ആർക്കുമൊരു മുഷിപ്പു വേണ്ടെന്നു കരുതി ഞങ്ങളിപ്പോഴങ്ങിനെ നേരിട്ടധികം കാണാറില്ല...

അമ്മാവൻ നൂറുതവണ വിളിയ്ക്കാറുണ്ടെങ്കിലും ഞാനവിടേയ്ക്ക് പോവാറേയില്ല....

പാറുവിപ്പോൾ മനസുകൊണ്ടേറെയും എന്റെ കൂടെത്തന്നെയാണ്...

പാറുവില്ലാതെ ഒരു നിമിഷം പോലും എന്നിലൂടെ കടന്നുപോയിട്ടില്ല....

ഇന്നവളുടെ പിറന്നാളാണ്...

കഴിഞ്ഞവര്‍ഷം വേദനിപ്പിയ്ക്കുന്ന പല കാരണങ്ങളാൽ ഒന്നും മുഴുമിപ്പിയ്ക്കാതെ പടിയിറങ്ങിപ്പോന്നതാണ്....

ഇരുട്ടു നിറഞ്ഞ മനസുമായി പലരുമുണ്ടാവും...
എന്നാലും പോകാതിരിയ്ക്കുവതെങ്ങനെ...

ഞാനൊരു പട്ടുസാരി വാങ്ങിവച്ചിട്ടുണ്ട്...

അതവൾക്ക് കൊടുക്കണം...

ഒരു പക്ഷേ ആ തിരക്കിനിടയിൽ അവൾക്കതുടുക്കാനൊന്നും കഴിഞ്ഞെന്നുവരില്ല...

എന്നാലും ഹൃദയത്തിനരികെ ഒന്നു കൂട്ടിപ്പിടിയ്ക്കും..അതു മതി....

അത്രയേ വേണ്ടുള്ളൂ....

പാറുവിനു മുമ്പിലിപ്പോഴും ഞാനൊരു ഈർക്കിലുപോലുള്ള ശരീരത്തിൽ കുടുക്കു പൊട്ടി പിഞ്ഞിയ ട്രൗസറിട്ട പഴയ ചാവാലിപ്പയ്യൻ തന്നെ....

അങ്ങിനെ നിൽക്കുമ്പൊഴേ എനിയ്ക്കുമൊരു സുഖമുള്ളൂ...

ഭയഭക്തി ബഹുമാനത്തോടെ പലരുമവളെ പലതും വിളിയ്ക്കുന്നു...

അമ്മേ...ദേവീ...പരാശക്തീ...മഹാമായേ...
ശിവശങ്കരീ... പാർവ്വതീ.... മഹാകാളീ ..രുദ്രേ.... ഭദ്രേ...കാർത്ത്യായനീ....കണ്ണകീ ...
കാവിലമ്മേ....

അപ്പോഴും ഒരുൾച്ചിരിയാലെ ആരും കേൾക്കാതെ മനസിൽ തട്ടി ഞാനൊന്നു മൂളിയാൽ മതി ....

എന്റെ പാറൂ......

 

സകലതും മറന്ന് അവളെന്റെ കൂടെ എങ്ങോട്ടു വേണമെങ്കിലും.....
ഞങ്ങളുടെ മാത്രം ലോകത്തേയ്ക്ക് .......

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ