തേപ്പു കല്യാണം

തേപ്പു കല്യാണം

തേപ്പു കല്യാണം

 "സ്നേഹിച്ച പെണ്ണ് തേച്ചിട്ട് പോയത് കൊണ്ടാണ് അനിയനായി ഞാൻ വഴിമാറി കൊടുത്തത്

അവനെങ്കിലും കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ

എന്റെ ജീവിതം നായ നക്കിയത് പോലെയായി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവളെ കാണുന്നത്

കാണുന്നെ എന്നു വെച്ചാൽ എന്റെ സ്വന്തം അനിയന്റെ കല്യാണത്തിന്റെ അന്നാണ് കണ്ടത്

ലോകത്തിൽ ഒരിക്കലും ചേട്ടന്മാർക്ക് ഈ ഗതിയുണ്ടാകരുത് എന്ന് ആഗ്രഹം ഉളളത് കൊണ്ടാണ്

താലികെട്ട് സമയത്ത് പെണ്ണിന്റെ അടുത്ത് നിന്ന അവൾക്ക് കാഴ്ചയിൽ വല്യ സൗന്ദര്യമൊന്നും തോന്നിയില്ലെങ്കിലും എന്തോ വലിയ ഒരു പ്രത്യേകത തോന്നി

താലികെട്ട് കഴിഞ്ഞ് അവൾക്കായി ചുറ്റും കണ്ണോടിച്ചപ്പോൾ അനിയന്റെയും പെണ്ണിന്റെ കൂടെയും അവൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

ഞാൻ അവളെ തന്നെ അങ്ങനെ നോക്കി നിൽക്കുമ്പോൾ ആണ് അമ്മയുടെ വിളി

"" എടാ എന്തുവാ നീ അന്തം വിട്ട് നിൽക്കുന്നെ.സദ്യ കഴിച്ചിട്ട് നമുക്ക് വേഗം വീട്ടിലേക്ക് പോകണം.അവിടെ ചെന്ന് പെണ്ണിനെ സ്വീകരിക്കാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യണം.നീയും വരണം.ഇതൊക്കെ ചെയ്യാൻ ഞാൻ മാത്രമേ ഉളളൂ""

അമ്മ ആയത് കൊണ്ട് തെറി വിളിച്ചില്ല.എന്റെ ഭാഗ്യദോഷത്തെ ശപിച്ചു ഞാൻ അമ്മക്ക് പിന്നാലെ സദ്യപ്പുരയിലേക്ക് കയറി

പെട്ടന്നു തന്നെ അടുത്ത പന്തിക്ക് തന്നെ ഊണു കഴിച്ചിട്ട് അമ്മയും ഞാനും കൂടി വീട്ടിലേക്ക് മടങ്ങി

മനസ്സു നിറയെ അവളായിരുന്നു.വിവാഹത്തിനു കണ്ടുമുട്ടിയ ആ പെണ്ണ്

ആരായിരിക്കും അവൾ.ഒന്ന് തിരക്കാൻ കൂടി കഴിഞ്ഞില്ല

അതിന്റെ വിഷമം വേറെ

ഉച്ച കഴിഞ്ഞപ്പോൾ അനിയനും അവന്റെ പെണ്ണും കൂടി വീട്ടിലേക്ക് കയറി

അമ്മ നിലവിളക്ക് കൊളുത്തി ഇളയ മരുമകളെ അകത്തേക്ക് സ്വീകരിച്ചു

അല്ലെങ്കിലും അവൻ ഭാഗ്യവാനാ എന്നും എപ്പോഴും

സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടിയില്ലേ പഹയന്

മൊബൈലു കട നടത്തുന്ന അവനു സർക്കാർ ജോലിക്കാരി പെണ്ണിനെ കിട്ടി

എന്റെ ദൈവമേ സർക്കാർ ജോലിയുളള എനിക്ക് ഒ കൂലിപ്പണിക്കാരി പെണ്ണിനെപ്പോലും കിട്ടിയില്ലല്ലോ

അങ്ങനെ ഞാൻ ഓരോന്നും ആലോചിച്ച് സമയം കളയുമ്പോൾ അനിയൻ ഹാപ്പി ആയി അടിച്ചു പൊളിക്കുന്നു

എന്തു വന്നാലും കല്യാണത്തിനു വന്ന പെണ്ണിനെ കണ്ടെത്തണം

പ്രായം മുപ്പത് കഴിഞ്ഞു. ഇനിയെങ്കിലും പെണ്ണ് കെട്ടിയില്ലെങ്കിൽ നല്ല പ്രായം അങ്ങ് കഴിയും

പിന്നെ പെണ്ണ് കിട്ടാൻ പ്രായാസമാണ്

കല്യാണത്തിനു വന്നപ്പോൾ പലരും എന്നെ സഹതപിച്ചു നോക്കുന്നത് കണ്ടപ്പോൾ കലി കയറിയത് ആണ്

വൈകിട്ട് അനിയൻ വെളളമടി പാർട്ടി നടത്തി

ആ ദുഷ്ടൻ ചേട്ടനായ എന്നെ തന്നെ വെളളമടിപ്പാർട്ടി നടത്താൻ ഏൽപ്പിച്ചത്

എല്ലാ സങ്കടങ്ങളും തീരുന്നത് വരെ ശരിക്കും കുടിച്ചു

അങ്ങനെയെങ്കിലും ഉരുകുന്ന മനസ്സിനു കുറച്ചെങ്കിലും ആശ്വാസം ലഭിക്കട്ടെ

വീണ്ടും എട്ടിന്റെ പണി വരുമെന്ന് വിചാരിച്ചില്ല

പെണ്ണിന്റെ വീട്ടുകാർ അന്നു തന്നെ അടുക്കള കാണാൻ വന്നു

ബോധം മറയാതിരുന്നത് കൊണ്ട് ഒരുവിധം അവരുടെ മുന്നിൽ പിടിച്ചു നിന്നു

അതിനിടയിൽ പെണ്ണിന്റെ അമ്മാവൻ എനിക്കിട്ട് ഒന്നു കൊട്ടിയത്

എന്തെ ചെറുക്കന്റെ ചേട്ടൻ കെട്ടാഞ്ഞത്

വെളളമടിച്ചാൽ എന്റെ സ്വഭാവം ആകെ മാറും.പിന്നെ വെറും തറയാണ്

അമ്മക്ക് ഇത് അറിയാവുന്നത് കൊണ്ട് ഉടൻ പ്രശ്നത്തിലേക്ക് തലയിട്ടു

അതേ അവനെന്റെ സ്വഭാവമാ.എനിക്കി മനസ്സിൽ ഇഷ്ടപ്പെടുന്നവളെ മാത്രമേ അവൻ കെട്ടൂ.ഇത് വരെ അങ്ങനെ ഒരുവളെ കണ്ടു കിട്ടിയില്ല

അമ്മ പ്രശ്നം ലഘൂകരിച്ചു

പെട്ടന്നാണു അനിയത്തിയും(അനിയന്റെ ഭാര്യ) ഒരു പെണ്ണും കൂടി അവിടേക്ക് വന്നത്

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല

കല്യാണത്തിനു എന്നെ മോഹിപ്പിച്ചു കടന്നവൾ

കുടിച്ച മദ്യമെല്ലാം ആവിയായി

ഞാൻ പെട്ടന്ന് അമ്മയെ ഒന്ന് തോണ്ടി

കുറച്ച് അകലേക്ക് മാറ്റി അമ്മയോട് അവളുടെ കാര്യം പറഞ്ഞു

എങ്ങനെയും എന്റെ കല്യാണം നടന്നു കാണാൻ ആഗ്രഹിച്ച അമ്മക്കിത് ലോട്ടറി അടിച്ചത് പോലായിരുന്നു

ഉടനെ തന്നെ അമ്മ അവളെ വിളിച്ചു പേരും നാളും വീട്ടുകാരെ കുറിച്ചും തിരക്കി

പെണ്ണിന്റെ അമ്മയുടെ ചേച്ചിയുടെ മകളാണത്രേ

പേര് നിത

മാന്യമായ പഠിത്തമുണ്ട്.ഒരു ജോലിയുമുണ്ട്

സ്കൂൾ ടീച്ചർ ആണ് നിത

ഭാഗ്യത്തിനു നിതയുടെ അച്ഛനും അമ്മയും വന്നിട്ട് ഉണ്ടായിരുന്നു

അവരോട് സംസാരിച്ചപ്പഴല്ലേ കാര്യം മനസ്സിലായത്

അവളും എന്റെ ആളാണെന്ന്

കോളേജിൽ പഠിക്കുമ്പോൾ അവൾക്കും മുടിഞ്ഞൊരു പ്രണയം ഉണ്ടായിരുന്നു

നല്ലൊരു ആലോചന വന്നപ്പോൾ നിതയെ സ്നേഹിച്ചവൻ ഇട്ടിട്ട് പോയി എന്ന്

അതുകൊണ്ട് അവൾക്കിനി കല്യാണം വേണ്ടത്രേ

എനിക്കിതിൽ കൂടുതൽ സന്തോഷം വേറെ ഒന്നുമില്ലായിരുന്നു

ഇനി അവൾക്ക് അവകാശം പറഞ്ഞു ആരും വരില്ല

എനിക്ക് അവളെ മതിയെന്ന് അമ്മയോട് തറപ്പിച്ചു പറഞ്ഞു

അമ്മ അവരുടെ വീട്ടുകാരുമായി ആലോചിച്ചു

തന്നെപ്പോലെ തേപ്പ് കിട്ടിയ ആളാണെന്ന് ഞാൻ എന്ന് അറിഞ്ഞപ്പോൾ അവൾക്കും സന്തോഷം

നിതയുടെ വീട്ടുകാർക്കും അവൾ ഒന്ന് കല്യാണം കഴിച്ചു കണ്ടാൽ മതിയായിരുന്നു എന്നുളളത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി

അങ്ങനെ അനയന്റെ കല്യാണത്തിന്റെ അന്ന് തന്നെ ചേട്ടന്റെ കല്യാണവും ഉറപ്പിച്ചെന്ന പേര് ഞാൻ നേടി

പിന്നെല്ലാം വളരെ വേഗത്തിൽ ആയിരുന്നു

മുഹൂർത്തം തീരിമാനിക്കപ്പെട്ടു

അനിയന്റ കല്യാണത്തിനു ഒരു മാസത്തിനു ശേഷം നിതയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി അവളെ സ്വന്തമാക്കി

ആദ്യരാത്രിയിൽ അവളെന്താ പറഞ്ഞത് എന്നറിയുമോ

നമുക്ക് പരസ്പരം തേപ്പു കിട്ടയ അനുഭവം ഉളളതു കൊണ്ട് വളരെ എളുപ്പത്തിൽ നമ്മൾ മനസ്സിലാക്കും

സ്നേഹം നിഷേധിക്കപ്പെട്ടവർ ആയത് കൊണ്ട് കൂടുതൽ സ്നേഹിക്കും..

അവൾ പറഞ്ഞത് വളരെ ശരിയായിരുന്നത് കൊണ്ട് ഞാൻ തലയാട്ടി സമ്മതിച്ചു

സ്നേഹം കിട്ടതെ പോയവർക്ക് സ്നേഹം കിട്ടുമ്പോൾ അവർ ആത്മാർത്ഥമായി തന്നെ സ്നേഹിക്കും....സ്വന്തം പ്രാണൻ കൊടുത്തിട്ടായാലും""

സമർപ്പണം- തേപ്പ് കിട്ടി കല്യാണം കഴിക്കാതെ വിഷമിച്ചിരിക്കുന്നവർക്കായി

- സുധി മുട്ടം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ