നവോത്ഥാനം
- Stories
- Jayaraj Parappanangadi
- 24-Jan-2019
- 0
- 0
- 1329
നവോത്ഥാനം

നിവേദ്യമുണ്ട ഭഗവാനെ തൊഴുത് പായസത്തിന് കാത്തുനില്‍ക്കുമ്പോഴാണ് ഞാനാ കാഴ്ച കണ്ടത്...
അമ്പലത്തിന്റെ പിന്നാമ്പുറത്തു നിന്നും തമ്പുരാട്ടി കുറച്ചു പാത്രങ്ങളും ഭക്ഷണവുമായി മുന്നോട്ട് വരുന്നു...
പണ്ടുമുതലേ ആചാരസാമീപ്യതയാല്‍ തിരുമേനിയുടെ ഭാര്യയെ തമ്പുരാട്ടി എന്നു വിളിച്ചു ശീലിച്ചതിനാല്‍ യാഥാസ്തിതികനെന്നു ഹസിച്ചാലും ഒരു കഥയ്ക്കുവേണ്ടി പെട്ടന്നതു മാറ്റാന്‍ വയ്യ....
നടയടച്ച സ്ഥിതിയ്ക്ക് തിരുമേനി ഇല്ലത്തു നിന്നല്ലേ കഴിയ്ക്കുക എന്നു ചിന്തിച്ചു നില്‍ക്കവേ എന്നേക്കാള്‍ ഇളപ്പമുള്ള തമ്പുരാട്ടിയില്‍ നിന്നും ദയാപൂര്‍വ്വം ഭക്ഷണമെല്ലാം വാങ്ങിയത് ഞങ്ങളുടെ സ്വന്തം ചീരുച്ചേച്ചി....
അടിച്ചുവാരലും വിളക്കുകഴുകലിനുമൊക്കെയായി ചീരുച്ചേച്ചിയടക്കം അമ്പലത്തില്‍ നാലഞ്ച് സ്ത്രീകളുണ്ട്....
അതിരാവിലെയെത്തുന്ന അവര്‍ ജോലികഴിഞ്ഞ് പോവുമ്പോള്‍ സമയം പതിനൊന്നിനടുത്താവും..
അതു കണ്ടറിഞ്ഞ് തമ്പുരാട്ടി സ്വമേധയാ ഇഷ്ടപ്പെട്ടു ചെയ്യുന്ന ഈ പ്രവര്‍ത്തി തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നറിഞ്ഞപ്പോള്‍ ശരിയ്ക്കും അല്‍ഭുതം തോന്നി....
സമൃദ്ധമായ ഇലഞ്ഞിപ്പൂക്കളുടെ ചിരി സമ്മാനിച്ച് അവര്‍ തിരിച്ചുപോവുമ്പോള്‍ വിഷ്ണുഭഗവാനൊപ്പം മഹാലക്ഷ്മിയെക്കണ്ട പ്രതീതി...
പടിപ്പുരയ്ക്കപ്പുറം മണ്ണിലെ ഇലക്കുഴിയില്‍ കഞ്ഞിവിളമ്പി വേണ്ടപ്പെട്ടവരെഴുന്നള്ളുമ്പോള്‍ എവിടെയെങ്കിലുമോടിയൊളിയ്ക്കുന്ന എന്റെ മുന്‍ഗാമികളുടെ പൂര്‍വ്വകാലം ഈ സമയം വെറുതെയൊന്നോര്‍ത്തുപോയി....
ആഢ്യത്വം പിഴുതെറിഞ്ഞ്, ഹൃദയശുദ്ധിയോടെ ഒട്ടും പ്രതിഫലേച്ഛയില്ലാതെ, മനസറിഞ്ഞു വിളമ്പുന്ന ഇങ്ങിനെയുള്ള തമ്പുരാട്ടിമാര്‍ എന്റെ നാട്ടിലുണ്ടാവുമ്പോള്‍
അതിനപ്പുറം ഇനിയെന്തു നവോത്ഥാനമെന്ന ഊഷ്മള ചിന്തയോടെ അല്‍പ്പം പാല്‍പ്പായസമുണ്ട് ഞാനവിടെ നിന്നും ....
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login