തുളസീദളം
- Stories
- Jayaraj Parappanangadi
- 24-Jan-2019
- 0
- 0
- 1415
തുളസീദളം

തുളസീ...ഒന്നെഴുന്നേറ്റു പുറത്തേയ്ക്കു വരൂ...
ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ അവള്‍ അല്‍ഭുതത്തോടെ ചോദിച്ചു....
ഇൗ പാതിരാത്രിയ്ക്കോ ?
എന്റെ കണ്ണാ...ഉറങ്ങിയാല്‍ പിന്നെ കുളിയ്ക്കണ്ടേ ?
അതൊക്കെ അമ്പലത്തില്‍ വരുമ്പോള്‍ മതി...
ഇതിപ്പോ ഞാന്‍ നിന്നെ കാണാന്‍ മാത്രമായി അസമയത്തു വന്നതല്ലേ...
ഒന്നു മുഖം കഴുകിയിട്ടു വായോ....
പറഞ്ഞതുപോലെ ആരുമറിയാതെ പതുക്കെയെഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഉടുത്ത വസ്ത്രത്തിനുമേലെ ഒരു പുതപ്പെടുത്ത് മൂടി തുളസി മുറ്റത്തെ പൂന്തോട്ടത്തിലേയ്ക്ക് നടന്നു....
അവിടെയുള്ള മൂവാണ്ടന്‍മാവിന്‍ചുവട്ടിലെ കരിങ്കല്‍ബഞ്ചില്‍ കണ്ണനപ്പോള്‍ ചമ്രം പടിഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു.....
അഭിമുഖമിരുന്ന തുളസിയോട് സുതാര്യമായ പുഞ്ചിരിയോടെ കൃഷ്ണന്‍ ചോദിച്ചു..
പറയൂ തുളസീ ...നിനക്കെന്താണിവിടെ ഇത്രയധികം സങ്കടം ?
പരിസരം വീക്ഷിച്ചിട്ടെനിയ്ക്കൊന്നും തോന്നണില്ലാലോ!!
ഇന്നലെ ദീപാരാധനസമയത്ത് വീട്ടിലെ പൂജാമുറിയിലിരുന്ന് സങ്കടം പറയുമ്പോള്‍ നിന്നെ ഞാന്‍ ചെവികൊടുക്കാഞ്ഞത് അകമഴിഞ്ഞ ഭക്തിയോടെ അഞ്ചെട്ടുപേരെന്നെ കാണാന്‍ വന്നതിനാലാണ് ....
അവരുടെ സങ്കടങ്ങളിലും സന്തോഷത്തിലുമലിഞ്ഞങ്ങിനെ സമയം പോയതറിഞ്ഞില്ല .....
പറയൂ തുളസീ ...എന്റെ പ്രിയഭക്തയുടെ വിഷമങ്ങളൊന്നു കേള്‍ക്കട്ടെ....
എന്റെ കണ്ണാ..ഒന്നുമറിയത്തതുപോലെ നടിയ്ക്കണ്ട ...
ഹഹഹ...അയ്യോ..അങ്ങിനെയല്ല...
നീയിന്നലെ നെഞ്ചുപിടഞ്ഞ് കരഞ്ഞ ദുഃഖം മാത്രം ഒന്നു തുറന്നു പറയൂൂ...
കൃഷ്ണാ...എന്റെ സുധിയേട്ടന് വിവാഹത്തിന് മുമ്പൊരു സ്നേഹബന്ധമുണ്ടായിരുന്നു...
കല്ല്യാണരാത്രിയിലാദ്യം ഏട്ടന്‍ പറഞ്ഞ കഥ അവളെപ്പറ്റിയായിരുന്നു...
അന്നു മുതല്‍ മനസിലൊരു കരടു കുടുങ്ങിയ ഞാന്‍ പിന്നെപ്പിന്നെ സംശയങ്ങളുടെ നൂലാമാലകളുമായി എപ്പൊഴും ചെല്ലുമ്പോള്‍ സുധിയേട്ടനത് അരോചകമായി...
മുന്‍കോപിയായ അദ്ദേഹമെന്നെ ചിലപ്പോഴൊക്കെ ഈ കാരണം കൊണ്ടടിയ്ക്കുകവരെ ചെയ്തിട്ടുണ്ട്....
ശ്രീലേഖയെന്നാണവളുടെ പേര്...
വിവാഹം കഴിഞ്ഞെങ്കിലും കുട്ടികളൊന്നുമില്ല...
കുടിച്ചുവരുന്ന അവളുടെ ഭര്‍ത്താവുമായി അത്ര സുഖത്തിലല്ലെന്നാണ് കേട്ടത്...
എന്നാല്‍ സുധിയേട്ടനുമായി അവളിപ്പൊഴും ഫോണില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്...
ഇന്നലെ രാവിലെ ഏട്ടന്‍ കുളികഴിഞ്ഞ് വരുമ്പോള്‍ ഞാനദ്ദേഹത്തിന്റെ ഫോണെടുത്ത് പരിശോധിയ്ക്കുന്നതു കണ്ട് നീയൊരിയ്ക്കലും നന്നാവില്ലെന്ന് പറഞ്ഞ് എന്റെ തോളില്‍ പിടിച്ച് തള്ളി....
ശരിയ്ക്കും ഞങ്ങളുടെ വഴക്കിനിടയില്‍പ്പെട്ട് ദുഃഖിയ്ക്കുന്നത് ആറ്റുനോറ്റുണ്ടായ പത്തില്‍ പഠിയ്ക്കുന്ന മകന്‍ അഭിനവാണ്....
സുധിയേട്ടന്‍ പറയണത് എന്റെ മനോനില തെറ്റിയിരിയ്ക്കുന്നു..എത്രയും പെട്ടന്ന് ആശുപത്രിയില്‍ കാണിയ്ക്കണമെന്നൊക്കെയാണ്.....
കണ്ണാ എന്താണിതിനൊരു പരിഹാരം?
ഇനി ഏട്ടന്‍ പറയണതുപോലെ എനിയ്ക്കെന്തെങ്കിലുമസുഖമുണ്ടോ ?
നിന്റെ പൂര്‍വ്വജന്‍മത്തിലെ രാധയ്ക്കും അമിതമായ സ്നേഹത്താല്‍ ഇതുപോലെയെന്നോട് വല്ലാതെ പരിഭവമുണ്ടായിരുന്നു.....
ഒന്നാലോചിയ്ക്കുക...
ആരെയും പരിധി വിട്ട് സ്നേഹിയ്ക്കരുത്.. നിനക്ക് സംഭവിച്ചതും അതുതന്നെ...
എന്റെ അറിവു വച്ച് നിന്റെ സുധിയേട്ടനവളുമായി സംസാരിയ്ക്കാറുണ്ടെങ്കിലും
മറ്റു മോശപ്പെട്ട ബന്ധങ്ങളൊന്നുമില്ല....
വെറുതേ ഓരോന്നാലോചിച്ച് തല പുണ്ണാക്കുന്ന നീയൊരു മണ്ടി തന്നെയാണ്....
അതുകൊണ്ടെല്ലാം മറന്ന്
ഇപ്പോതന്നെ പിണങ്ങിക്കിടക്കുന്ന ഏട്ടന്റെ കൂടെ പ്പോയി ഒന്നു കെട്ടിപ്പിടിച്ചു കിടക്കൂ.....
എല്ലാ പ്രശ്നങ്ങളും ഈ രാത്രിതന്നെ അവസാനിയ്ക്കും......
ഏയ് ഇതങ്ങിനെയൊന്നും തീരില്ല കണ്ണാ....
പത്തുപന്ത്രണ്ടു വര്‍ഷം പഴക്കമുള്ളൊരു കേസാ...
തുളസീ ..ഞാനല്ലേ പറയുന്നേ ....നിന്റെ സുധിയേട്ടന്റെ കോപത്തെ നിയന്ത്രിയ്ക്കാന്‍ ഞാനുണ്ടാവും...
പരിധിവിട്ടൊരു സംസാരവും നിന്റെയടുത്തു നിന്നും പാടില്ല....സമ്മതിച്ചോ ?
സമ്മതിച്ചു....
നിനക്കെപ്പോഴെങ്കിലും ദേഷ്യം തോന്നുകയാണെങ്കില്‍ സുധി കൃഷ്ണനാണെന്നങ്ങട് ധരിയ്ക്കുക...
പൊക്കോളൂ...ഇന്നിനി ഉറങ്ങരുതൂട്ടൊ.
ഹഹഹഹഹ....
എങ്കില്‍ ചെന്നാട്ടെ...
തുളസി നാണത്തോടെ കണ്ണനെ യാത്രയാക്കി....
സ്വപ്നത്തിലലിഞ്ഞ് നിലത്തു കിടന്ന അവള്‍ പതുക്കെയെഴുന്നേറ്റ് കട്ടിലില്‍ കയറി സുധിയെ കെട്ടിപ്പിടിച്ചു....
വെയിലുകൊണ്ടു വിണ്ട പാടത്തേയ്ക്ക് കാലങ്ങള്‍ക്കുശേഷം പെയ്ത മഴപോലെ സുധിയവള്‍ക്കൊരു ആദ്യരാത്രി സമ്മാനിച്ചു...
മതിമറന്നുല്ലസിച്ച തുളസിയില്‍ പിന്നെയൊരനാവശ്യ സംശയം ഇതുവരെയുണ്ടായിട്ടില്ല......
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login