പൂര്‍ണ്ണചന്ദ്രന്‍
- Stories
- Jayaraj Parappanangadi
- 24-Jan-2019
- 0
- 0
- 1400
പൂര്‍ണ്ണചന്ദ്രന്‍

വീരശൂര പടയാളികളെപ്പോലെ മൂന്നു പെണ്‍കുട്ടികളുംകൂടി ഉമ്മറത്തെ വാതിലില്‍ പെട്ടന്നയാളെ തടഞ്ഞപ്പോള്‍ ഒരു സേനാധിപതിയായി തൊട്ടു മുന്നില്‍ ഉണ്ണിക്കുട്ടനും നിലയുറപ്പിച്ചിരുന്നു....
സംഗതിയറിയാതെ ചന്ദ്രന്‍ ആശ്ചര്യത്തോടെ ചോദിച്ചു...
ഇതെന്താ മക്കളേ സംഭവം ?പെട്ടന്നൊരു വഴി തടയല്‍ ?
അച്ഛനിന്നു പണിയ്ക്കു പോവേണ്ട...
മിനിച്ചേച്ചിയുടെ കല്ല്യാണം അടുത്തയാഴ്ചയാ...
ഡ്രസ്സ് വാങ്ങി തുന്നാന്‍ കൊടുക്കണ്ടേ ?
പഠിച്ചുവച്ചപോലെ നാലുപേരും കൂടി ഒരുമിച്ചു പറഞ്ഞു....
ഹഹഹഹ...അതാണോ കാര്യം....
ഇന്നച്ഛനൊരു ചില്ലറപ്പണിയാ..
അവിടുത്തെ സാറ് ഞായറാഴ്ച മാത്രമേ വീട്ടിലുണ്ടാവുകയൊള്ളൂ...
മക്കള് റെഡിയായിരുന്നൊ.. ഞാനെന്തായാലും ഉച്ചയ്ക്കിവിടെയെത്തും....എന്നിട്ടു പോവാം...
വാക്ക് ? സത്യം ചെയ്യൂ...വീണ്ടും കോറസ്...
നാലുപേരും കൂടി കെെ മലര്‍ത്തി നീട്ടിയപ്പോള്‍ ചന്ദ്രനതില്‍ തൊട്ടു സമ്മതിച്ചു....
പറഞ്ഞതുപോലെ ഉച്ചയ്ക്കെത്തിയ അയാള്‍ കുടുംബത്തെ കൂട്ടി പുതുതായി തുറന്നൊരു ടെക്സ്റ്റയില്‍സില്‍ കയറി....
സ്വാഗതം ചെയ്ത സുഖുമനായ ചെറുപ്പക്കാരന്റെ കെെ പിടിച്ചു കുടയുമ്പോള്‍ ചന്ദ്രന്‍ ആരും കാണാതൊരു കുറിപ്പ് അവനു കൊടുത്തു....
ചുരിദാറിന്റെ ഭാഗത്തേയ്ക്ക് നീക്കി മറ്റൊരു സ്റ്റാഫിനെ ചൂണ്ടി ഇവരെ നോക്കൂ എന്ന് പറഞ്ഞെങ്കിലും ആ കടലാസ് വായിച്ചപ്പോള്‍ ഞാന്‍ തന്നെയാവാം എന്നു പറഞ്ഞ് അവനവരോടൊപ്പം നീങ്ങി....
എടുത്തിടുന്ന ചുരിദാറുകളില്‍ നിന്നും എട്ടിലും പത്തിലും പള്സ്ടുവിനും പഠിയ്ക്കുന്ന പെണ്‍കുട്ടികള്‍
വളരെയധികം മനസ്സിനിണങ്ങിയ രീതിയില്‍ വസ്ത്രങ്ങള്‍ ആസ്വദിച്ച് സെലക്ടു ചെയ്തു....
ഈ സമയം ഒരു കസേരയിലിരുന്ന് ചന്ദ്രന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലുള്ള നാളത്തെ കല്ലിന്റെ പടവിനെക്കുറിച്ചാലോചിയ്ക്കുകയായിരുന്നു....
യാതൊരു ദുശ്ശീലവുമില്ലാത്ത അയാള്‍ക്ക് നാലു കുട്ടികളുണ്ടായത് ഒരാണ്‍കുഞ്ഞിനെ മോഹിച്ചതിനാലായിരുന്നു....
വീടും കുടുംബവും പണിയുമല്ലാതെ ചന്ദ്രന്റെ മനസില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല....
കഴിഞ്ഞയാഴ്ചത്തെ കൂലി രണ്ടു കുറികളും പത്രത്തിന്റെ കാശും കൊടുത്തപ്പോള്‍ തീര്‍ന്നു..
അതാണ് ഷോപ്പിംഗ് ഇന്നേയ്ക്കു വച്ചത്....
ഭാര്യയുടെ ചേച്ചിയുടെ മകളുടെ കല്ല്യാണമാണ്....
വലിയൊരു ചിലവ് വളരൂപത്തിലങ്ങിനെ തെളിഞ്ഞു കിടപ്പുണ്ട് ....
പരിചയമുള്ള ജ്വല്ലറിയില്‍ ആഴ്ചയിലേ തരൂ എന്ന് പറഞ്ഞും സമ്മതിപ്പിച്ചിട്ടുണ്ട്....
കാരണം കുട്ടികളുടെ പഠിത്തവും വീട്ടിലെ ചിലവും കഴിഞ്ഞാല്‍ ഒരു കൂലിപ്പണിക്കാരന്റെ കയ്യില്‍ പിന്നെയൊന്നും ബാക്കി കാണില്ല..
അഞ്ചിലെത്തിയ ഉണ്ണിക്കുട്ടന് പേന്റും ഷര്‍ട്ടുമെടുത്തപ്പോള്‍ ആയിരം രൂപയായി...
നാനൂറ് രൂപയുടെ മിതമായൊരു സാരിയാണ് സുമതിയെടുത്തത്...
ഭാര്യയും മക്കളും ഒരുപാട് നിര്‍ബന്ധിച്ചിട്ടും ചന്ദ്രന്‍ ഡ്രസ്സൊന്നും വാങ്ങിയില്ല...
രണ്ടോണം മുമ്പുള്ള ഷര്‍ട്ടിനിപ്പോഴും സ്വര്‍ണ്ണത്തിളക്കമാണെന്ന് അയാള്‍ വാശിപിടിച്ചു...
അവിടെത്തന്നെയുള്ള ഫാന്‍സിഷോപ്പിലും കൂടി കയറി മക്കള്‍ ചെരിപ്പും പൊട്ടുമൊക്കെ വാങ്ങി...
ഏറെക്കുറെ എല്ലാമായപ്പോള്‍ വളരെയധികം ക്ഷമയോടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പം നിന്ന റഫീക്കെന്ന സ്റ്റാഫിനൊപ്പം ബില്ലടിയ്ക്കുന്നിടത്തേയ്ക്ക് നീങ്ങി.....
സാധനങ്ങളെല്ലാം ഒത്തുനോക്കി നാലായിരത്തിയെണ്ണൂറ് രൂപ കൊടുത്ത് ചന്ദ്രനും കുടുംബവും പുറത്തേയ്ക്കിറങ്ങാനൊരുങ്ങി ....
സാര്‍.....
റഫീഖിന്റെ പെട്ടന്നുള്ള വിളികേട്ട് ബില്ലു തെറ്റിയോ എന്ന രീതിയില്‍ ചന്ദ്രന്‍ തിരിഞ്ഞു നോക്കി...
സാറൊന്നു വരൂ...അവരെയും വിളിച്ചോളൂ..
ഒരു സന്തോഷവാര്‍ത്തയുണ്ട്....
റഫീഖിന്റെ പ്രസന്നവദനം കണ്ട് അവര്‍ ആശ്ചര്യത്തോടെ മുന്നിലെത്തി...
ഓപ്പണ്‍ ചെയ്ത ആദ്യമാസത്തില്‍ പരസ്യം ചെയ്യാത്തൊരു സമ്മാനരീതി ഞങ്ങളുടെ ടെക്സ്റ്റയില്‍സിനുണ്ട്....
ഓരോ ദിവസവും പര്‍ച്ചെയിസ് ചെയ്യുന്ന ആദ്യത്തെ നൂറുപേരില്‍ നിന്നും എടുത്ത സാധനങ്ങളെല്ലാം ഒരാള്‍ക്ക് ഫ്രീ...
ഇന്നത് ലഭിച്ചിരിയ്ക്കുന്നത് സാറിനാണ്....
അതുകൊണ്ടാ ബില്ലിങ്ങു തരൂ.......
അയ്യോ...അതൊന്നും വേണ്ട....
നിങ്ങളത് മറ്റാര്‍ക്കെങ്കിലും കൊടുക്കൂ ....ചന്ദ്രനാകെ നിറം മങ്ങി...
മക്കളും ഭാര്യയും ആളുടെ സ്വഭാവമറിയുന്നതിനാല്‍ മൗനം പാലിച്ചു...
എന്നാല്‍ നിര്‍ബന്ധബുദ്ധിയോടെ ബില്ലുവാങ്ങി കാശ് തിരിച്ചുകൊടുത്ത റഫീഖ് ചന്ദ്രനൊരു മുണ്ടും ഷര്‍ട്ടും കൂടി സമ്മാനിച്ചു ....
അവരിറങ്ങി ഓട്ടോയില്‍ കയറിയ പാടേ കടയുടെ മുതലാളായായ റഫീഖിനൊപ്പം നാലഞ്ചുപേര്‍ കൂടി എന്താ സാറേ സംഭവമെന്നു ചോദിച്ചു...
ഇപ്പോഴിറങ്ങിപ്പോയത് കഠിനാദ്ധ്വാനിയും അഭിമാനിയും അതിലേറെ പ്രാരാബ്ധങ്ങളുമുള്ളൊരു മനുഷ്യനാണ്...
ഞാനവരെ ശരിയ്ക്കും പരിചയപ്പെട്ടിരുന്നു...
ചന്ദ്രനെന്നാണദ്ദേഹത്തിന്റെ പേര്..
കടയിലേയ്ക്ക് സ്വാഗതം ചെയ്യുന്ന സമയത്ത് തന്നെ എനിയ്ക്കൊരു കുറിപ്പു തന്നിരുന്നു...
അതിലെഴുതിയതിങ്ങനെ....
അല്ലയോ സുഹൃത്തേ...
കൂലിപ്പണിക്കാരനായ എന്റെ കയ്യില്‍ ആകെയുള്ളത് അയ്യായിരം രൂപയാണ് ...
അതിലെണ്ണൂറ് രൂപ വച്ച് മൂന്ന് ചുരിദാറും ആയിരത്തില്‍ താഴെ മകന്റെ ഡ്രസ്സും അഞ്ഞൂറില്‍ താഴെ ഭാര്യയുടെ സാരിയും ബാക്കിയുള്ളതില്‍ ചെരിപ്പും മറ്റു കാര്യങ്ങളുമൊക്കെയായി ഒതുക്കിത്തീര്‍ക്കേണ്ടതുണ്ട്....
നിങ്ങളുതന്നെ മറ്റെല്ലാ സെക് ക്ഷനിലേയ്ക്കും കൂടെ വന്ന് മേല്‍പ്പറഞ്ഞ കാശിനപ്പുറം വിലയുള്ള
വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട് കുട്ടികളില്‍ മോഹം കൊടുക്കാതെ കാര്യങ്ങള്‍ സുഗമമാക്കിത്തരണം.....
എഴുതിക്കൊണ്ടു വന്നത് കുട്ടികളുടെ മുന്നില്‍ വച്ചിതു പറയുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന സങ്കടമോര്‍ത്താണ് ....
അഭിമാനിയായ അദ്ദേഹം വെറുതെ കാടുത്താല്‍ വാങ്ങില്ലെന്ന് മനസിലായതുകൊണ്ടാണ് ഞാനിങ്ങനെയൊരു ഇല്ലാത്ത സമ്മാനക്കഥ തട്ടിവിട്ടത് .....
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ കടയിലെ തൊഴിലാളികള്‍ക്ക് രണ്ടു പൂര്‍ണ്ണ ചന്ദ്രന്‍മാരെ ഒരുമിച്ചു കണ്ട പ്രതീതിയായിരുന്നു.....
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login