ഒരു കോയ്‌ക്കോടന്‍ ഹലാക്ക് യാത്ര
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1350
ഒരു കോയ്‌ക്കോടന്‍ ഹലാക്ക് യാത്ര
ഇങ്ങളൊരു പുയ്യാപ്ലയാണോ.....ഹോ ഓരോരൊ പുയ്യാപ്ലമാര് ഓലെ ബീവിമാർക്ക് ചെയ്‌ത് കൊടുക്ക്‌ണ കാര്യം കേട്ടിട്ട് ന്റെ കണ്ണ് മഞ്ഞളിച്ചു....രണ്ടീസം മുമ്പാ ന്റെ ചെങ്ങായിച്ചി സൂറാന്റെ നിക്കാഹ് കയിഞ്ഞത്....ഇന്നലെ ഓളെ പുയ്യാപ്ല ഒളേം കൊണ്ട് ഊ ട്ടീക്ക് പോയേക്ക്‌ണ്...ഇബടെ ഒരാളുണ്ട് മഞ്ചേരിയങ്ങാടിന്റെ നടുക്ക് ചെന്നിട്ട് ഇതാണ് മോളെ ലോകം,ഈനപ്പുറത്തേക്ക് ഇഞ്ഞ് വേറൊരു ലോകല്ലാന്നും പറഞ്ഞ് ന്നെ പറ്റിച്ച് നടക്ക്‌ണ്.....നിക്കാഹ് കയിഞ്ഞിട്ട് ഇത്ര കാലായിട്ടും ഇങ്ങള് ന്നെ എങ്ങട്ടെങ്കിലും കൊണ്ടയിക്ക്‌ണ.....ന്റെ പടച്ചോനെ , എന്തോരം നല്ല ആലോചനകള് കൊട്‌ന്നതാ ആ ബ്രോക്കറ്....അവസാനം ഈ കോന്തനൊപ്പം കയിയാനാ ന്റെ വിധി....അതെങ്ങനാ....ആളെ വർത്താനം പറഞ്ഞ് വീഴ്‌ത്ത്‌ണ വല്ലോര് നാക്കും കൊണ്ട് നടക്കല്ലേ....ന്റെ കഷ്‌ടകാലത്തിന് ഞാനതില്‍ വീണും പോയി.....
ഞായാറാഴ്‌ച്ച നേരം വെളുത്തപ്പം തുടങ്ങീതാ ഓളെ ചീച്ചില്....
അയ്‌നിപ്പാ ന്താ ണ്ടായത്....
ന്താ ണ്ടായ്‌ത്‌ന്നോ....ഞാനെത്ര ദിവസായി ങ്ങളോട് പറയുന്നു ന്നെ കോയിക്കോട്ടങ്ങാടീക്കങ്കിലും ഒന്ന് കൊണ്ടോണന്ന്....
കോയിക്കോട്ടങ്ങാടീക്കോ....ന്തപ്പോ അവിടെ.....
ഇത് നല്ല കോള് ....ന്റെ കൊരങ്ങാ....അവടല്ലേ.....മീഞ്ചന്തേം,വട്ടകിണറും കടല്‍ തീരോം പിന്നെ മാനാഞ്ചിറ സൊറയും.....
മാനാഞ്ചിറ സൊറയോ...!!!!! അതെന്തോന്ന്....
ആന്ന്, മാനാഞ്ചിറ സൊറ...അങ്ങനെന്തോ ഓള് പറഞ്ഞത്....
പടച്ചോനെ ....മാനാഞ്ചിറ സ്‌ക്വയർ അയ്‌നാണ്.....
അതിരിക്കട്ടെ ....ആരാ അന്നോടിതൊക്കെ പറഞ്ഞേ......
സൂറ ഇന്നലെ ഊ ട്ടീന്ന് വിളിച്ചപ്പം പറഞ്ഞതാ....
സൂറാ ഒരു കൂറയാണ്....
മാണ്ടങ്ങള്.....ഓള് ണ്ട്‌യതോണ്ടാ ഇവടെ ചില ആള്‍ക്കാർ ഇത്രേം കാലം ന്നെ പറ്റിച്ച് നടക്കാണന്ന് മനസ്സിലായത്....
മനസ്സില് സൂറാനെ പ്രാകി ഞാന്‍ ആറാമത്തെ ദോശയെടുത്ത് പ്ലൈറ്റിലിട്ടു......
അതേയ് ഇതിന് ഒരു തീരുമാനം പറഞ്ഞിട്ട് മതി ഇനി തീറ്റ....
ഇതും പറഞ്ഞ് ദോശപാത്രം എടുത്തോണ്ട് അവള് പോയി......
പ്രശ്‌നം ഗൗരവമായതിനാല്‍ ഒരു തീരുമാനം പെട്ടൊന്നെടുത്തില്ലങ്കില്‍ ഇവളന്റെ ദോശ തീറ്റ നിർത്തും....
കൈയും കഴുകി അവളുടെ അടുത്ത് ചെന്നിരുന്നു....നമുക്കൊരു ദിവസം
പോകാം....
ഇന്ന് പോകണം....പിന്നേക്ക് വെച്ചാ പോകലുണ്ടാവില്ല....ങ്ങ്‌ളെ ന്‍ക്ക് നല്ലോണം അറിയാ.....
ശരി ....ഇന്ന് പോകാം....ഇന്ന് പന്ത്രണ്ട് മണിന്റെ ബസ്സില് പോകാം.....
ബസ്സിലോ....
അല്ലാതെ പിന്നെ നടന്ന് പോകാന്‍ പറ്റോ കോയ്‌ക്കോട്ടേക്ക്....
മ്മക്ക് കാറില് പോയാ മതി.....
കാറോ....!!!അയ്‌ന് നമ്മക്കവിടാ കാറ്....
ങ്ങളെ ചെങ്ങായിന്റെ കാറ് ചോദിക്ക്....ഓന്‍ തരൂലെ....
തരും....പക്ഷെ ആര് ഓടിക്കും.....ഇന്‍ക്ക് ഓടിക്കാന്‍ അറീലല്ലോ......
ന്റെ പടച്ചോനെ....ഇങ്ങക്ക് അപ്പോ അതും അറീലേ.....
എന്താടീ ഒരു "അതും'......അന്‍ക്കവിടെ എന്തിന്റെ കുറവാ വേറെയുള്ളത്.....
ഓ....ഇനീപ്പാ അയ്‌മ്മല് കെടന്ന് ഹലാക്കാക്കണ്ട.....ന്‍ക്കിവടെ ഒരു കുറവൂല്ല.....മ്മക്ക് മ്മടെ സുക്കൂറിന്റെ ഓട്ടോറിഷീല് പോകാം.....
സുക്കൂറ്....ന്റെ അനിയനാണ്....ഓളിപ്പോ പറഞ്ഞത് ബുദ്ധിയാണ്.....സുക്കൂറാവുമ്പോ പൈസയും കൊടുക്കണ്ട.....
കാര്യം കേട്ടപ്പോ സൂക്കൂറ് റെഡിയാണ് ....പക്ഷേങ്കില് ഒന്റെ ഓളേം കുട്ടിനേം കൂടി കൂട്ടണം....സംഭവം മണത്തറിഞ്ഞ പെങ്ങളും പിന്നെ ഓളെ കുട്ടീം കൂടെ കൂടി......
അപ്പൊതാ പുതിയ പ്രശ്‌നം , കഷ്‌ടിച്ച് നാല് പേർക്കിരിക്കാവുന്ന വണ്ടിയില്‍ എങ്ങിനെ ആറ് പേര് പോവൂന്ന്.....
ന്നാ പിന്നെ മ്മക്ക് ന്റെ ഇപ്പാന്റെ പെട്ടി ഓട്ടറിഷീല് പോയാലോ.....അയ്‌ലാവുമ്പോ അഞ്ച് പേർക്ക് സുഖായിട്ടിരിക്കാം .....പിന്നെ മിന്നു മോള് ചെറുതല്ലേ ഓളെ ഞാന്‍ മടിയില് വെക്കാം.....
പെട്ടി ഓട്ടോയോ.....മ്മള് മഞ്ചേരീക്ക് മീന്‍ വാങ്ങാന്‍ പോവല്ല....കോയ്‌ക്കോട്ടേക്കാണ്.....ഇവടന്ന് ഒരു ഒന്നൊന്നര മണിക്കൂറുണ്ട്.....അത് വരേക്കും മ്മളെ എല്ലാരേം വലിച്ചോണ്ട് ആ വണ്ടി പോവോ......
ന്റെ വീട്ടാരെ പറ്റി ഞാനെന്തു പറഞ്ഞാലും ങ്ങക്ക് ഒരു കളിയാക്കലാ.....ആ വണ്ടിക്കെന്താ ഒരു കൊയപ്പം.....അയ്‌ന് മൂന്ന് ചക്രല്ലേ....ഇരിക്കാന്‍ വല്യ സീറ്റില്ലേ.....
പിന്നെ ഞാനൊന്നും പറഞ്ഞില്ല.....
അങ്ങിനെ ഓള് പറഞ്ഞ വണ്ടീല് ഞങ്ങളെല്ലാരും കോയ്‌ക്കോട്ടേക്ക് പുറപ്പെട്ടു.......
വണ്ടി എടുത്തപ്പളേ സുക്കൂറ് പറഞ്ഞതാ ഓന് വല്യരു വിശ്വാസം പോരാന്ന്.....
പറഞ്ഞത് പോലെ തന്നെ രാമനാട്ടുക്കര ബൈപ്പാസിലെത്തിയപ്പോ വണ്ടിക്കൊരു ശ്വാസം വലിവ് ....പിന്നെ കരകരാന്നൊരു ശബ്‌്‌ദവും....വണ്ടി സൈഡാക്കി നിർത്തി ....ഇനി എന്ത് ചെയ്യുമെന്ന ഭാവത്തില്‍ അവനെന്നെ ഒന്ന് നോക്കി.......
ഇക്കാ...വണ്ടി ഇനി അനങ്ങൂല....ഒരു വർഷാപ്പ്‌ക്കാരന്‍ വരാതെ ഇത് ശരിയാവൂല്ല.....ഒരു കാര്യം ചെയ്യ്...നിങ്ങളിവിടെ ഇരിക്കി...ഞാന്‍ പോയിട്ട് ഒരു ആളെ കിട്ടോന്ന് നോക്കിയിട്ട് വരാം.....
ഞാന്‍ വണ്ടീലോട്ടൊന്ന് നോക്കി....അങ്ങേ സൈഡില് കൂനികൂടി ഇരിക്ക്‌ണ്ട് പെങ്ങള് ....ഞെരങ്ങി ഒതുങ്ങി സൂക്കൂറിന്റെ ഓള് ...ഓളെ കയ്യില് തൂങ്ങി നിക്ക്‌ണ്ട് ഓന്റെ കുട്ടി....മുണ്ടാട്ടം മുട്ടി ഇരിപ്പാണ് ന്റെ സ്വന്തം ബീവി.....
ഏകദേശം ഒരമണിക്കൂറ് ആ പൊരിവെയിലത്ത് വണ്ടീലിരുന്നു....സുക്കൂറ് കൊണ്ട് വന്ന ആള് വണ്ടി നന്നാക്കി......പതുക്കെ പോയാ മതീന്നൊരു ഉപദേശവും തന്ന്.....
അങ്ങിനെ വീണ്ടും യാത്ര തുടർന്നു.....ഒച്ചിഴയും പോലെ വണ്ടി ഇഴഞ്ഞു.....രാത്രി ഒരു ഒമ്പത് മണിയോടെ കോഴിക്കോട് ബീച്ചിലെത്തി.....ഇരുട്ടത്ത് കടലിന്റെ ഇരുമ്പക്കവും കേട്ട് ഞങ്ങളിരുന്നു....
എടിയേ.....
എന്താക്ക.....
കടലിന്റെ ഇരുട്ടിലേക്ക് വിരല്‍ ചൂണ്ടി ഞാന്‍ അവളോട് പറഞ്ഞു.....
ദാ ആ കാണുന്നതാണ് മീഞ്ചന്ത....അയ്‌നടുത്തായി വട്ടത്തില് കണുന്നതാണ് വട്ടകിണർ....പിന്നെ നമ്മളിപ്പോ ഇരിക്കുന്ന സ്ഥലമാണ് നീ പറഞ്ഞ മാനാഞ്ചിറ സൊറ......
ഒന്നും പറയാതെ അവളിരുന്നു.....പത്ത് മണിയോടെ ഞങ്ങള്‍ തിരിച്ച് വരാന്‍ വണ്ടിയില്‍ കയറി...ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി.....വണ്ടി പിന്നേം കേടായീന്ന്......
നമുക്ക് വേറെ വണ്ടി വിളിച്ച് പോയാലോ.....
അപ്പോ ഈ വണ്ടി എന്ത് ചെയ്യും സൂക്കൂറെ.....
ഒടുവില്‍ സുക്കൂറൊരു ജീപ്പ് ഒപ്പിച്ചു.....ജീപ്പിന് പിറകില്‍ ഞങ്ങളുടെ വണ്ടി കെട്ടി വലിച്ചു യാത്ര തുടർന്നു....
രാവിലെ പത്ത് മണിക്ക് കടല് കാണാനിറങ്ങിയ ഞങ്ങള്‍ തിരിച്ച് രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലെത്തി.....
കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോ ബീവി പറഞ്ഞു....
ഇക്കാ....
ഓ....
ങ്ങള്‍ക്ക് ഇന്നോട് ദേഷ്യണ്ടോ....
ഇല്ലന്നേ....
അതേയ് ഞാന്‍ ഇപ്പാക്ക് വിള്‍ച്ചീഌ....വണ്ടി നാളെ നന്നാക്കി കിട്ടുത്രെ...
അതിന്....
അതിനൊന്നുല്ലാ.....നാളെ മ്മക്ക് ഒന്നൂടെ കോയ്‌ക്കോട്ടേക്ക് പോയാലോ.......
എന്ത് പറയണം എന്നറിയാതെ നെഞ്ചത്ത് കൈ വെച്ച് ഞാനിരുന്നു........
എഴുത്തുകാരനെ കുറിച്ച്

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login