ദയാലക്ഷ്മി
- Stories
- Shalini Vijayan
- 23-Nov-2018
- 0
- 0
- 1287
ദയാലക്ഷ്മി
ഭാഗം 01
ചേച്ചി ..പടിമേൽ നിൽക്കാതെ മുകളിലോട്ട് കയറി നിന്നേ.....
കണ്ടക്ടർ അതു വിളിച്ചു പറയുമ്പോൾ ഞാനാകെ ചമ്മി പോയി...
ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലം ഇതിനകത്തുണ്ടല്ലോ കയറി നിന്നേ.,...
ഞാൻ തല തിരിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു...
പണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോ യാത്ര ചെയ്തിരുന്ന ഹരിശ്രീ ബസിലെ സ്ഥിരം കണ്ടക്ടർ ആയി ജോലി ചെയ്ത ചേട്ടനാണ് ഇന്നെന്നെ ചേച്ചീന്നു വിളിക്കുന്നത്...
സ്റ്റാന്റ് വിട്ട് തൊട്ടടുത്ത ആശുപത്രീ സ്റ്റോപ്പിൽ ബസ് നിന്നതും തിക്കി ഞെരുങ്ങിയ ബസിൽ നിന്നും ഞാൻ താഴേക്കിറങ്ങി നിന്നു ..
9 ദിവസത്തെ മുണ്ട്യകാവിലെ കളിയാട്ടം അവസാന ദിവസത്തോടടുക്കുമ്പോൾ ഉണ്ടാകാവുന്ന തിരക്ക്... അതെത്രത്തോളമെന്ന് പറഞ്ഞറിയിക്കാൻ വയ്യ...
ബസ് പുറപ്പെട്ടതും ഞാൻ വീണ്ടും പഴയപടി പടിമേൽ സ്ഥാനം പിടിച്ചു.
മോളേ നിന്നെയതാരോ പുറത്തു നിന്നു വിളിക്കുന്നു..... പിറകിലെ സീറ്റിലിരിക്കുന്ന ചേട്ടൻ തട്ടി വിളിച്ചു ...
പിടിവിടാതെ പിറകിലോട്ടു നോക്കിയതും ഞാനാകെ ഞെട്ടി പോയി...
'ഭദ്രേട്ടൻ'....
എന്റെ ചുണ്ടിൽ നിന്നും ഞാനറിയാതെ ആ പേരൊഴുകി വന്നു.
എന്നിൽ നിന്നുമുയർന്ന നെടുവീർപ്പുകൾക്ക് പ്രണയത്തിന്റെയോ നൊമ്പരത്തിന്റെയോ വേർപ്പാടിന്റെയോ ഗന്ധമെന്തെന്നറിയാതെ പകച്ചു പോയി ഞാൻ...
കൺമുന്നിൽ നിന്നും മറയും വരെ ഭദ്രേട്ടൻ എനിക്ക് നേരെ കൈക്കാട്ടി റ്റാറ്റ പറഞ്ഞു കൊണ്ടിരുന്നു ...
ബസിറങ്ങി നടക്കുമ്പോഴും എന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരിക്കയായിരുന്നു.
ഹലോ അമ്മേ ഞാൻ വന്നോണ്ടിരിക്കയാ ....
നിന്നെ അന്വേഷിച്ച് ശ്രീക്കുട്ടൻ ഇപ്പോ വിളിച്ചിരുന്നു.
ഞാൻ വിളിച്ചോളാമമ്മേ...
ഹലോ ശ്രീയേട്ടാ ...
എന്താടി ലച്ചൂട്ടിയേ...
തിരക്കായിരുന്നു ബസിൽ. മുണ്ട്യക്കാവിൽ ഉത്സവമല്ലേ ..
ഞാൻ പറഞ്ഞതല്ലേ നിന്നെ കൊണ്ടുവിടാമെന്ന്...
അതൊന്നും സാരമില്ല.
എന്തായാലും വീട്ടിലെത്തിയല്ലോ ...
രാത്രി വിളിക്കാം.
എങ്കിൽ ശരി ..
എന്റെ വിറയലോടു കൂടിയുള്ള സംസാരം ശ്രീയട്ടൻ തിരിച്ചറിഞ്ഞോ...
എന്റെ മുത്തപ്പാ .... കാത്തോളണേയെന്നെ...
വീട്ടിലെത്തി ഒന്ന് കുളിച്ച് റെഡിയായി വന്നപ്പോഴേക്കും അമ്മ ചായയെടുത്തു വച്ചിരുന്നു.
എന്താ നിന്റെ മുഖം ആകെ വാടിയതുപോലെ ...
ഒന്നൂലാമ്മേ... യാത്ര ചെയ്തതിന്റെ ആയിരിക്കും ..
തിരിഞ്ഞു നിന്നായിരുന്നു ഞാനത് പറഞ്ഞു തീർത്തത് ...
രാത്രി ഫോൺ നോക്കിയപ്പോൾ ശ്രീയേട്ടന്റെ 8 മിസ് കോൾ...
ഹലോ ശ്രീയേട്ടാ ...
ഞാൻ കരുതി നീയെന്നെ മറന്നുവെന്ന് ...
ശ്രീയേട്ടൻ അതു പറഞ്ഞപ്പോഴേക്കും ഫാനിനു ചുവട്ടിൽ നിന്ന ഞാനാകെ വിയർത്തു തുടങ്ങി ..
ശ്രീയേട്ടന്റെ പല വാക്കുകൾക്കും കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല...
മോളെ ചോറ് കഴിക്കുന്നില്ലേ....
ഞാൻ വന്നോളാം ..
ശ്രീയേട്ടനോട് വാട്ട്സ്ആപ്പിൽ കാണാന്നു പറഞ്ഞ് ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു..
നിന്റെ ഇഷ്ടക്കറിയാ...
തുവര ....
മനസ് യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്നതിനാൽ ആസ്വദിച്ച് കഴിക്കുവാനും സാധിച്ചില്ല.
മോളേ... കല്യാണമൊക്കെ അടുത്തു വരികയല്ലേ ...ഇനിയിപ്പോ നിന്റെ അച്ഛന്റെ ബന്ധുക്കളേയും എന്റെ ചില ബന്ധുക്കളേയും അറിയിക്കാതിരിക്കാൻ പറ്റുവോ?
അമ്മയ്ക്കു തോന്നുന്നുണ്ടോ - അവരൊക്കെ വരുമെന്ന് ...
ഇനി വന്നാൽ തന്നെ നൂറു കൂട്ടം കുറ്റം പറച്ചിലും ആയിരിക്കും...
അന്ന് പട്ടിണി കിടന്ന് കരയുമ്പോ തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ ഇപ്പോ കല്യാണസദ്യ ഉണ്ണാൻ വരുവോ?
ഈ കല്യാണം തന്നെ അവർക്കൊരു മാനക്കേടായി തോന്നും.
അച്ഛനെ ഡിവോഴ്സ് ആക്കിയതിന്റെ പേരിലല്ലേ കൊല്ലം പത്തു പന്ത്രണ്ടായിട്ടും അച്ഛന്റെ വീട്ടുക്കാരുമായി യാതൊരു ബന്ധവുമില്ലാതെ നമ്മളിങ്ങനെ അനാഥരായി തുടരുന്നത് ..
അമ്മയുടെ വീട്ടിലാണെങ്കിൽ ഭാവിയിൽ ഞങ്ങൾ അവർക്കൊരു ബാധ്യത ആയി തീരുമോയെന്ന പേടിയും ...
ആവശ്യ സമയത്ത് സഹായത്തിന് കിട്ടാത്തവരെ ഇനിയും കൂടെ കൂട്ടണോ?
ഈയൊരു കാരണം കിട്ടിയത് നന്നായി ...
ഞാൻ വേഗം കൈ കഴുകി ബാക്കി വന്ന ചോറ് പുറത്തേക്ക് കളഞ്ഞ് മുറിയിലേക്ക് നടന്നു ...
നിർബന്ധാന്നു വച്ചാൽ അമ്മ വിളിച്ചോളൂ ...
മനസ്സാകെ അസ്വസ്ഥമാണ് ..
ഭദ്രേട്ടൻ .... വീണ്ടും ആ മുഖംമനസിൽ തെളിഞ്ഞു,
കണ്ണിലേക്കുതിർന്നുവീണു കിടക്കുന്ന പഴയ മുടിയൊന്നും ഇപ്പോഴില്ല.
ആകെ മാറിയിരിക്കുന്നു..
നീണ്ട രണ്ടു വർഷത്തെ പരിചയം..
ഉള്ളിലുള്ള പ്രണയത്തെ തമ്മിലാരാദ്യം പറയുമെന്ന ഭയത്താൽ മൂടിവെച്ചു.
ഒടുവിൽ എന്റെ ഡിഗ്രി പഠനക്കാലത്ത് ജീവിതത്തിന്റെ മറ്റേയറ്റം കൂട്ടിപ്പിടിക്കാനുള്ള ശ്രമവുമായി ഭദ്രേട്ടൻ കടൽക്കടന്നു.
പോകുന്ന ദിവസം വീട്ടിൽ വന്നു യാത്ര പറയാൻ ..
പോയി വരാം എന്ന വാക്കിൽ യാത്ര പറച്ചിൽ ഒതുങ്ങി.
അകത്ത് കയറാതെ ഒരു ഗ്ലാസ് പച്ചവെള്ളം വാങ്ങിക്കുടിച്ച് പോയതായിരുന്നു ..
കാത്തിരിക്കണം എന്നൊരു മറുപടി കിട്ടാത്തതിലും അതിൽ കാര്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടും പതിയെ മറന്നു തുടങ്ങിയിരുന്നു ഞാനും .
എന്റെ ഇഷ്ടത്തെ ഞാനും കുഴിച്ചുമൂടി എന്നതായിരുന്നു സത്യം.
ഇതിനിടെ ഡിഗ്രി പഠനവും വേഗം അവസാനിച്ചു..
ഒരിക്കൽ ഭദ്രേട്ടന്റെ വീട്ടിനടുത്തെ സുമിയോട് ചെറുതായിട്ട് ഭദ്രേട്ടന്റെ കാര്യം സൂചിപ്പിച്ചു നോക്കി ഞാൻ .
ഭദ്രേട്ടൻ നാട്ടിൽ വരാതെ കൊല്ലം മൂന്ന് കഴിഞ്ഞു എന്നവൾ ...
സ്വന്തമായി നല്ലൊരു ഫോണില്ലാത്തതിന്റെ കുറ്റബോധം തോന്നി തുടങ്ങിയത് അന്നായിരുന്നു ... കാത്തിരിക്കുന്നതിൽ കാര്യമില്ലാലോ ...
കല്യാണവും കഴിച്ച് അവിടങ്ങനെ സുഖമായികൂടി കാണും ... അതാണല്ലോ നാട്ടിലെക്കൊന്നും വരാത്തെ ....
കൂടെ പഠിച്ച നിമ്മിയുടെ വകയിലെ ഒരു ചേട്ടനായിരുന്നു ശ്രീയേട്ടൻ. ഒരു മാസത്തിനുള്ളിൽ പെണ്ണുകാണലും നിശ്ചയവും നടന്നിരുന്നു.. മൂന്ന് മാസം കഴിഞ്ഞ് കല്യാണവും.
പലതും ചിന്തിച്ച് ശ്രീയേട്ടനെ വിളിക്കാൻ മറന്നു പോയിരുന്നു .
അടുത്ത ദിവസം രാവിലെ ആ പരിഭവം തീർക്കാൻ 9 മണി വരെ സംസാരിച്ചു നിന്നു.
ഉച്ചസമയം തൊഴുത്തിലെ കിങ്ങിണിപ്പശുവിനോട് കിന്നരിച്ചു നിൽക്കുമ്പോഴായിരുന്നു ഉണ്ണിമോളൂന്റെ വിളി...
ലച്ചു ചേച്ചിയെ കാണാൻ ഒന്നു രണ്ടു പേർ വഴി ചോദിച്ചു വന്നിരുന്നു ... അവരെത്തിയോ?
ആരാ അവര്?
ശ്രീയേട്ടൻ ഒരു വാക്കു പോലും രാവിലെ പറഞ്ഞില്ലല്ലോ '....
ഞാൻ വേഗം ശരം വിട്ടപ്പോലെ ഒരു ഓട്ടം വച്ചു പിടിച്ചു.
വന്നത് ചേച്ചീടെ ശ്രീേയേട്ടനല്ല എന്നവൾ ഉറക്കെ പറഞ്ഞെങ്കിലും അത് കേൾക്കാനുള്ള നേരമൊന്നും എനിക്കില്ലായിരുന്നു .
പിറകിലുടെ കയറി അടുക്കള വശത്തെ വാതിലിനടുത്തെ ജനൽ വഴി പുറത്തേക്കു നോക്കി...
മുത്തപ്പാ...... എന്നൊരു വിളി എന്നിൽ ഉയർന്നു വന്നു ...
ഭദ്രേട്ടനും അമ്മയും .....
തുടരും...
........................................................................................................................................
ഭാഗം 02
ഇരുവശത്തും നട്ട നമ്പ്യാർവട്ടത്തിനിടയിലൂടെ ചെമ്പകവും കഴിഞ്ഞ് ചവിട്ടുപടികൾ കയറി വരാന്തയിലെ പൊട്ടിവീഴാറായ ബഞ്ചിൽ രണ്ടു പേരും കയറിയിരുന്നു.
അകത്തെ മുറിയിൽ നിന്നും പഴകിയ ഒരു കസേരയുമായി ഒരു പുഞ്ചിരി മുഖത്ത് വിടർത്തി ഞാനവരുടെ മുന്നിലേക്ക് നടന്നു.
അമ്മേ ഇതാണ് ലച്ചൂ.....
ഒന്നമർത്തി മൂളി ആ അമ്മ എന്നരികിൽ വന്നു ...
ആ കണ്ണുകൾ കോപത്താൽ ആളി കത്തുകയായിരുന്നു....
ഓ.... നിനക്കു വേണ്ടിയാണോ എന്റെ മോൻ രണ്ടു മൂന്നു കൊല്ലം എന്നോട് യുദ്ധം ചെയ്ത് നാട്ടിലേക്കൊന്നും വരാതിരുന്നത്?
എങ്ങനെയാ നീയിവനെ മയക്കിയെടുത്തത്?
എന്റെ കണ്ണുകൾ നിയന്ത്രിക്കാനാകാതെ നിറഞ്ഞൊഴുകി. ശ്രീയേട്ടന്റെ മുഖം മാറി മാറി മനസിൽ പതിഞ്ഞു കൊണ്ടിരുന്നു.
ശിരസ്സു കുനിഞ്ഞങ്ങനെ നിന്നു ഞാൻ..
അമ്മേ പ്ലീസ് ..
അവളൊരു പാവം പെണ്ണാ.....
അപ്പോഴേക്കും ആ അമ്മയുടെ മുഖം പുഞ്ചിരിയാൽ വിടർന്നു.
ഞാനിവളെയൊന്ന് ശരിക്കും നോക്കി കാണട്ടെടാ...
അതു പറഞ്ഞ് ആ അമ്മ എന്നെ മുറുകെ ചേർത്ത്പ്പിടിച്ച് നെറ്റിയിൽ ഒരുമ്മ തന്നു. തെല്ലൊരാശ്വാസം തോന്നിയത് അപ്പോൾ മാത്രമായിരുന്നു.
നിന്നെയൊന്ന് പേടിപ്പിക്കാൻ നോക്കിയതല്ലേ ഞാൻ...
നീ എന്റെ വീടിന്റെ ഭാഗ്യം തന്നെയാ ..
ആ ഒരു നിമിഷത്തിൽ എന്നെ ചുറ്റിവരിഞ്ഞുണ്ടായ ആ അമ്മയുടെ കൈകൾ എന്നെ ഒന്നുകൂടി മുറുകി.
ഒരു ഞെട്ടലോടെ ഞാനാ അമ്മയുടെ കൈകളിൽ നിന്നും അകന്നു മാറി.
ഭദ്രേട്ടൻ ആകെ മാറിയതു പോലെ.
ഉരുളയ്ക്കുപ്പേരിപ്പോലെ ചില മറുപടികൾ മാത്രം.
ചില മാറ്റങ്ങൾ അനിവാര്യമാണല്ലോ ഞാൻ മനസ്സിലോർത്തു.
ജോലിയെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുമുള്ള പല വിഷയങ്ങളും ഞാൻ എടുത്തിട്ടു ... എന്റെ മനസ് ഇടയ്ക്കിടെ പാളിപോകാതിരിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ആ ചർച്ചകളൊക്കെയും .
ഇടയ്ക്കിടെ ഭദ്രേട്ടന്റെ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി നിന്നു..
ഒന്നുമറിയാത്ത ഭാവത്തിൽ ഞാനങ്ങനെ നിശ്ചലമായി നിന്നു.
ചായയൊന്നും ഇല്ലെടി പെണ്ണേ ...
അതു കേട്ടതും പരോൾ കിട്ടിയ റിമാന്റ് പ്രതി യെ പോലെ ഞാൻ അടുക്കളയിലേക്ക് ഇടം പിടിച്ചു...
കട്ടൻ ചായയും കുറച്ച് ബിസ്ക്കറ്റും പ്ലേറ്റിലാക്കി ഞാനവരുടെ മുന്നിൽ വച്ചു.
ചായ കഴിക്കുന്നതിനിടെ അമ്മ കാണാതെ, ഭദ്രേട്ടൻ ചായയും ഒരു ബിസ്ക്കറ്റിന്റെ കുറച്ച് ഭാഗം വായിലാക്കി ബാക്കി വന്ന ബിസ്ക്കറ്റും എന്റെ നേർക്കു നീട്ടി.
ഞാൻ തലയ്ക്കടിയേറ്റതു പോലെ വാതിലിനു പിറകിലേക്ക് മറഞ്ഞു.
അമ്മയെവിടെ പോയി?
ഭദ്രേട്ടന്റെ അമ്മയായിരുന്നു ചോദിച്ചത് ..
വലിയമ്മാവന്റെ വീട് വരെ പോയതാ.
എന്റെ കല്യാണക്കാര്യം അറിയിക്കാനാ പോയതെന്ന് പറയാൻ ഭയം തോന്നിപോയി ..
മോളെ കാണാനായിട്ട് തന്നെ വന്നതാ ഞാൻ.
ഇവൻ നിന്നെ വിവാഹം കഴിക്കാനാണ് ഇത്രേം കാലം വാശി കാണിച്ച് അവിടെ നിന്നത്...എന്റെ സമ്മതം കിട്ടാത്തതു കൊണ്ട് മാത്രം...
ഇപ്പോ അമ്മയ്ക്കു സന്തോഷായി ..
എന്റെ നെഞ്ചകം നീറി പൊള്ളുകയായിരുന്നു..
ഫോൺ ബെല്ലടിച്ചതും ഞാൻ അപ്പുറത്തെ മുറിയിലേക്ക് നടന്നു,..
ഈശ്വരാ..... ശ്രീയേട്ടൻ...
വേഗം സ്വിച്ച് ഓഫ് ചെയ്ത് ഞാൻ പുറത്തിറങ്ങി.
നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു കുളിച്ചു.
ചായ കുടിച്ചതിന്റെ ബാക്കി വന്ന ഗ്ലാസും പ്ലേറ്റും ഞാൻ എടുത്ത് അടുക്കളയിലേക് നടന്നു.
മോളവിടെ നിന്നേ...
ഞാൻ പിൻതിരിഞ്ഞു നോക്കി.
ഭദ്രേട്ടന്റെ മുഖത്ത് സന്തോഷത്തിന്റെ ഓളങ്ങൾ അലയടിക്കുന്നുണ്ട് .
ആ അമ്മ അടുത്തുവന്ന് എന്റെ നിറുകയിൽ കൈവച്ചു അനുഗ്രഹിച്ചു..
നീ എന്റെ മോന്റെ ഭാഗ്യമാ.... പേഴ്സിൽ നിന്നും ഒരു മോതിരമെടുത്ത് ആ അമ്മയുടെ കൈകൾ എന്റെ വലതുകൈയിലെ മോതിരവിരലിൽ ലക്ഷ്യമിട്ടു.
എന്റെ മോതിരവിരലിൽ ആ അമ്മയുടെ കൈകൾ തൊട്ടതും ശ്രീയേട്ടൻ അണിയിച്ച മോതിരം തടഞ്ഞു ..
എന്തു ചെയ്യണമെന്നറിയാതെ ഞാൻ തളർന്നു പോയി .
ആ അമ്മയുടെ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ ഒഴുകി.
എന്റെ മോനെ വിട്ട് നിനക്ക് മറ്റൊരാളോടൊപ്പം സന്തോഷിച്ച് കഴിയാൻ പറ്റുമോ?
അതും പറഞ്ഞ് ആ അമ്മയിറങ്ങി നടന്നു.
ലച്ചൂ.. ലച്ചൂ... എന്താ സംഭവിച്ചത്?
അടുക്കളയിലേക്കുള്ള വാതിൽ പതിയെ അടച്ചു ഞാൻ. നിയന്ത്രിക്കാൻ പറ്റാതെ കണ്ണുകൾ നിറഞ്ഞൊഴുകി.എത്ര നേരം അങ്ങനെയിരുന്നുവെന്നറിയില്ല.
ലച്ചുവേ... ആരാ ഇവിടെക്ക് വന്നത്? ഉണ്ണിമോള് പറഞ്ഞതാ....
അമ്മ വന്നെന്നു തോന്നിയതും മുഖം കഴുകി ഞാൻ പുറത്തിറങ്ങി..
അത് കൂടെ പഠിച്ച സീനയുടെ വീട്ടിൽ നിന്നാ.
കല്യാണം പറയാൻ വന്നതാ..
വലിയമ്മാവന്റെ വീട്ടിൽ പോയതും കല്യാണത്തെക്കുറിച്ച് അവരെതിർത്തു പറഞ്ഞതുമായ ഒരു പാടു കാര്യങ്ങൾ അമ്മ പറഞ്ഞു കൊണ്ടിരുന്നു.
എല്ലാം മൂളി കേൾക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ഞാൻ.
ഒന്നു രണ്ട് ദിവസത്തേക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു .ശ്രീയേട്ടനെ മറന്നു തുടങ്ങിയ ദിവസങ്ങളും...
അമ്മേ നമുക്ക് മുണ്ട്യക്കാവിൽ തൊഴുതിട്ട് വരാം.
നീ പോയി വാ ..
അമ്മയില്ലാതെയോ ?
നീ മനസുകൊണ്ട് ആഗ്രഹിച്ചതല്ലേ.,,
കല്യാണമൊക്കെ അടുത്തിങ്ങു വരുവയല്ലേ..
മോള് പോയി വാ..
അപ്പുറത്തെ ഉണ്ണിമോളൂനേം കൂട്ടിക്കോ..
നല്ല തിരക്കായിരിക്കും .
ശ്രദ്ധിച്ചു പോണേ ....
ഉണ്ണിമോളേം കൂട്ടി തൊഴുതിറങ്ങി. ഉത്സവ ചന്തകളൊക്കെ കയറിയിറങ്ങി. ഉച്ച ഭക്ഷണവും കഴിച്ച് ഞങ്ങൾ വീണ്ടും നടപ്പന്തലിനരികെ സ്ഥാനമുറപ്പിച്ചു.
വൈകുന്നേരമാകുമ്പോഴേക്കും തിരക്ക് കൂടും. നമുക്ക് വേഗം പോയാലോ...
തിരക്കിനിടയിലുടെ ഉണ്ണിമോള് എന്നേം വലിച്ചു മുന്നോട്ടു നടന്നു.
അൽപ്പദൂരം നടന്നു നീങ്ങിയതും ബലിഷ്ഠമായ ആരുടെയോ കൈകൾ എന്റെ ഇടതു കൈതണ്ടയിൽ പതിഞ്ഞു..
തുടരും......
...............................................................................................................................................
ഭാഗം 03
വലിയമ്മാവനായിരുന്നു അത്...
നിന്നോട് ഒന്നു രണ്ട് വാക്ക് പറയാനുണ്ട്.....
ഉണ്ണിമോളേം കൂട്ടി പതിയെ പടിയിറങ്ങി ഉത്സവചന്തയുടെ പിറകിൽ വലിയമ്മാവന്റെ സമീപം മനസ്സില്ലാ മനസ്സോടെ ചെന്നു നിന്നു ഞാൻ..
എന്തു ഭാവിച്ചാ തള്ളേം മോളും കൂടി കല്ല്യണം നടത്താൻ തീരുമാനിച്ചത്.?
നിശ്ചയം അമ്മയും മോളും ആരോടും പറയാതെ നടത്തിയതല്ലേ....
കല്യാണവും അങ്ങ് നടത്തിക്കൂടായിരുന്നോ....?
ഞങ്ങളൊക്കെ വന്നു കൂടാം .. കല്യാണം ആർഭാടമായി നടത്തുകയും ചെയ്യാം .
പക്ഷേ ഞങ്ങൾ ഇതിലും നല്ലൊരു ആലോചന കൊണ്ടു വരാം ..
ആ കല്യാണമേ നടക്കൂ....
അപ്പോൾ ശ്രീയേട്ടനോ?
തൂഫ് ...... ച്രീയേട്ടനോ?
എവിടുന്ന് വളച്ചെടുത്തതാ നീയവനെ?
അമ്മാവാ ഇതൊക്കെ വീട്ടിൽ വച്ചു സംസാരിക്കേണ്ട കാര്യങ്ങളല്ലേ...
നിനക്കും അമ്മയെപ്പോലെ ബുദ്ധിക്കുറവ് ഉണ്ടായോ?
അപ്പോഴേക്കും ഞങ്ങളുടെ പരിസരത്ത് കുറച്ച് പേർ വന്നു നിന്നു.
ചേച്ചി ഇങ്ങനെ കരയല്ലേ ..... എല്ലാവരും നോക്കുന്നുണ്ട്.
വലിയമ്മാവന്റെ പരിഹാസങ്ങൾക്ക് മറുപടി പറയാൻ നിൽക്കാതെ ഞാൻ കണ്ണു തുടച്ച് ഉണ്ണിമോളൂനേം കൂട്ടി വേഗത്തിൽ നടന്ന് ബസ് കയറി .
നിന്റെ മുഖമെന്തെ ഇങ്ങനെ?
ഒന്നൂലാമ്മെ..
വലിയമ്മാവനെ കണ്ടിരുന്നു.
ഈ കല്യാണം വേണ്ടാന്ന് വെയ്ക്കാൻ നിന്നോടും പറഞ്ഞോ?
അമ്മയോടും നേരത്തെ പറഞ്ഞിരുന്നോ?
ശ്രീയേട്ടന്റെ ആലോചന വേണ്ടാന്ന് വ യ്ക്കാൻ.... അതിലും നല്ലത് വലിയമ്മാവൻ കൊണ്ടുവരുമത്രേ.....
അതല്ലേ രണ്ട് ദിവസം മുൻപേ അവിടെ പോയപ്പോഴുള്ള വിശേഷം ഞാൻ പറഞ്ഞത് ...
ആകെ തളർന്നു പോയതുപോലെയൊരു തോന്നൽ ...
കരകയറാൻ ശ്രമിക്കും തോറും ബന്ധുക്കൾ ചേർന്ന് ചവിട്ടിയരക്കാൻ ശ്രമിക്കുന്നു.
രാത്രി ഉറങ്ങും മുന്നേ ശ്രീയേട്ടനെ വിളിച്ചു.
മോളേ ഒരാഴ്ച്ചത്തേക്ക് അൽപ്പം തിരക്കിലാ ഞാൻ .
16 വർഷത്തിന് ശേഷം SSLC ബാച്ചിന്റെ കൂട്ടായ്മ നടത്താൻ പോവ്വാ....
അതിന്റെ ഓട്ടത്തിലാ.
ഫ്രീയാകുമ്പോ വിളിക്കാട്ടോ...
ശ്രീയേട്ടാ.....
എന്താടീ പെണ്ണെ നിനക്കൊരു വിഷമം?
മുണ്ട്യകാവിൽ വെച്ച് വലിയമ്മാവനെ കണ്ടിരുന്നു ഞാൻ ..
നിന്റെ ജീവിതത്തിൽ എനിക്ക് പകരം മറ്റൊരാളെ കണ്ടു പിടിച്ചു തരാമെന്ന് പറഞ്ഞിരുന്നോ?
ശ്രീയേട്ടനെങ്ങനെ?.....
എന്നേം വിളിച്ചിരുന്നു വലിയമ്മാവൻ .
ആരെന്തു പറഞ്ഞാലും നിഴലായി നിന്നോടൊപ്പം ഞാനെന്നുമുണ്ടെടി പെണ്ണെ...
അന്നെനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. സുഖമായി കിടന്നുറങ്ങി.
പിറ്റേ ദിവസം രാവിലെ ഡിഗ്രീ ബാച്ചിലെ നിത്യയ്ക്ക് ഒരാൺകുട്ടി പിറന്നെന്ന് ഗ്രൂപ്പിൽ മെസേജ് കണ്ടു.
അമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഞാൻ വേഗമിറങ്ങി.
അനാമയ ഹോസ്പിറ്റലിൽ ചെന്ന് നിത്യയേയും കുഞ്ഞിനേം കണ്ട് ഞാൻ വാങ്ങിച്ച കുഞ്ഞുടുപ്പും കൊടുത്ത് കുറച്ച് സമയം കഴിഞ്ഞപ്പോൾ യാത്ര പറഞ്ഞിറങ്ങി .
പുറത്തിറങ്ങി ഓട്ടോ കാത്തു നിൽക്കുമ്പോ
ഴാണ് ശ്രീയേട്ടന്റെ വിളി .
ശ്രീയേട്ടനോട് സംസാരിച്ച് കഴിഞ്ഞതും മുന്നിൽ ഭദ്രേട്ടൻ വന്നു പെട്ടതും ഒരുമിച്ചായിരുന്നു.
അപ്രതീക്ഷിതമായ ഒരു കണ്ടുമുണ്ടലായിരുന്നു അത്.
ഞാനാകെ വിളറിപ്പോയി. ടവ്വലെഴുത്ത് നെറ്റിയിലെ വിയർപ്പു തുടച്ചു കൊണ്ട് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
ലച്ചൂ അവിടെ നിന്നേ....
ബുദ്ധിമുട്ടിക്കില്ല. വേഗം പോയ്ക്കോളാം ഞാൻ.
ടൗൺ വരെ ഞാനുമുണ്ട്.ഞാൻ കൊണ്ടു വിടാം .
വേണ്ട ഞാൻ ഓട്ടോയ്ക്കു പോയ്ക്കോളാം ...
നിന്റെ ഭദ്രനാ പറയുന്നത് ....വേഗം..
വേണ്ട.. ഓട്ടോ വരുന്നുണ്ട്.
കയറെടി മരപോത്തെ........
വളരെ ഉറക്കെയായിരുന്നു ആ സംസാരം.
ഞാൻ വേഗം ഒരു വശത്ത് കാലുകൾ വച്ച് ഭദ്രേട്ടന്റെ പിറകിൽ അൽപ്പം അകലം പാലിച്ച് കയറിയിരുന്നു.
അൽപ്പം മുന്നോട്ട് നീങ്ങിയതും ഭദ്രേട്ടൻ എന്റെ വലതുകൈയെടുത്ത് ഭദ്രേട്ടൻ അരയിൽ ചേർത്തു വച്ചു.ഒരു ഞെട്ടലോടെ ഞാൻ കൈ പിറകിലോട്ട് വലിച്ചു .
തുടരും ....
..............................................................................................................................................
ഭാഗം 04
ഒരിക്കൽ കൂടി ഭദ്രേട്ടൻ എന്റെ കൈയിൽ സ്പർശിച്ചതും ഞാൻ ഭദ്രൻ .... എന്നലറിയതും ഒരുമിച്ചായിരുന്നു.
ബൈക്കിൽ നിന്നും ഞാൻ റോഡിലേക്ക് പതിക്കുന്നതും നിരങ്ങി നിരങ്ങി പോകുന്നതുമായ കാഴ്ച്ച അവ്യക്തമായി കണ്ടറിഞ്ഞു... തല ഒന്നുയർത്തിയതും ചുറ്റുപാടും ആൾക്കാർ ഓടിയെത്തുന്നതും പാതി ബോധത്തിൽ ഞാനറിഞ്ഞു.
ബോധം തിരിച്ചു കിട്ടുമ്പോൾ ഏതോ ആശുപത്രിയിൽ ആയിരുന്നു. നെറ്റിയിലും മുറിവുണ്ട്. ഇടതു കൈയ്ക്കു പ്ലാസ്റ്ററും ....
കാൽപ്പാദത്തിനു വലിയൊരു കെട്ടും .... ... ഒന്നുനങ്ങാൻ പോലും വയ്യ.... ഒപ്പം നല്ല വേദനയും ..
ഈശ്വരാ .... എന്റെ അമ്മ ഇതെങ്ങനെ സഹിക്കും?
വേദനയോടെ ഞാൻ കണ്ണുകൾ തുറന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു..
സമീപത്തിരുന്ന ഭദ്രേട്ടൻ എന്നെനോക്കി പുഞ്ചിരിച്ചു..
ദേഷ്യത്തോടെ ഞാൻ ഒരു വശത്തേക്ക് മുഖം തിരിച്ചു.
ആരോടാണ് ഈ വാശി കാണിക്കുന്നത്.?
ഞാൻ തോറ്റു കാണാനാണോ?
കുറെ കൊല്ലായിട്ട് എന്റെ മനസ്സിൽ പതിഞ്ഞ ഒരേയൊരു മുഖം നിന്റേതു മാത്രമായിരുന്നു.
നിന്നോടൊപ്പമുള്ള നല്ലൊരു ജീവിതത്തിനു വേണ്ടിയായിരുന്നു ഞാൻ ജോലി തേടി പോയത്.
അലസമായി പാറിപ്പറന്ന നിന്റെ മുടിയിഴകൾ ...
പൊട്ടുകുത്താത്ത നിന്റെ നെറ്റിത്തടം....
കവിളിലെ മറുക്... കരിമഷിയെഴുത്താത്ത നിന്റെ മിഴികൾ എന്നെ കാണുമ്പോഴുള്ള നിന്റെ പുഞ്ചിരി....
ഓരോ തവണ നിന്നെ കാണുമ്പോഴും ഞാനേ തോ അത്ഭുതലോകത്തായിരുന്നു.
നിന്നെ എനിക്ക് മറക്കാൻ കഴിയില്ല.
നീ ഭദ്രന്റെ പെണ്ണാ....
നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അത് ഭദ്രന്റെ കൈ കൊണ്ടു മാത്രമായിരിക്കും...
' മതീ '..... വളരെ ഉച്ചത്തിലായിരുന്നു ഞാനത് പറഞ്ഞത്.
എനിക്കിതൊന്നും കേൾക്കണ്ട...
ഞാനും സ്നേഹിച്ചിരുന്നു ഇതിനേക്കാളേറെത്തന്നെ...
പക്ഷേ ഒരിക്കൽ പോലും അതു തുറന്നു പറയാൻ നിങ്ങൾ ശ്രമിച്ചില്ല..
നിങ്ങൾ കണ്ണുകളിൽ മാത്രം പ്രണയം ഒളിപ്പിച്ചു വച്ചത് എന്റെ തെറ്റാണോ?
പോകുമ്പോഴെങ്കിലും കാത്തിരിക്കണം എന്നൊരു വാക്കെങ്കിലും നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു...
3 കൊല്ലായിട്ട് നാട്ടിലേക്ക് വരാനോ എന്നെക്കുറിച്ചന്വേഷിക്കാനോ നിന്നില്ല നിങ്ങൾ...
അതെന്റെ തെറ്റ്....സമ്മതിക്കാം...
അത് ഞാൻ തിരുത്തുകയാണല്ലേ ഇപ്പോൾ....
നീയെന്റെയൊപ്പം വേണം.
നീയില്ലാതെ പറ്റില്ല.
" എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് ശ്രീയേട്ടനൊപ്പം മാത്രം."
എന്നെക്കാളും വലുതാണോ നിനക്ക് നിന്റെ ശ്രീയേട്ടൻ....
അതെ ....
കഴുകി കളഞ്ഞ പാപഭാരത്തെ വീണ്ടും ചുമക്കാൻ വയ്യെനിക്ക്.
ഈ ഭദ്രൻ നിനക്കൊരു പാപഭാരമോ?
നിന്നെ ഞാൻ എന്റെ കൂടെ കൊണ്ടു പോകാം... അവിടെ നിനക്ക് നല്ലൊരു ജോലിയും.. നീ ആഗ്രഹിച്ചതിലും നന്നായിട്ടു തന്നെ നിന്നെ നോക്കും ഞാൻ .
എന്റെ മുന്നിൽ നിന്നും ഒന്നു പോയി തരുവോ??....
ഈ ഭദ്രൻ മരിക്കണോ?
നിന്റെയൊരു വാക്കുമതി ... നിനക്കു വേണ്ടി ഞാനതും ചെയ്യും....
എന്തൊരു ക്രൂരതയാണ് ഈശ്വരൻ കാട്ടുന്നത്?
ഞാൻ കണ്ണടച്ചങ്ങനെ കിടന്നു ...
ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ അമ്മയടുത്തുണ്ടായിരുന്നു.
എനിക്കൊന്നും സംസാരിക്കാനേ കഴിഞ്ഞില്ല...
കുറച്ച് ചൂടു കഞ്ഞി അമ്മയുടെ കൈ കൊണ്ട് കഴിച്ചപ്പോൾ കഴിക്കുന്ന മരുന്നിനേക്കാൾ വേഗത്തിലുള്ള ആശ്വാസം കിട്ടിയതുപോലൊരു തോന്നൽ.
'' മോൾക്ക് നല്ലതെന്ന് തോന്നുന്ന വഴിയിലൂടെ മോള് സഞ്ചരിച്ചോളൂ.
എന്റെ മോളൊരിക്കലും തെറ്റായ വഴിയിലൂടെ നീങ്ങില്ല."
അമ്മയതു പറഞ്ഞപ്പോൾ നെഞ്ചിലെ ഭാരം ഇത്തിരി കുറഞ്ഞതായിട്ടൊരു തോന്നൽ. ..
ശ്രീയേട്ടന്റെ കോൾ വന്നപ്പോൾ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി. അതു വരെ ഉള്ളിലൊതുക്കിയ വേദനകളെല്ലാം അണപൊട്ടിയൊഴുകി.
കരഞ്ഞു തീർത്തതല്ലാതെ ഒന്നും തന്നെ സംസാരിക്കാൻ കഴിഞ്ഞില്ല.
ഞാനെന്ന രോഗിയെ ബന്ധുക്കൾ ആരും ആശുപത്രിയിൽ കാണാൻ വരാത്തതിന്റെ വേദന മാത്രമായിരുന്നു അമ്മയുടെ മുഖത്ത്.
ശ്രീയേട്ടന്റെ വീട്ടിൽ നിന്നും ഉണ്ണിമോളുടെ വീട്ടിൽ നിന്നും മാത്രം എല്ലാവരും കാണാൻ കാണാൻ വന്നിരുന്നു.
അപകടം പറ്റിയ തെങ്ങനെയെന്നും തുടർന്നുണ്ടായ കാര്യങ്ങളും അമ്മ തന്നെയായിരുന്നു എല്ലാവർക്കും വിശദീകരിച്ചു കൊടുത്തത്.
എല്ലാം കേട്ടു നിന്നതല്ലാതെ ഞാനൊന്നും പറഞ്ഞില്ല.
ഇതൊക്കെ ഇത്ര വ്യക്തമായി അമ്മയെങ്ങനെ അറിഞ്ഞു എന്നൊരു ചോദ്യം എന്റെ ഉള്ളിലുമുണർന്നു.
ഇടയ്ക്കിടെയുള്ള ശ്രീയേട്ടന്റെ വിളി മാത്രമായിരുന്നു ഏക ആശ്വാസം ...
മൂന്നാം ദിവസമായിരുന്നു ശ്രീയട്ടൻ ആശുപത്രിയിലെത്തിയത്,
രണ്ട് ദിസം കൂടി കഴിഞ്ഞ് ഡിസ്ചാർജ് ആവാം അല്ലേ....
നേഴ്‌സ് അത് പറഞ്ഞപ്പോൾ ഞാൻ ശ്രീയേട്ടനെയും അമ്മയേയും മാറി മാറി നോക്കി ....
പല വിശേഷങ്ങളും പറയുന്നതിനിടെയായിരുന്നു SSLC ബാച്ചിന്റെ കൂട്ടായ്മയെക്കുറിച്ച് ശ്രീയേട്ടൻ പറഞ്ഞതും ..
ലച്ചു ഇതു കണ്ടോ?
ഈ തവണത്തെ കൂടിച്ചേരലിന് ഒരു പ്രത്യേക തയുണ്ട് ...
നമ്മുടെ ഗ്രൂപ്പുമായി ഇതുവരെ ഒരു ബന്ധവും പുലർത്താത്ത ഒരു തെമ്മാടിയെ ഇത്തവണ കണ്ടുകിട്ടി..
'' മനസിൽ നിറയെ സ്നേഹം മാത്രമുള്ള ഒരു തെമ്മാടി....."
ദേ.... നോക്കിയേ.... ഒരിക്കൽ ഇവനെന്റെ വലം കൈയായിരുന്നു..
ഒരിക്കലേ ഞാനാ ഫോട്ടോ നോക്കിയുള്ളൂ....
ശ്രീയേട്ടന്റെ തോളിൽ കൈ ചേർത്ത് വച്ച് ഭദ്രേട്ടൻ......
തുടരും....
....................................................................................................................................................................................
ഭാഗം 05
ഇവനാണ് കക്ഷി... നോക്കിക്കേ....
കുറെ കാലായിട്ട് മുങ്ങി നടപ്പായിരുന്നു.
ഒരാഴ്ച്ച മുന്നേ കൈയോടെ പിടികൂടി ഞാൻ .
ആളൊരു മിടുക്കനാ...
ഇവൻ രണ്ട് മൂന്ന് കൊല്ലം ഒരു പെണ്ണിനെ പ്രേമിച്ചതാ ...
ഇപ്പോ അവൾക്ക് സമ്മതമല്ലാതാനും ...
നിനക്കറിയാവുന്ന കുട്ടിയായിരിക്കും ...
ദേ ..... ഇവളാ.....
എന്റെ ഉള്ളൊന്ന് കാളി. നെഞ്ചിടിപ്പ് കൂടി..സകല ദൈവങ്ങളേം ഒരൊറ്റ നിമിഷത്തിൽ വിളിച്ചു പോയ് ഞാൻ ..
ഇതാണ് എന്റെ ഭദ്രന്റെ .......
ശ്രീയേട്ടൻ ഫോട്ടോ കാണിച്ചതും നെഞ്ചിടിപ്പോടെ ഞാൻ കണ്ണടച്ചു.
നടപ്പാകാവുന്ന വിധി ഏതായാലും സ്വീകരിച്ചല്ലേ മതിയാകൂ....
ടീ മരപ്പോത്തേ നോക്കെടി....
വീണരാജനല്ലേ അത്....
എന്റെ കൂടെ പഠിച്ചവൾ...
അപ്പോ അവൻ പറഞ്ഞത് സത്യാല്ലേ.....
എന്ത്?
അന്ന് SSLC ബാച്ചിന്റെ കൂട്ടായ്മ കഴിഞ്ഞ രാത്രിയിൽ എന്റെ പെണ്ണാണെന്ന് പറഞ്ഞ് നിന്റെ ഫോട്ടോ ഞാൻ ഭദ്രന് കാണിച്ചപ്പോൾ വീണാരാജനും നീയും ഒരുമിച്ച് പഠിച്ചതെന്ന് അവനാ പറഞ്ഞത്.
" രണ്ട് കൊല്ലം മുൻപേ കാമുകനൊപ്പം ചാടിപ്പോയതായിരുന്നു വീണാ രാജൻ.
പിന്നീടവൻ ഉപേക്ഷിച്ചെന്നും ഭ്രാന്തിയെപ്പോലെ എവിടൊക്കെയോ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണെന്നും നാട്ടിലൊക്കെ പരന്നു നടന്ന കഥയായിരുന്നു.
പിന്നീടാണ് വീണ രാജന്റെ ജഡം യെന്നു പറഞ്ഞ് ഒരു അനാഥ ശരീരം കിട്ടിയതും വീട്ടുക്കാർ സംസ്ക്കരിച്ചതും.
ഒക്കെ എന്റെ ഓർമ്മയിലങ്ങനെ തെളിഞ്ഞു വന്നു.
ഈശ്വരാ.....
ഭദ്രേട്ടൻ എനിക്കു പകരം വീണാ രാജന്റെ പേരു പറഞ്ഞത് എന്തിനായിരിക്കും?
ശ്രീയേട്ടാ... വീണാ രാജൻ ഈ
ഞാനായിരുന്നെങ്കിലോ ..?
അപ്രതീക്ഷിതമായിട്ടാണ് ഞാനാ ചോദ്യം ചോദിച്ചത്.
പറ...
വേഗം പറ ..
അതു വേണോ?
എനിക്ക് കേൾക്കണം.
ഞാനും ഭദ്രനും ഇന്നു വരെ പരസ്പരം ഒന്നിനു വേണ്ടി പോലും മത്സരിച്ചിട്ടില്ല.
ഇനി അങ്ങനെ ഉണ്ടാവുകയുമില്ല.
വിട്ടുകൊടുക്കും.... അത് നീയാണെങ്കിൽ പോലും ...
അതാണെനിക്കിഷ്ടം..
ശ്രീയേട്ടൻ അത് പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു ...
വീണ്ടും മൂന്ന് നാല് ദിവസത്തെ ആശുപത്രീവാസം കഴിഞ്ഞ് വീട്ടിലെത്തി.
അമ്മയ്ക്കായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. എന്റെ എല്ലാ കാര്യങ്ങളും നോക്കാൻ അമ്മ തന്നെ അടുത്തു വേണം.
ഇതിനിടയിൽ ഭദ്രേട്ടന്റെ ഓർമ്മകളും പതിയെ ഇല്ലാതായി തീർന്നിരുന്നു എന്നിൽ നിന്നും.
പഴയതുപോലെ ഞാൻ ശ്രീയേട്ടനൊപ്പം ഇണങ്ങിയും പിണങ്ങിയും അങ്ങനെ നിന്നു.
ലച്ചുവേച്ചി.....കല്യാണത്തിന് ഏതാണ്ട് ഒരു മാസമേ ബാക്കിയുള്ളൂ...
ഉണ്ണിമോളത് പറഞ്ഞപ്പോൾ ഒരു നാണത്തോടെ തല താഴ്ത്തി ..
വെറുതെയിരിക്കണ്ടല്ലോ നീയിതൊക്കെ വായിച്ചോന്നും പറഞ്ഞ് ഉണ്ണിമോൾടെ അമ്മ കുറെ ബുക്കുകൾ കൊണ്ടുവന്നു.
പകൽ മുഴുവനും അവയോടൊപ്പം ജീവിക്കലായിരുന്നു പ്രധാന ജോലി.
പതിയെ ഞാൻ തനിച്ച് നടന്നു ശീലിച്ചു തുടങ്ങി.. താങ്ങായി ഉണ്ണിമോളും കൂടെ ഉണ്ടാകും എപ്പോഴും.
ഒരു ദിവസം രാവിലെ ഞാൻ ഇലഞ്ഞിപ്പൂക്കൾ ചേർത്ത് മാല കോർക്കുകയായിരുന്നു......
ലച്ചുവേച്ചി..... അന്നത്തെ ആൾക്കാർ വീണ്ടും വന്നിട്ടുണ്ട്.
ഓടി കിതച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞ് തീർത്തത്.
ആര്?
അന്നു വന്നില്ലേ....
അതറിഞ്ഞതും ഞാൻ വേഗം മുറിയിൽ കയറിയിരുന്നു.
അമ്മയോട് സംസാരിച്ച ശേഷം അവർ എന്റെ മുറിയിലേക്ക് കടന്നു വന്നു
അകത്തു കടന്നയുടൻ ഭദ്രേട്ടനും അമ്മയും എന്റെ സമീപത്ത് വന്നിരുന്നു..
'' ഇവന്റെ ഭാഗത്താ തെറ്റെന്ന് നന്നായിട്ടറിയാം അമ്മയ്ക്ക്."
പക്ഷെ.....
ഇവൻ നിന്നെ അത്രയേറെ ഇഷ്ടപ്പെട്ടിട്ടുണ്ട്..
എന്റെ ശ്രീയുടെ പെണ്ണാണ് നീയെന്ന് ഞാനറിഞ്ഞില്ല..
ഭദ്രേട്ടൻ അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
എന്റെ ബൈക്കിൽനിന്ന് വീണപ്പോഴും പിന്നീടുണ്ടായ അബോധാവസ്ഥയിലും നീ വിളിച്ചത് ശ്രീമാധവിനെ മാത്രം...
എന്റെ ശ്രീയെ...
നിന്റെ മനസിന്റെ ഒരു കോണിൽപ്പോലും എനിക്ക് സ്ഥാനമില്ലെന്ന് അന്നാണ് മനസ്സിലായത്.
എനിക്ക് നിന്നോടുള്ള ഇഷ്ടം .....അത് മനസിൽത്തന്നെ കിടക്കട്ടെ ..
ശ്രീ എന്നല്ല മറ്റാരും തന്നെ അറിയണ്ട.
എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണുണ്ടെങ്കിൽ പോലും അതിൽ ആദ്യ സ്ഥാനം നിനക്കായിരിക്കും.
ഭദ്രേട്ടാ....
വേണ്ട ....
ഭദ്രൻ .... അതു മതി ....
എവിടെയായിരുന്നാലും നീ സന്തോഷത്തോടെ ജീവിച്ചു കണ്ടാൽ മതിയെനിക്ക് ...
വാതിലിനപ്പുറം എന്നെക്കാളേറെ വേദനയോടെ എന്റെ അമ്മയും എല്ലാം കേട്ടു നിൽപ്പുണ്ടായിരുന്നു.
ഭദ്രേട്ടാ....
അപ്പോൾ വീണാ രാജനോ ?
അവളോ .... ഒരു പുഞ്ചിരിയോടെ ശ്രീയേട്ടൻ എന്നെ നോക്കി...
'' എല്ലാ വേദനകളും നിന്റെയീ ഇന്നത്തെ കണ്ണുനീരിൽ അലിഞ്ഞില്ലാതാകണം..
അതിനപ്പുറത്തെ രാവിൽ ഭദ്രനോ ഭദ്രന്റെ ഓർമ്മകളോ ഉണ്ടാവരുത്."
ഭദ്രേട്ടന്റെ അമ്മ അതു പറയുമ്പോൾ ഞാനവരുടെ മുന്നിൽ കൈകൂപ്പി തൊഴുതു നിന്നു.
അന്ന് രാത്രി ശ്രീയേട്ടനോട് സംസാരിക്കുമ്പോ ശ്രീയേട്ടനാണ് പറഞ്ഞത് ..
ഭദ്രൻ ഇവിടത്തെ വീടും സ്ഥലവും ഒക്കെ വിറ്റിട്ട് അമ്മയേയും കൂട്ടിട്ട് പോയെന്ന്.
വീണാരാജനും അവന്റൊപ്പം കാണും..
ഒന്നുറക്കെ ചിരിച്ചതല്ലാതെ മറുത്തൊന്നും ഞാൻ പറഞ്ഞില്ല.
* * ** ** * *
കുറച്ച് ദിവസങ്ങൾക്കു ശേഷമുള്ള ശുഭമുഹൂർത്തിൽ എന്റെ കഴുത്തിൽ ശ്രീയേട്ടൻ താലിചാർത്തി ....
അപൂർവ്വം ചില ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.
ബാക്കി വരുന്ന അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളൊക്കെ കല്യാണത്തിന് കൂടാതെ അകന്നു നിന്നു....
*** ** ** ***
നാളെ ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികമാണ് .. ഇന്നേ വരെ ഭദ്രേട്ടൻ ഞങ്ങളുടെ ഇടയിലേക്ക് കടന്ന് വന്നിട്ടില്ല..ശ്രീയേട്ടനും ഞാനും കൂടാതെ ശ്രീദേവ് മാധവും ചൈത്രാദയാ മാധവും.....സുഖ സന്തോഷത്തോടെ ജീവിക്കുന്നു ....... ഞങ്ങളുടെ ഇനിയുള്ള ജീവിതത്തിന് നിങ്ങളുടെയും പ്രാർത്ഥനകൾ ഉണ്ടാവണേ ......
അവസാനിച്ചു.
[നിങ്ങളുടെ പ്രോത്സാഹനത്തിനും വായനയ്ക്കും നന്ദി അറിയിച്ചു കൊണ്ട് ദയാലക്ഷ്മിയെക്കുറിച്ചുള്ള നിങ്ങളുടെ വ്യക്തമായ അഭിപ്രായങ്ങൾക്കു വേണ്ടി പ്രിയ വായനക്കാർക്കൊപ്പം ശ്രീയേട്ടനും ലച്ചുവും ഭദ്രനും........]
-Shalini Vijayan
എഴുത്തുകാരനെ കുറിച്ച്

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login