ബിരിയാണി
- Stories
- Jayaraj Parappanangadi
- 18-Oct-2018
- 0
- 0
- 1250
ബിരിയാണി
ഓവര്‍കോട്ടും ഹെല്‍മറ്റുമിട്ടൊരു നീളം കൂടിയ മനുഷ്യന്‍ പെട്ടന്ന് കണ്ടതുപോലെ എന്റെ മുന്നില്‍ വണ്ടി നിര്‍ത്തി...
ആരെന്നറിയാനുള്ള എന്റെ ആകാംക്ഷയ്ക്കു മുന്നില്‍ പുഞ്ചിരിയോടെ അവന്‍ മുഖം തെളിയിച്ചു ...
എനിയ്ക്കു കയറാനുള്ളൊരു വണ്ടി പിന്നില്‍ വരാനുണ്ടായിട്ടും ഞാന്‍ ബഷീറിന്റെ ക്ഷണം സ്വീകരിച്ചു...
ഇതെന്തുപറ്റി ബഷീ...
വീട്ടില് മൂന്ന് കാറുണ്ടായിട്ടും ഇത്രദൂരം ബെെക്കില്‍ ?
എന്റെ അല്‍ഭുതത്തോടെയുള്ള ചോദ്യത്തിന് ബഷി നിര്‍മ്മലമായി മറുപടി പറഞ്ഞു...
ഞാനിപ്പോള്‍ ചെയ്യുന്ന ജോലിയുടെ
വരവ് ചിലവിനെ മാനിയ്ക്കുമ്പോള്‍ അനുയോജ്യവും അഭികാമ്യവും എനിയ്ക്ക് ബെെക്ക് തന്നെയാണ്...
ഇനി പൊതുജനോപകാരപ്രദമായി പറയുകയാണെങ്കില്‍ വാഹനങ്ങള്‍ പെറ്റുപെരുകി സങ്കീര്‍ണ്ണത സൃഷ്ടിയ്ക്കുന്ന നമ്മുടെ റോഡില്‍ ഒരാള്‍ക്ക് വേണ്ടി ആറുപേര്‍ക്കിരിയ്ക്കാവുന്ന വണ്ടിയുമായി യാത്രചെയ്യുന്നത് നീതികേടല്ലേ...
പണ്ടുമുതലേ അവനങ്ങിനെയാണ്..
കാണുമ്പോഴൊക്കെ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും സ്നേഹം കൊണ്ടും എന്നെ തോല്‍പ്പിച്ചു കൊണ്ടേയിരിയ്ക്കും....
ശരി...എല്ലാം സമ്മതിച്ചു ..ഇപ്പോഴെവിടുന്നു വരണൂൂ ?
ടൗണില്‍ എനിയ്ക്കൊരു ബിരിയാണിക്കടയുണ്ട് ..
വയ്ക്കുന്നതും വില്‍ക്കുന്നതും ഞാന്‍ തന്നെ...
ഞെട്ടിത്തരിച്ചുപോയ ഞാന്‍ ബഷീറിനോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു...
നാട്ടിലെ ഏറ്റവും വലിയ കോടീശ്വരന്റെ മകന്‍..
അവരുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ വെറുതെയൊന്നു കറങ്ങിപ്പോന്നാല്‍ തന്നെ മാസത്തില്‍ ലക്ഷങ്ങള്‍ കിട്ടുമെന്നിരിയ്ക്കെ ഒരു ബിരിയാണിക്കടയുമായി ഒതുങ്ങിക്കൂടുക!!
അവന്റെ ഭാഷയില്‍ എനിയ്ക്കെന്തൊക്കെയോ വിയോജനമനുഭവപ്പെട്ടു...
വണ്ടി നിര്‍ത്താതെ ബഷീര്‍ സൗമ്യതയോടെ പറഞ്ഞു...
നിങ്ങളുടെ ചിന്താവഴി എങ്ങോട്ടാണെന്ന് എനിയ്ക്ക് വ്യക്തമായറിയാം...
ബാപ്പയുടെ സാമ്പത്തികഭദ്രത റിയലെസ്റ്റേറ്റും മറ്റു
ബുദ്ധിപരമായ സൂത്രങ്ങളില്‍ നിന്നും വ്യാപിച്ചെടുത്തതാണ്...
അതിലൊന്നും ഇന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ വച്ച് നോക്കുമ്പോള്‍ യാതൊരു തെറ്റുമില്ലെങ്കിലും എന്റെ വിശ്വാസത്തിന്റെ രീതി അല്‍പ്പം കൂടി സംശുദ്ധിയുള്ളതാകയാല്‍ എനിയ്ക്കെന്തോ ഒരകല്‍ച്ചയാണ് ...
അത് മാറ്റിയെടുക്കാന്‍ കുടുംബത്തില്‍ നിന്നും തീവ്രശ്രമമുണ്ടായിട്ടുണ്ടെങ്കിലും ഞാനവരെയെല്ലാം ദെെവകൃപയാല്‍ അനുനയിപ്പിയ്ക്കുകയാണ് ചെയ്തത്....
കടയില്‍ കൂട്ടിനൊരാളുണ്ടായിട്ടും ചെമ്പ് വരെ കഴുകുന്നത് ഞാനാണ് ....
ബാപ്പയുണ്ടാക്കുന്നത് എന്റെ മക്കള്‍ക്കുപകരിച്ചോട്ടെ....
പക്ഷേ.....
എനിയ്ക്കായി അതിലൊരു നയാപെെസ പോലും വേണ്ടെന്ന് താഴ്മയോടെ ചുരുക്കം...
ഒരു ബിരിയാണി എഴുപത് രൂപയ്ക്ക് വില്‍ക്കുമ്പോള്‍ എന്റെ ലാഭം ഇരുപത് രൂപയാണ്..
നിത്യവും നൂറില്‍ കൂടുതല്‍ പോകുന്നുണ്ട്...
ദിവസവും ശരാശരി രണ്ടായിരം രൂപവരെ എല്ലാം കഴിഞ്ഞെനിയ്ക്ക് ലഭിയ്ക്കുന്നുണ്ട്...
ശരീരത്തിന്റെ അദ്ധ്വാനസുഖവും സംതൃപ്തിയും ഒന്നു വേറെത്തന്നെ ...
ഞാനവന്റെ ഇടതടവില്ലാത്ത സംസാരത്തിനിടെ ഒരു സംശയം ചോദിച്ചു...
ബഷീ.... പൊതുവെ എല്ലായിടത്തും ബിരിയാണിയ്ക്ക് അറുപത് രൂപയാണല്ലോ....?
അതിന്റെ മറുപടിയിലും അവന്‍ സൗകുമാര്യം സൃഷ്ടിച്ചു..
അതിനുള്ള കാരണങ്ങള്‍ പലതാണ്....
അരി മുതല്‍ ഉപ്പ് വരെ
എല്ലാം മേന്‍മയുള്ളതാണ്...
ഒന്നിലും ഒരു കുറവ് വരുത്താറില്ല...
നൂറ് പേര്‍ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നതിന്റെ ഈശ്വരീയത ലാഭത്തില്‍ നിന്നല്ല നമുക്ക് ലഭിയ്ക്കുക ..
അതിന്റെ ഗുണത്തില്‍ നിന്നു തന്നെയാണ്....
എനിയ്ക്കിറങ്ങാനുള്ള സ്ഥലമെത്തുന്നതിനിടെ
വീണ്ടുമൊരുപാട് സദ്ബോധ്യത നല്‍കി ബഷീറെന്നില്‍ ചിന്താപരമായ ഊര്‍ജ്ജം സൃഷ്ടിച്ചു....
അടുത്ത ദിവസം രാത്രി എന്റെ ആഗ്രഹപ്രകാരം അവന്‍ വീട്ടിലെത്തിച്ച ബിരിയാണി കഴിയ്ക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു രുചി ആ നന്‍മ നിറഞ്ഞ ഭക്ഷണത്തിനുണ്ടായിരുന്നു.....
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login