ഒരു നല്ല ദിവസം
- Stories
- c p velayudhan nair
- 18-Sep-2018
- 0
- 0
- 1338
ഒരു നല്ല ദിവസം
അരവിന്ദൻ നായർ മകൻ മുകുന്ദൻ മേനോനെ വിളിച്ചു ;
ഡാ ശവീ ഇങ്ങട് വായോ.
അമ്മയുടെ തറവാട് വഴിക്കു ചുളുവിൽ മേനോൻ പദവി ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ വിധിക്കപ്പെട്ട മുകുന്ദൻ വിളി കേട്ടു .
ദാ എത്തി അച്ഛാ .ഈ പാത്രം ഒന്ന് വാങ്ങിവച്ചോട്ടെ .തിളച്ചു മറിയുന്നു .
എന്താടാ ചെക്കാ ഗാസിന്മേൽ കേറ്റി വച്ചിരിക്കുന്നത് ?
മൗനം .
ഡാ കന്നാലി നിന്റെ ചെകിട് എവിടെപോയെടാ ?
ദാ എത്തിപ്പോയി .
മുകുന്ദൻ അങ്ങിനെ അടുക്കളയിലെ ജോലി പകുതി പൂർത്തിയാക്കി അച്ഛന്റെ കട്ടിലിനടുക്കലേക്കു വന്നു .
അതേയ് എനിക്ക് ഓർമത വരുമ്പോൾ പറഞ്ഞില്ലെങ്കി പിന്നെ നടക്കൂല.നമ്മളൊക്കെ മനുഷ്യരല്ലേടാ .അടുത്ത സെക്കൻഡിൽ ഉണ്ടാകുമെന്നു എന്തെടാ ഉറപ്പ് ?
മുകുന്ദൻ ഓർത്തു.ശരിയാണ് .'അമ്മ സാവിത്രി കടന്നു പോയത് തന്നോട്
സംസാരിച്ചിരിക്കുമ്പോളാണ് .അച്ഛനെ വിളിച്ചു വരുത്തുമ്പോളേക്കും 'അമ്മ കടന്നു പോയിരുന്നു .ഓപ്പോൾ എത്തുന്നത് വരെ ശവശരീരം മോർച്ചറിയിൽ വക്കേണ്ടിവന്നു .അച്ഛന് ഭയങ്കര ഇഷ്ടക്കേടായിരുന്നു .എന്ത് ചെയ്യാൻ?ഓപ്പോൾ സമ്മതിക്കണ്ടേ .
സാവിത്രി ഇല്ലാത്തത്‌കൊണ്ടു തിങ്കൾ മുതൽ വെള്ളിയാഴ്ച രാത്രി വരെ അച്ഛന് കൂട്ടായി ബാലൻ ചേട്ടൻ ഉണ്ട്.ഭക്ഷണം എടുത്തുകൊടുക്കുക, ചായ ഇടുക തുടങ്ങിയ ജോലികൾ ബാലൻ ചേട്ടനാണു ചെയ്യുക.അച്ഛന് പുരാണം പറയാൻ ഒരാളായി.ബാലൻ ചേട്ടൻ അച്ഛനോടൊപ്പം സ്കൂളിൽ പ്യൂൺ ആയിരുന്നു .പെൻഷന് പുറമെ കക്ഷിക്ക് ഒരു ചെറിയ വരുമാനവുമായി.
ഡാ ചെക്കാ ..അരവിന്ദൻ സംസാരിക്കാൻ തുടങ്ങി.
ഈ ചെക്കൻ എന്ന് അച്ഛൻ വിളിക്കുന്ന ഇരുപത്തിയെട്ടുകാരൻ മുകുന്ദൻ മേനോൻ ഇൻകം ടാക്‌സ് വകുപ്പിൽ ഇൻസ്‌പെക്ടർ ആണ് .
പറയു അച്ഛാ , മുകുന്ദൻ അക്ഷമ കാട്ടി .ഇന്ന് ഞായർ ആയതുകൊണ്ട് ബാലൻ ചേട്ടൻ ഇല്ലല്ലോ .കാപ്പിയും ചോറും ഒക്കെ തയ്യാറാക്കണ്ടേ?
ശരി .ഒരു അഞ്ചു മിനിറ്റ് ഇവിടെ ഇരിക്ക് .എനിക്ക് നിന്നോട് മൂന്നു കാര്യങ്ങൾ പറയാനുണ്ട്.പിന്നീടായാൽ മറന്നു പോകുമെടാ.
അച്ഛൻ പറയൂ .ആദ്യത്തെ കാര്യം എനിക്ക് അറിയാം .എന്റെ കല്യാണം .അതിപ്പൊഴൊന്നും ഇല്ലച്ഛാ .എനിക്ക് അടുത്ത പ്രൊമോഷൻ കിട്ടി , അച്ഛന്റെ കാര്യങ്ങൾ കൂടി നോക്കിനടത്താൻ പറ്റിയ ഒരാളെ നമുക്ക് കണ്ടുപിടിക്കാം
അയ്യോ അതിനി കുറെ കാലം എടുക്കൂല്ലേടാ ..
ഇല്ലച്ഛാ.ഇപ്പൊ തന്നെ ഗൗഹത്തിയിൽ ഒരു കമ്മീഷണറുടെ ഒഴിവു ഉണ്ട്.എന്നോട് ഓപ്ഷൻ കൊടുക്കാൻ പറഞ്ഞു.അച്ഛനെ വിട്ടു പോകാൻ മനസ്സില്ലാത്തതുകൊണ്ടു ഞാൻ കൊടുത്തില്ല .
അപ്പോഴേക്കും വീട്ടിനു മുമ്പിൽ ഒരു കാറിന്റെ ഹോൺ കേട്ടു .വാതിൽ തുറന്നു നോക്കിയപ്പോൾ മുകുന്ദൻ കണ്ടത് ഒരു പോലീസുകാരൻ സല്യൂട്ടുമായി നിൽക്കുന്നതാണ് .അരവിന്ദൻ നായർ മാഷ് ഇവിടെയല്ലേ താമസം ?ഡി സി കാറിലുണ്ട്.മാഷെ കാണാൻ വന്നതാണ്.അകത്തേക്ക് വരൻ പറയട്ടെ ?
മുകുന്ദൻ അന്തം വിട്ടുപോയി.ഇതാരാ ?
പോലീസുകാരൻ കാറിന്റെ അടുത്തേക്ക് പോയി എന്തോ പറഞ്ഞു. അകത്തിരുന്ന ആൾ ഇറങ്ങി അകത്തു വന്നു.മുകുന്ദൻ അദ്ദേഹത്തെ അച്ഛന്റെ അടുക്കലേക്കു കൊണ്ട് പോയി .
ഭാഗ്യം, അച്ഛൻ കട്ടിലിൽ എണീറ്റ് ഇരിക്കുകയായിരുന്നു.ആഗതനെ കണ്ട പാടെ അച്ഛന്റെ അസുഖമെല്ലാം വിട്ടു പോയത് പോലെ തോന്നി.പല്ലില്ലാത്ത മോണ കാട്ടി അച്ഛൻ ചോദിച്ചു- എന്താടോ രഘു ഈ വഴിക്ക് ? താൻ എന്ന് ജോയിൻ ചെയ്തു ?ടി വി യിൽ വാർത്തയും തന്റെ ഫോട്ടോയും കണ്ടിരുന്നു.
എനിക്ക് ജന്മം തരാത്ത അച്ഛനാണു മാഷ്.കളിച്ചു നടന്ന എന്നെ സംരക്ഷിച്ചു ഈ നിലയിലാക്കിയ
ദൈവം .അങ്ങേയുടെ കാൽക്കൽ വീഴാതെ ഞാൻ ജോയിൻ ചെയ്താൽ പിന്നെ ഞാൻ ഞാനല്ലാതെ ആയി പോകുകയില്ലേ മാഷെ?
നാം ഇപ്പൊ നേരിട്ട് കണ്ടിട്ട് ഒരു പതിനഞ്ചു കൊല്ലം വരും ഇല്ലെടോ?അരവിന്ദൻ മാഷ് ചോദിച്ചു.
കൃത്യം മാഷെ .ഐ എ എസ് കിട്ടിയപ്പോൾ വന്നു ദക്ഷിണ വച്ച് പോയതാണ് .പിന്നെ ട്രെയിനിങ്, പോസ്റ്റിംഗുകൾ അവസാനം ഇതാ വീണ്ടും എന്റെ ദൈവത്തിന്റെ മുന്നിൽ....
അദ്ദേഹം ചോദ്യം ശ്രദ്ധിക്കാതെ അച്ഛന്റെ ഇരു കാലുകളിലും നമസ്കാരം അർപ്പിച്ചു തറയിൽ ഇരിക്കാൻ തുടങ്ങി.പെട്ടെന്ന് മുകുന്ദൻ കസേര എടുത്തു കൊടുത്തു അദ്ദേഹത്തെ അതിൽ ഇരുത്തി.എന്നിട്ടു പറഞ്ഞു -ഈ വലിയ മാഷിന്റെ മുമ്പിൽ തറയിൽ ഇരിക്കാനുള്ള യോഗ്യത മാത്രമേ എനിക്ക് ഇപ്പോഴും ഉള്ളൂ .
പെട്ടെന്ന്ആ മുഖം മുകുന്ദൻ ഓർത്തെടുത്തു .തന്റെ കുട്ടിക്കാലത്തു സ്ഥിരമായി പഠിക്കാനും ഭക്ഷണം കഴിക്കാനും വന്നുകൊണ്ടിരുന്ന രഘു ചേട്ടൻ.
രഘു തുടർന്നു -ഇല്ല മാഷെ. ഞാൻ ചാർജ് എടുക്കാൻ പോകുന്നതേ ഉള്ളൂ
സന്തോഷം .നന്നായി വരും .ഈ ജില്ലക്ക് ഒരു നല്ല ഭരണാധികാരി ആകട്ടെ താൻ എന്ന് ഞാൻ പ്രാർഥിക്കുന്നു -മാഷ് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
എന്നാ ഞാൻ പോയി വരട്ടെ മാഷെ.രഘു വല്ലപ്പോഴും ഓഫീസിലിക്ക് വരൂ .അപ്പോയ്ൻറ് മെന്റ് എടുക്കേണ്ട.പി എസിനോട് പറഞ്ഞിട്ട് കയറി പോന്നോളൂ.അമ്മയെ എനിക്ക് കാണാൻ പറ്റിയില്ല എന്ന ദുഃഖം ബാക്കി.എത്ര ആഹാരം ആ കൈകൾ കൊണ്ട് വിളമ്പി ഞാൻ കഴിച്ചിരിക്കുന്നു .
ഞാൻ ഇറങ്ങിക്കോട്ടെ മാഷെ.നാളെ രാവിലെ ചാർജ് എടുക്കണം.അതിനു മുമ്പ് അമ്മയുടെ തറവാട്ടിൽ പോയി കാർന്നോന്മാരെ കാണണം .നൂറു കിലോമീറ്റർ ഓടേണ്ടതാണല്ലോ .
രഘു തൊഴുതു യാത്രയായി .
മുകുന്ദൻ അരികിലേക്ക് ചെന്നു.ആൾ സന്തോഷത്തിലാണ് .
മാഷ് പറഞ്ഞു -നാശത്തിന്റെ വക്കിലാണ് എന്റെ കയ്യിൽ കിട്ടുന്നത് .നല്ല പോലെ അധ്വാനിച്ചു ,നേർവഴിക്കു കൊണ്ടുവരാൻ .സുകൃതം ചെയ്ത ജന്മമാണ് .അതുകൊണ്ടു നന്നായി .നീ ഒരു ബന്ധം വച്ചോടാ അയാളോട് .
അങ്ങിനെയാകട്ടെ അച്ഛാ.അത് പോട്ടെ, അച്ഛനെന്തിനാ എന്നെ നേരത്തെ വിളിച്ചേ?
ഹാ , അത് പറയാം .അതേയ് ഇനി സമയം ഏതാണ്ട് ആയിരിക്കുന്നു.
ഇല്ലച്ഛാ.അച്ഛൻ എന്റെ കുഞ്ഞുങ്ങളെ കളിപ്പിച്ചു ഞാൻ കാണും.
അത്യാഗ്രഹം പാടില്ലെടാ .എന്തായാലും ഒരൂട്ടം നിന്നെ ഏല്പിക്കാനുണ്ട്.ഒന്നാമത് എനിക്ക് നിന്റെ അമ്മെ കിടത്തിയ പെട്ടി വേണ്ട.നിനക്കറിയാലോ എനിക്ക് ശ്വാസത്തിന്റെ അസ്കിതയുണ്ട്.എ സി എനിക്ക് പറ്റില്ല.ചത്താലും എനിക്ക് എ സി വേണ്ട.
രണ്ടു ഞൻ മരിച്ചാൽ ഇവിടെ നിൽക്കുന്ന മൂവാണ്ടൻ മാവു മുറിക്കരുത് .ഒരു പഴക്കം വരും.ചില ബന്ധു പരിഷകൾ വന് ഒച്ചയെടുക്കും.എന്റെ മരണത്തിന്റെ തണലിൽ അത് മുറിപ്പിക്കാൻ .നിന്റെ മക്കളും ആയമ്മയുടെ മധുരം ആസ്വദിക്കട്ടെ .
എന്റെ ഈ മെല്ലിച്ച ശരീരം ദഹിക്കാൻ കുറെ ഉണക്ക തൊണ്ടുകൾ മതിയാകും .
മുകുന്ദന്റെ ക്ഷമ കെട്ടു -അച്ഛൻ ഈ വേണ്ടാത്തൊന്നും ചിന്തിക്കേണ്ട.അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ ഓപ്പോൾ വരണ്ടേ ..?
മാഷ്‌ക്ക് ദേഷ്യം പിടിച്ചു -അതല്ലേ നിന്നോട് ഇപ്പോഴേ പറേണത് .ഓളോട് ഞാൻ പറഞ്ഞോണ്ട് .നീ അത് വിട്ടു കള .നിനക്കു പറ്റുമോ ,അത് പറയ് .
മുകുന്ദൻ തലയാട്ടി. അങ്ങിനെയാച്ചാ ഇത് രണ്ടും എന്നെ രേഖാ മൂലം ഏൽപ്പിക്കണം .അല്ലാണ്ടെ വഴീക്കൂടെപ്പോണോരുടെ ചീത്ത കേക്കാൻ എനിക്ക് വയ്യ .
മാഷ് ഒന്ന് ചരിഞ്ഞു.കുറെ നേരമായിട്ടു ഇരുന്നു നടുവ് നോവുന്നു.
മുകുന്ദൻ അടുക്കളയിലേക്കും. മൂവാണ്ടൻ മാവും എ സി യും അവിടെ നിൽക്കട്ടെ .തത്കാലം ഉച്ചയൂണ് ...
സി പി വേലായുധൻ നായർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login