അയലത്തെ ഭ്രാന്തി
- Stories
- Shalini Vijayan
- 02-Aug-2018
- 0
- 0
- 1546
അയലത്തെ ഭ്രാന്തി
വാടക വീട്ടിലേക്ക് മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു മുന്നിലെ വീട്ടിലെ തങ്കമ്മ മനസ്സിനെ നടുക്കിയ ആ സത്യം വെളുപ്പെടുത്തിയത്..
പിറകിലെ വീട്ടിലെ ഭവാനി ഇത്തിരി വശപ്പെശകാണ്...അധികം സംസാരിക്കാൻ നിൽക്കണ്ട..
ചെറിയ തോതിൽ ഭ്രാന്തിന്റെ ചില ചേഷ്ടതകൾ കാണിക്കും ...
കേട്ടത് വിശ്വസിക്കാനാകാതെ പല്ലു കടിച്ച് ഞാൻ കെട്ടിയോനെ നോക്കി...
ഈ ഭ്രാന്തുള്ളവരുടെ ഇടയിൽ എന്നേം മോളേം ഒരു കൈ കുഞ്ഞിനേം കൊണ്ടുവിട്ടിട്ട് രാവിലെ ജോലിക്കെന്നും പറഞ്ഞ് പോയിട്ട് വൈകീട്ട് വന്നാ മതിയല്ലോ..
'ഇതിലും ഭേദം നിങ്ങളെ വീടു തന്നെയായിരുന്നു..
ഒന്നും പറയാതെ തന്നെ എന്റെ മുഖത്തെ ഭാവങ്ങൾ ദേവേട്ടൻ വായിച്ചെടുത്തിരുന്നു..
'നാഴികയ്ക്കു നാല്പതു വട്ടം നീ തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം പറയുന്ന ആ വീട്ടില് നിനക്കിനീം കഴിയണോ?
'ഇതെന്റെ അഭിമാനപ്രശ്നമാണ് മോളേ..
'നീ അഡ്ജസ്റ്റ് ചെയ്യണം..
കെട്ടിയോന് എന്നോട് ഇത്രേം സ്നേഹമോ?
'സംശയം തോന്നാതിരിക്കുമോ?
ഏതു നേരവും കീരിയും പാമ്പും പോലെയല്ലേ സ്വഭാവം
എന്റെ അമ്മ പറയുന്നതാ...
പുറമെ അങ്ങനെയൊക്കെയാണെങ്കിലും അകമേ ഭയങ്കര സ്നേഹാ നമ്മള്.... എന്ന് ഞാനും...
രാവിലെ ദേവേട്ടൻ ഓഫീസിൽ പോയി കഴിഞ്ഞാൽ
തങ്കമ്മ കൂട്ടിനു വരും..
'ദേവേട്ടാ ഈ തങ്കമ്മ ശരിയല്ലാട്ടോ..
എപ്പോഴും കണ്ണീർക്കഥ പറഞ്ഞ് എന്നേം കരയിപ്പിക്കും..
എനിക്ക് മടുത്തു കേട്ടിട്ട്..
'നീ വലിയ എഴുത്തുക്കാരിയാണെന്നല്ലേ ഭാവം
എഴുതിക്കൂടെ നിനക്ക്. വെറുതെയിരിക്കണ്ടല്ലോ..
'കുഞ്ഞിനെയൊക്കെ നല്ലോണം ശ്രദ്ധിച്ചോട്ടോ..
എപ്പോഴാ ഭവാനിടെ നിറം മാറുന്നതെന്ന് അറിയില്ല..
'തങ്കമ്മയുടെ ആ വാക്കുകളാവണം ഭവാനിയോട് സംസാരിക്കൽ പാടില്ലയെ ന്നൊരു വിലക്ക് ഞാൻ മോൾക്കും കൊടുത്തു..
മോനെ തൊടാൻ അനുവദിച്ചതെയില്ല..
ഭവാനീടെ കല്യാണം കഴിഞ്ഞ രാത്രിയിൽ തുടങ്ങിയ ഭ്രാന്താ.. എങ്ങനെയോ രണ്ട് കൊച്ചുങ്ങളുണ്ടായി...
മോൾക്ക് കുട്ടികളൊക്കെയായി.
ഈ വീട്ടിലേക്ക് വരാറൊന്നും ഇല്ല.. മോൻ അങ്ങു ദൂരെയാ...
രണ്ടു മക്കളേം നോക്കിയതും വളർത്തിയതും എല്ലാം ഭവാനീടെ
വീട്ടുക്കാർ തന്നെയാ'...
വേദനയോടെയാണ് തങ്കമ്മയിൽ നിന്നും ഞാനാ കഥയറിഞ്ഞത്...
പിന്നീട് ഞാനും കണ്ടു
ഇടയ്ക്കിടെ തനിച്ചുള്ള സംസാരവും ഒറ്റയ്ക്കു വഴക്കു പറഞ്ഞ് നടക്കലും ഒക്കെ...
രാവിലേം വൈകീട്ടും സ്കൂൾ ബസിനെ കാത്തു നിൽക്കുമ്പോൾ മോൾടെ മുഖത്ത് ഉമ്മ വെയ്ക്കലും മൊളേ തൊട്ട് തലയിൽ കൈവെക്കലും ഒക്കെയായി ഭവാനി വിലസി നടക്കയായിരുന്നു..
അവരോട് ഉള്ള വെറുപ്പ് മോൾടെ മുഖത്തും പലപ്പോഴും പ്രതിഫലിച്ചിരുന്നു..
'റോഡിലേക്ക് പോകാൻ വേറെ വഴി നോക്കിയാലോ അമ്മേ?
എപ്പേഴും ആ ഭവാനിയമ്മ അമ്മേനെ പിടിച്ച് എന്റെ അമ്മമ്മയാക്കി മാറ്റും..
നിന്റെ അമ്മമ്മ കൂട്ടാൻ വരണോ? ഒറ്റയ്ക്കു വന്നുടെന്നു ചോദിക്കും..
'പോട്ടേ. സുഖമില്ലാത്ത ഒരാളല്ലേ..
മോളതൊന്നും കാര്യാക്കണ്ട'
നിന്റെയച്ഛൻ ജോലിക്കു പോയോന്നു ഇടക്കിടെ എന്നോടും ചോദിക്കാറുണ്ട് ദേവേട്ടനെക്കുറിച്ച്..
ഞാനിതൊക്കെ നമ്മുടെ തങ്കമ്മ ചേച്ചിയോട് പറയാറുണ്ട്.
ഇടക്കിടെ രാത്രികളിൽ വളപ്പിലെ വഴക്കുലകൾ കാണാതാകുമ്പോഴും പഴുക്കാൻ വെച്ച പൈനാപ്പിൾ കാണാതാകുമ്പോഴും ഞാനില്ലാത്ത നേരത്ത് മാവിൻ മുകളിലെ കണ്ണി മാങ്ങകൾ അപ്രത്യക്ഷമാകുമ്പോഴും
കീറി മുറിച്ചിട്ട വിറകുകൾ കാണാതാകുമ്പോഴും ഒക്കെയും ഭവാനിയമ്മയുടെ കൈകളാണ് ഇതിനു പിന്നിലെന്ന് തങ്കമ്മ പറഞ്ഞു തന്നു..
അതോടെ അവരോടുള്ള വെറുപ്പ് കൂടി കൂടി വന്നു..
വൈകീട്ട് മോൾടെ കൈയിൽ ഭവാനി കൊടുത്തു വിടുന്ന പലതരം കറികളും മിഠായികളും അപ്പുറത്തെ വളപ്പിലേക്ക് വലിച്ചെറിയൽ ഒരു ശീലമാക്കി തുടർന്നു ഞാൻ...
കുറച്ച് ദിവസങ്ങൾക്ക് ശേഷം.... എന്റെ മോനേ കാണുന്നില്ല..
വലിയ വായിലുള്ള എന്റെ നിലവിളി കേട്ടിട്ടാകണം
ചുറ്റുപാടുമുള്ളവർ ചുറ്റും കൂടി..
ചിലർ വീടിനു ചുറ്റും ചുമരിലും ജനാലയിലും സ്റ്റിക്കർ പതിച്ചിട്ടുണ്ടോയെന്ന് നോക്കാൻ പറയുന്നതും അപരിചിതർ ഈ വഴിക്കൊന്നും വന്നതായി കണ്ടില്ലെന്നും മാറി മാറി അടക്കം പറയുന്നുണ്ട് മറ്റു ചിലർ..
അടുത്തുള്ള വയലിലും മറ്റും അന്വേഷിക്കുന്ന ചിലർ..
പൊടുന്നനെ ഒരു കുഞ്ഞിന്റെ ചിരി കേട്ടു ഞാൻ..
അതെന്റെ മോൻ തന്നെ...
ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി ചീറി പാഞ്ഞു ഞാനും...
അത് ഭവാനിയുടെ വീട്ടിലേക്കായിരുന്നു..
കുഞ്ഞിനെ മടിയിലിരുത്തി കളിപ്പാട്ടം കാട്ടി കുറുക്ക് വായിലേക്കൊഴിച്ചു കൊടുക്കുന്ന ഭവാനിയമ്മയുടെ
ആ രൂപം... എന്നെപ്പോലെ ഏവരേം കരളലിയിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു...
'ഭ്രാന്തായാൽ വല്ലയിടത്തും തളച്ചീട്ടൂടെ...
ഇങ്ങനെ മറ്റുള്ളോരുടെ കുട്ടികളേം കൊണ്ട് മുങ്ങണോയെന്ന ചോദ്യത്തിനു മുന്നിൽ തലകുനിച്ചു നിന്ന ഭവാനിയുടെ ഭർത്താവ് രാമേട്ടന്റെ മുഖം..
അതെന്നേം സങ്കടപ്പെടുത്തിയിരുന്നു...
അടുത്ത ദിവസം മോനെ കാണാൻ വീട്ടിലേക്ക് വന്ന ഭവാനിയുടെ മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു ഞാൻ..
എന്നിലെ അമ്മ എന്ന സ്ത്രീരൂപം പുറത്തുചാടി..
കുറെ നേരം വാതിലിൽ മുട്ടുകയും പിന്നീടാ തണുത്ത വരാന്തയിൽ കിടന്നുറങ്ങി ഉച്ചയാകുമ്പോഴേക്കും ഭവാനി പോകും.. അതവരും ഒരു ശീലമായി തുടർന്നു...
ഒടുവിൽ ക്ഷമയുടെ അതിർവരമ്പുകൾ ലംഘിച്ച ഒരു ദിവസം ഞാൻ രാമേട്ടനോട് കയർത്തു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിലും സമാധാനം തന്നുടെ...
'നിങ്ങൾടെ ഭാര്യയെ പേടിയാ എനിക്ക്...
ഞാനും ഒരമ്മയാ....
അന്നു രാത്രി കുറെ നിലവിളികളും കരച്ചിലും ബഹളവും ഭവാനിയുടെ വീട്ടിൽ നിന്നും കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ഞാനും കിടന്നു..
അടുത്ത ദിവസം രാവിലെ രാമേട്ടൻ എന്നെ കാണാൻ വന്നു...
25 വർഷങ്ങൾക്കു മുന്നേ നവവധുവിന്റെ വേഷത്തിൽ രാമേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഭവാനി..
കൂട്ടുക്കാരുടെ പ്രോത്സാഹനവും ചോര തിളപ്പിന്റെ പക്വതയില്ലായ്മയും...
ആദ്യരാത്രിയിൽ മദ്യലഹരിയിൽ ഭവാനിയിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ അവരുടെ കരച്ചിലും ഞരങ്ങലും അയാളിൽ ഹരം സൃഷ്ടിച്ചു....
ഉത്സാഹത്തോടെ വീണ്ടും വീണ്ടും അയ്യാൾ ഭവാനി യുടെ എതിർപ്പിനെ അവഗണിച്ച് അവരെ...
ആദ്യരാത്രിയിലെ പൊടുന്നനെയുള്ള രക്തസ്രാവവും രാമേട്ടന്റെ ആവേശവും ഭവാനിയിൽ ഒരു ഷോക്കുണ്ടായതുപോലെ...
പിന്നീടൊരിക്കലും ഭവാനി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല..
പിന്നീട് ഒന്നു രണ്ടു തവണ ഉറക്ക ഗുളികകൾ പാലിൽ ചേർത്തു നൽകി അങ്ങനെ രണ്ട് കുട്ടികൾ... രണ്ടു കുട്ടികളെം തൊടാനോ കൊഞ്ചിക്കാനോ ഉള്ള അവസരം ആരും അവൾക്കു നൽകിയില്ല..
പറഞ്ഞു നിർത്തിയതും രാമേട്ടന്റെ കണ്ണുകളേക്കാൾ കരകവിഞ്ഞൊഴുകിയത് എന്റെ കണ്ണുകൾ ആയിരുന്നു....
ഭ്രാന്തുള്ളവരുടെ കൂടെ 25 വർഷം ജീവിച്ചിട്ടും ലഭിച്ച വേദനയേക്കാളും വേദന ഭ്രാന്തില്ലാത്തവരുടെ ഈ ലോകം എനിക്ക് നൽകിയെന്ന് പറഞ്ഞ് നടന്നു പോകുന്ന രാമേട്ടൻ എന്റെ മുന്നിലെ ഒരത്ഭുതം തന്നെയായിരുന്നു...
ശാലിനി വിജയൻ
എഴുത്തുകാരനെ കുറിച്ച്

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login