രക്തസാക്ഷി
വേടന്മാരുടെ മൃഗയ
വിനോദങ്ങളിൽ ഇരയുടെ
രോദനം ഇമ്പമുള്ള സംഗീതമത്രേ....
വേട്ടയാടപ്പെടുമ്പോൾ നിലവിളിക്കാതിരിക്കാനെങ്കിലും പരിശീലിക്കേണ്ടിയിരിക്കുന്നു...,
ചുറ്റിലും ചിരികൊണ്ടു
കഴുത്തറുക്കുന്ന
കൊലയാളികളുടെ
കൂത്തരങ്ങാണ്...!
ഒറ്റയാൾ പോരാട്ടങ്ങളിൽ സുനിശ്ചിതമായത് മരണമാണെങ്കിൽപ്പോലും പുറം തിരിഞ്ഞോടരുത്....,
പിന്തുടർന്നുവരാനും
വേട്ടയാടാനും പ്രചോദിപ്പിക്കുന്ന പലായനങ്ങളല്ല, ചെറുത്തുനില്പിന്റെ അഭേദ്യകവചങ്ങളാണ്
ഇനിമുതൽ നീയണിയേണ്ടത്…,
ആരൂഢമുപേക്ഷിച്ചുള്ള പടയോട്ടങ്ങളും പലായനങ്ങളും വെറും കെട്ടുകഥകളാകട്ടെ...!
അടർക്കളത്തിൽ നിന്നും തിരിഞ്ഞോടുന്നവന്റെ
മുതുകത്താണ് മുറിവേൽക്കുക...!
നീ പോരാളിയാണ്...!
മുറിവുകളെ നെഞ്ചിലേറ്റുവാങ്ങുന്ന,
ചക്രവ്യൂഹങ്ങളിൽ
പതിയിരിക്കുന്ന ചതിയെഭയന്ന് പിന്മാറാത്ത രണധീരൻ...
തേരും കുതിരകളും
ചാപതൂണീരങ്ങളും
നഷ്ടപ്പെട്ടാലും യുദ്ധവീര്യം
നിന്റെ സിരകളിൽ അവസാനശ്വാസംവരെ ത്രസിക്കും...!
നിലപാടുകൾ നഷ്ടമായവർ യുദ്ധനിയമങ്ങൾ ലംഘിക്കുമ്പോൾ മരണം ഇരതേടിയിറങ്ങും….!
ഇരിപ്പിടങ്ങളും അടയാളങ്ങളും മായ്ച്ചു അധിനിവേശത്തിന്റെ കൊടിനാട്ടാൻ ഒരുമ്പെട്ടിറങ്ങിയവരോട് സന്ധിചെയ്യരുത്…,
ഒഴിഞ്ഞ ആവനാഴിയും
ഞാണറ്റ വില്ലും ഒരലങ്കാരമായി
ചൂടിനടക്കാതിരിക്കാം...,
തോളിൽ കൈയിട്ടും
ചിരിച്ചുംകളിച്ചും ഒപ്പംകൂടുന്ന
ചതി ഏറ്റവും വിനാശകാരിയായ ശത്രുവാണ്…..!
ശത്രുവിനോട് ദയയരുത്
എന്ന പാഠം ആദ്യാക്ഷരത്തോടൊപ്പം ഉരുവിട്ടുറപ്പിക്കുക...!
രക്തസാക്ഷി നിനക്ക് മരണമില്ല…!
വർഗ്ഗവംശവെറികളിൽ
നിന്റെ നേര് നിരന്തരം പോരാടിക്കൊണ്ടേയിരിക്കും
-ഉണ്ണി.കെ.റ്റി
എഴുത്തുകാരനെ കുറിച്ച്

സമാധാനപ്രിയൻ.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login