ഉയരങ്ങളിൽ
- Stories
- Jayaraj Parappanangadi
- 02-Jul-2018
- 0
- 0
- 1224
ഉയരങ്ങളിൽ
ആകാശത്തിനു തൊട്ടു താഴെ ഒരു സൂചിപ്പൊട്ടുപോലെ കാണുന്ന ഉയര്‍ന്ന ഗോപുരത്തിന്റെ മുകളിലേയ്ക്ക് പുറത്തുള്ള കമ്പിയേണിയില്‍ക്കൂടെ സുധീപന്‍ വലിഞ്ഞു കയറി...
ആഗ്രഹങ്ങളാണല്ലോ നമ്മെ മുന്നോട്ട് നയിയ്ക്കുന്നത് ..
ജോലിയ്ക്കു പോവുമ്പോള്‍ പലരും അതിനുമുകളില്‍ കയറി ആഹ്ളാദിയ്ക്കുന്നത് കണ്ട സുധീപന് തോന്നിയൊരു മോഹമാണീ സംഭവം...
ഇപ്പൊഴത്തെ ചെറുപ്പക്കാര് ചെയ്യണപോലെ അതിന്റെ മുകളീന്നൊരു സെല്‍ഫിയെടുക്കണം... സുധീപന്റെ മനസില്‍ അത്രയേയുള്ളൂ..
ഇരുന്നൂറ്റിപ്പതിനാല് സ്റ്റപ്പുള്ള ആ ഇരുമ്പുകോണി അവധിദിവസം ആരുമില്ലാത്ത സമയം നോക്കി കയറാന്‍ വന്നതാണദ്ദേഹം..
അടച്ചിട്ട ഗെയിറ്റ് ചാടിക്കടന്ന്
പാതികയറിയപ്പോഴേയ്ക്കും സുധീപന് കിതപ്പു തുടങ്ങിയിരുന്നു ...
അല്‍പ്പം വിശ്രമിയ്ക്കാനായി അമ്പതു സ്റ്റപ്പു കൂടുമ്പോള്‍ പുറത്തേയ്ക്ക് തള്ളിയൊരു ബോക്സ് കൊടുത്തിരുന്നതിനാല്‍ സുധീപന്‍ രണ്ടാമത്തെ സെക്ഷനിലിരുന്നു...
ശ്വാസം മിതത്വമായപ്പോള്‍ തോളില്‍ തൂക്കിയിട്ട കുപ്പിയില്‍ നിന്നും അല്‍പ്പം വെള്ളമെടുത്തു കുടിച്ചു...
പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ട പച്ചപ്പുനിറഞ്ഞ വിജനമായ ഭൂമിയുടെ ഉയരക്കാഴ്ച അയാളില്‍
ആകാംക്ഷ വര്‍ദ്ധിപ്പിച്ചു...
പലമലകളും കയറിയിട്ടുള്ള തനിയ്ക്കെന്ത്
ഇരുനൂറ്റിപ്പതിനാല് സ്റ്റപ്പെന്ന് മനസിനെ ഉദ്ബോധിപ്പിച്ച് സുധീപന്‍ വീണ്ടും കയറ്റം തുടങ്ങി...
എന്നാല്‍ നൂറ്റമ്പതിലെത്തിയപ്പോഴേയ്ക്കും കണ്ണിലിരുട്ടുകയറുന്നതുപോലെ അയാള്‍ വേഗം വീണ്ടും ബോക്സിലേയ്ക്ക് കയറി...
ശ്വാസവും ശക്തിയുമാവാഹിച്ച് വായു മനസിലേയ്ക്കും ശരീരത്തിലേയ്ക്കും വീണ്ടും ഒരുപോലെ കയറ്റിവിട്ടു...
അങ്ങിനെയൊക്കെ ചെയ്ത് ആത്മധെെര്യം പകര്‍ത്തിയെങ്കിലും മനസിലെവിടെയോ ചെറിയൊരു ഭയം തോന്നാതിരുന്നില്ല...
പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടുംഅയാള്‍ കോണി കയറിത്തുടങ്ങി...
ഏതാണ്ട് ഇരുന്നൂറ്റിപ്പത്തെത്തിയപ്പോഴേയ്ക്കും കയ്യും കാലും ശരിയ്ക്കും കുഴഞ്ഞു ..
ഒരടി മോളിലോട്ടും താഴോട്ടും വയ്ക്കാന്‍ വയ്യാത്ത അവസ്ഥ ...
വെയിലിന്റെ ചൂടും വേവലാതിയും കൂടി മനസിനെ കെട്ടിവരിഞ്ഞപ്പോള്‍തളര്‍ന്നു താഴേയ്ക്ക് വീഴുമെന്നായി...
സകലദെെവങ്ങളേയും വിളിച്ച് കെെകളിലേയ്ക്കൊരു ശക്തിപകര്‍ത്തി അയാള്‍ മുകളിലേയ്ക്ക് കയറി ..
അവസാനത്തെ സ്റ്റപ്പും കയറി മുകളിലെത്തിയ സുധീപന്‍ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലും സമയം കിട്ടുന്നതിന് മുമ്പേ വെട്ടിയിട്ടപോലെ ഇരുമ്പുപലകയിലേയ്ക്ക് വീണു...
രണ്ടുതവണഎഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നിരിയ്ക്കാന്‍ പോലും അയാള്‍ക്കായില്ല...
താഴേയ്ക്ക് നോക്കിയപ്പോള്‍ വ്യക്തമായൊരു രൂപം വരുന്നതിന് മുമ്പേ അയാളുടെ കണ്ണില്‍ വെള്ളം നിറഞ്ഞു...
നിലത്തു കിടന്നുഞരങ്ങിയ അയാള്‍ എവറസ്റ്റ് കീഴടിക്കിയവരേയും വലിയവലിയ ബില്‍ഡിങ്ങിനുമുകളില്‍ കയറി പണിയെടുക്കുന്ന ബംഗാളികളേയും വല്ലാത്തൊരല്‍ഭുതത്തോടെ ഓര്‍ത്തു...
ഈശ്വരാ ഞാനെങ്ങിനെ താഴേയ്ക്കിറങ്ങും ..
എന്റെ ഭാര്യ കുട്ടികള്‍ ...
അവരെയെല്ലാം ഇനി ജീവനോടെ കാണാനൊക്കില്ലേ...
നഴ്സിങ്ങിനു പഠിയ്ക്കണ എന്റെ മോള്‍ക്ക് ഒരു ബുക്കുവാങ്ങാനെന്നും പറഞ്ഞിറങ്ങിയതാണല്ലോ ദെെവമേ...
അന്യനാട്ടില്‍ ആരോരുമറിയാതെ മരിയ്ക്കാനാണല്ലോ വിധി ....
ഇന്നിനിയിവിടേയ്ക്ക് ആരുംവരില്ലല്ലോ ഭഗവാനേ...
അയാള്‍ ആര്‍ത്തുകരഞ്ഞു...
ദാഹിച്ചുവലഞ്ഞ അയാള്‍
പുറത്തെ കുപ്പിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിയ്ക്കുന്നതിനിടെ കാല്‍ഭാഗം താഴേയ്ക്കിറങ്ങി ...
തിരിച്ചു മുകളിലേയ്ക്കുതന്നെ എടുത്തുവയ്ക്കാനുള്ള ശേഷിയില്ലാത്തതിനാല്‍
അയാള്‍ ചിന്നിച്ചിതറുന്ന തന്റെ ശരീരം കണ്ണില്‍ക്കണ്ട് ആര്‍ത്തുകരഞ്ഞു ...
ഓരോ മിനുട്ടിലും രക്ഷപ്പെടാനുള്ള അയാളുടെ ശ്രമത്തിനിടയില്‍ ശരീരം മുഴുവന്‍ പുറത്തേയ്ക്കിറങ്ങുകയും ആ സമയം പേടിച്ച് അയാളുടെ ബോധം പോവുകയും ചെയ്തു ....
അടുത്തദിവസം ആശുപത്രിയില്‍ നിന്നും ബോധം തിരിച്ചുകിട്ടുമ്പോള്‍ ഭാര്യയും മക്കളും ചിരിച്ചുകൊണ്ട് മൊബെെലിലെ വാള്‍പ്പേപ്പറില്‍ അയാള്‍ തൂങ്ങിയാടുന്ന ഫോട്ടോ കാണിച്ചുകൊടുത്തു...
ഇതെങ്ങിനെ സംഭവിച്ചെന്ന് സസൂഷ്മം ശ്രദ്ധിച്ചപ്പോഴാണ് കോണികയറുമ്പോള്‍ അവിടെയുള്ള സേഫ്റ്റിച്ചങ്ങല അരയില്‍ കെട്ടിയകാര്യം അയാള്‍ക്കോര്‍മ്മ വന്നത്...
പലകയില്‍ കമിഴ്ന്നടിച്ചു വീണസമയം അതൊരു കമ്പിയഴിയില്‍ കുളത്തിയിരുന്നു...
പ്രായവും ശരീരസ്ഥിതിയും നോക്കാതെ സാഹസികതയ്ക്കിറങ്ങിയെ തന്റെ മനശ്ചാഞ്ചല്ല്യത്തില്‍ സുധീപന്‍ സ്വയം അപമാനിതനായി....
എന്നിട്ടും ദെെവംതനിയ്ക്കു നേരേ നീട്ടിയ ദയാഹസ്തമോര്‍ത്ത് അയാള്‍ സന്തോഷത്തോടെ പൊട്ടിക്കരഞ്ഞു....
രണ്ടു ദിവസത്തേയ്ക്ക് സര്‍വ്വമൊബെെലുകളിലും യൂത്തന്‍മാര്‍ കൊണ്ടാടിയത് സുധീപന്റെ വവ്വാലാട്ടം തന്നെയായിരുന്നു ..
-ജയരാജ് പരപ്പനങ്ങാടി
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login