ആകാശയാത്ര
- Stories
- c p velayudhan nair
- 27-Jun-2018
- 0
- 0
- 1251
ആകാശയാത്ര
രണ്ടു സുഹൃത്തുക്കൾ -കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളായ ചേപ്പനത്തെയും ചാത്തമ്മയിലേയും നിവാസികൾ കൊച്ചി മെട്രോയിൽ ആകാശയാത്രക്കായി കുറെ നാളായി കാത്തിരിക്കുന്നു.രണ്ടുപേരും മൊസൈക് പണിയെടുത്തു ജീവിതം നയിക്കുന്നവർ .മാത്രമല്ല, ഇരുവരും വല്ലാർപാടം ഭൂമി എടുപ്പിൽ ആ ഭാഗങ്ങളിൽ നിന്നും തൂത്തെറിയപ്പെട്ടവർ. അതിനാൽ ഇവരുടെ അടുപ്പം ഏറെ ആത്മാർഥമാണ് . മെട്രോയിൽ യാത്ര ചെയ്യാൻ സാധിച്ച തങ്ങളുടെ സഹ പ്രവർത്തകർ യാത്രയുടെ വിവരണം നൽകുമ്പോൾ, നുമ്മടെ മെട്രോയിൽ നുമ്മക്ക് ഇതുവരെ കേറാൻ പറ്റിയില്ലല്ലോ എന്ന് ഇരുവരും സങ്കടം പങ്കു വയ്ക്കാറുണ്ട് എന്തായാലും ചേപ്പനം പാട്ടുപാറമ്പു ഭഗവതിയുടെയും ചാത്തമ്മ നിത്യസഹായമാതാവിന്റെയും അനുഗ്രഹം ഉണ്ടെങ്കിൽ വരുന്ന ഞായറാഴ്ച പോകാമെന്നു ഇരുവരും -ജയനും മാർട്ടിനും ഉറപ്പിച്ചു .രണ്ടു നാടൻ കൊച്ചിക്കാരുടെ ആഗ്രഹം എന്നേ പറയേണ്ടു.
ശനിയാഴ്ച രാത്രിയായപ്പോൾ അതാ വരുന്നു ഒരു വാർത്ത - ചാനലുകളിൽ .ഞായറാഴ്ച്ച സൂര്യോദയത്തിനു മുമ്പായി ആകാശത്തിൽ ഏതോ രണ്ടു ഗ്രഹങ്ങൾ കണ്ടു മുട്ടുന്നു .മാർട്ടിൻ ജയനെ മൊബൈലിൽ വിളിച്ചു -ഡാ ജയാ നീ വിവരം അറിഞാടാ .ആകാശത്തിൽ എന്തോ കൂട്ടി മുട്ടുന്നെന്ന് .നീ ചാനെൽ വച്ച് നോക്ക് .നുമ്മടെ വീട്ടിൽ വലിയ ബഹളം ഇത് കേട്ടിട്ട് . നീ വിഷമിക്കണ്ടടാ മാർട്ടി .അത് സൗരയൂഥത്തിന്റെ എന്തോ ഒരു കുണ്ടാമണ്ടിയാണെടാ .ചൊവ്വ ഗ്രഹവും വ്യാഴ ഗ്രഹവും തമ്മിലുള്ള ഒരു ഒത്തുകളി ഞാനും കേട്ടു .ജയൻ പറഞ്ഞു.അയാൾക്കു കുറച്ചു വിദ്യാഭ്യാസമുണ്ട്.പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് എടുത്തു പാർട്ട് എഴുതി പാസ്സായതാണ്.അല്പം കഴിഞ്ഞു ജയൻ വീണ്ടും വിളിച്ചു.'ഡാ മാർട്ടി ഞാൻ നമ്മുടെ കുട്ടൻ ജ്യോത്സനോട് ചോദിച്ചെട.അങ്ങേരു പറയുന്നേ ജ്യോതിഷത്തിലും അങ്ങനെയാണ് പറയുന്നത്.ശുക്രനും വ്യാഴവും തുലാം രാശിയിൽ നീങ്ങുന്നു എന്നാണ് അങ്ങേരു പറേന്നതു .ഒരു കുഴപ്പവുമില്ല.നുമ്മക്ക് ചേഞ്ച് ചെയ്യണ്ടടാ പ്ലാന്.രാവിലെ നീ ഇങ്ങോട്ടു വാ.നുമ്മക്ക് ഒൻപതു മണി ബസ് പിടിച്ചു പാലാരിവട്ടത്തു പോയി മെട്രോ പിടിക്കാം.മെട്രോക്കും മേലെയല്ലേടാ ചൊവ്വയും .വ്യാഴനുമെല്ലാം. ചുറ്റിയടിക്കുന്നത്. പറഞ്ഞുറപ്പിച്ചതുപോലെ ഏതാണ്ട് പത്തു മണിയോടെ അവർ പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ കൗണ്ടറിൽ.അത് കഴിഞ്ഞു ടിക്കറ്റ് കമ്പ്യൂട്ടർ ചെക്ക് കഴിഞ്ഞു പ്ലാറ്റ്ഫോമിൽ .രണ്ടു പേരും പോയി.ആലുവാക്കുള്ള വണ്ടി രണ്ട് മിനുറ്റിൽ വരുമെന്ന് കാണിച്ചിരിക്കുന്നു.വണ്ടി കൃത്യം.നിത്യവും ബസ് പിടിക്കാൻ മിനുറ്റുകളോളം ,ട്രെയ്‌നിലാണെങ്കിൽ മണിക്കൂറുകൾ കാത്ത് നിന്ന് ശീലിച്ച അവർക്കു അദ്ഭുതം തോന്നി.വണ്ടി ഇളകിത്തുടങ്ങിയപ്പോൾ അവർ ശ്രദ്ധിച്ചു.എന്തോ ചില സംഭാഷണങ്ങൾ കേൾക്കുന്നുണ്ട്.കുറേകഴിഞ്ഞപ്പോൾ മനസ്സിലായി.റെക്കോർഡ് ചെയ്തു വച്ച എന്തോ കാര്യങ്ങൾ പറയുകയാണ്.എന്തെക്കെയോ ബോർഡിൽ കാണുന്നുമുണ്ട് .ചങ്ങമ്പുഴ സ്റ്റേഷൻ എത്തിയപ്പോൾ ചങ്കപ്പുഴ നഗർ എന്ന് കേട്ടു .അല്പം കൂടി വണ്ടി നീങ്ങിയപ്പോൾ മാർട്ടി കുരിശു വരച്ചിട്ടു പറഞ്ഞു -നോക്കെടാ നുമ്മ ഇടപ്പള്ളി പള്ളിയുടെ കുരിശ് .ജയനും പെട്ടെന്ന് കുരിശു വരച്ചു .അടുത്ത് തന്നെ ഇടപ്പാള്ളി എന്ന് വണ്ടിയിൽ കേട്ടു .തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്ഥലം വല്ലതുമാണോ ഇത് എന്ന് ചിന്തിക്കുമ്പോൾ അതാ കാണുന്നു ലുലു മാളിന്റെ ബോർഡ്.'നുമ്മ ലുലു മാള് 'ഈ എടപ്പള്ളിക്ക് എന്തിനെടാ ഇവർ എടപ്പാളി എന്ന് പറയുന്നത് ?'-മാർട്ടിയുടെ സംശയം.ജയൻ പറഞ്ഞു-അത് വല്ല ഹിന്ദിക്കാരെയും കൊണ്ട് റെക്കോർഡ് ചെയ്തു വച്ചിരിക്കും.വിട്ടുകളായെടാ. .'വണ്ടി വീണ്ടും നീങ്ങിയപ്പോൾ പോക്കറ്റടി കാരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി വണ്ടി ഏതോ സ്റ്റേഷനിൽ നിന്നു .ഇവിടെയെല്ലാം പോക്കറ്റടിക്കാരാവും ഇല്ലെടാ ജയാ ,മാർട്ടിൻ ചോദിച്ചു.
ആവും ചിലപ്പോ- ജയന്റെ മറുപടി.
വണ്ടി നീങ്ങി ആലുവ എത്തി.
രണ്ടു പേരും ആലുവ സ്റ്റേഷനിൽ ഇറങ്ങി.
ഇനി എന്തെടാ അടുത്ത പരിപാടിയാണ് നുമ്മക്ക് ?-ജയന്റെ വക ചോദ്യം .
മാർട്ടി പറഞ്ഞു-ഇനി വേണെങ്കിൽ മണപ്പുറത്തു പോയി കുറെ കറങ്ങിയിട്ടു ഊണ് കഴിഞ്ഞു തിരികെ പോകാം.
അവിടെയെല്ലാം ഇപ്പൊ ഭയങ്കര ചൂടായിരിക്കും.-ജയന്റെ കമന്റ്.
സാരമില്ല.നുമ്മക്ക് മാർത്താണ്ഡവർമ പാലത്തെ കേറി മണപ്പുറത്തു പോയി തിരികെ വരാം .
അങ്ങിനെ ആലുവ ശിവരാത്രി മണപ്പുറം കണ്ടു ഒരു ഊണു പാസ്സാക്കി.അപ്പൊ ജയന് ഒരു കുസൃതി തോന്നി.'നമുക്ക് രണ്ടെണ്ണം വിട്ടലോഡാ '
മാർട്ടിയും റെഡി .ചോദിച്ചു ചോദിച്ചു അവർ ഒരു ഷോപ്പിൽ കേറി .രണ്ടിൽ നിന്നില്ല,ഉത്സാഹം മൂത്തു നാല് വീതം അകത്താക്കി .പതുക്കെ നടന്നു രണ്ടു പേരും ആലുവ മെട്രോ സ്റ്റേഷനിൽ എത്തി .ദൂരത്തു നിന്ന് തന്നെ മണം പിടിച്ചിട്ടാവാം ഡ്യൂട്ടിയിൽ നിന്നിരുന്ന രണ്ടു കാക്കി യൂണിഫോം ഇട്ടവർ ഓടിയടുത്തെത്തി വെളിയിൽ പോകാൻ ആവശ്യപ്പെട്ടു .ജയൻ പറഞ്ഞു -നുമ്മക്ക് മെട്രോയിൽ തിരിച്ചു പോണം സാറന്മാരെ.
അതിൽ ഒരാൾ പറഞ്ഞു -
എഡോ ലഹരി ഉപയോഗിക്കുന്നവർക്കു ഇതിൽ പോകാൻ പറ്റില്ല .കടന്നു പൊക്കോ .
ജയൻ വിഷമത്തോടെ പറഞ്ഞു -എന്റെ മാഷെ ഞങ്ങ ഒരു ശല്യവും ഉണ്ടാക്കില്ല.ഇങ്ങഡ് ഞങ്ങ മെട്രോയിലാണ് വന്നത് .
മറ്റേ യൂണിഫോം കാരൻ ചാടി വീണു-എഡോ മെട്രോയിൽ ലഹരി ഉപയോഗിക്കാൻ പാടില്ല എന്ന ബോർഡ് വച്ചിരിക്കുന്നത് കണ്ടില്ലേ?വിട്ടോ ,ഇവിടെയൊന്നും കാണണ്ട ..
രാത്രി പതിവുപോലെ രണ്ടാളും ചാത്തമ്മ പള്ളിമുറ്റത്ത് കൂടി .
മാർട്ടി ചോദിച്ചു-എടാ ജയാ, അപ്പൊ ഇന്ന് നുമ്മ മെട്രോയിൽ കേറീട്ടു എന്ത് കിട്ടിയെടാ ?
വല്ലയിടത്തും പോയി വെള്ളം അടിക്കരുതെന്നു നമ്മ മനസ്സിലാക്കി -ജയൻ സങ്കടത്തോടെ പറഞ്ഞു.
അൽപ നേരം മൗനത്തിനു ശേഷം ജയൻ ചോദിച്ചു- എടാ മാർട്ടി നുമ്മക്ക് ഈ വെള്ളമടി അങ്ങ് നിർത്തിക്കളഞ്ഞളോടാ .വല്ലേടത്തും പോയി ഇതുപോലെ നാറ്റക്കേസാവണ്ടല്ലോ .
മാർട്ടി മറുപടി പറയാൻ വൈകി .
അല്പം കഴിഞ്ഞു അയാൾ പറഞ്ഞു-ശരിയാണെടാ.നുമ്മക്ക് മാനമല്ലെടാ വലുത് .നീ ഇതൊന്നും വീട്ടി പറയണ്ട.നുമ്മ ആലോചിച്ചു തീരുമാനം എടുക്കാം .
അങ്ങിനെ മെട്രോയിൽ ഒരു യാത്ര പോയ സന്തോഷത്തോടെയും തിരികെ വരുമ്പോൾ കയറാൻ പറ്റാത്ത സങ്കടത്തോടെയും അവർ പിരിഞ്ഞു ,പിറ്റേ നാൾ ജോലിസ്ഥലത്തു കാണാമെന്ന വാക്കോടെ....
സി പി വേലായുധൻ നായർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login