ഋണങ്ങള്‍ ബാക്കിയാണ്
വാടകയ്ക്കെടുത്ത സന്തോഷങ്ങളുടെ
മുറി ഒഴിഞ്ഞുകൊടുക്കേണ്ടിവരു-
മ്പോള്‍ ഈ ചുവരില്‍ കോറി
യിട്ട ചില പ്രിയാക്ഷരങ്ങളോടും
കൂടിയാണ് വിടപറയുന്നത്...!
ചുവരില്‍ നഖമുനകൊണ്ട് ഞാന്‍
വരച്ച ചിത്രങ്ങളുണ്ട്, രാത്രിയുടെ
നിശ്ശബ്ദയാമങ്ങളില്‍ ഇരുളിന്‍റെയും
കണ്ണിനിണങ്ങുന്ന നേര്ത്തു വെട്ടത്തിന്‍റെയും
തിര്ശീലയ്ക്കിരുപുറത്തുമായ് എന്നോട്
സല്ലപിക്കുന്നവ,...!!!
വാടകമുറിയ്ക്ക് അവകാശ-
മുന്നയിക്കുന്നത് ഔചിത്യമില്ലായ്മയാണ്,
ദേഹത്തിലൊതുങ്ങുന്ന വസ്ത്രങ്ങളും
ദേഹിക്കു ഭാരപ്പെടാത്ത നേരും മാത്രമേ
ചുമടായുള്ളൂ...!
വഴിയമ്പലങ്ങളിലെ വിശ്രമവേളകളില്‍
വിഭ്രാന്തിയോടെ കാത്തുവച്ചു
ഉറക്കമൊഴിയേണ്ട മടിശീല ഞാന്‍
സ്നേഹപ്രവാഹ(?)ങ്ങളുടെ
ആഴക്കയങ്ങളില്‍ ഒഴുക്കി...!!!
ദേഹിക്കു നേരേണ്ട സ്വസ്തിയുടെ
ഋണങ്ങളിലെയ്ക്ക് ജീവിതക്രമങ്ങള്‍
കൊണ്ട് തിലോദകം...!
നിരാശയുടെ ഉറയൂരിക്കളഞ്ഞ്,
യാതാര്ത്ഥ്യങ്ങളുടെ കവചംകൊണ്ട്
പൊതിയപ്പെടുന്നതിന്‍റെ സുരക്ഷി-
തങ്ങളിലേയ്ക്ക് സ്വയംസമര്‍പ്പിത-
മാകുന്നതിന്‍റെ ബലിശുശ്രൂശകളുടെ
പൗരോഹിത്യം നിനക്ക്...!
എന്‍റെ ആത്മാവിനെ നിര്‍വ്വാണസ്വസ്ഥി-
യുടെ അവാച്യതയിലേക്കുയര്‍ത്തുക!
ഉച്ചമയക്കത്തിന്‍റെ ആലസ്യങ്ങളില്‍
പകല്‍ക്കിനാവിന്‍റെ അസ്വാരസ്യങ്ങള്‍ മാത്രം! .
ഉണരുന്നത് പുതിയ വിഭാതത്തിലേയ്ക്കാകട്ടെ...,
എനിക്കുവേണ്ടി കരുതിവച്ച
നൈവേദ്യത്തില്‍ നിന്ന്‍
നിന്‍റെ സത്യംമാത്രം ഞാന്‍
രുചിയ്ക്കുന്നു ..!
പടവുകള്‍ ഏറി ഇനിയും
നിന്‍റെ പടിവാതിലുകള്‍
തള്ളിത്തുറന്ന് ഞാന്‍ വരും....!
സന്തോഷങ്ങളുടെ വിലനിലവാരം
തേടിയല്ല, സന്തോഷങ്ങളുടെ ഒരുപിടി
അര്‍ച്ചനാസൂനങ്ങളുമായി, ഒരുകുടന്ന
സ്നേഹത്തിന്‍റെ നവനീതവുമായി...!
അന്ന് നമ്മുടെ ഭവനത്തിലെ
അതിഥി അവനായിരിക്കും...!
തേടിനടന്ന്‍ നിരാശയുടെ
തമോഗര്‍ത്തങ്ങളില്‍ ആത്മാവിനെ
നഷ്ടപ്പെടുത്താതിരിക്കുക.!
ഋണങ്ങള്‍ ഇനിയും ബാക്കിയാണ്,
നീക്കിയിരുപ്പിലെ നിമിഷങ്ങളോട്,
നിന്നുപോകാത്ത ശ്വാസത്തോട്...!
-ഉണ്ണി .കെ. റ്റി
എഴുത്തുകാരനെ കുറിച്ച്

സമാധാനപ്രിയൻ.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login