ലൈക്കാകർഷണ യന്ത്രം വിൽപ്പനക്ക്
- Stories
- Dr. RenjithKumar M
- 06-Apr-2018
- 0
- 0
- 1808
ലൈക്കാകർഷണ യന്ത്രം വിൽപ്പനക്ക്

" മടുത്തു ! സത്യം..., മടുത്തു. എത്ര നന്നായി എഴുതി... എത്രയിടങ്ങളിൽ പോസ്റ്റ് ചെയ്തു... പക്ഷേ, ലൈക്കുമില്ല ... കമൻറുമില്ല. പേരുകേട്ട മാസികകളിൽ അച്ചടിച്ചുവന്ന കഥകൾ പോലും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്റ്റുമ്പോൾ എട്ടോ പത്തോ ലൈക്കുകൾ മാത്രം. കമന്റുകൾ ആരേലും ഇട്ടാൽ മഹാഭാഗ്യം." രമേശൻ ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് കൈയ്യിലിരുന്ന മൊബൈൽ ഫോൺ മേശപ്പുറത്തേക്ക് ഇട്ടു. " വല്ല പെണ്ണായി ജനിച്ചാൽ മതിയായിരുന്നു. എന്തോരം കമന്റുകളും ലൈക്കുകളുമാ പെൺപിള്ളേരുടെ പോസ്റ്റുകൾക്ക്...! കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ പ്രൊഫൈൽപിക്ച്ചർ ആണേൽപ്പിന്നെ പറയണ്ട, പോസ്റ്റു ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 'ആസ്വാദകരുടെ' അഭിപ്രായങ്ങളും ആസ്വാദനങ്ങളും വിലയിരുത്തലുകളും ... ഹൂ" ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞുകൊണ്ട് രമേശൻ നീണ്ടുനിവർന്ന് ഇരുന്നു. സമയം രാത്രി 11.30 . എല്ലാവരും ഉറങ്ങി. ഇന്നലെ രാത്രി ഇതേ സമയം ഒന്നുരണ്ട് ഫേസ്ബുക്ക് സാഹിത്യ ഗ്രൂപ്പുകളിൽ പോസ്റ്റിയ തന്റെ കഥയുടെ ദയനീയ പ്രതികരണം കണ്ട് മനസ്സു തകർന്ന രമേശൻ കസേരയിൽ ആ ഇരുപ്പിൽ ഇരുന്നുകൊണ്ട് ഉറക്കത്തിലേക്ക് മുങ്ങാംകുഴിയിട്ടു. തിരുവനന്തപുരത്ത് തരക്കേടില്ലാതെ ബിസിനസ്സ് ഉള്ള ഒരു പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ടന്റാണ് രമേശൻ. വായനയിലും എഴുത്തിലുമെല്ലാം സ്കൂൾ കാലംതൊട്ടേ കമ്പം ഉണ്ടായിരുന്നൂവെങ്കിലും അധികം മത്സരങ്ങളിലൊന്നും രമേശൻ പങ്കെടുക്കില്ലായിരുന്നു. അന്നു തൊട്ടെഴുതിയ കഥകളും കവിതകളുമെല്ലാം അച്ഛൻ സമ്മാനിച്ചിരുന്ന ഡയറികളിൽ എഴുതിക്കൂട്ടി. അവയല്ലാം തന്റെ മുറിയിലെ അലമാരകളിലും പെട്ടികളിലുമായി അടുക്കിവച്ചു. ഒരു ലൈബ്രറി നടത്താൻപോന്ന കഥകളും കവിതകളും ഉണ്ട് ആ അലമാരകളിൽ ! കുറച്ച് നാളുകൾക്ക് മുൻപ് തന്റെ കൂടെ ജോലിചെയ്യുന്ന ഗോപു വീട്ടിൽ വന്നപ്പോഴാണ് രമേശന്റെ അലമാരികളിലെ കലാസൃഷ്ടികൾ കാണുന്നത്. കിട്ടിയ സമയം കൊണ്ട് കുറച്ചെണ്ണം വായിച്ച ഗോപു, രമേശിനെ വളരെയധികം പ്രശംസിച്ചു, അത്രക്കും മനോഹരമായിരുന്നു അവയെല്ലാം...ലക്ഷണമൊത്ത കവിതകളും കഥകളും! ആ സംഭവത്തിന് ശേഷം ഗോപു രമേശിന്റെ കുറേ ഡയറികൾ എടുത്തു കൊണ്ട് പോയി ഓഫീസിലുള്ള എല്ലാർക്കും കൊടുത്തു. വായിച്ച എല്ലാവരും രമേശിനെ അഭിനങ്ങളാൽ പൊതിഞ്ഞു. സ്ത്രീജനങ്ങൾ ആരാധനയോടെ രമേശിനെ നോക്കാൻ തുടങ്ങി. ചില സ്ത്രീജനങ്ങൾ അവർക്കുവേണ്ടി കവിതകൾ എഴുതുവാൻവരെ രമേശനെ സമീപിച്ചു. ഈ സംഭവങ്ങൾ രമേശിന്റെ ജീവിതത്തെ വേറൊരു തലത്തിലേക്ക് എടുത്തുയർത്തി. സഹജോലിക്കാരുടെ നിർബന്ധത്തിന് വഴങ്ങി മാഗസികളിലേക്ക് കുറച്ച് കഥകളയച്ചു; എല്ലാം അച്ചടിച്ചുവന്നു. ചെറിയതോതിലുള്ള സാമ്പത്തിക നേട്ടവും അതു മുഖാന്തിരം ഉണ്ടായി. ഇങ്ങനെ മാനസികമായി വളരെയധികം സന്തോഷവാനായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഒരു ദിവസം ഇതേ ഗോപു തന്നെ രമേശിന്റെ ജീവിതത്തെ പ്രശ്നപങ്കിലമാക്കിയത്. '' രമേശാ, നിനക്ക് കുറച്ചു കൂടി ആരാധകരെ കിട്ടുവാനും കൂടുതൽ പ്രോത്സാഹനം കിട്ടുവാനും അനേകർ നിന്നെ നേരിട്ടറിയുവാനും ഒരു നല്ല വഴിയുണ്ട്... നിനക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതല്ലേ? ഫേസ്ബുക്കിൽ കുറേ സാഹിത്യ ഗ്രൂപ്പുകളുണ്ട്. അവിടെ നിന്റെ ഈ കഥകളും കവിതകളും എഴുതി പോസ്റ്റു ചെയ്താൽ മതി... " ഇതായിരുന്നു രമേശിന്റെ മനസ്സമാധാനം കെടുത്തിയ ആ വാചകങ്ങൾ. പിറ്റേന്നു തന്നെ ഗോപു പറഞ്ഞു കൊടുത്ത രണ്ടുമൂന്നു സാഹിത്യ ഗ്രൂപ്പുകളിൽ തന്റെ കലാസൃഷ്ടികൾ പോസ്റ്റു ചെയ്യാൻ തുടങ്ങി. അവിടങ്ങളിൽ പോസ്റ്റു ചെയ്തുകണ്ട പല കഥകളുടേയും കവിതകളുടേയും ലൈക്കുകളും കമന്റുകളും കണ്ട് രമേശൻ അന്തം വിട്ടു. ആയിരവും രണ്ടായിരവും മൂവായിരവും ലൈക്കുകളും അഞ്ഞുറും എഴുന്നൂറും കമൻറുകളും.! രമേശന്റെ കഥകൾക്ക് കൂടെ ജോലി ചെയ്യുന്നവർ സ്ഥിരമായി ലൈക്കും കമന്റും ഇട്ടു തുടങ്ങി. പക്ഷേ ഇപ്പോൾ രമേശൻ ആകെ വിഷമത്തിലാണ്. കാരണം, തന്റെ എഴുത്തിന് കിട്ടുന്ന ലൈക്കുകളും കമന്റുകളും കൈവിരലുകളിൽ ഒതുങ്ങി നിൽക്കുന്നവ മാത്രമായി. ഒരു നിലവാരവുമില്ലാത്ത കഥകൾക്ക് 1 K, 1.5 K ലൈക്കുകൾ... രമേശന് മടുപ്പ് തോന്നിത്തുടങ്ങി. ഒരു ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്ത് ശ്രുതി രമേശനോട് ചോദിച്ചു, "എന്താ രമേശാ ഇപ്പോ പുതിയ കഥകളൊന്നും എഫ് ബിയിൽ കാണുന്നില്ലല്ലോ ?" രമേശൻ വിഷാദത്തോടെ ശ്രുതി യോടായി അവന്റെ അവസ്ഥയറിയിച്ചു. ശ്രുതി ഉത്തരമൊന്നും പറയാതെ നടന്നകന്നു... ദിവസങ്ങൾ പിന്നേയും അതുപോലൊക്കെത്തന്നെ മുന്നോട്ട് പോയി. മൊബൈലിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാനും മടുപ്പ് തോന്നിത്തുടങ്ങി. അതുകൊണ്ട് പോസ്റ്റുകളും കുറഞ്ഞു... ഈ സാഹിത്യ ഗ്രൂപ്പുകളിലെ ആരും തന്നെ അന്വേഷിച്ചു വന്നതുമില്ല. അവരെല്ലാവരും 'ലൈക്കുകളും'' കമൻറുകളും' ഇടുന്ന തിരക്കിലായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യുന്നതിനിടയിൽ ശ്രുതി വേഗം വന്ന് എന്തോ മടക്കി രമേശന്റെ മേശവലിപ്പ് തുറന്ന് അതിൽ വച്ചിട്ട് അവന്റെ തോളിൽ ശക്തമായി ഒന്നു തട്ടിയിട്ട് അവളുടെ ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി. ജിജ്ഞാസ നിറഞ്ഞു നിന്നെങ്കിലും ആളൊഴിഞ്ഞ സമയം നോക്കി രമേശൻ മേശവലിപ്പ് തുറന്നു നോക്കി; ഒരു പത്രത്താള് മടക്കി വച്ചിരിക്കുന്നു. അതിൽ ഒരു പരസ്യം ചുവന്ന മഷി കൊണ്ട് വരച്ചിരിക്കുന്നു. അതിലൂടെ കണ്ണോടിച്ച രമേശൻ ഒന്നു പുഞ്ചിരിച്ചു. അന്നുച്ചക്ക് പതിവില്ലാതെ ശ്രുതി രമേശന്റെ ടേബിളിനരികിൽ വന്നിരുന്ന് ഊണ് കഴിച്ചു; ഒപ്പം രമേശനും. " ഞാൻ വച്ച കാര്യം കണ്ടോ?" "മ്...മ്" "എന്ത് മ് .. മ് ?" ശ്രുതി ദേഷ്യപ്പെട്ടു. രമേശൻ മന്ദസ്മിതം തൂകി. "ഒന്നു ട്രൈ ചെയ്തൂടെ...? അവർ വല്ല ഏലസ്സോ തകിടോ മന്ത്രിച്ചു തരുമായിരിക്കും. നമ്മുടെ ഓഫീസിലേക്കുള്ള വഴിയിൽത്തന്നെയാ അവരുടെ ഓഫീസ് , ഞാൻ ഇന്നു കണ്ടു... ആ ആയുർവേദ കോളേജില്ലേ..., അതിന്റെ ഓപ്പോസിറ്റ് ഒരു ബുക്സ്റ്റാൾ ഇല്ലേ... അതിന്റെ സൈഡിൽ അകത്തേക്ക് ഒരു ചെറിയ ഓഫീസ്.'' ശ്രുതി പറഞ്ഞതെല്ലാം രമേശൻ ഒരക്ഷരം മറുപടി പറയാതെ പുഞ്ചിരിച്ചു കൊണ്ട് കേട്ടിരുന്നു. മനസ്സിൽ ഒരാലോചനയും വന്നു ,ചുമ്മാതല്ല ഈ സ്ത്രീജനങ്ങൾ ആരാലും പറ്റിക്കപ്പെടുന്നത്. പതിവ് പോലെ വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ, ശ്രുതി പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ രമേശന്റ കണ്ണുകൾ അറിയാതെ ഒന്നു പാളി. തന്നിലെ നിരാശയുടെ ആധിക്യം രമേശനെ ആ ഏജൻസി ഓഫീസിലേക്ക് തള്ളിക്കയറ്റി. അവിടെ 3 ടേബിളുകളിലായി 3 കമ്പ്യൂട്ടറുകളും, അവയിൽ 3 പയ്യൻമാർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. അൽപ്പം ഞെരുക്കമുള്ള ഒരു ഓഫിസ്. രമേശനെ കണ്ടതും അതിൽ ഒരുത്തൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് രമേശനെ സ്വാഗതം ചെയ്തു. " പറയു സർ, ഞങ്ങൾ എന്താണ് താങ്കൾക്ക് വേണ്ടി ചെയ്യേണ്ടത്...?" വർദ്ധിച്ച ജാള്യതയോടെ ആണെങ്കിലും രമേശൻ തന്റെ അവസ്ഥയും ആവശ്യവും പറഞ്ഞു. "വിഷമിക്കേണ്ട സർ... ഒരുമാസം കൊണ്ട് താങ്കളുടെ എല്ലാ കഥകൾക്കും കവിതകൾക്കും ആയിരമോ രണ്ടായിരമോ എത്ര ലൈക്കുകൾ വേണമെങ്കിലും നേടിത്തരാം. 100 % ഗ്യാരണ്ടി... ശരിയായ റിസൾട്ട് ലഭിച്ചില്ലെങ്കിൽ പകുതി പണം തിരികെ നൽകും. " അവന്റെ മുഖത്തെ ആത്മവിശ്വാസം കണ്ട് രമേശൻ അന്തം വിട്ടു. രമേശന്റെ ചുണ്ടുകൾ താൻ പോലും അറിയാതെ ചലിച്ചു. " ഞാനെന്താണ് ചെയ്യേണ്ടത്?" ''സാറിന്റെ ഫേസ്ബുക്ക് ലോഗിൻ ഐഡിയും പാസ്വേർഡും ഞങ്ങൾക്ക് തരിക. പേടിക്കണ്ട, മോശമായുള്ള യാതൊരു പ്രവൃത്തികളും താങ്കളുടെ എഫ്.ബി അക്കൗണ്ടിലൂടെ ഞങ്ങൾ ചെയ്യില്ല. ഉറപ്പിനായി ഞങ്ങൾ ഒരു ബോണ്ട് തരും, അതിൽ ഞങ്ങളുടെ കമ്പ്യൂട്ടർ ഐ.പി അഡ്രസ്സുകളും ഞങ്ങൾ 3 പേരുടേയും ഫുൾ ഡീറ്റെയിൽസും തരും. എന്തേലും പ്രശ്നങ്ങൾ ഞങ്ങൾ താങ്കളുടെ അക്കൗണ്ടിലൂടെ കാണിക്കുവാണേൽ സാറിന് പോലീസിൽ പരാതിപ്പെടാം. വളരെ ഉത്തരവാദിത്തത്തോടെയാണ് ഞങ്ങൾ ഈ വർക്ക് ചെയ്തു കൊടുക്കുന്നത്. സാറിന് ഞങ്ങളെ വിശ്വസിക്കാം. മാത്രമല്ല, ഞങ്ങളുടെ വർക്കുകൾക്ക് ശേഷം താങ്കൾക്ക് പിന്നീട് പാസ് വേർഡ് മാറ്റുകയും ചെയ്യാം. അപ്പോൾ പിന്നീട് ഞങ്ങൾക്ക് താങ്കളുടെ അക്കൗണ്ട് ഉപയോഗിക്കാനും പറ്റില്ല..." ''എത്രയാ ചാർജ്?" "സർ, അയ്യായിരം രൂപ. താങ്കൾക്ക് ഞങ്ങളുടെ ജോലി ഇഷ്ടപ്പെട്ടാൽ, തുടർന്നും ഈ ലൈക്കുകളും കമന്റുകളും സാറിന്റെ എല്ലാ കലാസൃഷ്ടികൾക്കും ലഭിക്കണമെങ്കിൽ അഡിഷണൽ ഒരു മൂവായിരം കൂടി അടക്കേണ്ടി വരും." രമേശൻ അവിടെ നിന്നുമിറങ്ങി നടന്നു. മനസ്സിൽ നിറയെ പക ആയിരുന്നു, ആയിരങ്ങൾ ലൈക്ക് കിട്ടുന്ന കഥകളോടും കഥാകാരൻമാരോടും...! പിറ്റേന്നു രാവിലെ തന്നെ രമേശൻ പണവുമായി അവിടെയെത്തി. ലോഗിൻ ഐഡിയും പാസ് വേർഡും കൈമാറി. "സർ, ഇനി കഴിവതും ഒരുമാസത്തേക്ക് എഫ്.ബിയിൽ കയറാതിരിക്കാൻ ശ്രമിക്കുക. ഒരാഴ്ചയ്ക്ക് ശേഷം സാറിന്റെ പുതിയ നല്ല കഥയോ കവിതയോ 4 എണ്ണം വാട്സ്ആപ്പിൽ എഴുതി അയച്ചുതരിക. അടുത്ത മാസം മുതൽ സാറിന് ഫേസ്ബുക്ക് ഉപയോഗിച്ചു തുടങ്ങാം. ഒരിക്കൽ കൂടി പറയുന്നു, ഞങ്ങളെ വിശ്വസിക്കാം. യാതൊരു വിധ്വംസക പ്രവൃത്തികളോ ഞങ്ങളിതിലൂടെ ചെയ്യില്ല." അവർ എഗ്രിമന്റ് പേപ്പർ രമേശന് കൊടുത്തു. രമേശനത് വായിച്ചു നോക്കി ; കുഴപ്പമില്ല, രണ്ടു കൂട്ടരുടേയും സുരക്ഷയെ ഉദ്ദേശിച്ചുള്ളതാണ്. എല്ലാം കഴിഞ്ഞ് രമേശൻ അവിടുന്നിറങ്ങി നടന്നു, ഓഫീസിലേക്ക്. കൈവിട്ട കളിയാണ്; സാരമില്ല വാശിയാണ്... കട്ട വാശി ! മൊബൈലിലെ ഫെയ്സ് ബുക്ക് ആപ്പീൽ ലോഗൗട്ട് ചെയ്തു. തുടർന്നുള്ള ഒരാഴ്ച രമേശന്റെ മനോഹര സൃഷ്ടികൾക്കു വേണ്ടിയുള്ളതായിരുന്നു. രണ്ടു കഥകളും രണ്ടു കവിതകളും എഴുതി, ആ ഏജൻസിയുടെ വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ ടൈപ്പ് ചെയ്ത് അയച്ചുകൊടുത്തു. നിമിഷങ്ങൾക്കകം നീല നിറത്തിലുള്ള 'ടിക്' മാർക്ക് വന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു സ്മൈലിയും, ഒരു തംപ്സ് അപ്പും... ഒപ്പം ' അഭിനന്ദനങ്ങൾക്കായി കാത്തിരിക്കുക, മൂന്നാഴ്ച കൂടി' എന്നൊരു മെസ്സേജും. ദിവസങ്ങളുടെ ദൈർഘ്യം രമേശന് അസഹ്യമായിത്തോന്നി. ഭൂമിയുടെ പരിക്രമണ വേഗത കൂട്ടാനായി ഒരുവേള പ്രാർത്ഥിക്കുകപോലും ചെയ്തു. രമേശൻ ജീവിതത്തിലിതുവരെ ഇങ്ങനെയൊരു വീർപ്പുമുട്ടൽ അനുഭവിച്ചിട്ടില്ല. വൈകുന്നേരം ആകുമ്പോൾത്തന്നെ കലണ്ടറിലെ ആ തീയതി രമേശൻ വെട്ടും; പിറ്റേന്ന് നേരം വെളുക്കുംവരെ കാത്തു നിൽക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. 'രമേശാ... സൂപ്പർ, അടിപൊളി, കലക്കി, തകർത്തു. ഇന്നു രാവിലെയാ ഞാൻ മൊബൈലിൽ നെറ്റ് റീച്ചാർജ് ചെയ്തത്... അപ്പോഴാ നീ പോസ്റ്റിയ കഥ കണ്ടത്. എന്റെ ദൈവമേ, ഞാനൊരു കമന്റ് എഴുതി ,അതിനു ശേഷം എനിക്ക് നോട്ടിഫിക്കേഷനോട് നോട്ടിഫിക്കേഷൻ... കുറേപ്പേര് ലൈക്കും കമന്റും ചെയ്യുവാ... ഞാൻ നോക്കുമ്പോൾത്തന്നെ 1200 ലൈക്കോ മറ്റോ ആയി... കുറേ കമന്റുകളും... ഇതെങ്ങനെ ഒപ്പിച്ചു...?'' ചോദ്യം ഗോപുവിന്റെതാണ്. രമേശൻ അന്തംവിട്ട് നിൽക്കുകയാണ്. ഇത് കേട്ട ശ്രുതി എഴുന്നേറ്റ് വന്ന് രമേശന്റെ തോളിൽ അവളുടെ തോൾ അൽപ്പം ശക്തിയായി മുട്ടിച്ചിട്ട് ചെവിയോട് ചേർന്ന് നിന്നു ചോദിച്ചു " ഇപ്പൊ എങ്ങനെയുണ്ട്? ഏലസ്സോ ചരടോ എന്താ അവർ തന്നത്...?" രമേശൻ സന്തോഷമടക്കാനാകാതെ അവളെ നോക്കി; അവന്റെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ഗോപുവിന്റെ മൊബൈൽ പിടിച്ചു വാങ്ങി രമേശൻ ഗോപുവിന്റെ ഫേസ്ബുക്ക് നോക്കി... 'അപ്പച്ചൻ' താൻ അവസാനം എഴുതിക്കൊടുത്ത കഥ. 1282 ലൈക്കുകൾ 163 കമന്റുകൾ 44 ഷെയറുകൾ ...! "ദൈവമേ, എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല. ഇത് ഇത്..." രമേശനറിയാതെ അധരങ്ങൾ ചലിച്ചു. ഓഫീസിൽ അപ്പോൾ ആകെ കരഘോഷമായിരുന്നു. പെട്ടെന്ന് ശ്രുതി, രമേശനെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവിടെ നിന്നും മാറ്റികൊണ്ട് പോയി, 'അതേ, ഇതിന്റെ ടെക്നിക് ആരോടും പറയാനൊന്നും നിൽക്കണ്ട, കേട്ടോ. ' പിന്നീടുള്ള ദിവസങ്ങൾ വളരെ അസഹനീയമായിത്തോന്നി. ഇതിനിടയിൽ ഒരു കവിതയും കഥയും കൂടി രമേശന്റെ ടൈംലൈനിലും കുറേ ഗ്രൂപ്പുകളിലും പോസ്റ്റായി. നിറഞ്ഞ വായനക്കാരുമായി ഗ്രൂപ്പുകളിൽ നിറഞ്ഞോടുകയാണ് രമേശന്റെ കഥകളും കവിതകളും...! അവസാനം എങ്ങനെയോ ഒരു മാസം കഴിഞ്ഞു. അന്നു വൈകുന്നേരം ഏജൻസിയുടെ വാട്സ്ആപ്പ് നമ്പരിൽ ഒരു മെസ്സേജ് വന്നു. "സർ, പറഞ്ഞിരുന്ന കാലാവധി ഇന്നു കഴിയുകയാണ്. നാളെ മുതൽ സാറിന് FB ഉപയോഗിച്ച് തുടങ്ങാം. അതിന് മുൻപായി എഗ്രിമെന്റ് ക്ലോഷറിനായി താങ്കൾ ഏജൻസിലേക്ക് വരേണ്ടതാണ്. കഴിവതും അതിനു ശേഷം FB ലോഗിൻ ചെയ്യുന്നതാണ് നല്ലത്, നന്ദി''. പിറ്റേ ദിവസം ഒരു പുതു ഉൻമേഷത്തോടെയാണ് രമേശൻ ഉറക്കമെന്നിറ്റത്. ഓഫീസിലേക്ക് പോകുന്നതിനും നേരത്തെ വീട്ടിൽ നിന്നുമിറങ്ങി. ആയുർവേദ കോളേജിന് മുന്നിലുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി, ഏജൻസിയിലേക്ക് നടന്നു. വാതിൽ തുറന്ന് അകത്തേക്ക് ചെന്നപ്പോൾ കഴിഞ്ഞ തവണ പരിചയപ്പെട്ട ആ ചെറുപ്പക്കാരൻ അവിടെ ഉണ്ടായിരുന്നു. അവനെക്കണ്ടതും രമേശന്റെ മുഖത്തെ ചിരി പതിൻമടങ്ങ് വർദ്ധിച്ചു. " ഞാൻ കണ്ടു. ഇതെങ്ങനെ സംഭവിച്ചു...? വളരെയധികം നന്ദി... ആദ്യമായാ ഇത്രയും റെസ്പോൻസ് എന്ന കഥയ്ക്ക് ഫേസ്ബുക്കിൽ ലഭിക്കുന്നത്. അന്നു പറഞ്ഞായിരുന്നുവല്ലോ തുടർന്നും ഇത് ലഭിക്കുവാൻ മൂവായിരം രൂപ നൽകണമെന്ന്. ഞാൻ കൊണ്ടു വന്നിട്ടുണ്ട്." അയാൾ വെളുക്കെ ഒന്നു ചിരിച്ചു, എന്നിട്ട് മറുപടി പറഞ്ഞു. " സർ, താങ്കളുടെ കഥകളും കവിതകളും വളരെ മനോഹരമാണ്. അത് കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുകയാണ് ഞങ്ങൾ ചെയ്തത്. ഒപ്പം ചില ട്രിക്കുകളും! " അയാൾ ഒന്നുകൂടി വെളുക്കെചിരിച്ചു. "ഇതാ, നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് പേപ്പർ. കൗണ്ടർസൈൻ ചെയ്ത് ക്ലോസ് ചെയ്യുക. അതിനു ശേഷം സാറിന്റെ FB ലോഗിൻ ചെയ്ത് ചെക്ക് ചെയ്യുക. ഞങ്ങൾക്ക് തന്നിട്ടുള്ള പാസ്വേർഡ് ചെയ്ഞ്ച് ചെയ്ത് പുതിയ പാസ്വേർഡ് ക്രിയേറ്റ് ചെയ്യുക. ഒപ്പം ഈ പേപ്പറിൽ താങ്കൾ ഞങ്ങളുടെ സർവീസിൽ തൃപ്തനാണെങ്കിൽ അത് എഴുതുക. തുടർന്നുള്ള സേവനം വേണമെങ്കിൽ അതും എഴുതുക. " രമേശൻ ഉടൻ തന്നെ ഫേസ്ബുക്ക് ലോഗിൻ ചെയ്തു. 7 ഫ്രണ്ട് റിക്വസ്റ്റ്, 21 നോട്ടിഫിക്കേഷൻ, 18 മെസ്സേജ്. ഓപ്പൺ ചെയ്തു് നോക്കി; ആരേയും പരിചയമില്ല. " ഇനി ഏകദേശം 2 - 3 ആഴ്ചകൾ കൂടി താങ്കൾക്ക് ഈ സേവനം ലഭിക്കും. തുടർന്നും എക്കാലത്തേക്കും ലഭിക്കാനായി 3000/- രൂപ കൂടി സർ അടയ്ക്കണം". രമേശൻ തലയുയർത്തി നോക്കി, ശരിയെന്ന അർത്ഥത്തിൽ മൂളി. പറഞ്ഞ പേപ്പറുകൾ ഒപ്പിട്ട് തിരികെ നൽകി; ഒപ്പം മൂവായിരം രൂപയും. രമേശൻ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു, ആകാംക്ഷയോടെ. അയാൾ മെല്ലെ പറഞ്ഞു തുടങ്ങി. "സർ, ഞാനീ പറയുന്നത് വളരെ രഹസ്യമായ ഒരു വിപണന തന്ത്രമാണ്. അതുകൊണ്ട് ഇത് മറ്റാർക്കും പറഞ്ഞു കൊടുക്കാൻ പാടില്ല. സാറിന്റെ കഥകൾക്ക് റെസ്പോണ്സ് കുറയാൻ കാരണം താങ്കൾക്ക് FB ഫ്രണ്ട്സ് വളരെ കുറവാണ്. ഉള്ള സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് താങ്കൾ ലൈക്കോ കമൻറ്റോ ചെയ്യാറില്ല. സർ, കൊടുത്താലേ കിട്ടൂ. അതു കൊണ്ട് സാറിന്റെ 39 എന്ന ഫ്രണ്ട്സ് ലിസ്റ്റ് ഞങ്ങൾ 2800 ആക്കി. ഇനി പറയുന്ന കാര്യങ്ങളാണ് 3000 രൂപയുടെ രഹസ്യം. വായനക്കാരുടെ പ്രോത്സാഹനം ലൈക്കും കമൻറുമായി എക്കാലവും നിലനിൽക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യണം..." രമേശൻ ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് നിന്നു. അയാൾ രഹസ്യങ്ങളുടെ ചുരുളഴിച്ചു. " 1. FB സുഹൃത്തുക്കളുടെ എണ്ണം എത്രത്തോളമാകുമോ അത്രത്തോളം വർദ്ധിപ്പിക്കുക. 2. ആ സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് ലൈക്കും കമന്റും കൊടുക്കുക. എങ്കിലേ അവർ തിരിച്ചും നൽകൂ. 3. ചാറ്റിന് വരുന്നവരോട് മാന്യമായ രീതിയിൽ സൗഹൃദം പങ്കുവയ്ക്കുക. അവരുടെ കഥകളെപ്പറ്റി കുറച്ച് നല്ല കാര്യങ്ങൾ പങ്കുവെയ്ക്കുക. നിരീക്ഷണവുമാകാം. താങ്കളുടെ കഥകളെപ്പറ്റിയുള്ള അഭിപ്രായവും ചോദിക്കാം. 4. ഒരു പുതിയ കഥയോ കവിതയോ പോസ്റ്റുന്നതിന് മുൻപ് ഇങ്ങനെയുള്ള സുഹൃത്തുക്കളുടെയെല്ലാം ഇന്ബോക്സിലേക്ക് അയച്ചുകൊടുത്ത് അഭിപ്രായം ചോദിക്കുക. ആദ്യം നിങ്ങളെയാണ് ഞാനിത് കാണിക്കുന്നത്, നിങ്ങൾ കൃത്യമായി വിലയിരുത്തും എന്നൊക്കെ തട്ടിവിടുക. അവർ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് വേണ്ടിയും കഥയെഴുതി കൊടുക്കുക. അങ്ങനെ പ്രീതി സമ്പാദിക്കുക. 5. പറ്റുമെങ്കിൽ രണ്ടോ മൂന്നോ ഫേക്ക് ഐഡികൾ സ്ത്രീകളുടെ പേരിൽ, ആകർഷണീയമായ പ്രൊഫൈൽ പിക്ചറോട് കൂടി ഉണ്ടാക്കി, കഥകളും കവിതകളും പോസ്റ്റുക. ഇപ്പോൾ ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ ഇരട്ടി പ്രോത്സാഹനം ലഭിക്കും. സത്രീകൾക്ക് FB യിൽ ഇരട്ടി സംവരണം ആണ്. 6 . സാഹിത്യ ഗ്രൂപ്പുകളിലെല്ലാം തന്നെ മെമ്പർ ആകുക. ഒരേ കഥ തന്നെ എല്ലായിടത്തും പല ദിവസങ്ങളിലായി പോസ്റ്റുക. 7. താങ്കൾക്ക് ലഭിക്കുന്ന കമന്റുകൾക്ക് രസകരമായ മറുപടി നൽകി ഒരു ബന്ധം നിലനിർത്തുക. ആരോഗ്യപരമായ സംവാദങ്ങളുമാകാം. അത് കമൻറുകളുടെ എണ്ണവും കൂട്ടും. 8. പൈങ്കിളി കഥകൾക്ക് വലിയ ഡിമാന്റാണ്. മൂർദ്ധാവിൽ ഒരു ചുംബനം, അവന്റെ കരങ്ങൾക്കുള്ളിൽ അവർ വീർപ്പുമുട്ടി, തണുപ്പുള്ള രാത്രി, ചുടുചുംബനങ്ങൾ, വിവാഹം ... ഇതൊക്കെ ചേർത്താൽ ഡിമാന്റ് കൂടും. കാരണം ചെറുപ്പക്കാരാണ് കൂടുതലും FB ഉപയോഗിക്കുന്നത്. അവരെ വലയിലാക്കാൻ ഇത് സഹായിക്കും.... ഇങ്ങനെയൊക്കെയുള്ള പൊടിക്കൈകൾ കൃത്യമായി ചെയ്യുകയാണേൽ സാറിന്റെ പോസ്റ്റുകളും ശ്രദ്ധിക്കപ്പെടും, അംഗീകരിക്കപ്പെടും. പുതിയ എന്തേലും അപ്ഡേഷൻസ് കിട്ടുകയാണേൽ സാറിനെ അറിയിക്കാം. പിന്നെ ഒരു കാര്യം കൂടി സർ, ഇതൊരു മായിക ലോകമാണ്. ഇവിടെ 2000 സുഹൃത്തുക്കൾ ഉണ്ടെങ്കിലും വീടിനടുത്തുള്ള സുഹൃത്ത്ക്കൾ മാത്രമേ സാറിന് ഉപകാരത്തിൽ വരുള്ളൂ. യാതൊരു വിധത്തിലുമുള്ള മോഹനവാഗ്ദാനങ്ങളിലോ, സ്നേഹവലയങ്ങളിലോ അകപ്പെടരുത്. ഇത് വെറും മായയാണ്. സാറിന് എല്ലാ വിധത്തിലുമുള്ള ആശംസകൾ നേരുന്നു." രൂപയും കൊടുത്ത് പുറത്തേക്കിറങ്ങുമ്പോൾ മൂവായിരം അൽപ്പം അധികമായോ എന്ന് തോന്നിയെങ്കിലും, വലിയൊരു രഹസ്യം കൈക്കലാക്കിയ സന്തോഷത്തിൽ രമേശൻ ഓഫീസിലേക്ക് നടന്നു. ഒരു പ്രസന്നമായ പുഞ്ചിരി ആ മുഖത്ത് വിളങ്ങി നിന്നു. പുതിയ കഥാതന്തുക്കളും മനസ്സിൽ ചിന്തിച്ചു കൊണ്ട് രമേശൻ ഓഫീസിലേക്ക് വേഗത്തിൽ കാലിടകളോടെ നടന്നു. ശുഭം. - രഞ്ജിത്ത് കുമാർ .എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login