വെള്ളിക്കൊലുസ്സ്
- Stories
- Fayana Mehar
- 29-Mar-2018
- 0
- 0
- 1265
വെള്ളിക്കൊലുസ്സ്

ഉമ്മറപ്പടിക്കെട്ടിലിരുന്നു ഞാൻ മാനത്ത് ഇരുണ്ടു കൂടിയ കാർമേഘങ്ങളെ നോക്കി. മഴ നല്ല ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. മനസ്സിലെ കാർമേഘങ്ങൾ ഒന്ന് പെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു... എട്ട് വർഷo മുൻപാണ് എനിക്ക് അവളെ കിട്ടുന്നത്. അവളും എയിഡ്സ് - മാനസിക രോഗിയുമായ അമ്മയും പാറക്കെട്ടിനിടയ്ക്ക് ഷീറ്റ് വച്ച് മറച്ചായിരുന്നു കഴിഞ്ഞിരുന്നത്. എപ്പോഴും തെറി പറയുന്ന അവളുടെ അമ്മയോട് നാട്ടുകാർക്ക് വെറുപ്പായിരുന്നു. ഒരു ദിവസം അമ്മയുടെ പതിവ് ബഹളം കേൾക്കാഞ്ഞതുകൊണ്ടാകണം കുറച്ചു പേർ അവിടെ ചെന്നു നോക്കി. അക്കൂട്ടത്തിൽ സ്നേഹിതന്റെ വീട്ടിൽ വന്ന ഞാനുമുണ്ടായിരുന്നു. അവിടെ നിലത്ത് വെറും മണ്ണിൽ കണ്ണടച്ച് മലർന്നു കിടക്കുന്ന അമ്മയും അവരുടെ ദേഹത്ത് കിടന്ന് പാലു കുടിക്കുന്ന നാല് മാസം പ്രായമുള്ള അവളും.. ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞ് ഞാൻ അവളുമായി തിരിച്ചെത്തി. ഭാര്യ അവൾക്ക് ' തെന്നൽ ' എന്നു പേരുമിട്ടു. ഞങ്ങൾക്ക് അവൾ എല്ലാമായിരുന്നു.. പഠിക്കുന്നതിൽ മിടുമിടുക്കി.. നന്നായി വരയ്ക്കും.. എയിഡ്സിന്റെ ഭീകരതകൾ അവളെ തളർത്തിയില്ല. മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അഞ്ചിലും ആറിലും പഠിക്കുന്നവർക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല.. ചിത്രരചനാ മത്സരങ്ങളിൽ അവൾ കരസ്ഥമാക്കിയ സമ്മാനങ്ങൾ കൊണ്ട് ഷെൽഫ് നിറഞ്ഞു. രണ്ടു ദിവസം മുൻപ് എന്റെ അടുത്ത് വന്ന് പരുങ്ങിനിന്ന അവളോട് കാര്യം തിരക്കിയപ്പോൾ ആദ്യത്തെ ആവശ്യം ഉന്നയിച്ചു.... 'ഒരു വെള്ളിക്കൊലുസ്സ്.... നിറയെ കിലുക്കമുള്ള ഒരെണ്ണം ' .. ഒടുവിൽ ഇന്നലെ ഞാനതവൾക്ക് സമ്മാനിച്ചു. അതണിഞ്ഞ് ആദ്യം തന്നെ എന്നെ കാണിച്ചു 'എങ്ങനിണ്ട്..??' 'എന്റെ സുന്ദരിക്കുട്ടിക്ക് നന്നായി ചേരുന്നുണ്ട്..' ' നാളെ ഞാൻ സ്കൂളിൽ എല്ലാരേo കാണിക്കും..' ഇന്നലെ രാത്രി ഉറങ്ങുന്നത് വരെ ആ കൊലുസ്സിന്റെ കിലുക്കം മനസിൽ ഒരു കുളിർമഴയായിരുന്നു. പുതിയ കൊലുസ്സ് കൂട്ടുകാരെ കാണിക്കാനുള്ള ഉത്സാഹത്തോടെയാണ് അവൾ ഉറക്കമുണർന്നത്. കുളിയും പ്രാർത്ഥനയും കഴിഞ്ഞ് ഒരുങ്ങി ആഹാരം കഴിക്കാനായി എത്തി. എന്നെ കണ്ടതും കൊലുസ്സും കിലുക്കി എന്റെ അരികിലേക്ക് ഓടി വന്നു.. നിലത്ത് തളർന്നു വീഴാൻ പോയതും ഞാൻ പിടിച്ച് മടിയിൽ കിടത്തി.. ആ പൂവിന്റേയും ഞെട്ടടരാൻ സമയമായി... കൃഷ്ണമണി മുകളിലേക്ക് ഉയർത്തി അവസാനശ്വാസവും വലിച്ചു... എയിഡ്സ് ബാധിച്ച് ഇവിടെ മരിക്കുന്ന അമ്പത്തിമൂന്നാമത്തെ കുട്ടി... ഡോക്ടർ തോളിൽ കൈ വച്ചപ്പോഴായിരുന്ന ഞാൻ ചിന്തകളിൽ നിന്നുണർന്നത്. പുറത്ത് മഴ തോർന്നിരുന്നു. 'ഒരു വിധത്തിൽ പറഞ്ഞാൽ നന്നായി.. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ പാരലൈസ്ഡ് ആയോ കോമയിലോ കിടക്കാൻ ഉള്ളതായിരുന്നു..' ഡോക്ടർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ' സമയമായി'ആരോ എന്നോടു പറഞ്ഞു. ഒരു ആളലോടെ അകത്ത് വെള്ളപുതച്ചു കിടക്കുന്ന അവളെ ഞാൻ നോക്കി.. ആ കൊലുസ്സ് ഒന്നു കിലുങ്ങിയിരുന്നെങ്കിൽ........ # ഒരു സത്യകഥ...
എഴുത്തുകാരനെ കുറിച്ച്

Rare in earth
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login